Follow Us On

14

April

2021

Wednesday

ശിരസ്‌ഛേദം ചെയ്യപ്പെട്ട തിരുരൂപം തിരിച്ചെത്തി, പേപ്പൽ ആശീർവാദത്തോടെ; കരംലിഷിൽ വികാര നിർഭര സ്വീകരണം

ശിരസ്‌ഛേദം ചെയ്യപ്പെട്ട തിരുരൂപം തിരിച്ചെത്തി, പേപ്പൽ ആശീർവാദത്തോടെ; കരംലിഷിൽ വികാര നിർഭര സ്വീകരണം

മൊസൂൾ: ഇറാഖ് പര്യടനമധ്യേ ഫ്രാൻസിസ് പാപ്പ ആശീർവദിച്ച, മരിയൻ തിരുരൂപത്തിന് വികാര നിർഭര സ്വീകരണവുമായി കരംലിഷിലെ വിശ്വാസീസമൂഹം. ഐസിസ് തീവ്രവാദികൾ ശിരസും കരങ്ങളും അറുത്തുമാറ്റിയ മരിയൻ തിരുരൂപം കരംലിഷിലെ ക്രൈസ്തവർ പുനരുദ്ധരിച്ചതും ഏർബിലിൽവെച്ച് തിരുരൂപം പാപ്പ ആശീർവദിച്ചതും വലിയ വാർത്തയായിരുന്നു. പ്രസ്തുത തിരൂരൂപം കരംലിഷിലെ സെന്റ് അഡേ ദൈവാലയത്തിൽ തിരിച്ചെത്തിച്ച് പുനപ്രതിഷ്ഠിക്കുകയായിരുന്നു.

നിനവേ സമതലത്തിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിട്ട 2014- 2017 കാലയളവിവാണ് മൊസൂളിനും ഏർബിലിനും മധ്യേയുള്ള കരാംലിഷ് പട്ടണത്തിലെ ഈ മരിയൻ തിരുരൂപം ഐസിസ് തീവ്രവാദികൾ തച്ചുടച്ചത്. ശിരസും കരങ്ങളും അറുത്തുമാറ്റപ്പെട്ട തിരുരൂപം വിശ്വാസീസമൂഹം വീണ്ടെടുക്കുകയായിരുന്നു. പിന്നീട് ശിരസ് കണ്ടെടുക്കാനായെങ്കിലും ചിന്നഭിന്നമാക്കപ്പെട്ട കരതലങ്ങൾ വീണ്ടെടുക്കാനായില്ല. ശിരസ് കൂട്ടിച്ചേർത്ത് തിരുരൂപം പുനരുദ്ധിച്ചത് പേപ്പൽ സന്ദർശനത്തോട് അടുത്ത ദിനങ്ങളിലാണ്.

കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ എർബിലിലെ ഫ്രാൻസിസ് ഹരാരി സ്റ്റേഡിയത്തിലെ ദിവ്യബലിയിൽവെച്ചാണ്, അനേകായിരങ്ങളെ സാക്ഷിയാക്കി പാപ്പ തിരുരൂപം ആശീർവദിച്ചത്. വികാരി ഫാ. തബെറ്റ് ഹബേബിന്റെ നേതൃത്വത്തിൽ സെന്റ് അഡേ ഇടവകയിൽനിന്നുള്ളവരും തിരുക്കർമങ്ങളിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയിൽ ക്രമീകരിച്ച കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായിട്ടായിരുന്നു തിരുരൂപത്തിന്റെ പുനപ്രതിഷ്ഠാ കർമം.

‘പരിശുദ്ധ അമ്മയുടെ സാന്നിധ്യം പ്രദേശവാസികൾക്ക് ധൈര്യം പകരുന്ന അടയാളമായിരിക്കും. നശിപ്പിക്കപ്പെട്ടതിൽനിന്ന് പുനരുദ്ധരിച്ച തിരുരൂപം ദൈവാലയത്തിലേക്ക് തിരിച്ചെത്തുന്നത് സകലർരെ സംബന്ധിച്ചും മനോഹരമായ അടയാളവുമാണ്. സധൈര്യത്തോടെ മുന്നേറാൻ ഇത് പ്രോത്‌സാഹനമേകുകയും ചെയ്യും,’ ഫാ. തബെറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. പാപ്പയുടെ ആഗമനം സമ്മാനിച്ച പുത്തൻ പ്രതീക്ഷകളുമായി ഉയിർത്തെഴുന്നേൽക്കുന്ന കരംലിഷ് ജനതയ്ക്കുള്ള ഈസ്റ്റർ സമ്മാനംതന്നെയാണ് പുനരുദ്ധരിച്ച ഈ മരിയൻ തിരുരൂപം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?