Follow Us On

19

April

2024

Friday

സെന്റ് മാർഗരറ്റ് ക്ലിത്ത്റോ, ഇവൾ ഇംഗ്ലണ്ടിലെ ധീരവനിത!

സിബി തോമസ്

സെന്റ് മാർഗരറ്റ് ക്ലിത്ത്റോ, ഇവൾ ഇംഗ്ലണ്ടിലെ ധീരവനിത!

ദിവ്യബലിയര്‍പ്പണം വധശിക്ഷാര്‍മായ ‘പ്രൊട്ടസ്റ്റന്റ് യുഗത്തി’ല്‍  അധികാരികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വൈദികരെ സംരക്ഷിച്ച, രഹസ്യമായി ദിവ്യബലിയര്‍പ്പണങ്ങള്‍ക്ക് സൗകര്യമൊരുക്കിയ വിശുദ്ധ മാര്‍ഗരറ്റ് ക്ലീത്ത്‌റോ എന്ന ധീരവനിതയെ അടുത്തറിയാം, സഭ വിശുദ്ധയുടെ തിരുനാൾ (മാർച്ച് 25) ആഘോഷിക്കുമ്പോൾ.

ഹെന്റി എട്ടാമന്റെ കാലഘട്ടത്തില്‍ കത്തോലിക്കാവിശ്വാസം സംരക്ഷിക്കാന്‍ നിരവധിപേര്‍ ജീവിതം ബലിയര്‍പ്പിച്ചിട്ടുണ്ട്. കൊടിയ പീഡനത്തിനുശേഷമുള്ള ശിരച്ഛേദനമായിരുന്നു പതിവുരീതി. എന്നാല്‍, ഇതിനേക്കാളെല്ലാം പൈശാചികമായാണ് മാര്‍ഗരറ്റ് ക്ലിത്ത്‌റോയെ വധിച്ചത്. 1586 മാര്‍ച്ച് 25ന് യോര്‍ക്കിലെ ഊസ് നദിക്ക് കുറുകെയുള്ള പാലത്തിലാണ് ആ കിരാതകര്‍മം അരങ്ങേറിയത്. പൂര്‍ണ നഗ്‌നനയായി കിടത്തിയശേഷം ശരീരത്തില്‍ ഭാരം കയറ്റിവച്ച് മൂന്ന് ദിവസം കിടത്തുക. അതിനുശേഷം വധശിക്ഷ നടപ്പാക്കുക എന്നതായിരുന്നു ന്യായാധിപന്റെ വിധിപ്രസ്താവം. മൂന്നു ദിവസം ഭാരം കയറ്റിവെക്കണമെന്ന വിധി വേണ്ടെന്നുവെച്ച അധികാരികള്‍ അതിലും വലിയ കടുംകൈയാണ് പ്രയോഗിച്ചത്.

തറയില്‍ കിടത്തിയ മാര്‍ഗരറ്റിന്റെ  നട്ടെല്ലിന്റെ അടിയിലായി ഒരു ചെറിയ കല്ലുവെച്ചശേഷം ഒരു വാതില്‍പാളി ശരീരത്തില്‍ മുകളിലായിവെച്ചു. തുടര്‍ന്ന് കനല്‍ നിറച്ച ചാക്കുകള്‍ ഒന്നൊന്നായി ആ വാതില്‍ പാളിയുടെ മുകളില്‍ കയറ്റിവെച്ച് ഇഞ്ചിഞ്ചായാണ് വധശിക്ഷ നടപ്പാക്കിയത്. 15 മിനിറ്റ് നീണ്ടുനിന്ന ക്രൂരമായ വേദനകള്‍ക്കൊടുവില്‍ അവള്‍ ജീവന്‍ വെടിഞ്ഞു.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ 40 രക്തസാക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി 1970 ഒക്ടോബര്‍ 25ന്  വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ഗരറ്റ് ക്ലിത്ത്‌റോ ‘യോര്‍ക്കിന്റെ സ്ത്രീ രത്‌നം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസികളില്‍ മാര്‍ഗരറ്റ് ക്ലിത്ത്‌റോയെയോടുള്ള ആദരവ് തീവ്രമായി ഇന്നും തുടരുന്നു. മാത്രമല്ല,  കത്തോലിക്കാ വനിതാ സംഘടനകള്‍ ക്ലിത്ത്‌റോയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ ഇന്നും മത്‌സരിക്കുകയാണ്.

വൈദികരുടെ സംരക്ഷക
1555ല്‍ മിഡില്‍റ്റണിലെ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു  മാര്‍ഗരറ്റിന്റെ ജനനം. 1567 മെയ് 16 പിതാവ് മരണപ്പെട്ടതോടെ മാതാവ് പുനര്‍വിവാഹിതയായി. മാതാപിതാക്കളെ നഷ്ടപ്പെട്ട അവളെ ജോണ്‍ ക്ലിത്ത്‌റോ 1571 ജൂലൈയില്‍ ജീവിതപങ്കാളിയായി സ്വീകരിച്ചു. ജോണ്‍ ക്ലിത്ത്‌റോയുടെ രണ്ടാം വിവാഹമായിരുന്നു അത്. രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന അദ്ദേഹത്തിന്  മാര്‍ഗരറ്റിനെക്കാള്‍ വളരെ പ്രായക്കൂടുതലുമുണ്ടായിരുന്നു.

മനുഷ്യദൃഷ്ടിയില്‍ ഇപ്രകാരമുള്ള കുറവുകള്‍ കണ്ടെത്താമെങ്കിലും വളരെ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു അവരുടെ ദാമ്പത്യം. ആ ദാമ്പത്യവല്ലരിയില്‍ ഒരു പെണ്‍കുഞ്ഞും ജനിച്ചു.  ആ കുഞ്ഞ് ലുവെയിനിലെ ഒരു മഠത്തില്‍  കന്യാസ്ത്രീയായി ചേര്‍ന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവാഹജീവിതം മൂന്നു വര്‍ഷം പിന്നിട്ട നാളുകളില്‍ മാര്‍ഗരറ്റ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. എന്നാല്‍, അതിനുള്ള സവിശേഷമായ കാരണമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.  എന്നാല്‍ മരണംവരെയും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ തുടര്‍ന്നു അവളുടെ ഭര്‍ത്താവ്.

കത്തോലിക്കാസഭ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള മാര്‍ഗരറ്റിന്റെ കടന്നുവരവ്. യോര്‍ക്കിലെ ഷാംബ്ലസിലായിരുന്നു മാര്‍ഗരറ്റിന്റെ ഭവനം. വൈദികരും വിശുദ്ധബലി അര്‍പ്പണവുംവരെ വിലക്കപ്പെട്ട കാലമായിരുന്നു അത്. ഭരണാധിപന്മാര്‍ അറിഞ്ഞാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ തന്റെ ഭവനത്തില്‍ രഹസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ക്ക് അവസരമൊരുക്കി.

അവളുടെ തീവ്രമായ കത്തോലിക്കാവിശ്വാസം ഇതില്‍ മാത്രം ഒതുങ്ങിനിന്നില്ല. യേശുവിനെ മഹത്വപ്പെടുത്തുന്നതില്‍ സന്തോഷിച്ചിരുന്ന അവള്‍ മറ്റുള്ളവരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിലും ബദ്ധശ്രദ്ധയായി. യേശുവിനെ വേദനിപ്പിക്കുന്ന കൊച്ചു പ്രവര്‍ത്തിപോലും ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ച അവള്‍, വൈദികര്‍ക്ക് സംരക്ഷണം കൊടുക്കുന്നതിനും പ്രതിജ്ഞാബദ്ധയായി. ദിവ്യബലിയര്‍പ്പണങ്ങള്‍ക്ക് വൈദികരുടെ സാന്നിധ്യം കൂടിയേ തീരുവെന്ന ബോധ്യമാണ് അതിന് അവളെ പ്രേരിപ്പിച്ചത്.

ഭാര്യയും ഭര്‍ത്താവും തടവറയില്‍
വൈദികരെ രഹസ്യമായി പാര്‍പ്പിക്കുക, വിശുദ്ധബലി അര്‍പ്പിക്കാന്‍ സൗകര്യം ചെയ്യുക എന്നതൊക്കെ വധശിക്ഷ അര്‍ഹിക്കുന്ന ശിക്ഷയായിരുന്നു അക്കാലത്ത്. ദിവ്യബലിയര്‍പ്പണത്തിനും  വൈദികരെ പാര്‍പ്പിക്കാനും സ്ഥലം തികയാതെ വന്നതിനാല്‍ അയല്‍വാസിയുടെ വീടിന്റെ ഭാഗം വാടകയ്‌ക്കെടുത്ത അവള്‍ അവിടേക്ക് രഹസ്യവഴിയും നിര്‍മിച്ചു. അധികാരികള്‍ പിടികൂടുമെന്ന അവസ്ഥ വന്നപ്പോള്‍ വൈദികരെ രഹസ്യമായി മാറ്റാന്‍ ഈ രഹസ്യമാര്‍ഗം പ്രയോജനപ്പെട്ടു.

യോര്‍ക്കിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ വൈദികരുംതന്നെ മാര്‍ഗരറ്റിന്റെ കുമ്പസാരകരോ ആത്മീയ ഉപദേശകരോ ആയിരുന്നു.ദിവ്യബലി അര്‍പ്പിക്കാന്‍ അവസരമൊരുക്കിയതും  വൈദികരെ രഹസ്യമായി പാര്‍പ്പിക്കുന്നതും അധികാരികളുടെ ചെവിയില്‍ എത്തിച്ചേര്‍ന്നതിന്റെ ഫലമായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വന്നു അവള്‍ക്ക്. ജയിലിലും പുറത്തുമായി ഏതാണ്ട് 10 വര്‍ഷക്കാലം അവള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നു.

കത്തോലിക്കാവിശ്വാസം സ്വീകരിച്ചതിനുശേഷമാണ് ഈ സഹനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നത്. എന്നാല്‍, പ്രോട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിലനിന്ന ഭര്‍ത്താവിനും  മാര്‍ഗരറ്റിന്റെ സഹനത്തില്‍ പങ്കുചേരേണ്ടി വന്നു. ഭാര്യക്കുവേണ്ടി നിരവധി തവണ ജാമ്യം നിന്ന അദ്ദേഹത്തിന് ഒത്തിരിയേറെതവണ പിഴ അടയ്‌ക്കേണ്ടതായും വന്നിട്ടുണ്ട്. 1586ല്‍, കുറച്ചുകാലം ജയിലില്‍ കിടക്കേണ്ടിയുംവന്നു അദ്ദേഹത്തിന്.

മാര്‍ഗരറ്റിന്റെ ഭവനത്തില്‍ വൈദികരെ പാര്‍പ്പിച്ചിരുന്നതും കുട്ടികള്‍ക്ക് വേദപാഠ ക്ലാസുകള്‍ നടത്തിക്കൊണ്ടിരുന്നതും 1586 മാര്‍ച്ച് 10ന്  അധികാരികള്‍ കൈയോടെ പിടികൂടി. അള്‍ത്താര, കുര്‍ബാന പുസ്തകങ്ങള്‍, മറ്റ് ഭക്തി സാധനങ്ങള്‍ ഇതെല്ലാം കണ്ടുകെട്ടി. വേദപാഠ ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടികളെ ചെറിയരീതിയില്‍ പീഡിപ്പിച്ച് സര്‍വവിവരങ്ങളും അധികാരികള്‍ ചോര്‍ത്തിയെടുത്തു.

വേര്‍പെടുത്തപ്പെട്ട കരങ്ങള്‍ ഇന്ന്?
വിചാരണ സമയത്ത് താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞിരുന്ന മാര്‍ഗരറ്റ്, ക്രൂരമായ വധശിക്ഷയെക്കുറിച്ച് കോടതിയില്‍നിന്ന് കേട്ട മാത്രയില്‍ പറഞ്ഞ വാക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തും: “ദൈവത്തിനു നന്ദി. ഈ രീതിയിലുള്ള ഒരു മരണത്തിന് എനിക്ക് ഒട്ടും യോഗ്യതയില്ല. ഈ മരണം താന്‍ ചെയ്തുപോയ എന്റെ പാപങ്ങള്‍ക്ക് പ്രായച്ഛിത്തമാകട്ടെ, അല്ലാതെ അവര്‍ എന്റെ പേരില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷയല്ല.”

മരണത്തിന് ഒരുക്കമായി താന്‍ തയാറാക്കിയ വെള്ളവസ്ത്രം ധരിച്ച് മരണം പുല്‍കണമെന്ന അവളുടെ അന്ത്യാഭിലാഷം അധികാരികള്‍ അംഗീകരിച്ചുകൊടുത്തു. മരണശേഷം തന്റെ രണ്ടു കൈകളും ശരീരത്തില്‍നിന്ന് വേര്‍പെടുത്തി. ആ രണ്ട് കൈകളില്‍ ഒന്ന് യോര്‍ക്ക് റെയില്‍വേ സ്‌റ്റേഷന്റെ അടുത്തുള്ള ‘ബാര്‍ കോണ്‍വെന്റി’ല്‍ (ഇംഗ്ലണ്ടില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ കത്തോലിക്കാ കോണ്‍വെന്റാണിത്) സൂക്ഷിച്ചിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആസ്ഥാനത്തുനിന്ന് മൈലുകള്‍മാത്രം അകലെയുള്ള ‘ഔവര്‍ ലേഡി ആന്‍ഡ് ദ മാര്‍ട്ടേഴ്‌സ്’ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് രണ്ടാമത്തെ കൈ സംരക്ഷിച്ചിരിക്കുന്നത്.

വധശിക്ഷ അരങ്ങേറിയ ഊസ് നദിക്ക് കുറുകെയുള്ള പാലത്തില്‍ 2008ല്‍ ഒരു ലോഹഫലകം മാര്‍ഗരറ്റിന്റെ  സ്മരണയ്ക്കായ്  സ്ഥാപിച്ചിട്ടുണ്ട്. മാര്‍ഗറ്റിനെപ്പോലുള്ള രക്തസാക്ഷികളുടെ സമര്‍പ്പണമാണ് ഇന്ന് ഇംഗ്ലണ്ടില്‍ കത്തോലിക്കാസഭ നിലനില്‍ക്കാന്‍ കാരണം. വൈദികര്‍ക്കുവേണ്ടിയും ദിവ്യബലിക്കുവേണ്ടിയും ഒരു സാധാരണ വീട്ടമ്മ സഹിച്ച സഹനം അവര്‍ണനീയമാണ്.

മാര്‍ഗരറ്റിനെപ്പോലുള്ള ധീരത നമ്മുടെ ജീവിതത്തില്‍ പ്രകടിപ്പിച്ചില്ലെങ്കിലും സഭയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുംവേണ്ടി നമുക്ക് ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കാന്‍ പരിശ്രമിക്കാം. അതുപോലെതന്നെ ദിവ്യബലിയില്‍ കൂടുതല്‍ സ്‌നേഹത്തോടും ഭക്തിയോടും കൂടി പങ്കെടുക്കുന്നതിനും പരിശ്രമിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?