Follow Us On

18

April

2024

Thursday

അതിജീവനത്തിന്റെ ശക്തി നമ്മിലുമുണ്ട്‌

അതിജീവനത്തിന്റെ ശക്തി  നമ്മിലുമുണ്ട്‌

എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.
യേശുവിന്റെ ജീവിതം ഒരു അതിജീവനത്തിന്റെ കഥയാണ്. ജനനം മുതല്‍ മരണംവരെയും അങ്ങനെ ആയിരുന്നു. സത്രത്തില്‍ സ്ഥലം കിട്ടാത്ത അവസ്ഥ, കാലിത്തൊഴുത്തിലെ ജനനം, ഈജിപ്തിലേക്കുള്ള പലായനം, മടങ്ങിവരവ്, നസ്രത്തിലെ ജീവിതം, പരസ്യജീവിതകാലത്തെ വെല്ലുവിളികള്‍, പീഡാസഹനം, കുരിശുമരണം, അതെ, തുടക്കം മുതല്‍ ഒടുക്കംവരെ യേശുവിന്റെ ജീവിതം അതിജീവനത്തിന്റേതായിരുന്നു. എല്ലാത്തിനെയും യേശു അതിജീവിച്ചു, സഹിച്ചു. പക്ഷേ തോറ്റില്ല. ഭീഷണികള്‍ ഉണ്ടായി. പക്ഷേ, ഭയപ്പെട്ടില്ല. വിശപ്പടക്കാന്‍ അത്തിമരത്തിന്റെ അടുത്തുപോയി ഫലങ്ങള്‍ നോക്കിയിട്ട് അതുപോലും കിട്ടാത്ത ദിവസമുണ്ടായി. പൊരിവെയിലത്ത്, നട്ടുച്ചവരെയും നടന്ന് വെള്ളം കോരാന്‍ വന്ന സ്ത്രീയോട് കുടിക്കാന്‍ വെള്ളം ചോദിക്കുന്ന സ്ഥിതിയും ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടശേഷം മരിക്കുന്നിടംവരെയുള്ള ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, മറ്റാരും സഹിക്കാത്തവിധം സഹിച്ചു. മറ്റാര്‍ക്കും കിട്ടാത്ത അത്രയും പീഡനങ്ങള്‍ ഉണ്ടായി. യേശു എല്ലാത്തിനെയും അതിജീവിച്ചു. അതായത്, അതിജീവിക്കാനുള്ള ഒരു ശക്തി യേശുവില്‍ ഉണ്ടായിരുന്നു. യേശു ഇതെല്ലാം സഹിച്ചത് ദൈവശക്തി ഉപയോഗിച്ചല്ല. സഹനങ്ങളെ അതിജീവിക്കുവാന്‍ യേശു ഒരിക്കലും ദൈവികശക്തി ഉപയോഗിച്ചില്ല. മനുഷ്യനെന്നനിലയില്‍ ഉള്ള ശക്തി മാത്രമാണ് സഹനവേളകളില്‍ യേശു ഉപയോഗിച്ചത്.
യേശുവിന് ഉണ്ടായിരുന്നതുപോലെ, അതിജീവനത്തിന്റെ ഒരു അദൃശ്യശക്തി നമ്മള്‍ എല്ലാവരിലും ഉണ്ട്. എത്രയോ പാടുപീഡകളെ നാം ഓരോരുത്തരും അതിജീവിച്ചിരിക്കുന്നു. തകര്‍ന്നുപോകാമായിരുന്ന എത്ര അവസരങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ തകരാതിരിക്കുന്നു. ജീവിതം അവസാനിപ്പിക്കുവാന്‍ തോന്നുമായിരുന്ന അഥവാ തോന്നിയിരുന്ന എത്രയോ അവസരങ്ങളെ നാം അതിജീവിച്ചിരിക്കുന്നു. അടുത്ത കാലത്ത് പ്രതിസന്ധികളുടെ വേലിയേറ്റമായിരുന്നില്ലേ അധികം പേരുടെയും ജീവിതത്തില്‍? അല്ലെങ്കില്‍ത്തന്നെ പലരുടെയും ജീവിതം ഗാഗുല്‍ത്താ മലകയറ്റം ആയിരുന്നു. അങ്ങനെയിരിക്കെയാണ് പകര്‍ച്ചവ്യാധിയും അനുബന്ധ പ്രശ്‌നങ്ങളുംകൂടി ഉണ്ടായത്. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും ധാരാളം. വരുമാനം ഗണ്യമായി കുറഞ്ഞവര്‍ ഇഷ്ടംപോലെ. സ്ഥാപനങ്ങള്‍ നടത്തുന്നവരും വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടു. കടബാധ്യതകള്‍ പ്രതിസന്ധി ഉയര്‍ത്തിയ വീടുകളും സ്ഥാപനങ്ങളും വേണ്ടത്ര ഉണ്ടായി. അങ്ങനെ ഒത്തിരി പ്രതിസന്ധികള്‍.
എന്നിട്ടും നമ്മള്‍ ജീവിക്കുന്നു! കാരണം ദൈവം നല്‍കിയ അതിജീവനത്തിന്റെ ശക്തി എല്ലാവരിലും ഉണ്ട്. ആ ശക്തി നമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആ ശക്തി ജീവിക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ആ ശക്തി പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമ്മെ ശക്തരാക്കുന്നു. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവശക്തിയെ ഓര്‍ത്ത് ദൈവത്തിന് നന്ദി പറയാം. ദൈവം കൂടെയുള്ളതിനാല്‍, ഏത് ഗാഗുല്‍ത്തായും ഏത് കുരിശും വഹിച്ച് കയറുവാന്‍ നമുക്ക് കഴിയുമെന്ന് സമാധാനിക്കാം. അതിനാല്‍ നമുക്ക് കൂടുതല്‍ പ്രത്യാശ ഉള്ളവരാകാം.
ഉത്ഥിതനായ യേശു ഭക്തസ്ത്രീകള്‍വഴി അപ്പസ്‌തോലന്മാര്‍ക്ക് നല്‍കിയ സന്ദേശം ഇതാണ്: നിങ്ങള്‍ ഗലീലിയിലേക്ക് മടങ്ങുക. അവിടെവച്ച് ഞാന്‍ നിങ്ങളെ കാണും (മത്തായി 28:7). അവര്‍ക്കുമുമ്പേ താന്‍ ഗലീലിയിലേക്ക് പോകുമെന്നും ഇതേ വചനത്തില്‍ യേശു പറഞ്ഞു. ജറുസലേമില്‍നിന്നും ഗലീലിയിലേക്ക് ഇന്നത്തെ റോഡുദൂരം ഏകദേശം 175 കിലോമീറ്റര്‍ ആണ്. യേശു ഉത്ഥാനം ചെയ്തപ്പോള്‍ ശ്ലീഹന്മാര്‍ ജറുസലേമില്‍ ഉണ്ട്. അവിടെവച്ച് യേശു ദര്‍ശനം നല്‍കിയില്ല. 175 കിലോമീറ്ററോളം നടന്ന് അവര്‍ ഗലീലിയില്‍ എത്തിയശേഷമാണ് യേശു ദര്‍ശനം നല്‍കിയത്. അതിനായി അവര്‍ എത്തുന്നതിനുമുമ്പുതന്നെ യേശു ഗലീലിയിലേക്ക് പോവുകയും ചെയ്തു (മത്തായി 28:7).
ഗലീലിയിലേക്ക് മടങ്ങുക; അവിടെവച്ച് അവരെ കാണും എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടായിരിക്കും? നമുക്ക് ഊഹിക്കാവുന്ന ഒരു ഉത്തരം ഇതാണ്: ജറുസലേമില്‍ ശ്ലീഹന്മാര്‍ ഒന്നും ചെയ്യാനില്ലാതെ തളര്‍ന്നിരിക്കുകയാണ്. അവര്‍ അങ്ങനെ തുടര്‍ന്നും ജീവിക്കുവാന്‍ യേശു ആഗ്രഹിച്ചില്ല. ഗലീലിക്ക് ഒരു പ്രത്യേകത ഉണ്ട്. ആ നാട്ടിലാണ് ശ്ലീഹന്മാര്‍ അധികംപേരും ജനിച്ചതും വളര്‍ന്നതും തൊഴില്‍ ചെയ്തിരുന്നതും. അതിനാല്‍ ഗലീലിയിലേക്ക് മടങ്ങുക എന്നുവച്ചാല്‍, നിങ്ങളുടെ നാട്ടിലേക്കും ജീവിതത്തിലേക്കും മടങ്ങിപ്പോവുക എന്നാണര്‍ത്ഥം. അവര്‍ മടങ്ങിയെത്തി. യേശു അവരെ കണ്ടു. ഭാവി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു.
യേശു നമ്മളോടും പറയുകയാണ്: ഗലീലിയിലേക്ക് മടങ്ങുക. എന്നുവച്ചാല്‍ സാധാരണ ജീവിതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ആത്മീയാനുഷ്ഠാനങ്ങളിലേക്കുമെല്ലാം മടങ്ങിവരുക. വീണ്ടും നമ്മള്‍ പ്രവര്‍ത്തനനിരതരാകണം. വീണ്ടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കണം. വീണ്ടും വീടും നാടും പ്രവര്‍ത്തനമേഖലകളും സജീവമാകണം. പള്ളികളും ദൈവാലയ ശുശ്രൂഷകളും സജീവമാകണം. അങ്ങനെ എല്ലാ മേഖലകളിലും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകണം. കോവിഡിന്റെ വലിയ പ്രതിസന്ധികളെ, നമ്മില്‍ കുടികൊള്ളുന്ന ദൈവികശക്തിയാല്‍ നമ്മള്‍ അതിജീവിച്ചു. ഇനി അതേ ദൈവികശക്തി ഉപയോഗിച്ച് ജീവിതത്തെ നമ്മള്‍ പാളത്തിലാക്കണം. ട്രാക്ക് തെറ്റിയ ജീവിതവണ്ടിയെ വീണ്ടും ട്രാക്കിലാക്കണം. ജീവിതവണ്ടി ശാന്തമായി, അത്യാവശ്യം വേഗത്തില്‍ മുന്നോട്ടുപോകണം. അതിനാല്‍ മടുപ്പ്, നിരാശ, അലസത, ലക്ഷ്യബോധമില്ലായ്മ, ആത്മീയ മരവിപ്പ് തുടങ്ങിയ എല്ലാ അവസ്ഥകളില്‍നിന്നും നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാം. അപ്പസ്‌തോലന്മാരെ ഗലീലിയിലേക്ക്, സാധാരണ അവസ്ഥയിലേക്ക് കൊണ്ടുപോയി അവിടെവച്ച് ദര്‍ശനം നല്‍കി ശക്തിപ്പെടുത്തിയ യേശു, നമ്മളെയും സാധാരണ ജീവിതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മടങ്ങിവരാന്‍ ദര്‍ശനം തന്ന് ശക്തിപ്പെടുത്തട്ടെ. എല്ലാ മേഖലകളിലും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകട്ടെ. ശ്ലീഹന്മാരെ കണ്ട് ശക്തിപ്പെടുത്തിയ യേശു നമുക്കും സമാന അനുഭവം തരട്ടെ.
അതിനാല്‍, നമുക്ക് പ്രതീക്ഷ ഉള്ളവര്‍ ആകാം. നമ്മിലുള്ള ദൈവശക്തിയെ ഉണര്‍ത്താം. വീണ്ടും കര്‍മനിരതര്‍ ആകാം. തളര്‍ന്നുപോയ സകല മേഖലകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാം. ഉത്ഥിതനായ യേശു ഈ നാളുകളില്‍ നിങ്ങള്‍ ഓരോരുത്തരെയും നിങ്ങളുടെ ഭവനങ്ങളെയും സ്ഥാപനങ്ങളെയും സന്ദര്‍ശിച്ച് ദര്‍ശനം നല്‍കട്ടെ!
അതിനായി എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?