Follow Us On

19

April

2024

Friday

ക്രൈസ്തവരുടെ വളര്‍ച്ച പിന്നിലേക്കോ?

ക്രൈസ്തവരുടെ വളര്‍ച്ച  പിന്നിലേക്കോ?

കേരളത്തിലെ ക്രൈസ്തവരുടെ ജീവിതവും വെല്ലുവിളികളും പ്രതിസന്ധികളും വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ ഇത്. ഈ വിഷയവും അനുബന്ധ വിഷയങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ ഇന്ന് ഏവരുടെയും മുമ്പിലുണ്ട്. സാമുദായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും നീതിനിഷേധങ്ങള്‍ ചോദ്യം ചെയ്യുന്നതിനും യുവജനങ്ങള്‍ മുന്നോട്ടുവന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പ്പെട്ടവര്‍ നവമാധ്യമങ്ങളിലും സഭാവൃത്തങ്ങളിലും നിരന്തരമായി നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും സര്‍ക്കാരില്‍നിന്നുതന്നെ ലഭിക്കുന്ന വിവരങ്ങളും വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കാണ്.
കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് ഇത്തരമൊരു പിന്നോക്കാവസ്ഥയുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. എന്നാല്‍ പഠനങ്ങളും സര്‍ക്കാരിന്റെ കാലാകാലങ്ങളിലുള്ള സെന്‍സസും സ്ഥിതിവിവര കണക്കുകളും പരിശോധിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ പല മേഖലകളിലും മുന്നിട്ടു നിന്നിരുന്ന ക്രൈസ്തവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലുംതന്നെ പിന്നോട്ടു പോയി എന്നു കാണാം. മാത്രമല്ല ആ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജനനനിരക്ക് കുറയുന്നു

കേരള സര്‍ക്കാരിന്റെ ‘കേരള മൈഗ്രേഷന്‍ സ്റ്റഡീസ് 2018’ വിശകലനം ചെയ്യുമ്പോള്‍ ക്രൈസ്തവര്‍ പ്രത്യേകിച്ച് സീറോ മലബാര്‍ സമുദായാംഗങ്ങള്‍ സാമ്പത്തികവും സാമൂഹികവുമായ പരാധീനതകള്‍ ധാരാളമായി അനുഭവിക്കുന്നുണ്ട് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ബാങ്കുകളില്‍നിന്നും മറ്റും വായ്പകളെടുത്തവരെ മതവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ തിരിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് (37.42%) സീറോ മലബാര്‍ സമുദായാംഗങ്ങളാണ്. ജനസംഖ്യാനുപാതത്തില്‍ വിഭജിക്കുമ്പോള്‍ ഒരു സീറോ മലബാറുകാരന്റെ കടം ഏകദശം 1,30,000 (ഒരു ലക്ഷത്തി മുപ്പതിനായിരം) രൂപയാണ്. മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ കടബാധ്യതകള്‍ ഇതിലും വളരെ താഴെയാണ്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ജനസംഖ്യാ പഠനമനുസരിച്ച് 1951-ല്‍ കേരളത്തില്‍ 20.86 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2011-ല്‍ 18.38 ശതമാനമായി കുറയുകയാണുണ്ടായത്. കേരളത്തിലെതന്നെ പ്രബലമായ മറ്റൊരു ന്യൂനപക്ഷസമുദായം ഇത്രയും കാലംകൊണ്ട് പത്ത് ശതമാനത്തോളം വര്‍ധിക്കുകയാണുണ്ടായത് എന്നതും നാം തിരിച്ചറിയണം. ജനസംഖ്യയിലുണ്ടായിരിക്കുന്ന ഈ കുറവ് പല കാരണങ്ങളാല്‍ സംഭവിച്ചതാണ്.
ജനനനിരക്കില്‍ ക്രൈസ്തവ സമുദായത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. കേരള സര്‍ക്കാരിന്റെ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിവിഷന്‍ ഓരോ വര്‍ഷവും ഇറക്കുന്ന വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2017-ല്‍ കേരളത്തില്‍ ജനിച്ച നൂറ് കുട്ടികളില്‍ 14.96 കുട്ടികളാണ് ക്രിസ്തീയ സമുദായത്തില്‍ നിന്നുള്ളവര്‍. 2012-ല്‍ അത് 18.6 ആയിരുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ ഓരോ വര്‍ഷവും ജനനനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സമുദായത്തില്‍ മാത്രം കുട്ടികളുടെ ജനനനിരക്ക് കുറയുന്നുവെന്നത് ചില അപകടസൂചനകള്‍ നല്‍കുന്നുണ്ട്.

പ്രായമേറുന്ന ക്രൈസ്തവര്‍

ഒരു ജനതയോ സംസ്‌കാരമോ സമുദായമോ നിലവിലുള്ള സ്ഥിതിയിലെങ്കിലും തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ 2.11 (ഒരു കുടുംബത്തില്‍) എന്ന ജനനനിരക്ക് ഉണ്ടായിരിക്കണമെന്ന് ജനസംഖ്യാ വിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ജനനനിരക്ക് ഒരു കുടുംബത്തിന്റേത് 1.9 ആണെങ്കില്‍ നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുക എന്നത് അതീവ ദുഷ്‌കരമാണെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകളുണ്ട്. എന്നാല്‍ അത് 1.3 ആയി താഴ്ന്നു കഴിഞ്ഞാല്‍ തിരിച്ചുവരവ് അസാധ്യമാകും. കണക്കുകളനുസരിച്ച് കേരളത്തിലെ ക്രൈസ്തവ സമുദായത്തിലെ ഇപ്പോഴത്തെ ജനനനിരക്ക് കേവലം ഒന്ന് മാത്രമാണ്. അതായത് നമ്മുടെ നിലനില്പ് അപകടാവസ്ഥയില്‍ എത്തിനില്‍ക്കുന്നുവെന്ന് മനസിലാക്കണം.
ജനനനിരക്ക് കുറയുന്നു എന്നതിനോടൊപ്പം തന്നെ മരണനിരക്ക് വര്‍ധിക്കുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല പ്രായമായവരുടെ എണ്ണം സമുദായത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുകയും പ്രായമായവര്‍ എണ്ണത്തില്‍ കൂടുകയും ചെയ്യുമ്പോള്‍ വാര്‍ധക്യകാല ആശ്രിതരുടെ എണ്ണം തൊഴില്‍ ചെയ്യുന്ന സമുദായാംഗങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. നാം അടുത്തകാലങ്ങളില്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതുതന്നെയാണ്.
ജോലി ചെയ്യാന്‍ പറ്റുന്നവരും യുവതീയുവാക്കളും ഇന്ത്യയുടെ തന്നെ മറ്റ് ഭാഗങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പഠനത്തിനും ജോലിക്കും മറ്റുമായി കുടിയേറുന്നത് ക്രൈസ്തവരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് ത്വരിതഗതിയിലാക്കും.

ഇംഗ്ലീഷ് മീഡിയം സംസ്‌കാരം

കൂടുതലായും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സീറോ മലബാര്‍ ക്രൈസ്തവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചപ്പോള്‍ അവര്‍ കൃഷിയില്‍ വിമുഖരാകുകയും ജോലി തേടി മറ്റ് സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകേണ്ട സ്ഥിതി സംജാതമാകുകയും ചെയ്തു. ക്രൈസ്തവര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തിന്റെയും ഒരു പാര്‍ശ്വഫലമാണിത്. കേരളത്തില്‍ നിലനില്‍ക്കുന്ന തൊഴില്‍തര്‍ക്കങ്ങളും സമരങ്ങളും ചുവപ്പുനാടയും കൈക്കൂലിയും മറ്റും ഇവിടെ ജോലിസാധ്യതകള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങളും വ്യവസായേതര സംരംഭങ്ങളും സ്വന്തം നാട്ടില്‍ തുടങ്ങുന്നതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്നു.
പ്രായമേറിയുള്ള വിവാഹശീലവും നല്ല വിദ്യാഭ്യാസം ലഭിക്കാത്തവരെ വിവാഹം കഴിക്കാനുള്ള യുവതീയുവാക്കളുടെ വൈമുഖ്യവും എല്ലാം മറ്റ് പാര്‍ശ്വഫലങ്ങളാണ്. അതോടൊപ്പംതന്നെ വിവാഹമോചനങ്ങള്‍, വേര്‍പിരിഞ്ഞ് താമസിക്കുന്നവര്‍, ആത്മഹത്യാനിരക്ക് എന്നിവയും ക്രൈസ്തവ സമുദായത്തില്‍ താരതമ്യേന കൂടുതലാണ് എന്നതും ശാസ്ത്രീയാപഗ്രഥനത്തിലൂടെ നാം തിരിച്ചറിയുന്നു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് മറ്റൊരു പരാധീനത കൂടിയുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളിലും സാമ്പത്തികാനുകൂല്യങ്ങളിലും സംവരണവും മറ്റ് പരിഗണനകളും ഉള്ളപ്പോള്‍ അവയില്ലാത്ത ചുരുക്കം ചില സമുദായങ്ങളില്‍ അവര്‍ പെട്ടിരിക്കുന്നു എന്നതാണ്. ഇവിടെ സംവരണം സാമ്പത്തിക നിലവാരത്തിന്റെയല്ല, പ്രത്യുത ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് അതിന്റെ കാരണം. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന സര്‍ക്കാര്‍ വേദികളില്‍ ക്രൈസ്തവര്‍ കാര്യമായി പ്രതിനിധാനം ചെയ്യപ്പെടാത്തതുകൊണ്ട് നമുക്കനുകൂലമായി ഒന്നും തീരുമാനിക്കപ്പെടുന്നുമില്ല. പൊതുവെ രാഷ്ട്രീയ കാര്യങ്ങളിലുള്ള നമ്മുടെ വിമുഖതയും ചെറിയ സര്‍ക്കാര്‍ ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവും അതിന് കാരണമായി പറയാം. നമ്മുടെ ഇംഗ്ലീഷ് മീഡിയം സംസ്‌കാരവും ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയംതന്നെയാണ്.

മുന്നൊരുക്കം അനിവാര്യം

മേല്‍പ്പറഞ്ഞവയും അവയിലുള്‍പ്പെടാത്തതുമായ വിവിധ മേഖലകളെ പരിഗണിച്ചുകൊണ്ട് ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുമ്പില്‍ നാം പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്‍ സമീപകാലത്ത് കേരള സര്‍ക്കാര്‍ രൂപീകരിച്ചു. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്), ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്) എന്നിവര്‍ കമ്മീഷനിലെ അംഗങ്ങളാണ്. പ്രസ്തുത കമ്മീഷന്‍ മുമ്പാകെ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കണം.
കമ്മീഷന്‍ ജില്ലാ അടിസ്ഥാനത്തിലായിരിക്കും സിറ്റിംഗ് നടത്തി സമുദായ പ്രതിനിധികളില്‍നിന്ന് അഭിപ്രായം ശേഖരിക്കുന്നത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഭാവിയില്‍ കേരളസര്‍ക്കാര്‍ നമ്മുടെ സമുദായത്തിനാവശ്യമായ ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. അതുകൊണ്ട് കമ്മീഷന്റെ മുമ്പില്‍ നമ്മുടെ ശരിയായ ജനസംഖ്യാ വിവരങ്ങളും പിന്നോക്കാവസ്ഥയെ വെളിവാക്കുന്ന പഠനങ്ങളും ശാസ്ത്രീയമായി അവതരിപ്പിക്കണം. എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണം.


മാര്‍ ജോസ് പൊരുന്നേടം മാനന്തവാടി രൂപതാ മെത്രാന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?