Follow Us On

25

June

2021

Friday

സ്വര്‍ഗത്തിന്റെ താക്കോല്‍ രഹസ്യം

സ്വര്‍ഗത്തിന്റെ  താക്കോല്‍ രഹസ്യം

ഗ്രഹാം, അതായിരുന്നു അദ്ദേഹത്തിന്റെ പേര്. രാവിലത്തെ കുര്‍ബാനക്കൊടുവില്‍ വി. കുര്‍ബാന നല്‍കുമ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. ഏതാണ്ട് അറുപതിനു മുകളില്‍ പ്രായമുള്ള ആ മനുഷ്യന്‍ എത്ര കരുതലോടെയാണ് ദിവ്യകാരുണ്യ സ്വീകരണത്തിനായി വരുന്ന ചെറിയ സമൂഹത്തെ നിയന്ത്രിക്കുന്നത്…!!
കഷ്ടിച്ച് ഇരുപതോളം പേര്‍ മാത്രമാണ് ഈശോയെ സ്വീകരിക്കാന്‍ വന്നത്. അതും വളരെ ശാന്തമായി, ക്രമമായി. തൊട്ടു മുന്‍പില്‍ ഉള്ളയാള്‍ ദിവ്യകാരുണ്യം സ്വീകരിച്ചു നടന്നു കഴിയുമ്പോള്‍ അടുത്തയാളെ വളരെ ഉപചാരപൂര്‍വം എന്റെ അരികിലേക്ക് അദ്ദേഹം നയിക്കുന്നു. യാതൊരു വേര്‍തിരിവുമില്ലാതെ ഓരോ വ്യക്തിയെയും രാജാവിനെ പോലെയാണ് ആ മനുഷ്യന്‍ പരിഗണിക്കുന്നത്. പ്രത്യേകമായൊരു ആദരവ് തോന്നി അയാളോട്.
കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു, ഇഷ്ടമുള്ളവരിലൂടെ മന്ത്രിക്കുന്നു. ഒന്നും യാദൃശ്ചികമല്ല. ആരും വിലയില്ലാത്തവരുമല്ല. ഒന്നും അപ്രധാനവുമല്ല. ദൈവം ചിലപ്പോള്‍ അങ്ങനെയൊക്കെയാണ്. ആരും വിചാരിക്കാത്ത ചില വേളകളില്‍ ഒരുപക്ഷേ തീരെ പ്രതീക്ഷിക്കാത്ത ചില ഇടങ്ങളില്‍ ഒട്ടും നിനയ്ക്കാത്ത ചില ജീവിതങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത ചില സന്ദേശങ്ങള്‍ അവന്‍ ഒരുക്കി വച്ചിട്ടുണ്ടാകും…
കൊറോണ കാലം സൃഷ്ടിച്ച ചില പുതുകാഴ്ചകളില്‍ ഒന്നാണ് ദൈവാലയത്തിലെ കാര്യസ്ഥര്‍ (Stewards). ഞാനിപ്പോള്‍ ജീവിക്കുന്ന യുകെയില്‍ കുറേ മാസങ്ങളായി ദൈവാലയങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന കുറച്ചു മനുഷ്യരുടെ നന്മയിലാണ്. അങ്ങനെ, സെന്റ് ബാര്‍ണബാസ് കത്തീഡ്രലില്‍ ശുശ്രൂഷ ചെയ്യുന്നയാളാണ് ഗ്രഹാം. പൊതുവെ വളരെ ഡിസിപ്ലിന്‍ഡ് ആയ ജനതയാണ് ഈ നാട്ടിലേത്. നിയമങ്ങള്‍ അനുശാസിക്കുന്നതില്‍ കൃത്യത പുലര്‍ത്തുന്നവര്‍. ലോക്ക്ഡൗണ്‍ ഫലപ്രദമായി മുന്നേറുന്നതിന്റെ പ്രധാന കാരണവും ഈ നാടിന്റെ നിയമബോധം തന്നെയാണ്. ഉള്ളത് പറഞ്ഞാല്‍, ചിലപ്പോഴൊക്കെ അസഹനീയമായി തോന്നിയിട്ടുണ്ട് ഇവരുടെ ഉപചാരക്രമങ്ങള്‍. അങ്ങനെയുള്ള ഒരു നാട്ടില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ദൈവാലയത്തില്‍ ജനങ്ങള്‍ അടുക്കും ചിട്ടയും നന്നായി പാലിക്കുന്നുണ്ട്. ആരുടെയും നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ തന്നെ അകലവും നിരയും പാലിച്ചാണ് കുര്‍ബാന സ്വീകരണത്തിനായി വിശ്വാസികള്‍ വരുന്നത്. എന്നിട്ടും ദൈവജനത്തെ വൈദികരുടെ അടുക്കലേക്കു വളരെ ശ്രദ്ധയോടെയാണ് ഗ്രഹാം നയിച്ചു കൊണ്ടിരുന്നത്. കുലീനമായ ആ ശൈലി രണ്ടു കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു: വി. കുര്‍ബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തി. ഒപ്പം ഓരോ വ്യക്തിയോടുമുള്ള ആ മനുഷ്യന്റെ ആദരവ്.
സ്വര്‍ഗത്തിന്റെ പടിവാതിലിലെ കാവല്‍ക്കാരനാണ് അയാളെന്നു തോന്നി. വളരെ സാധാരണവും അനായാസവുമായ ഒരു കാര്യം എങ്ങനെയാണ് സ്വര്‍ഗത്തിലേക്കുള്ള എളുപ്പവഴി ആകുന്നതെന്ന് ഞാന്‍ പഠിക്കുകയായിരുന്നു.
വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല വിശുദ്ധി, മറിച്ച് ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നതിലാണ് എന്ന് പറഞ്ഞത് കല്‍ക്കട്ടയിലെ വിശുദ്ധ അമ്മ തെരേസ ആണെന്നാണ് ഓര്‍മ. ആവൃതിയിലെ ഒരു കുഞ്ഞുപ്രവൃത്തി ചെയ്യുമ്പോഴും ആത്മാക്കള്‍ക്കായി എന്ന് പറഞ്ഞ് അസാധാരണ മിഷന്‍ വേല ചെയ്തത് ലിസ്യുവിലെ കൊച്ചു തെരെസയാണ്.
ജീവിതത്തില്‍ കാര്യമായി ഒന്നും തമ്പുരാനായി ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് വേദനിക്കുന്നവര്‍ക്കിതൊരു സുവിശേഷമാണ്. നമ്മുടെ ദൈവം വന്‍കാര്യങ്ങള്‍ ആവശ്യപ്പെടുന്നവനാണ് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നമ്മുടെ ദൈവം ചെറിയ കാര്യങ്ങളുടെ ദൈവമാണ്. കേട്ടിട്ടില്ലേ, God of small things എന്ന്. രണ്ട് നാണയതുട്ടിന് വില്‍ക്കപ്പെടുന്ന അഞ്ച് കുരുവികളില്‍ ഒന്നിനെപോലും അവന്‍ വിസ്മരിക്കുന്നില്ല എന്ന് ഗുരു പറഞ്ഞതോര്‍ക്കുന്നില്ലേ? പീലിപ്പോസ് വിളിക്കുന്നതിനുമുമ്പ്, അത്തിമരത്തിന്റെ ചുവട്ടില്‍ ഇരുന്ന നാഥനയേല്‍ കണ്ട നസ്രായനെ അറിയില്ലേ? ഒക്കെ അവനറിയുന്നുണ്ട്.
സങ്കീര്‍ത്തകനെ വിസ്മയിപ്പിച്ച അപ്രാപ്യമാം വിധം ഉന്നതമായ ആ അറിവ് ഇതല്ലേ? ‘കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു” (സങ്കീ. 139:14).
നമ്മുടെ കഴിവുകള്‍ക്കപ്പുറമുള്ള ടാസ്‌കുകള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി തരുന്ന ബിഗ്‌ബോസല്ല ദൈവം. തന്നെ തേടുന്നവര്‍ക്ക് മുന്നില്‍ വെളിപ്പെടുന്ന, തന്റെ സൗഹൃദം ആശിക്കുന്നവര്‍ക്ക് തന്റെ ചങ്ക് പകുത്തു നല്‍കുന്ന ഒരു ദൈവം. അവന്‍ നിന്നില്‍ നിന്ന് അസാധാരണമായി ഒന്നും ആവശ്യപ്പെടുന്നില്ല. ജീവിതം ഇന്ന് നിന്റെ ചുവടുറപ്പിച്ചിരിക്കുന്ന മണ്ണില്‍ എന്താണോ നീ ചെയ്യേണ്ടത് അതങ്ങു ചെയ്‌തേക്കുക, അലിവുള്ള ഒരു മനസ്സോടെ. അത്രയുള്ളൂ, സ്വര്‍ഗത്തിന്റെ താക്കോല്‍ രഹസ്യം.


ഫാ. മാത്യു നെരിയാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?