Follow Us On

14

April

2021

Wednesday

പെസഹാവ്യാഴ ധ്യാനചിന്തകള്‍

പെസഹാവ്യാഴ ധ്യാനചിന്തകള്‍

കുരിശാരോഹണത്തേക്കാള്‍ ക്രിസ്തു ഏറ്റവും മാനസികവ്യഥ അനുഭവിച്ച ദിവസമായിരുന്നു പെസഹ വ്യാഴം (MAUNDY THURSDAY). സംഹാരദൂതന്‍ ഈജിപ്തിലെ ആദ്യജാതരെ വധിച്ചും രക്ഷാകരമായ രക്തത്തിന്റെ ചിഹ്നം കാണുമ്പോള്‍ യഹൂദരെ സംരക്ഷിച്ചും കടന്നുപോയ വലിയ ദിവസത്തിന്റെ ഓര്‍മ യഹൂദര്‍ ആചരിക്കുന്ന പുണ്യദിനം.
മറ്റ് ചില ആചരണങ്ങള്‍ കൂടി ഈ ദിവസത്തെ ശ്രദ്ധേയമാക്കുന്നു. ക്രിസ്തു തന്റെ തിരുശരീരവും തിരുരക്തവും തന്റെ ഓര്‍മക്കായി ലോകാവസാനം വരെ പൗരോഹിത്യമായി-പരിശുദ്ധ കുര്‍ബാനയായി സ്ഥാപിച്ചതിന്റെ നിത്യസ്മരണ. കൂദാശകളുടെ വിശുദ്ധിയുടെ കൂദാശയാണ് പരിശുദ്ധ കുര്‍ബാന.
ഇത് സ്ഥാപിക്കുന്നതിന്മുമ്പ് ഗുരുവായ യേശു തന്റെ പുറംകുപ്പായം അഴിച്ചുമാറ്റി, ഒരു കച്ച അരയില്‍ ചുറ്റി, താലത്തില്‍ വെള്ളവും ശുചീകരണവസ്തുവുമായി ഓരോ ശിഷ്യന്മാരുടെയും കാലുകള്‍ കഴുകി. അടിമകള്‍ മാത്രം ചെയ്തിരുന്ന പോലെ അവരുടെ കാലുകള്‍ ചുംബിച്ചു. പത്രോസടക്കം പല ശിഷ്യന്മാരും ഞെട്ടിത്തരിച്ചു. എന്താണിതിന്റെ അര്‍ത്ഥം. ‘ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ ക്ഷാളനം ചെയ്തുവെങ്കില്‍, നിങ്ങളും ഇത് ജീവിതത്തില്‍ ക്ഷമിച്ചു അനുവര്‍ത്തിക്കണം’.
അതിനുശേഷം തന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും പ്രതീകമായി ഗോതമ്പപ്പവും മുന്തിരിച്ചാറും വാഴ്ത്തി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. ‘ഞാന്‍ ഈ ചെയ്തത് നിങ്ങള്‍ എന്റെ ഓര്‍മക്കായി ചെയ്യുവിന്‍’ എന്ന ഓര്‍മപ്പെടുത്തലും അര്‍ത്ഥം ധ്യാനിക്കുന്നവര്‍ക്കുമാത്രം മനസിലാകുന്നു. താന്‍ പെസഹവ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ മാത്രമല്ല, ജീവിതകാലം മുഴുവന്‍ ചെയ്ത സ്വന്തജീവിതത്തെ മുറിച്ചു വിളമ്പിയ പങ്കുവെക്കല്‍ നിങ്ങളുടെ ജീവിതത്തില്‍ ചെയ്യുക. പങ്കുവെക്കലാണ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധ കുര്‍ബാന. അതിന്റെ അഭാവത്തില്‍ ഉപരിപ്ലവമായ ചടങ്ങുകള്‍ അര്‍ത്ഥരഹിതമാണ്. എല്ലാ ക്രൈസ്തവസഭകളുടേയും ആത്മപരിശോധന വിഷയം കൂടി ആണ് ഇത്. പങ്കുവക്കാനാണ് മത്സരിക്കേണ്ടത്. പണവും, സ്വത്തും, അധികാരവും സ്വന്തമാക്കാനുള്ള മത്സരം സഭകളുടെ അന്തസ് ചോര്‍ത്തിക്കളഞ്ഞുകൊണ്ടിരിക്കുന്നു!!
ലാളിത്യത്തിന്റെ പാരമ്യമാണ് പരിശുദ്ധ കുര്‍ബാന-കാഴ്ചയില്‍ അര്‍ത്ഥതലം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യം. ഈ ജീവിതരീതി ദൈവം തുണയായവര്‍ക്കു മാത്രമേ സാധ്യമാകു. മറ്റൊരു ക്രിസ്തുവെന്ന അപരനാമത്തിലാണ് പുരോഹിതര്‍ അറിയപ്പെടുക (ALTER CHRISTUS). ക്രിസ്തുദാഹിയായ സര്‍വ്വവും ഉപേക്ഷിക്കാന്‍ തയ്യാറുള്ള തീവ്രവികാരത്തിന്റെ അതിരില്‍ ഇരുന്ന് കരഞ്ഞപേക്ഷിക്കുന്ന അന്വേഷകന് ആദ്യഘട്ടത്തിലേക്ക് പ്രവേശനം സോപാധികം ലഭിച്ചേക്കും. ഏകദേശം അപ്രാപ്യമാണ് ഈ അവസ്ഥ. ഇത് സാധ്യമാവണമെങ്കില്‍ യേശുവിന്റെ കൃപാവര സമ്പൂര്‍ണതയിലുള്ള ഭാവമാറ്റം അഥവ പകര്‍ച്ച ദാനമായി ലഭിക്കണം. വ്യക്തി തന്നെ തീവ്രമായ ശാരീരിക മാനസീക നിയന്ത്രണത്തിന്റെ ഭാഗമായി സമ്പൂര്‍ണമായി മാറുക; കണ്ടാല്‍ തിരിച്ചറിയാനാവാത്തമാറ്റം. പഴയ ചില കഥകളില്‍ ഇതിന്റെ സൂചന കാണാമെങ്കിലും വ്യാഖ്യാനം നല്‍കാന്‍ എന്റെ വിജ്ഞാനം അപൂര്‍ണമാണെന്ന് സവിനയം ഏറ്റുപറയട്ടെ.
യേശുവിനെ ആവേശത്തോടെ പിഞ്ചെല്ലുന്നവര്‍ക്ക് ലഭിക്കുന്ന കൃപയെ പൗരോഹിത്യവുമായി വളരെ ദൂരെ നിന്ന് തുലനം ചെയ്യാം. യേശു തന്റെ പുരോഹിതരെ കുടഞ്ഞെറിഞ്ഞുകളയില്ല, തീര്‍ച്ച; നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നു.
പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞു യേശുവിലെ പുതുചൈതന്യം സന്നിവേശം ചെയ്യുമ്പോള്‍ പുരോഹിതന്‍ ജനിക്കുന്നു. അല്ലാതെ ഒരു പുരോഹിതജന്മം സാധ്യമല്ല. നിത്യ പുരോഹിതനായ യേശുവിന്റെ അവര്‍ണനീയ ദാനം. ഈ മഹത്വത്തിന്റെ ശോഭയാണ് ലോകത്തിന്റെ ചാലകശക്തി. ഇതില്‍ സ്ഥാനചലനം ലോകനന്മയുടെ അവസാനം കുറിക്കും. ‘യൂക്കറിസ്റ്റ്’ അഥവ ദിവ്യകാരുണ്യം എന്നവാക്കും പെസഹാ ധ്യാനമാകട്ടെ.
മനുഷ്യന് അറിവുള്ളതിനേക്കാള്‍ എത്രയോ അധികമായിരിക്കും അജ്ഞാതവും അവര്‍ണ്ണനീയവുമായ കാര്യങ്ങള്‍. എന്നിട്ടും മനുഷ്യന്‍ അഹങ്കരിക്കുന്നു!! ഞാനെന്ന ചിന്തയാണ് യഥാര്‍ത്ഥ പാപം.


റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?