Follow Us On

31

January

2023

Tuesday

ആപ്പിളില്‍ ഒന്നാമതാണ് ഈ പോഡ്കാസ്റ്റ്

ആപ്പിളില്‍ ഒന്നാമതാണ്  ഈ പോഡ്കാസ്റ്റ്

ലക്ഷക്കണക്കിന് ആളുകള്‍ കേള്‍ക്കുന്ന ആ യിരക്കണക്കിന് പോഡ്കാസ്റ്റുകളുടെ ഇടമാണ് ആപ്പിള്‍ (ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്).
ദിവസവും വിവിധ വിഷയങ്ങളെ പറ്റിയുളള പ്രശസ്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേരാണ് ആപ്പിള്‍ പോഡ്കാസ്റ്റിനെ ആശ്രയിക്കുന്നത്. നല്ല സന്ദേശങ്ങളോടൊപ്പം തെറ്റായ സന്ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍നിന്ന് ലഭിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈയൊരു സാഹചര്യത്തില്‍ നല്ല സന്ദേശങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്നും, എങ്ങനെ സ്വീകാര്യത നേടാമെന്നും കാണിച്ചു തരുകയാണ് കത്തോലിക്കാ വൈദികനായ ഫാ. മൈക്ക് ഷ്മിറ്റ്‌സ്. അദ്ദേഹം 2021 പുതുവത്സരദിനത്തില്‍ ആരംഭിച്ച ‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് കേള്‍വിക്കാരുടെ എണ്ണത്തില്‍ ആപ്പിളില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഡിസംബര്‍ 31-നാണ് പോഡ്കാസ്റ്റ് അവസാനിക്കുന്നത്. 20 ലക്ഷം ഡൗണ്‍ലോഡുകളാണ് ഇതുവരെ പോഡ്കാസ്റ്റിന് ലഭിച്ചത്.
ബെന്‍ ഷാപ്പിറോ ഷോ, ജോയി റീഗന്‍ ഷോ തുടങ്ങിയ പ്രശസ്ത സെക്കുലര്‍ പോഡ്കാസ്റ്റുകള്‍പോലും ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ്കാസ്റ്റിന് പിന്നിലാണ്.
ഉല്‍പത്തി മുതല്‍ വെളിപ്പാട് വരെയുള്ള വചനഭാഗങ്ങള്‍ വിശദീകരിച്ച് നല്‍കുക എന്ന ലക്ഷ്യവുമായാണ് അമേരിക്കയിലെ ഡ്യുലൂത്ത് രൂപതയിലെ വൈദികനായ ഫാ. മൈക്ക് ‘ബൈബിള്‍ ഇന്‍ എ ഇയര്‍’ ആരംഭിക്കുന്നത്.
ഓരോ എപ്പിസോഡിലും രണ്ടു മുതല്‍ മൂന്നു വരെ വചനഭാഗങ്ങള്‍ അദ്ദേഹം വായിക്കും.
ശേഷം വിശ്വാസികള്‍ക്ക് അവയുടെ ആത്മീയ അര്‍ഥം വിവരിച്ചു നല്‍കും. അകത്തോലിക്കരായ നിരവധി ആളുകള്‍ വചനം പഠിക്കാനായി ഫാ.മൈക്കിന്റെ പോഡ്കാസ്റ്റിനെ താല്പര്യത്തോടെ ആശ്രയിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിനെ ഞാന്‍ ശരിക്കും സ്‌നേഹിക്കുന്നു. എല്ലാദിവസവും ഇതില്‍ പറയുന്ന സന്ദേശത്തിന്റെ പ്രാധാന്യം എന്റെ ജീവിതത്തില്‍ ഞാന്‍ കാണുന്നു,’ കാരന്‍ ഒഹാരേ എന്നൊരാള്‍ പോഡ്കാസ്റ്റിനെ പറ്റി അഭിപ്രായം പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ‘ഞാന്‍ ഒരു കത്തോലിക്കാ വിശ്വാസിയല്ല. പക്ഷേ ഞാന്‍ പോഡ്കാസ്റ്റ് ആസ്വദിക്കുന്നു. മുമ്പോട്ടുള്ള ഒരുവര്‍ഷത്തെ യാത്രയില്‍ ഞാനും ഒപ്പമുണ്ടാകും,’ മറ്റൊരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഒരുവര്‍ഷത്തോളം കൊറോണ വൈറസ് പ്രതിസന്ധിയെ നേരിട്ടതിനാല്‍ ജീവിതത്തില്‍ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്രയും കേള്‍വിക്കാരെ ലഭിച്ചതെന്നും ഫാ. മൈക്ക് ഫോക്‌സ് ന്യൂസിനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുദിന ജീവിതവുമായി വലിയ ബന്ധമുണ്ടെന്നും അതിനാല്‍ ദൈവവിശ്വാസികള്‍ അല്ലാത്തവരും പോഡ്കാസ്റ്റ് കേള്‍ക്കാന്‍ സമയം നീക്കി വെക്കാന്‍ ശ്രമിക്കണമെന്നും ഫാ.മൈക്ക് പറയുന്നു.
തങ്ങളുടെ ജീവിതവുമായി ബൈബിളില്‍ പറയുന്ന സംഭവങ്ങള്‍ക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ബൈബിള്‍ പോഡ്കാസ്റ്റിലൂടെയാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് നിരവധി ആളുകള്‍ തന്നോട് പറഞ്ഞതായി ഡെയ്‌ലി വെയര്‍ മാധ്യമത്തിന്റെ സ്ഥാപകനും, യഹൂദ മത വിശ്വാസിയുമായ ബെന്‍ ഷാപ്പിറോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഫാ. മൈക്ക് പറഞ്ഞു. ബൈബിള്‍ അതിന്റെ പൂര്‍ണതയില്‍ ആളുകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഫാ. മൈക്ക് ശ്രമിക്കുന്നതാണ് പോഡ്കാസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡെയിലി മെയില്‍, ഫോക്‌സ് ന്യൂസ് അടക്കമുള്ള പ്രശസ്തമായ മാധ്യമങ്ങള്‍ ഫാ. മൈക്കിന്റെ പോഡ്കാസ്റ്റിന് കിട്ടുന്ന സ്വീകാര്യത വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാധ്യമ മേഖലയില്‍ സുവിശേഷവത്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അസന്‍ഷന്‍ പ്രസന്റ്റ്‌സ് എന്ന സംഘടനയാണ് പോഡ്കാസ്റ്റിന്റെ അണിയറശില്പികള്‍.
പോഡ്കാസ്റ്റിന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണെന്നാണ് അസന്‍ഷന്റെ സ്ഥാപകനും, അധ്യക്ഷനുമായ മാത്യു പിന്റോ പറയുന്നത്. കൊറോണ വൈറസ് വ്യാപന കാലത്ത് തങ്ങളുടെ ദൈവവിശ്വാസം വര്‍ധിച്ചുവെന്ന് അമേരിക്കയിലെ പത്തില്‍ മൂന്ന് പേര്‍ അഭിപ്രായപ്പെട്ടതായി അടുത്തിടെ നടത്തിയ പ്യൂ റിസര്‍ച്ച് പഠനവും ഇതുമായി കൂട്ടിവായി ക്കേണ്ടതാണ്.
കൊറോണക്കാലത്ത് വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാത്ത ഘട്ടം വന്നപ്പോള്‍ ഫാ. മൈക്ക് എല്ലാദിവസവും സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകള്‍ക്ക് പങ്കെടുക്കാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. ഇതിലും നിരവധി ആളുകളാണ് പങ്കെടുത്തിരുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്‌സ് എന്ന യുവാവായ വൈദികന്‍ അമേരിക്കയില്‍ സൃഷ്ടിക്കുന്ന ചലനം വലുതാണ് എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.


സച്ചിന്‍ എട്ടിയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?