ക്രിസ്തുവിന്റെ തിരുമുഖം ഒപ്പിയ വെറോനിക്കയെപ്പോലെ, ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ നമ്മുടെ ഹൃദയകമാകുന്ന തുവാലകൊണ്ട് സമാശ്വസിപ്പിക്കാൻ അവസരം ലഭിച്ചാൽ ആ തുവാലയിൽ പതിയുന്നത് ആരുടെ രൂപമായിരിക്കും? ചിന്തിക്കാൻ ഇനിയും വൈകരുതെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.
ക്രിസ്തുവിന്റെ തിരുമുഖം വെറോനിക്കായുടെ തൂവാലയിൽ പതിയുന്നു- കുരിശിന്റെ വഴിയിലെ ആറാം സ്ഥലത്താണ് പാരമ്പര്യമായി കൈമാറി വന്ന ഈ സംഭവത്തെക്കുറിച്ച് നാം ധ്യാനിക്കുന്നത്. ബൈബിളിൽ ഇങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. ഈ രഹസ്യം എന്തോ വലിയ കാര്യം എന്നെ പഠിപ്പിക്കുന്നുണ്ടെന്നു മനസ്സിൽ തോന്നിയപ്പോളാണ് ഈ കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചത്.
വെറോനിക്കാ എന്ന വാക്കിന്റെ അർഥം യഥാർത്ഥ മുഖം എന്നർത്ഥം വരുന്ന രണ്ടു ലാറ്റിൻ വാക്കുകളാണെന്നും അവൾ രക്തസ്രാവക്കാരിയായ സ്ത്രീയോ (മത്തായി 9), സക്കേവൂസിന്റെ ഭാര്യയോ ( ലൂക്ക19 ), കാനാൻകാരിയുടെ പുത്രിയോ (മത്തായി 15 ) ലാസറിന്റെ സഹോദരിയായ മർത്തായോ (യോഹ. 12) ആയിരിക്കാമെന്നുമുള്ള ചില വിവരണങ്ങൾ വായിക്കാൻ ഇടയായി.
എന്നാൽ, അതൊന്നുമല്ല നമ്മുടെ ഇന്നത്തെ ചിന്താവിഷയം. ഈ രഹസ്യത്തിൽ വ്യക്തമാക്കുന്ന ഒരു ക്രിസ്തുദർശനമാണ് എനിക്ക് പങ്കുവെക്കാനുള്ളത്. വേറോനിക്കാ എന്ന സ്ത്രീ ഈശോയുടെ കുരിശിന്റെ വഴിയിൽ കടന്നുചെന്ന് തന്റെ തൂവാലകൊണ്ട് യേശുവിന്റെ മുഖം തുടച്ചെന്നും അപ്പോൾ ആ തൂവാലയിൽ തമ്പുരാന്റെ മുഖം പതിഞ്ഞുവെന്നുമാണല്ലോ നാം ധ്യാനിക്കുന്നത്.
ഒരുപക്ഷേ, ഈ സംഭവത്തിനുശേഷം ഉടനെയൊന്നും ഈ സ്ത്രീ തന്റെ തൂവാലയിൽ യേശുവിന്റെ മുഖം കാണാനിടയില്ല, പിന്നീടായിരിക്കും അവളുടെ ശ്രദ്ധയിൽ അത് പെട്ടത്. എന്തായിരുന്നാലും അത് അവൾക്കു വലിയ സന്തോഷം പകർന്നു കൊടുത്തിട്ടുണ്ടെന്ന് തീർച്ചയാണ്.
നമ്മിൽ പലർക്കും നമ്മുടെ ജീവിതയാത്രയിൽ പലരെയും ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. നാം അങ്ങനെ ചെയ്തപ്പോൾ ആരുടെയെങ്കിലും മുഖം നമ്മുടെ ഹൃദയമാകുന്ന തൂവാലയിൽ പതിഞ്ഞിട്ടുണ്ടോ? അങ്ങെനെ ഉണ്ടെങ്കിൽ വെറോനിക്കായെപ്പോലെ പിന്നീട് ആ തൂവാലയിൽ നോക്കി സന്തോഷിക്കാനും അഭിമാനിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ടോ?
അതോ, അപരന്റെ കണ്ണീരൊപ്പിയപ്പോൾ ആ തൂവാലയിൽ നമ്മുടെ മുഖംതന്നെയാണോ നാം കണ്ടത്? ആർക്കെങ്കിലും ഒരു സഹായം ചെയ്തപ്പോഴും എന്തെങ്കിലും സ്‌പോൺസർ ചെയ്തപ്പോൾ സ്വന്തം പേര് എഴുതിചേർത്തപ്പോഴും നാം പതിച്ചത് നമ്മുടെ മുഖം തന്നെയല്ലേ?
ഇവിടെ ഈശോ നമ്മോടു പറയുന്നു, ‘നീ ആരെ ആശ്വസിപ്പിച്ചാലും അവരുടെ മുഖം വേണം നിന്റെ തൂവാലയിൽ പതിയാൻ’ എന്ന്. അങ്ങനെയാവുമ്പോൾ അവൻ പറഞ്ഞതുപോലെ ഈ ചെറിയവരിൽ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന ഈശോയുടെ സ്വരം നമ്മുടെ കാതിൽ പതിയും.
അങ്ങനെ ഈശോയുടെ മുഖം കൈവശമാക്കുന്ന ദൈവമക്കളായി മുന്നേറാൻവേണ്ട കൃപക്കായി ഈ വലിയ നോമ്പിന്റെ അവസാന ദിനങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *