Follow Us On

14

April

2021

Wednesday

വഴി തെറ്റിക്കാത്ത വഴികാട്ടി

വഴി തെറ്റിക്കാത്ത വഴികാട്ടി

നേതാവിന്റെ ഏറ്റവും വലിയ ഗുണമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് ആളെ കൂട്ടാനുള്ള കഴിവാണ്. ഇടിമുഴക്കത്തിന്റെ ശബ്ദത്തില്‍ നേതാവിനു വേണ്ടി ജയ് വിളിക്കാനും, നേതാവിന്റെ പുഞ്ചിരി വിരിഞ്ഞ പടം തെരുവോരങ്ങളില്‍ പോസ്റ്ററൊട്ടിക്കാനും, സമരങ്ങളുടെ മുന്‍നിരയില്‍ നിന്ന്, പ്രകോപനമുണ്ടാകുമ്പോള്‍ നേതാവിന് സംരക്ഷണമൊരുക്കി അടിയേറ്റു വാങ്ങാനും തയാറാകുന്ന അണികളാണ് ഇപ്പോഴത്തെ നേതാക്കന്മാരുടെ വലിയ പിന്‍ബലം.
പുതിയ നിയമത്തില്‍ നമുക്കും ഒരു നേതാവിനെ കാണാം. ആ നേതാവിന് വേണ്ടി തെരുവ് വീഥിയില്‍ സൈത്തിന്‍ കൊമ്പുകള്‍ മുറിച്ചുനിരത്തിയും വസ്ത്രങ്ങള്‍ വിരിച്ചും ഓശാന പാടിയും ആര്‍പ്പുവിളിച്ചും ജറുസലെമിലേക്ക് എതിരേല്‍ക്കുന്ന ജനങ്ങളെ അവിടെ കാണുന്നുണ്ട്. സമ്പന്നതയുടെ പ്രൗഢിയില്ലാതെ ലാളിത്യത്തിന്റെയും സഹനത്തിന്റെയും പാരമ്യമായിരുന്നു ആ നേതാവില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയുന്നത്. ആ നേതാവിന് വേണ്ടി എന്തിനും തയാറായി നില്‍ക്കുന്ന അണികളെ പറ്റിയും ബൈബിള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇഷ്ടമില്ലാത്തത് ഉച്ചരിച്ചതിന്റെ പേരില്‍ പ്രകോപിതനായി എതിരാളിയുടെ ചെവി മുറിച്ചു കളഞ്ഞ പത്രോസിനെ പക്ഷേ ദൈവപുത്രന്‍ തിരുത്തുകയാണ് ചെയ്തത്. അണികളെ നിയന്ത്രിക്കാനും അവരെ തിരുത്താനും പാടുപെടുന്ന ഇന്നത്തെ നേതൃത്വത്തിന്, തെറ്റുതിരുത്തലിന്റെ മാതൃകയായി യേശു ഇപ്പോഴും വിളങ്ങുന്നു.
അധികാരക്കൊതിയുള്ള തലമുറ തന്നെയായിരുന്നു അന്നത്തേതെന്നതിന് സെബദി പുത്രന്‍മാരുടെ അമ്മയുടെ അഭ്യര്‍ത്ഥന മാത്രം ഉദാഹരണം. ഭൗതികമായി സംസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദൈവരാജ്യത്തിലെ സിംഹാസനം സ്വപ്‌നം കണ്ട് ശുപാര്‍ശയുമായി യേശുവിന്റെ അടുത്തേയ്ക്കു പോയ ശിഷ്യരെയും (യാക്കോബ്, യോഹന്നാന്‍) അക്കൂട്ടത്തില്‍ നമുക്കു കാണാം. കൂടുതല്‍ അധികാരത്തിനും, പണത്തിനും വേണ്ടി എതിര്‍ചേരിയിലുള്ളവര്‍ക്കുവേണ്ടി പണിയെടുക്കുകയും തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ശത്രുക്കള്‍ക്ക് തന്റെ സ്വന്തം നേതാവിനെ ഒറ്റിക്കൊടുത്ത ഒരു രണ്ടാംനിര നേതാവും അവിടെയുണ്ടായിരുന്നു (മത്തായി 26.47-55). പാപഭാരം തീര്‍ത്ത കുറ്റബോധത്തില്‍ സ്വയം മരണത്തെ പുല്‍കിയ യൂദാസ് സ്‌കറിയാത്ത ഇന്നത്തെ ഒറ്റുകാരുടെ പൂര്‍വ്വികന്‍ തന്നെ. പാറപോലെ കൂടെയുണ്ടാകുമെന്നും മരിക്കേണ്ടി വന്നാലും ഒപ്പം നില്‍ക്കുമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച്, പിന്നീട് കൈവിട്ട മറ്റൊരാളെയും അക്കൂട്ടത്തില്‍ കാണാം. ശത്രുക്കളൈ അഭിമുഖീകരിക്കാനാകാതെ, സ്വന്തം നേതാവിനെ അറിയില്ലെന്നുപോലും പത്രോസ് പരസ്യമായി പറഞ്ഞുവെന്നതാണ് വാസ്തവം (മത്തായി 26 :6975).
നോഹ ഹെരാരിയുടെ സാപിയന്‍
യോവല്‍ നോഹ ഹെരാരിയുടെ സാപിയന്‍ എന്ന പുസ്തകത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആദ്യമായി ചന്ദ്രനില്‍ പോകാനൊരുങ്ങുകയാണ്, നീല്‍ ആംസ്‌ട്രോംഗ് ഉര്‍പ്പടെയുള്ള അമേരിക്കയിലെ ബഹിരാകാശ യാത്രികര്‍. മുന്നൊരുക്കമായി അമേരിക്കയുടെ ഉള്‍പ്രദേശത്തുള്ള ഒരു മരുഭൂമിയില്‍ അവര്‍ കുറച്ചു ദിവസങ്ങളിലായി പരിശീലനത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ആ ഭൂപ്രദേശത്ത് താമസിക്കുന്നത്, അപരിഷ്‌കൃത ആദിവാസി സമൂഹങ്ങളാണ്. യന്ത്രങ്ങളുടെ ഇരമ്പല്‍ തീര്‍ത്ത ആശ്ചര്യത്തില്‍, അവരുടെ ബഹിരാകാശ പരിശീലനം കാണാനെത്തിയ ആദിവാസി വിഭാഗത്തിലെ ഒരു വയോധികന്‍, ദിവസങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന പരിശീലനത്തിന്റെ കാര്യമന്വേഷിച്ചു. അങ്ങു ദൂരെ മാനത്തു കാണുന്ന ചന്ദ്രനിലേക്കു പോകാനുള്ള പരിപാടിയാണെന്ന്, ബഹിരാകാശ യാത്രികര്‍ മറുപടി നല്‍കി.
തങ്ങള്‍ ആരാധനയോടെ കാണുന്ന ചന്ദ്രനിലേക്കോ എന്നായിരുന്നു വയോധികന്റെ ആശ്ചര്യത്തോടെയുള്ള ചോദ്യം. കുറച്ചു നേരം ആലോചിച്ചിട്ടു അയാള്‍ പറഞ്ഞു:”ഞങ്ങളുടെ ഗോത്രത്തിന്റെ പരമ്പരാഗത വിശ്വാസപ്രകാരം, ചന്ദ്രനില്‍ താമസിക്കുന്നത് ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയ പൂര്‍വികരായ വിശുദ്ധാത്മാക്കളാണ്.” നിങ്ങള്‍ ചന്ദ്രനില്‍ ചെന്ന്, അവരെ കണ്ടുമുട്ടുകയാണെങ്കില്‍, ഞങ്ങളുടെ ഒരു സന്ദേശം കൈമാറാമോ എന്ന് ചോദിച്ചു. ആംസ്‌ട്രോംഗും കൂട്ടരും ഉള്ളില്‍ ഉയര്‍ന്ന ചിരി പുറത്തുകാണിക്കാതെ സമ്മതം മൂളി. അവര്‍ വളരെ കഷ്ടപ്പെട്ടാണ് ഗോത്രഭാഷയിലെ ആ സന്ദേശം പഠിച്ചെടുത്തത്. പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്, നിരവധി തവണ ചോദിച്ചിട്ടും, അതൊരു ഗോത്ര രഹസ്യ മാണെന്നും വെളിപ്പെടുത്താന്‍ പാടില്ലെന്നുമായിരുന്നു വൃദ്ധന്റെ മറുപടി.
ബഹിരാകാശ യാത്രികര്‍, ആ ഗോത്രത്തിലെ മറ്റൊരു ആദിവാസി യുവാവിനെ കണ്ട്, സന്ദേശത്തിന്റെ അര്‍ത്ഥം തര്‍ജ്ജമ ചെയ്യാന്‍ ആവശ്യപ്പെട്ടു. പരിഭാഷ കേട്ട്, യാത്രികര്‍ ഞെട്ടി. ആ വാക്കുകളുടെ അര്‍ത്ഥമിതായിരുന്നു,’ഇവര്‍ നിങ്ങളെ പറ്റിയ്ക്കാന്‍ വന്നവരാണ്. ഈ മനുഷ്യര്‍ പറയുന്ന ഒരു വാക്കു പോലും വിശ്വസിക്കരുത്. ഇവര്‍, നിങ്ങളുടെ പ്രദേശം, തട്ടിയെടുക്കാന്‍ വന്നവരാണ്.”
മുന്നറിയിപ്പ്
ചന്ദ്രനില്‍ കൃഷ്‌ണേട്ടന്റെ ചായക്കടയുണ്ടെന്ന് അഹങ്കരിക്കുന്ന, മലയാളികള്‍ക്കൊരു കുടിയിറക്കത്തിന്റെ നേര്‍ക്കഥ ചാലിച്ചു തരികയാണ്, സാപ്പിയനിലൂടെ ഹെരാരി. അതിജീവനം, മാനവസമൂഹത്തിനു മുന്‍പില്‍ വലിയൊരു വെല്ലുവിളിയായി അവശേഷിക്കുന്ന ഈ കാലഘട്ടത്തില്‍, സാപ്പിയന്‍ ഒരു മുന്നറിയിപ്പാണ്.അര്‍ഹതപ്പെട്ടവരില്‍ നിന്നും, അവരര്‍ഹിക്കുന്നവ കൂടി തട്ടിയെടുക്കുന്ന ആര്‍ത്തിക്കെതിരെയുള്ള മുന്നറിയിപ്പ്…..ആവശ്യത്തിനുള്ള മുഴുവന്‍ വിഭവങ്ങളും ഈ ഭൂമിയില്‍ ഉണ്ടെന്നിരിക്കെ, ദുഷ്ടലാക്കോടെ മനുജന്‍ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള മുന്നറിയിപ്പ്… ഒപ്പം വിശപ്പിനു ഭക്ഷണമെന്ന അടിസ്ഥാന ചിന്തയ്ക്കു വിഭിന്നമായി മനുഷ്യനില്‍ കുടികൊള്ളുന്ന ഉപഭോഗ സംസ്‌കാരത്തിനെതിരെയുള്ള മുന്നറിയിപ്പ്.
കരുതല്‍
അങ്ങിനെയെങ്കില്‍ മാനവ സംസ്‌കൃതിയ്ക്ക് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പ് തന്നെയാണ്, ക്രിസ്തുവിന്റെ പുനരുത്ഥാനവും നല്‍കുന്നത്. ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും സോഷ്യലിസ്റ്റുമായിരുന്ന യേശു തന്റെ പരസ്യ ജിവിതത്തിലൂടെയും പീഢാനുഭവത്തിലൂടെയും ഉത്ഥാനത്തിലൂടെയും നല്‍കിയത് മാനവകുലത്തിനുള്ള വലിയ കരുതല്‍ തന്നെയായിരുന്നു.
മനുഷ്യ പാപങ്ങള്‍ക്കു വേണ്ടി സ്വയം കുരിശുമരണത്തെ പുല്‍കി, വരും തലമുറയെ പാപത്തില്‍ നിന്നും പാപ സാഹചര്യത്തില്‍ നിന്നുമകറ്റാനുള്ള മനഃസാക്ഷിയുടെ കരുതല്‍…
എല്ലാവരുടെയും സ്വത്വബോധത്തെ അതേതനിമയോടെ വിലമതിക്കുന്ന, പെസഹാ കാല്‍കഴുകലിലൂടെ ഈ വസ്തുത നമ്മെയോര്‍മിപ്പിച്ച വിനയത്തിന്റെയും ലാളിത്യത്തിന്റെയും കരുതല്‍….
സഹജീവികളോടുള്ള സ്‌നേഹത്താല്‍, അസാമാന്യ കവിതകള്‍ രചിച്ച അസാധാരണവും സര്‍വ്വോല്‍കൃഷ്ടവുമായ സ്‌നേഹത്തിന്റെ കരുതല്‍…..
ആ കരുതലും സ്‌നേഹവും സഹനവും ലാളിത്യവും അനുസരണവും വിനയവുമൊക്കെ തന്നെയാണ്, അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടവനാക്കിയത്. ആ സവിശേഷ ഗുണങ്ങള്‍ തന്നെയാണ്, ദു:ഖവെള്ളിയില്‍ നിന്നും ഉയിര്‍പ്പിലേക്ക് കടക്കാന്‍ അവനെ പ്രാപ്തനാക്കിയതും. ഉയിര്‍പ്പെന്നത് തിന്‍മയുടെ മേല്‍ മനുഷ്യപുത്രന്‍ നേടിയ നന്‍മയുടെ വിജയം കൂടിയാണ്.
മനുഷ്യകുലത്തിന് നന്മയുടെ പാത കാണിച്ചുതന്ന ആ നേതാവിന് വേണ്ടി സ്വന്തം ജീവന്‍പോലും വകവെയ്ക്കാതെ ധീരതയോടെ മരണത്തെ പുല്‍കാനും രക്തസാക്ഷികളാകാനും ഒരുപാട് അനുയായികള്‍ ഉണ്ടായി. സഹനമില്ലാതെ വിജയമില്ലെന്ന് നമ്മെ പഠിപ്പിച്ച, ഉത്ഥിതന്‍ തന്നെയായിരിക്കണം നമ്മുടെ വഴികാട്ടി.


ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?