Follow Us On

25

June

2021

Friday

ആവൃതിക്കുള്ളിലേക്ക് തിരികെ കയറാം

ആവൃതിക്കുള്ളിലേക്ക്  തിരികെ കയറാം

ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ ഇപ്രകാരം നാം വായിക്കുന്നുണ്ട്, ”മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ സീനായ് മലയില്‍ ചെലവഴിച്ചു. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ എഴുതിയ രണ്ട് സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവന്‍ അറിഞ്ഞില്ല. അഹറോനും ഇസ്രായേല്‍ ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. മോശ അവരെ വിളിച്ചു. മോശ അവരോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ഒരു മൂടുപടംകൊണ്ട് മുഖം മറച്ചു. മോശ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. ഇസ്രായേല്‍ ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു”. (പുറപ്പാട് 34:28-35) സീനായ് മലയില്‍ നാല്‍പത് ദിനരാത്രങ്ങള്‍ മോശ കര്‍ത്താവിനോടൊപ്പം ഒരു ആവൃതിക്കുള്ളിലായിരുന്നു, അതിലായിരുന്നപ്പോഴാണ് അവന്റെ മുഖം തേജോമയമായത്. അവനറിഞ്ഞില്ല എന്നാല്‍ അവനെ കണ്ടവര്‍ അത് തിരിച്ചറിഞ്ഞു.
ആത്മീയതയില്‍ ആവൃതികള്‍ അന്യമായതിന്റെ ആകുലതകള്‍ ഉയര്‍ന്നുവരുന്നത് എല്ലായിടത്തും നിന്നും കേട്ടുതുടങ്ങിയിരിക്കുന്നു. ആത്മീയത ഇന്ന് വഴിയോരക്കച്ചവടസ്ഥലം പോലെ ബഹളങ്ങള്‍ നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു. എല്ലാവരുടെയും ബഹളത്തിനിടയ്ക്ക് ചില ചെറുശബ്ദങ്ങള്‍ ആരും കേള്‍ക്കാതെ പോകുകയും ചെയ്യുന്നു. എല്ലാ വാതിലും 24 മണിക്കൂറും തുറന്നിട്ട് എല്ലാവരും കയറി ഇറങ്ങുന്ന ഇടങ്ങളല്ലായിരുന്നു ആവൃതികള്‍. പിന്നെ എന്താണ് ആത്മീയതയിലെ ഈ ആവൃതികള്‍? എന്തിനായിരുന്നു ഈ ആവൃതികള്‍?
മുന്‍കാലങ്ങളില്‍ സന്യാസത്തോട് ചേര്‍ത്ത് മിക്കപ്പോഴും ഉപയോഗിച്ചിരുന്ന ഒരു പദമാണ് ആവൃതി എന്നത്. സന്യാസ ആവൃതികള്‍ ഒരു വ്യത്യസ്തമായ ലോകമായിട്ടാണ് എല്ലാക്കാലത്തും മനസിലാക്കിയിരുന്നതും. ലോകത്തിന്റേതായവയെല്ലാം ഒഴിവാക്കി ദൈവത്തിന്റേതായവയിലേക്ക് മാത്രം ജീവിതത്തെ ബന്ധിപ്പിച്ചു നിര്‍ത്താനായി കണ്ടെത്തിയ മാര്‍ഗം എന്നും പറയാം. പ്രാര്‍ത്ഥനയും മറ്റ് ആത്മീയ പുണ്യങ്ങളും നിറഞ്ഞ ഒരിടം കൂടിയായിരുന്നു അവൃതി. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ മൗനവും ധ്യാനവും പ്രാര്‍ത്ഥനയും ഒപ്പം സാഹോദര്യവും ഒന്നുചേര്‍ക്കപ്പെട്ട് ഒരാളുടെ ജീവിതം മുഴുവന്‍ തേജോമയമായിത്തീരാന്‍ ഉള്ള ദൈവികമായ ഒരിടം. ഒരാള്‍ ഒരു പുതിയ ജീവിതശൈലി സ്വായത്തമാക്കുകയും ജീവിക്കുകയും ചെയ്യുന്ന ഇടം കൂടിയായിരുന്നു ആവൃതി. വഴിതെറ്റിയും മറ്റ് സാധ്യതകളില്ലാത്തതിനാലും പ്രവേശിച്ചിരുന്നവരായിരുന്നില്ല ആവൃതിക്കകത്ത് ഉണ്ടായിരുന്നത്. ആവൃതിക്കകത്തുള്ളവര്‍ ആവശ്യാനുസരണം മാത്രം പുറത്തേക്കിറങ്ങുകയും അവര്‍ നിര്‍വഹിക്കേണ്ടതായ ആത്മീയ കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് തിരികെ പ്രവേശിക്കുകയും ചെയ്യുന്നതായിരുന്നു പൊതുവായ രീതി.
‘കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. അവര്‍ മനസു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി. പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്. നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.’ എഫേസോസ് ലേഖനത്തില്‍ പൗലോസ് ശ്ലീഹാ പറയുന്ന ഈ വാക്കുകള്‍ ആവൃതിയുടെ ആവശ്യകത ഈ കാലഘട്ടത്തിലും എന്തിനാണെന്നും ആവൃതിയില്‍ കഴിയുന്ന ഒരാള്‍ക്ക് ഏതുതരത്തിലുള്ള പ്രത്യേകതകളാണ് ഉണ്ടാകേണ്ടത് എന്നും വ്യക്തതയോടെ പറഞ്ഞുതരുന്നുണ്ട്.
ജറെമിയ പ്രവാചകന്റെ പുസ്തകത്തിലെ ഒരു വചനം നമുക്ക് ഏറെ പരിചിതമാണ്, പ്രവാചകനിലൂടെ ദൈവം പറയുന്നു: ‘എനിക്ക് ഇഷ്ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും’ (ജറെമിയ 3:15). ഈ വചനത്തോട് ചേര്‍ത്ത് തിരിച്ചറിയേണ്ടതായ ഒരു പ്രധാനമായ കാര്യം, ദൈവം തെരഞ്ഞെടുത്ത് അയക്കുന്ന അവന്റെ പ്രിയപ്പെട്ട ഇടയന്മാര്‍ ജ്ഞാനവും വിവേകവും ആര്‍ജിച്ചെടുക്കുന്നത്, ദൈവത്തോടൊപ്പം ആവൃതിയിലായിരിക്കുമ്പോഴാണ്.
ആവൃതി എന്ന മലയാള പദം ഒരിക്കല്‍പോലും കേട്ടിട്ടില്ലാത്ത ധാരാളംപേരുണ്ട്. അതിനാല്‍ത്തന്നെ ഇന്നത്തെ തലമുറയ്ക്ക് ആവൃതി എന്ന പ്രയോഗം പോലും അപരിചിതമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ആവൃതി എന്ന വാക്കും അതിനോട് ചേര്‍ത്ത് രൂപപ്പെടുത്തിയിരുന്നതുമായ നന്മകളും പതുക്കെ പതുക്കെ ആത്മീയ ഇടങ്ങളില്‍നിന്നും പടിയിറങ്ങിക്കഴിഞ്ഞതായി എനിക്ക് തോന്നിക്കുന്നു. മാത്രമല്ല ഈ പുതിയ കാലത്ത് ആത്മീയതയെ പരിഹസിക്കാനുള്ള ഒരു പദമായും ഇത് തീര്‍ന്നേക്കാം.
ഒഴുക്കിനൊപ്പം നീന്തുക എന്നത് ഏതുകാലത്തും ലളിതമായ കാര്യമാണ്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുവാന്‍ ഏറെ ആയാസമുണ്ട് എന്ന് മാത്രമല്ല കൂടെ വരാനായി ആരുംതന്നെ ഉണ്ടായെന്നും വരില്ല. സമൂഹ ജീവിതത്തിലെന്നതുപോലെ ആത്മീയതയിലും ഒഴുക്കിനെതിരെ നീന്തേണ്ടതുണ്ട് എന്നത് സമകാലികമായ കാര്യങ്ങള്‍ കൃത്യമായി ഓര്‍മിപ്പിച്ചുതരുന്നുമുണ്ട്. എന്റെ മനസിലാക്കലില്‍ ആവൃതികള്‍ ഒഴുക്കിനെതിരെ നീന്തുന്നവര്‍ക്ക് പ്രത്യാശയും ഊര്‍ജ്ജവും പകര്‍ന്നുകൊടുത്തിരുന്ന ഇടങ്ങളായിരുന്നു എന്നാണ്.
ദൈവസ്‌നേഹത്തിന്റെ ആവൃതി ഉപേക്ഷിച്ചുപോയ ധൂര്‍ത്തനായ മകനെക്കുറിച്ച് ഈശോ പറയുന്നത് ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. അപ്പന്‍, സഹോദരന്‍ എന്നിവരടങ്ങിയ കുടുംബമാകുന്ന ആവൃതിക്ക് പുറമെയുള്ള ലോകം ഏറെ മോഹിപ്പിക്കുന്നതും കൊതിപ്പിക്കുന്നതുമായിരുന്നവന്. പലരില്‍നിന്നായി അവന്‍ കേട്ടറിഞ്ഞതും അങ്ങിനെതന്നെയായിരുന്നു. അവന്‍ സ്വപ്‌നം കണ്ടതുപോലെയുള്ള ജീവിതത്തിനായി ആവൃതിവിട്ട് ഇറങ്ങിപ്പോകുന്നവന് വേദനയുടെയും വിശപ്പിന്റെയും നഷ്ടത്തിന്റെയും നാണക്കേടിന്റെയും അനുഭവങ്ങള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ എന്ന് ഈശോ പറഞ്ഞുതരുന്നുണ്ട്. കുടുംബമെന്ന ആവൃതിക്കുള്ളിലേക്ക്, അനുതപിച്ച് വീണ്ടും പ്രവേശിക്കുമ്പോള്‍ ആ മകന് നഷ്ടമായതെല്ലാം തിരികെ കിട്ടുകയും ചെയ്യുന്നു. ഈശോയുടെ ഈ വാക്കുകള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നതിനാലാകാം നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത് എന്ന് വിശുദ്ധ പൗലോസ് പിന്നീട് ഓര്‍മ്മിപ്പിച്ചത്.
പത്രോസ് ഈശോയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? മീന്‍ പിടുത്തത്തിന്റെ ചെറിയ ലോകം വിട്ടുപേക്ഷിച്ചവന്റെ ഈ ചോദ്യം വളരെ പ്രസക്തിയേറിയതാണ്. ഇപ്പോള്‍ ഉള്ളതും ഭാവിയില്‍ വന്നുചേരാവുന്നതുമായ ഭൗതീക നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് പകരം, ആത്മീയതയുടെ ഒരു ലോകമാണ് ഈശോ അവര്‍ക്കായി തുറന്നുകൊടുക്കുന്നത്. യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. കൃത്യമായി പറഞ്ഞാല്‍ ഈശോ അവരെ ഓരോരുത്തരേയും പ്രാര്‍ത്ഥനാപൂര്‍വം തിരഞ്ഞെടുത്ത് വിളിച്ചത്, അവനോടൊപ്പമുള്ള ആത്മീയ ആവൃതിയുടെ ഭാഗമാകാനാണ്. ചിലവേളകളില്‍ അവര്‍ അത് തെറ്റിദ്ധരിച്ചപ്പോഴാണ് തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ അവര്‍ക്കിടയിലുണ്ടായത്. ആവൃതിയെന്നത് ഈശോയോടൊപ്പം ഒരുവന്‍ ആയിരിക്കുന്ന അവസ്ഥയാണ് അല്ലാതെ എന്തെങ്കിലും നേടിയെടുക്കുന്നതല്ല എന്ന് സാരം.
പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്നതു പോലെതന്നെയുള്ള ആവൃതികളെ ഇക്കാലഘട്ടം എങ്ങിനെ സ്വീകരിക്കും എന്നറിഞ്ഞുകൂടാ. എങ്കിലും ആത്മീയതയില്‍ ആവൃതികള്‍ അത്യാവശ്യമാണ് എന്ന മനസാണ് എനിക്കുള്ളത്. കാരണം ആവൃതികള്‍ ആത്മീയതയുടെ ഉറവുകളായിരുന്നു എന്നതില്‍ യാതൊരു സംശയവും എന്നിലില്ല. അതുപോലെ ആവൃതികളിലെ ആത്മീയതയ്ക്ക് ആഴവും കാമ്പും നന്നായുണ്ടായിരുന്നു എന്നതും കാലം അറിഞ്ഞ സത്യമായിരുന്നു.
ഈശോയും പിതാവും തമ്മിലുള്ള ബന്ധം എത്രയോ അഗാധമായിരുന്നു. അതിനാല്‍ ഈശോ പറഞ്ഞു ഞാനും പിതാവും ഒന്നാണ്. ഈശോ ഈ പറഞ്ഞതിനര്‍ത്ഥം അവര്‍ തമ്മില്‍ തകര്‍ത്തുകളയാനാവത്തവിധം ബലമാര്‍ന്ന ഒരു ആവൃതി രൂപപ്പെടുത്തിയിരുന്നു എന്ന് കൂടിയായിരുന്നു. ഈശോ ചെയ്ത കാര്യങ്ങളിലെല്ലാം പിതാവിന്റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. ഈശോയെക്കുറിച്ച് നാമിങ്ങനെ വായിക്കുന്നില്ലേ, പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അവന്‍ നമുക്ക് സമനായിരുന്നു എന്ന്. ഇതാണ് ആവൃതിക്കുള്ളില്‍ ജീവിക്കുന്നവര്‍ക്ക് രൂപപ്പെട്ടിരുന്ന പ്രത്യേകത. എത്ര മനോഹരമാണിത്. ആത്മീയതയില്‍ മറ്റുള്ളവരെ വളര്‍ത്തേണ്ടതും പരിപോഷിപ്പിക്കേണ്ടവരുമായരും ഇന്ന് വലിയ തിരക്കിലാണ്. ഇത്തരം അവസ്ഥകളില്‍ ഈശോയും പിതാവും തമ്മിലുണ്ടായിരുന്ന ബന്ധംപോലെ ഒരാത്മീയത രൂപപ്പെടുത്തിയെടുക്കാന്‍ അവര്‍ക്ക് കഴിയുമ്പോള്‍ എത്രയോ വലിയ നന്മകള്‍ സമൂഹങ്ങളില്‍ ഉണ്ടാകും.
ഗലാത്തിയായിലെ സഭയോട് പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ‘എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു’ എന്നത് ഒരു ആവൃതിയുടെ അനുഭവമാണ്. ക്രിസ്തു ആദ്യം എന്റെ ഉള്ളില്‍ രൂപപ്പെടണം എങ്കിലേ അപരനിലേക്ക് അവനെ പകരാനാകുകയുള്ളൂ. ഒരുവനില്‍ ക്രിസ്തു രൂപപ്പെടാനായി ഏറ്റെടുക്കുന്ന ആത്മീയ ഈറ്റുനോവിന്റെ പേരാണ് ആവൃതി. കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതരാകാന്‍ കൊതിക്കുന്നവര്‍ക്ക് ആവൃതിയും അത് പകരുന്ന ആത്മീയതയും അലോസരമുണ്ടാക്കും. കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സാധ്യതമാത്രം തേടുമ്പോള്‍, അതില്‍ മാത്രം സന്തോഷം തിരയുമ്പോള്‍ അവര്‍ക്ക് അന്യമായിപ്പോകുന്ന ആത്മീയ മാധുര്യം എത്ര വലുതാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുകയാണ്.
വിശ്വാസിയും അവിശ്വാസിയും ഒരുപോലെ ആത്മീയതയെയും അതിനോടനുബന്ധിച്ചുള്ളവയെയും വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ സമയത്ത്, തിരികെയുള്ള ആക്രമണമോ ന്യായീകരണമോ അല്ല പരിഹാരം. പകരം ആത്മീയതയുടെ പച്ചപ്പുള്ള ആവൃതിക്കുള്ളിലേക്ക് തിരികെ കയറുക എന്നതാണ് വേണ്ടത്. അങ്ങനെ സ്വയം ഉള്ളിലേക്ക് നോക്കാനും, മുന്‍പൊരിക്കല്‍ ഈറ്റുനോവെടുത്ത് രൂപപ്പെടുത്തിയെടുത്ത ക്രിസ്തു ഇപ്പോഴും ഒപ്പമുണ്ടോ എന്ന് പരിശോധിക്കാനും അവനെ നഷ്ടപ്പെട്ടെങ്കില്‍ ഒരിക്കല്‍ കൂടി ക്രിസ്തു രൂപപ്പെടാനുള്ള ഈറ്റുനോവിലേക്ക് തിരികെ പ്രവേശിക്കാനും സാധിക്കണം. ഇതല്ലാത്ത മറ്റേതൊരു വഴിയും ഉപകാരത്തേക്കാള്‍ ഉപദ്രവം മാത്രമേ നല്‍കൂ. ഈ വസ്തുതയാണ് നിത്യേനയെന്നോണം നമ്മുടെ ചുറ്റുപാടുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആവൃതിക്കുള്ളിലെ ആത്മീയതയുടെ നിറവിലേക്ക് തിരികെക്കയറാം… ഈ തിരികെ കയറല്‍ ഹൃദയം നിറയ്ക്കും, ഈശോയും പിതാവും ഒന്നായിരുന്നതുപോലെ, ഈശോയും ഞാനും ഒന്നാക്കപ്പെടുന്ന ആത്മീയതയുടെ ആവൃതി ഒരിക്കല്‍കൂടി രൂപപ്പെടുകയും ചെയ്യും.


പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?