സഭയെ വളരെയധികം സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്ത ദിവസങ്ങളില്‍ ചോദിച്ചു:
”സാറേ, നമ്മുടെ സഭയ്ക്ക് ഇനിയൊരു നല്ല കാലം ഉണ്ടാകുമോ?”
ആ യുവാവിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അങ്ങനെയൊരു ചോദ്യം ഉയരാനുള്ള കാരണങ്ങള്‍ മനസിലേക്ക് ഓടിവന്നു. മാധ്യമവിചാരണയ്ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന സഭ… സന്യാസവും പൗരോഹിത്യവും നിരന്തരം അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു… രാഷ്ട്രീയ മണ്ഡലങ്ങളിലും കലാസാഹിത്യ മണ്ഡലങ്ങളിലും മാത്രമല്ല സഭ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആതുരശുശ്രൂഷ – വിദ്യാഭ്യാസ മേഖലകളില്‍പ്പോലും സഭയിന്ന് അവഹേളിതയും പരിത്യക്തയുമാണ്. എല്ലാവരും ദൈവമക്കളാണെന്നും എല്ലാവരെയും സ്‌നേഹിക്കണമെന്നും പഠിപ്പിക്കുന്ന സഭയെ വര്‍ഗീയമായി ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വര്‍ഗീയവാദത്തിന്റെ ആക്രമണങ്ങള്‍ ഒരു വശത്ത്. സഭയ്ക്കുള്ളിലെ ഐക്യമില്ലായ്മയും കലഹങ്ങളും വഴിയുള്ള ആഭ്യന്തര ആക്രമണങ്ങള്‍ മറുവശത്തും. കഴിഞ്ഞ കാലത്തെ പ്രതാപവും മഹത്വവും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് തകര്‍ന്നുവീണിരിക്കുകയാണ്. സഭയ്‌ക്കെതിരെയുള്ള മുന്നേറ്റങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയാത്ത നിസഹായത. എങ്ങനെ ഇതില്‍നിന്നും മോചനം നേടും? നരകകവാടങ്ങള്‍ സഭയ്‌ക്കെതിരെ പ്രബലപ്പെടുകയില്ല എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടെങ്കിലും നാരകീയ ശക്തികള്‍ സഭയെ കീഴ്‌പ്പെടുത്തിയോ എന്ന് സംശയിച്ചുപോകുന്ന സംഭവങ്ങള്‍.
മാനുഷികമായി ചിന്തിച്ചാല്‍ ആര്‍ക്കും ആശങ്കയുണ്ടാകാം. എന്നാല്‍ സഭ ഒരു മാനുഷിക സംവിധാനമല്ല – സഭയുടെ നാഥന്‍ പ്രപഞ്ചത്തിന്റെ രാജാവാണ്.
93-ാം സങ്കീര്‍ത്തനത്തില്‍ നാമിങ്ങനെ വായിക്കുന്നു: ”കര്‍ത്താവ് വാഴുന്നു… അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു… കര്‍ത്താവേ പ്രവാഹങ്ങള്‍ ഉയരുന്നു. പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു. പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു. സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്ന തിരമാലകളെയുംകാള്‍ കര്‍ത്താവ് ശക്തനാണ്.”
എല്ലാ പ്രശ്‌നങ്ങളെക്കാളും എല്ലാ പ്രശ്‌നക്കാരെക്കാളും ശക്തനായ ഒരു ദൈവം നമുക്കുള്ളതിനാല്‍ സഭയെ ഇപ്പോഴത്തെ പ്രതിസന്ധികളില്‍നിന്നും വിമോചിപ്പിക്കുവാന്‍ കര്‍ത്താവിന് സാധിക്കും. ഒന്നാമതായി നാം തിരിച്ചറിയേണ്ട വസ്തുത സഭ എല്ലാ കാലത്തും ഇത്തരം പീഡനങ്ങള്‍ക്ക് വിധേയയായിട്ടുണ്ട് എന്നതാണ്.
വേലുത്തമ്പി ദളവയുടെ കാലത്തും സര്‍ സി.പി.യുടെ കാലത്തും തിരുവിതാംകൂറില്‍ ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പീഡനങ്ങള്‍ സഹിക്കാത്ത ഒരു സഭാസമൂഹവും ലോകത്തില്‍ ഇല്ലതന്നെ. അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസം ഇല്ലാതാക്കാന്‍ ഏഴ് നൂറ്റാണ്ടോളം ബ്രിട്ടന്‍ പരിശ്രമിച്ചിട്ടുണ്ട്. മെക്‌സിക്കന്‍ സഭയും സ്പാനിഷ് സഭയും ഫ്രഞ്ചു സഭയും മുതല്‍ വിയറ്റ്‌നാമിലും ജപ്പാനിലുമുള്ള സഭാസമൂഹങ്ങളും അതിക്രൂരമായ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മുസ്ലീം രാഷ്ട്രങ്ങളും സഭയെ അടിച്ചമര്‍ത്തുകയും ഇല്ലായ്മ ചെയ്യുവാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേകത ലോകം മുഴുവന്‍ ഉള്ള സഭാവിരുദ്ധ ശക്തികള്‍ സഭയ്‌ക്കെതിരെ ഒരുമിച്ചണിനിരക്കുന്നു എന്നതാണ്. രാഷ്ട്രീയ അധികാരങ്ങളും വ്യവസായ വാണിജ്യശക്തികളും കലാ-സാഹിത്യ മേഖലയിലുള്ളവരും മാധ്യമ ഭീമന്മാരും ഒരേ സമയം സഭയെയും സഭയുടെ മൂല്യങ്ങളെയും തകര്‍ക്കുവാന്‍ ഒന്നിച്ചണിനിരക്കുന്ന കാലമാണിത്. അതുകൊണ്ട് നമ്മുടെ സഭാസമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു സാര്‍വത്രിക പ്രതിഭാസത്തിന്റെ ഭാഗമായി നാം മനസിലാക്കണം. ദൈവരാജ്യത്തിനെതിരായുള്ള അന്ധകാരലോകത്തിന്റെ ആക്രമണമായി നാം ഇതിനെ തിരിച്ചറിഞ്ഞാലേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ.
”നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണ് പടവെട്ടുന്നത്” (എഫേ. 6:12).
അതുകൊണ്ട് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും എടുത്തു പോരാടണമെന്ന് പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു. മാനുഷിക ശക്തികൊണ്ടോ സംഘടിത ശേഷികൊണ്ടോ നമുക്ക് നേരിടാന്‍ കഴിയില്ലെങ്കിലും ദൈവിക ശക്തിയാല്‍ ഏതൊരു തിന്മയുടെ മുന്നേറ്റത്തെയും തകര്‍ക്കുവാന്‍ കഴിയും. നമ്മുടെ ശത്രു വ്യക്തികളോ സംഘടനകളോ ഇതര സമുദായങ്ങളോ അല്ല. മറിച്ച് അവയെ നിഗൂഢമായി ഉപയോഗിക്കുന്ന സാത്താനിക ശക്തികളാണ്. അവയ്‌ക്കെതിരെ പോരാടാന്‍ നാം സജ്ജരാക്കപ്പെടുക എന്നതാണ് ഇന്നത്തെ ആവശ്യം.
സഭയില്‍ സാത്താന്‍ പ്രവര്‍ത്തനനിരതനാണ് എന്നതിന്റെ ഏറ്റവും വലിയ അടയാളമാണ് സഭയ്ക്കകത്തുള്ള ഭിന്നതകളും ആശയക്കുഴപ്പങ്ങളും. എന്തിനേറെ വചനപ്രഘോഷകര്‍ക്കിടയില്‍പോലും ആശയവൈരുധ്യങ്ങള്‍ പ്രബലമായിക്കഴിഞ്ഞു. ഈ ആന്തരിക ഭിന്നതയാണ് സഭയെ ഇന്ന് ദുര്‍ബലമാക്കുന്നത്. സഭയുടെ ഊര്‍ജം മുഴുവന്‍ ഭിന്നിപ്പിക്കുന്ന വസ്തുതകള്‍ക്കായി ചെലവഴിക്കപ്പെടുന്നു. സ്വയം ഛിദ്രിക്കുന്ന ഒരു ഭവനത്തിനോ നഗരത്തിനോ നിലനില്‍പ്പില്ലായെന്ന് കര്‍ത്താവ് വ്യക്തമായി പഠിപ്പിക്കുന്നു. നശിച്ചുപോയ സഭാ സമൂഹങ്ങളുടെയെല്ലാം നാശം ആരംഭിച്ചത് ഭിന്നതയും കക്ഷിവഴക്കുകളുംമൂലമാണ്. തുര്‍ക്കിയിലും ഈജിപ്റ്റിലും എല്ലാം ആന്തരിക ഐക്യം നഷ്ടപ്പെട്ട് ദുര്‍ബലമായ സഭാസമൂഹങ്ങളാണ് ശത്രുവിന്റെ കരാളഹസ്തങ്ങള്‍ക്ക് വിധേയമായത്. ഇത് കേരളസഭ മനസിലാക്കണം. സ്വാര്‍ത്ഥതയും ദുരഭിമാനവും വാശിയും ഉപേക്ഷിച്ച് ഐക്യത്തിലേക്ക് വരാതെ സഭയുടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്കാകില്ല.
പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് ഐക്യപ്പെടുത്തല്‍. നമുക്കിടയിലുള്ള അനൈക്യം സഭയില്‍ ദൈവാത്മാവിന്റെ സാന്നിധ്യം കുറയുന്നു എന്നതിന്റെ അടയാളംകൂടിയാണ്. ജഡത്തിന്റെ വ്യാപാരങ്ങളായ കലഹവും ഭിന്നതയും മാത്സര്യവും അരങ്ങുതകര്‍ക്കുമ്പോള്‍ നമുക്കെങ്ങനെ ശത്രുക്കളെ നേരിടാന്‍ കഴിയും?
തീര്‍ച്ചയായും കേരളസഭയ്ക്ക് ശുഭമായ ഒരു ഭാവിയുണ്ട്. എന്നാല്‍ നാം ദൈവത്തിന്റെ മുന്നില്‍ മുട്ടുമടക്കുന്നില്ലെങ്കില്‍ ശത്രുക്കളുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവരും. നാം അനുഭവിക്കുന്ന എല്ലാ നിസഹായതകളും ദൈവതിരുമുമ്പില്‍ ശരണപ്പെടാനുള്ള വിളി മാത്രമാണ്. ദൈവതിരുമനസുമാത്രം നിറവേറിയാല്‍ മതി എന്ന തീരുമാനമെടുത്താല്‍ നമ്മുടെ മനസുകളെ ബലിയര്‍പ്പിക്കുവാന്‍ കഴിയും. അപ്പോള്‍ ദുഃഖവെള്ളികള്‍ ഈസ്റ്ററിന് വഴിമാറും, തീര്‍ച്ച.
നമുക്കാര്‍ക്കും സ്വയം ഉയിര്‍ക്കാന്‍ കഴിയില്ല. ഉയിര്‍പ്പിക്കല്‍ ദൈവത്തിന്റെ പ്രവൃത്തിയാണ്. ഏതു കല്ലറയുടെ മുദ്രകളെയും ഭേദിക്കാന്‍ കഴിയുന്ന ദൈവശക്തി പ്രവര്‍ത്തനനിരതമാകണമെങ്കില്‍ ‘സ്വയ’ത്തിനു മരിക്കാന്‍ വിശ്വാസിസമൂഹം തയാറാകണം. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കുന്ന ഈ നാളുകളില്‍ ദൈവം നമ്മെ അതിനായി ഒരുക്കട്ടെ. അങ്ങനെ ഉയിര്‍പ്പിന്റെ ആനന്ദം വ്യക്തികളിലും സമൂഹങ്ങളിലും യാഥാര്‍ത്ഥ്യമായിത്തീരട്ടെ.
ഹാപ്പി ഈസ്റ്റര്‍…!
Leave a Comment
Your email address will not be published. Required fields are marked with *