Follow Us On

29

March

2024

Friday

പ്രത്യാശയുടെ കാവല്‍ക്കാര്‍

പ്രത്യാശയുടെ  കാവല്‍ക്കാര്‍

തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തുമ്പോഴും ലിജോയ്ക്ക് ഒരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങണം;അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്നതായിരുന്നു ആ പ്രാര്‍ഥന. ഒന്നരവര്‍ഷക്കാലം ഐസിയുവിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ജീവിതം കഴിച്ചുകൂട്ടിയ ആ ചെറുപ്പക്കാരന്റെ നുറുങ്ങിയ ഹൃദയത്തിന്റെ പ്രാര്‍ഥന ദൈവത്തിന് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കരങ്ങളും കാലുകളുമാണ് ദൈവം ഉപയോഗിക്കുന്നത് എന്നാണല്ലോ പറയുന്നത്. ദൈവത്തിന്റെ കരങ്ങളും കാലുകളുമായിത്തീരാന്‍ തയാറുള്ളവരുണ്ടോ എന്നറിയാന്‍ ദൈവം ഭൂമിയിലേക്ക് നോക്കിയിട്ടുണ്ടാവണം. അങ്ങനെയാണ് ദൈവം വിപിനെ കണ്ടെത്തുന്നത്.
സ്‌കൂള്‍ പഠനകാലത്ത് പഠനത്തിലും സ്‌പോര്‍ട്‌സിലും ഒരുപോലെ മികവു പുലര്‍ത്തിയിരുന്ന ലിജോയുടെ ഇഷ്ടപ്പെട്ട കായിക ഇനമായിരുന്നു ടേബിള്‍ ടെന്നീസ്. ഈ കായിക ഇനത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി തിരിച്ചെത്തിയതോടെ ലിജോ സ്‌കൂളിന്റെയും നാടിന്റെയും അഭിമാന താരമായി മാറി. തുടര്‍ന്ന് നാഗര്‍കോവിലിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നതിനാല്‍ കാമ്പസ് ഇന്റര്‍വ്യൂവിലൂടെ നല്ലൊരു ജോലിയും സ്വന്തമാക്കിയാണ് ലിജോ വീട്ടിലേക്ക് മടങ്ങിവന്നത്. രോഗബാധിതരായ രണ്ട് സഹോദരിമാര്‍ അടക്കം അഞ്ച് സഹോദരങ്ങളുള്ള ആ കൊച്ചു കുടുംബത്തിന്റെ സ്വപ്‌നങ്ങളുടെ പേരായി ‘ലിജോ’ എന്ന 20 വയസുള്ള ചെറുപ്പക്കാരന്‍ മാറി.

മണിക്കൂറുകളുടെ ഇടയില്‍ മാറിമറിഞ്ഞ ജീവിതം

ലിജോ ബിടെക്ക് പഠിക്കണമെന്നും കൂടുതല്‍ മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിക്കണമെന്നും ചേട്ടനായ വിപിനാണ് ശഠിച്ചത്. ആ കുടുംബത്തിന്റെ ഭാരം മുഴുവന്‍ വഹിച്ചിരുന്ന വിപിന് ലിജോ അനുജന്‍ മാത്രമായിരുന്നില്ല. അപ്പന്റെ സ്ഥാനമായിരുന്നു ലിജോയുടെ ഹൃദയത്തിലും വിപിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചേട്ടന്റെ ആഗ്രഹത്തിന് മുന്നില്‍ ലിജോ മറുത്തൊന്നും പറഞ്ഞില്ല. രാമനാഥപുരനത്തിനടുത്തുള്ള എഞ്ചിനീയറിംഗ് കോളജില്‍ അഡ്മിഷന്‍ വിപിന്‍ തന്നെയാണ് ശരിയാക്കിയത്. ലിജോയുടെ പഠനം പൂര്‍ത്തിയാകുന്നതോടെ ദുരിതങ്ങളുടെയും സാമ്പത്തിക ബാധ്യതകളുടെയും ലോകത്തുനിന്ന് ആ കുടുംബത്തിന് എന്നന്നേക്കുമായി കരകയറാനാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു…
2007ല്‍ ചെറിയൊരു പനിയോടെയായിരുന്നു ലിജോയുടെ രോഗത്തിന്റെ തുടക്കം. കൂട്ടത്തില്‍ ഛര്‍ദ്ദിയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ലിജോയുടെ ശരീരം ഭാഗികമായി തളര്‍ന്നിരുന്നു. അടുത്ത ദിവസം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും കഴുത്തിന് താഴേയ്ക്ക് പൂര്‍ണമായി തളര്‍ന്നുകഴിഞ്ഞിരുന്നു. അങ്ങനെ എഞ്ചിനീയറിംഗ് പഠനത്തിനായി തയാറെടുത്തുകൊണ്ടിരുന്ന ലിജോ എന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍ ഒരു വൈറല്‍ പനി ബാധിച്ച് രണ്ട് ദിവസങ്ങള്‍കൊണ്ട് പൂര്‍ണമായി തളര്‍ന്ന അവസ്ഥയിലായി. ആറ് മാസത്തോളം പ്ലാസ്മാ എക്‌സ്‌ചേഞ്ച് നടത്തിയിട്ടും അദ്ദേഹത്തിന് ചലനശേഷി തിരികെ ലഭിച്ചില്ല. അക്ക്യൂട്ട് എന്‍സിഫാലോമയിലറ്റിസ് ന്യൂറോപ്പതിയെന്നതായിരുന്നു രോഗം.
ചലനശേഷി തിരികെ കിട്ടിയില്ലെങ്കിലും ആ സമയത്ത് ലിജോയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അദ്ദേഹത്തില്‍ ഒരു പ്രത്യേകത കണ്ടു. സാധരണയായി ഇങ്ങനെ തളര്‍ന്നുപോകുന്നവര്‍ ഒന്നു രണ്ടു മാസങ്ങള്‍ കഴിയുമ്പോഴേക്കും പരിചരിക്കുന്നവരോടും നഴ്‌സുമാരോടും നീരസം പ്രകടിപ്പിക്കാനും പരുഷമായി പെരുമാറുവാനും ആരംഭിക്കും. അതില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം അത്രമാത്രം ബുദ്ധിമുട്ടുകളിലൂടെയാവും അവര്‍ അപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ എപ്പോഴും പ്രസന്നഭാവത്തോടെ എല്ലാവരോടും ഇടപെടുന്ന ലിജോ അവര്‍ക്കൊക്കെ ഒരത്ഭുതമായി മാറി. ഡോ. സഞ്ചീവ് തോമസ് എന്ന പ്രഫസറുടെ സാന്നിധ്യം ലിജോയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. ഒരിക്കല്‍ ലിജോയുടെ ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ ഡോക്ടര്‍ അടുത്ത ദിവസം ലിജോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്‌ക്രീമുമായാണ് ഐസിയുവിലേക്ക് വന്നത്. ദൈവം ഇവരുടെ ജീവിതത്തിലേക്കയച്ച മാലാഖ തന്നെയായിരുന്നു ഡോ. സഞ്ചീവ് തോമസ്. തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കാനുള്ള കാരണം ഈ ഡോക്ടറാണെന്ന് വിപിന്‍ പറയുന്നു. നീണ്ടകാലമായി തുടര്‍ന്ന ആശുപത്രി വാസം ലിജോയെ മാനസികമായി തളര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ലിജോയെ വീട്ടിലെ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതായിരിക്കും നല്ലതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനായി വിപിന് മൂന്ന് മാസക്കാലം പരിശീലനം നല്‍കി. കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ലിജോയുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ ഡോ. സഞ്ചീവ് തോമസാണ് അന്ന് മുന്‍കൈഎടുത്തത്. ഇതിലൂടെ ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ലിജോയുടെ ഉപയോഗത്തിനായുള്ള വെന്റിലേറ്റര്‍ ആദ്യമായി വാങ്ങിയത്.


വെല്ലുവിളിയുടെ നാളുകള്‍
ശ്രീചിത്രയില്‍ നിന്ന് ഡിസ്ചാര്‍ജായതിനെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷക്കാലം കാരക്കോണം മെഡിക്കല്‍ കോളജിലെ ഒരു മുറിയിലാണ് ലിജോയെ ശുശ്രൂഷിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്ന ലിജോയെ വീട്ടില്‍ തന്നെ ശുശ്രൂഷിക്കുവാനുള്ള ഭയവും അടിയന്തിരമായി വൈദ്യസഹായം ആവശ്യമായി വന്നാല്‍ എത്രയും വേഗം അത് ലഭ്യമാക്കണം എന്ന ഉദ്ദേശ്യവുമാണ് കാരക്കോണത്തെ ആശുപത്രിയിലേക്ക് ലിജോയെ മാറ്റുവാനുള്ള കാരണം. ആദ്യ കാലഘട്ടത്തില്‍ വീട്ടാവശ്യങ്ങള്‍ നടത്തുന്നതിനും ലിജോയെ പരിചരിക്കുന്നതിനും മൂത്ത ചേട്ടന്റെയും അമ്മയുടെയും സഹായം വിപിന് ലഭിച്ചിരുന്നു. പകല്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി പുറത്തു പോകേണ്ടതായി വരും. രാത്രിയില്‍ പരിചരണം വിപിന്‍ ഏറ്റെടുക്കും. അതായിരുന്നു അന്നത്തെ രീതി. വിറ്റുവരവ് അനുസരിച്ച് കമ്മീഷന്‍ ലഭിക്കുന്ന ബിസിനസിലെ പങ്കാളിയായിരുന്നു വിപിന്‍.
എന്നാല്‍ 2010-ല്‍ ഷുഗര്‍ കൂടിയതിനെ തുടര്‍ന്ന് അമ്മയുടെ കാല്‍ മുട്ടിന്റെ താഴെ വച്ച് മുറിച്ച് മാറ്റേണ്ടതായി വന്നു. അതോടെ അമ്മയും ഏതാണ്ട് കിടപ്പ് രോഗിയെപ്പോലെയായി. വിവാഹം കഴിഞ്ഞ് ചേട്ടനും മാറിത്താമസിച്ചതോടെ രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ക്കൊപ്പം ലിജോയുടെയും രോഗികളായ രണ്ട് സഹോദരിമാരുടെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വം വിപിനില്‍ വന്നു ചേര്‍ന്നു. 2012ല്‍ അമ്മയും മരിച്ചതോടെയാണ് വിപിന്‍ ശരിക്കും ഒറ്റപ്പെട്ടത്. ഇതിനിടെ കാരക്കോണത്ത് നിന്ന് അനുജനെ വീട്ടിലേക്ക് മാറ്റി. വെന്റിലേറ്റര്‍ പതിനഞ്ച് മിനിറ്റ് ഓഫായി പോയാല്‍ പോലും ലിജോയുടെ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ എല്ലാസമയവും വിപിന്റെ ശ്രദ്ധ ആവശ്യമായിരുന്നു. ലിജോയെ പരിചരിക്കാന്‍ മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍ ജോലി സ്ഥലത്ത് നിന്ന് പലപ്പോഴും പെട്ടെന്ന് മടങ്ങേണ്ടതായി വന്നു. സ്ഥിരമായ വരുമാനവും ഇല്ലാതായതോടെ വിപിന്റെയും ലിജോയുടെയും പേരിലുള്ള വസ്തുക്കള്‍ വില്‍ക്കേണ്ടി വന്നു.
പുഞ്ചിരിക്ക് പിന്നിലെ രഹസ്യം
ഈ സമയമെല്ലാം ബൈബിള്‍ വായിച്ചുകൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും ആഴപ്പെടുകയായിരുന്നു ലിജോ. വായിക്കാവുന്ന വിധത്തില്‍ ബൈബിള്‍ ക്ലിപ്പ് ചെയ്തു വച്ചു കൊടുക്കുകയും ഒരോ പേജും വായിച്ചുകഴിയുമ്പോള്‍ മറിച്ചുകൊടുക്കുയും ചെയ്താല്‍ മാത്രമേ ലിജോയ്ക്ക് ബൈബിള്‍ വായിക്കുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ പരിമിതികള്‍ക്ക് നടുവിലും പുതിയനിയമം നിരവധി തവണ വായിച്ചു തീര്‍ത്ത ലിജോ സമ്പൂര്‍ണ ബൈബിള്‍ മൂന്നാവര്‍ത്തിയാണ് ഈ കാലഘട്ടത്തില്‍ വായിച്ചത്. വചനത്തിന്റെ ശക്തി അറിയണമെങ്കില്‍ ആ മുഖത്തേക്ക് ഒന്ന് നോക്കിയാല്‍ മാത്രം മതി. 14 വര്‍ഷമായി ശരീരം അനക്കാന്‍ സാധിക്കാതെ കിടക്കുന്ന ഈ ചെറുപ്പക്കാരന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് മുമ്പില്‍ അലിഞ്ഞില്ലാതാവുന്ന പ്രശ്‌നങ്ങളൊക്കെയേ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ കാണുകയുള്ളൂ.
ഏത് അര്‍ധരാത്രിയാണെങ്കിലും ഒരു ഉറുമ്പു കടിച്ചാല്‍ പോലും കട്ടിലിനടുത്ത് ഫിറ്റ് ചെയ്ത മൈക്ക് ഉപയോഗിച്ച് ചേട്ടനെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ടതായി വരും. എങ്കില്‍ മാത്രമേ ആ അസ്വസ്ഥതയില്‍ നിന്ന് ലിജോയ്ക്ക് മോചനം ലഭിക്കൂ. പല സമയങ്ങളിലും അനങ്ങാതെ കിടക്കുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എലി വന്ന് കടിച്ചിട്ടുണ്ട്. ചേട്ടനെ വിളിച്ചെഴുന്നേല്‍പ്പിച്ച് എലിയെ ഓടിച്ചുകഴിഞ്ഞാലും ചേട്ടന്‍ പോയി കിടക്കുമ്പോള്‍ പിന്നെയും തിരിച്ച് വന്ന് കടിക്കും. ഇത് എലിയുടെ സ്വഭാവമാണെന്ന് ലിജോ പറയുന്നു. അങ്ങനെ എലിയും ഉറമ്പുമൊക്കെയായി ഒളിച്ചുകളി നടത്തി നേരം വെളുപ്പിച്ച രാവുകളും നിരവധി. പക്ഷേ ഇവയ്‌ക്കൊന്നും ആ മുഖത്തെ പുഞ്ചിരി മായിക്കാന്‍ സാധിച്ചില്ല. കാരണം വചനം മാംസം ധരിച്ച ഒരു ഹൃദയത്തിന്റെ പ്രത്യാശയില്‍ നിന്നാണ് അത് വിടരുന്നത്.

പ്പിക്കുമെന്ന ഉറച്ച പ്രത്യാശയാണ് ലിജോയ്ക്ക് ഉള്ളത്. ദൈവത്തിന് തന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും ഈ അവസ്ഥയും ദൈവത്തിന് നന്മയ്ക്കായി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ് ആ മനസ് നിറയെ. ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ദുഃഖവും വേദനയും ഇരച്ചു കയറി വരുന്ന പകലുകളിലും അദ്ദേഹം ഭാവന കാണുന്നത് മുഴുവന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളാണ്. ഒരിക്കലും പോകാന്‍ കഴിയുകയില്ലെന്ന് വിചാരിച്ച സ്ഥലങ്ങളിലേക്കും കാണാന്‍ കഴിയുകയില്ലെന്ന് വിചാരിച്ച കാഴ്ചകളിലേക്കും മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കൂട്ടുകാരുടെ പക്കലേക്കുമെക്കെ മനസ് കൊണ്ട് സഞ്ചരിച്ച് ഇത് യാഥാര്‍ത്ഥ്യമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ക്രിസ്തുവിന്റെ ഈ യുവപോരാളി.
രോഗത്തിന്റെ നാളുകളില്‍ ദൈവം നടത്തിയ വഴികളെക്കുറിച്ചും സൗഖ്യത്തിലേക്ക് ദൈവം നയിച്ച മാര്‍ഗങ്ങളെക്കുറിച്ചും സാക്ഷ്യപ്പെടുത്തുന്നത് ഇന്നേ ഭാവന കാണുന്ന ഈ യുവാവിന്റെ മുമ്പില്‍ ചെങ്കടലുകള്‍ വഴിമാറാതിരിക്കുമോ?

വിപിന്‍ എന്ന അത്ഭുതം

ലിജോ എന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നത്തിന്റെ പേരായിരുന്നെങ്കില്‍ ദൈവം ആ കുടുംബത്തിനായി കരുതിവച്ച അത്ഭുതത്തിന്റെ പേരാണ് വിപിന്‍. വീട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം വളരെ ചെറുപ്പം മുതലേ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയൊടൊപ്പം നോക്കി നടത്തിയിരുന്നത് വിപിനായിരുന്നു. എല്ലാം ദൈവം വഴിനടത്തും; എല്ലാം ശരിയാകും എന്നതായിരുന്നു വിപിന്റെ ജീവിതമന്ത്രം. അങ്ങനെയിരിക്കേയാണ് അനുജന്‍ അപ്രതീക്ഷിതമായി തളര്‍ന്നു കിടപ്പിലാകുന്നത്.
ആദ്യ ഒന്നരവര്‍ഷക്കാലത്തോളം ശ്രീചിത്രയിലെ ഐസിയുവിലായിരുന്നു ലിജോയെ പരിചരിച്ചിരുന്നത്. ആ സമയത്താണ് ഒരു ദിവസം ലിജോ വിപിന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ എങ്ങനെയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറയുന്നത്. ലിജോയുടെ ദുഃഖം കണ്ട് സഹിക്കാനാവാതെ വിപിന്‍ അന്ന് ലിജോയ്ക്ക് ഒരു വാക്കു കൊടുത്തു, ‘എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാന്‍ നിന്റെ കാര്യം നോക്കും.’ അന്ന് നല്‍കിയ വാക്ക് പാലിക്കാനായി ഈ ജേഷ്ഠന്‍ സഞ്ചരിച്ച വഴികളും സഹിച്ച ത്യാഗങ്ങളും വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല. 2007ന്റെ തുടക്കത്തിലായിരുന്നു വിപിന്റെ വിവാഹം. അതേവര്‍ഷം തന്നെ മെയ് മാസത്തിലാണ് ലിജോ രോഗബാധിതനാകുന്നത്. അന്ന് മുതല്‍ ലിജോയുടെ കാര്യങ്ങള്‍ക്ക് ഒരു മുടക്കവും വരാതെ വിപിന്‍ നോക്കിനടത്തുന്നു. ഇതിനിടയില്‍ ചികിത്സയ്ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി സ്വന്തമായുണ്ടായിരുന്ന സ്ഥലം വിറ്റു. പിന്നീട് അനുജന്റെ പേരിലുണ്ടായിരുന്ന വീടും വില്‍ക്കേണ്ടതായി വന്നു. വാടകവീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലേക്ക് മാറിയപ്പോഴും ലിജോയ്ക്ക് നല്‍കുന്ന പരിചരണത്തില്‍ വിപിന്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. തപസ് അനുഷ്ഠിക്കുന്ന ഒരു സന്യാസിയുടെ വ്രതനിഷ്ഠയോടെ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാത അദ്ദേഹം ലിജോയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. ഇന്നല്ലെങ്കില്‍ നാളെ താന്‍ എഴുന്നേറ്റ് നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ലിജോയുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും വാടുന്നില്ലെന്ന് സ്‌നേഹനിധിയായ ആ ചേട്ടന്‍ ഉറപ്പുവരുത്തി. വിപിന്റെ കുട്ടികളുടെ പഠിപ്പുപോലും മുടങ്ങിയ സാഹചര്യമുണ്ടായിട്ടും പുതിയതായി പണിതുകൊണ്ടിരുന്ന വീട് ജപ്തി ചെയ്തപ്പോഴും ആ കരുതലിന് ഒരു കുറവും സംഭവിച്ചില്ല. സഹോദരനുവേണ്ടി ജീവന്‍ മാത്രമല്ല, ജീവിതം മുഴുവനായും തീറെഴുതി നല്‍കിക്കൊണ്ട് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ജീവിക്കുന്ന മാതൃകയായി വിപിന്‍ മാറുകയായിരുന്നു.
14 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നത് വൈദ്യശാസ്ത്രരംഗത്ത് ഒരു അത്ഭുതമാണ്. എന്നാല്‍ ഈ കാലഘട്ടമത്രയും മാനസികമായി തളരാതെ മുമ്പോട്ട് പോകാനായി എന്നതാണ് അതിലും വലിയ അദ്ഭുതം. അനുജന്റെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും കാത്തുസൂക്ഷിക്കുന്നതില്‍ വിപിന്റെ സ്‌നേഹപൂര്‍വമായ പരിചരണത്തിനുള്ള പങ്ക് എത്ര പറഞ്ഞാലും മതിയാവില്ല. 2014-ല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെല്ലാം കൈവിട്ട അവസരത്തിലും വിപിന്‍ തളര്‍ന്നില്ല. വിപിന്റെ പരിചരണത്തിന്റെയും കരുതലിന്റെയും ബലത്തിലാണ് അന്ന് ലിജോ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
വെന്റിലേറ്റര്‍ ഇതിനിടെ പല തവണ മാറ്റി വയ്‌ക്കേണ്ടതായി വന്നു. പുതിയ വെന്റിലേറ്റര്‍ വാങ്ങുന്നതുപോലെ തന്നെ വെന്റിലേറ്റര്‍ കേടാവുന്ന സമയത്തെ പരിചരണവും വലിയ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നതാണ്. ഒരിക്കല്‍ വെന്റിലേറ്റര്‍ കേടായ സമയത്ത് പുതിയ വെന്റിലേറ്റര്‍ വാങ്ങിക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് ചിലവായത്. എന്നാല്‍ വെന്റിലേറ്ററില്ലാതിരുന്ന 11 ദിവസത്തെ പരിചരണത്തിന് അന്ന് കിടന്ന ആശുപത്രിയില്‍ നിന്ന് കൊടുത്ത ബില്‍ 3 ലക്ഷം രൂപയുടെതായിരുന്നു. മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ പണം പലിശയ്‌ക്കെടുത്താണ് പലപ്പോഴും ചികിത്സയ്ക്കായി ഉപയോഗിച്ചത്. അതോടെ കടം പെരുകാനാരംഭിച്ചു.


ഭൂമിയിലെ മാലാഖമാര്‍
ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിപിന്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു. ആവശ്യത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി ദൈവം മാലാഖമാരെ അയക്കുമെന്ന് ഈ കുടുംബം അനുഭവിച്ചറിഞ്ഞ കാലമായിരുന്നു ലോക്ക്ഡൗണ്‍ കാലഘട്ടം. ലിജോയ്ക്ക് മരുന്ന് പോലും വാങ്ങിക്കുവാന്‍ സാധിക്കാതിരുന്ന സമയത്താണ് ലിജോയുടെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കള്‍ സഹായവുമായി എത്തിയത്. കാരക്കോണത്ത് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് പരിചയപ്പെട്ട രണ്ട് നഴ്‌സുമാരും നിരവധി സഹായങ്ങള്‍ ചെയ്തു. സാമ്പത്തികമായി മുമ്പോട്ട് പോകാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത സമയത്താണ് ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം മേധാവിയായ ഡോ. സഞ്ചീവ് തോമസ് വീണ്ടും സഹായത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ വഴിയായി വിപിന്റെയും ലിജോയുടെയും കഥ മാധ്യമങ്ങളിലൂടെ ഒരിക്കല്‍ കൂടെ പുറം ലോകത്തേക്ക് എത്തിച്ചു. ഡോ. സഞ്ചീവ് തന്നെ മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളുടെ ഫലമായി കളക്ടര്‍ ഇവരുടെ ഭവനം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ കാലത്ത് ഫീസ് നല്‍കിയതിലുണ്ടായ ഏറ്റക്കുറച്ചിലിന്റെ പേരില്‍ വിപിന്റെ കുട്ടികളുടെ പഠിപ്പു മുടങ്ങിയിരുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെ ഇവരുടെ കഥ കേട്ടറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി ഇവരെ സമീപിച്ചു. പക്ഷേ അപ്പോഴേയ്ക്കും കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെയും ഇന്‍വെര്‍ട്ടറിന്റെയും ഉപയോഗത്തിന്റെ ഫലമായി വരുന്ന ഉയര്‍ന്ന കറന്റ് ബില്ലിനും ഗവണ്‍മെന്റ് തലത്തില്‍ ഇളവ്് ലഭിച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈനായി പഠിക്കുന്നതിന് ഒരുവര്‍ഷത്തേക്കുള്ള ഇന്റര്‍നെറ്റിന്റെ ചിലവ് സ്‌പോണ്‍സര്‍ ചെയ്തവര്‍, ഈ കുടുംബത്തിന് രണ്ട് നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന ജനകീയ ഹോട്ടലുകാര്‍, എല്ലാ ദിവസവും പ്രഭാതഭക്ഷണം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തക തുടങ്ങിയ നിരവധി സുമനസുകളുടെ കരുതല്‍ സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയായ ഈ കുടുംബത്തിന് താങ്ങായി മാറി.
ഇംഗ്ലണ്ടിലെ പ്രതീക്ഷ
കഴുത്തിന്റെ താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ലിജോയുടെ സംവേദനക്ഷമതയ്ക്ക് (സെന്‍സേഷന്) തകരാറൊന്നും സംഭവിച്ചിട്ടില്ല. ശരീരത്തിന്റെ ഏത് ഭാഗത്തും വേദന ഉണ്ടായാലും അറിയാന്‍ സാധിക്കുന്നുണ്ട്. ചലനശേഷിയുമായി ബന്ധപ്പെട്ട് ശരീരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ബ്രെയിനിലെ നാഡികള്‍ക്ക് സംഭവിച്ച തകരാറാണ് തളര്‍ച്ചയിലേക്ക് നയിച്ചത്. ഇത്തരത്തില്‍ തളര്‍ച്ച സംഭവിച്ചവരുടെ തകരാര്‍ ഒരു ചിപ്പ് ഘടിപ്പിച്ച് പരിഹരിച്ചുകൊണ്ട് ചലനശേഷി തിരികെ കൊണ്ടുവരുന്നതിനായുള്ള ഗവേഷണം ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്ത ഈ കുടുംബത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു. ഈ ഗവേഷണം യാഥാര്‍ത്ഥ്യമായാല്‍ ഇംഗ്ലണ്ടിലെ ചികിത്സയ്ക്ക് വരുന്ന ചിലവ് വഹിക്കുവാന്‍ മലയാള ചലച്ചിത്ര രംഗത്തെ ഒരു നിര്‍മാതാവ് ഇതിനോടകം തന്നെ സന്നദ്ധത പ്രകടിപ്പിട്ടുണ്ട്്.
മൈക്കിലൂടെ എത്തുന്ന വിളിയ്ക്കായി കാതോര്‍ത്ത്
ലിജോയുടെ കട്ടിലിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്ക് ഈ സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഒരടയാളമാണ്. എന്ത് തിരക്കിലാണെങ്കിലും ലിജോയുടെ ഒറ്റ വിളിയില്‍ ചേട്ടന്‍ ഓടിയെത്തും. എന്തെങ്കിലും കാരണത്താല്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായാല്‍ ലിജോയ്ക്ക് സംസാരിക്കാന്‍ സാധിക്കില്ല. അപ്പോള്‍ നാക്ക് കൊണ്ട് പുറപ്പെടുവിക്കുന്ന ഒരു ചെറിയ ശബ്ദം തിരിച്ചറിഞ്ഞ് ഉടന്‍ എത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും. ഒരിക്കല്‍ ലിജോയെ ശുശ്രൂഷിച്ച ശേഷം പുലര്‍ച്ചെ നാല് മണിക്കാണ് വിപിന്‍ ഉറങ്ങാന്‍ കിടന്നത്. ഏകദേശം ആറ് മണിയായപ്പോള്‍ അന്ന് വെന്റിലേറ്റര്‍ കേടായി. സാധാരണ നാല് മണിക്ക് കിടന്ന ഒരു വ്യക്തി ആ സമയത്ത് നല്ല ഉറക്കത്തിലായിരിക്കും. എന്നാല്‍ ലിജോയുടെ നേര്‍ത്ത ശബ്ദം കേട്ട് അന്ന് എഴുന്നേല്‍ക്കാനായത് ഒരത്ഭുതമാണെന്ന് വിപിന്‍ പറയുന്നു. അപ്പോള്‍ എഴുന്നേറ്റില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കഥ പറയാന്‍ ലിജോ ഉണ്ടാവുമായിരുന്നില്ല.
ഏത് ഉറക്കത്തിലും മൈക്കിലൂടെ എത്തുന്ന വിളിക്കായി ചെവി കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ഈ ചേട്ടന്‍ തന്നെയാണ് ലിജോയുടെ ജീവശ്വാസം. അനിയന്റെ സഹനം ലഘൂകരിക്കാന്‍ എത്ര ചെയ്താലും അധികമാവില്ലെന്ന് വിശ്വസിക്കുന്ന ഒരാള്‍. മറുവശത്ത് തനിക്ക് നേരെ വെച്ചുനീട്ടുന്ന എല്ലാ അനുഭവങ്ങളെയും ചെറുപുഞ്ചിരിയോടെ നേരിടുന്ന ധീരനായ ചെറുപ്പക്കാരന്‍. ഇവരുടെ ഒരോ ദിവസത്തെയും ജീവിതം ഒരത്ഭുതത്തില്‍ കുറഞ്ഞതൊന്നുമല്ല.
സമ്പത്തിന്റെയും സമയത്തിന്റെയും പേരില്‍ ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പ് നിശ്ചയിക്കുന്ന സമൂഹത്തില്‍ ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് ഈ സഹോദരങ്ങളുടെ ജീവിതം. ചെറിയ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പോലും പതറിപ്പോകുന്നവരെ പ്രത്യാശയുടെ സാധ്യതകള്‍ എത്ര ശക്തമാണെന്ന്് ഇവര്‍ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ ഇവരുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും വാടരുതെന്ന് ഉറപ്പാക്കേണ്ട ബാധ്യത സമൂഹത്തിന് ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവിടെ തോല്‍ക്കുന്നത് ലിജോയോ വിപിനോ ആയിരിക്കില്ല. മനുഷ്യന്റെ നന്മയിലുള്ള വിശ്വാസത്തിനായിരിക്കും കോട്ടം സംഭവിക്കുക.

നീ വിഷമിക്കേണ്ട, ദൈവം നമ്മെ കൈവിടുകയില്ല’

കടവും ലിജോയുടെ പരിചരണവും ജോലിയുമെല്ലാം കൂടി മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോഴും എല്ലാം ശരിയാകും എന്ന ശുഭാപ്തി വിശ്വാസമായിരുന്നു വിപിനെ നയിച്ചിരുന്നത്. അങ്ങനെയാണ് വസ്തു മേടിച്ചു പുതിയ വീട് പണിയാന്‍ ശ്രമം ആരംഭിച്ചത്. വാടകയെങ്കിലും കൊടുക്കാതെ കഴിയമല്ലോ എന്നാണ് കരുതിയത്. ആ സമയത്ത് ലിജോ അംഗമായ സിഎസ്‌ഐ ഇടവകയില്‍ നിന്നും കുറച്ച് സഹായം ലഭിച്ചിരുന്നു. എല്ലാംകൂടെ ചേര്‍ത്തുവച്ചു ശ്രമിച്ചെങ്കിലും വീട് പൂര്‍ത്തീകരിക്കാന്‍ പറ്റിയില്ല. പിന്നീട് പകുതി പണിത ആ വീടും ജപ്തിയായതോടെ എല്ലാ ആസ്തികളും നഷ്ടപ്പെട്ട അവസ്ഥയിലായി. കടം വീട്ടാനുള്ള മാര്‍ഗമൊന്നുമില്ല എന്ന് മനസിലായപ്പോള്‍കടം കൊടുത്തവര്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചു. അതുവരെ എല്ലാറ്റിനും തുണയായി കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഇതോടെ നിരാശ ബാധിച്ചു. എന്നാല്‍ അപ്പോഴും നിരാശപ്പെടാനോ പിന്‍മാറാനോ വിപിന്‍ തയാറായില്ല. അല്ലെങ്കില്‍ അങ്ങനെയൊരു ഓപ്ഷന്‍ വിപിന് ഇല്ലായിരുന്നു എന്നതാണ് കൂടുതല്‍ ശരി. കാരണം വിപിന്‍ തളര്‍ന്നാള്‍ വീഴുന്നത് വിപിന്‍ മാത്രമല്ല, ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന ലിജോയും രോഗികളായ സഹോദരിമാരും വിപിന്റെ കുടുംബവുമാണ്. ഭാര്യയുടെ കരം പിടച്ച് അപ്പോഴും വിപിന്‍ ധൈര്യപ്പെടുത്തി -‘നീ വിഷമിക്കേണ്ട, ദൈവം നമ്മെ കൈവിടുകയില്ല.’


രഞ്ജിത് ലോറന്‍സ്
[email protected]

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?