Follow Us On

28

March

2024

Thursday

തീവ്രവാദികളെപ്രതി ക്രിസ്തീയവിശ്വാസം കൈവെടിയില്ല; ആദിമസഭയെ അനുസ്മരിപ്പിക്കുംവിധം നൈജീരിയൻ ക്രൈസ്തവർ

തീവ്രവാദികളെപ്രതി ക്രിസ്തീയവിശ്വാസം കൈവെടിയില്ല; ആദിമസഭയെ അനുസ്മരിപ്പിക്കുംവിധം നൈജീരിയൻ ക്രൈസ്തവർ

അബൂജ: ഇസ്ലാമിക തീവ്രവാദികളുടെ തേർവാഴ്ചയ്ക്കു നടുവിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിച്ച് നൈജീരിയൻ ക്രൈസ്തവർ മുന്നോട്ട്. ദൈവാലയങ്ങൾ സ്ഥിരമായി ഭീകരർ ലക്ഷ്യംവെക്കുന്നതിനാൽ, പല ദൈവാലയങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലും അവരുടെ ക്രിസ്തുവിശ്വാസത്തെ ഇല്ലാതാക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിന് തെളിവാണ്, നൈജീരിയയിലെ കത്തോലിക്കാ വിശ്വാസികളിൽ പലരും പ്രാർത്ഥനാ ശുശ്രൂഷകൾക്കുവേണ്ടി രഹസ്യമായി കൂടിച്ചേരുന്നുണ്ടെന്ന ‘കാരിത്താസ് നൈജീരി’യൻ വക്താവിന്റെ സാക്ഷ്യം.

സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസ് നൈജീര’യുടെ വക്താവ് ഡോറിസ് എംബാക്വേ വാർത്താ ഏജൻസിയായ ‘എ.സി.ഐ ആഫ്രിക്ക’യ്ക്ക് നൽകിയ അഭിമുഖത്തിലാണ്, മതപീഡനത്തിന്റെ നാളുകളിലെ ആദിമ ക്രൈസ്തവരെപ്പോലെ നൈജീരിയൻ കത്തോലിക്കാ സഭാംഗങ്ങൾ രഹസ്യമായി പ്രാർത്ഥിക്കാൻ കൂടിച്ചേരുന്ന വിവരം പങ്കുവെച്ചത്. ‘ഭീക്രമണത്തിന് ഇരയാക്കുകയും തകർക്കപ്പെടുകയും ചെയ്ത ദൈവാലയങ്ങളിൽ വീണ്ടും പ്രാർത്ഥന നടത്താൻ പ്രദേശവാസികളായ ക്രൈസ്തവർ ഭയപ്പെടുന്നു. അതിനാലാണ് അവർ രഹസ്യമായി പ്രാർത്ഥിക്കാൻ ഒത്തുകൂടുന്നത്.’

വെല്ലുവിളികൾ ഉണ്ടെങ്കിലും നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസം അനുദിനം വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്രൈസ്തവർ അഭിമാനത്തോടെ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നു. വൈദികരെയും സമർപ്പിതരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവരെ ഭയപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ അങ്ങനെയല്ല. തങ്ങളുടെ വിശ്വാസത്തിനായി ജീവൻ അർപ്പിക്കുന്ന വൈദികരും സെമിനാരി വിദ്യാർത്ഥികളും ഇവിടത്തെ ജനങ്ങൾക്ക് ഏറ്റവും ശക്തമായ പ്രചോദനമാണ്. തങ്ങളുടെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കാൻ അനേകർ തയാറാണ് എന്നതാണ് വാസ്തവം.’

ഐസിസുമായി ബന്ധം പുലർത്തുന്ന ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമാണ് പ്രദേശത്തെ പ്രധാന വെല്ലുവിളി. ‘പാശ്ചാത്യ വിദ്യാഭ്യാസം നിരോധിച്ചിരിക്കുന്നു’ എന്നാണ് ഈ പേര് സൂചിപ്പിക്കുന്നത്. നൈജീരിയൻ ക്രൈസ്തവർക്കെതിരെ വർഷങ്ങളായി തുടരുന്ന അക്രമണം മൂലം ഇതുവരെ രാജ്യത്തുടനീളം 2.4 ദശലക്ഷത്തിൽപ്പരം പേർ രാജ്യത്തുനിന്ന് പലായനം ചെയ്തിട്ടുണ്ട്. ഭീകരരുടെയും മറ്റ് സായുധ അക്രമികളുടെയും കലാപംമൂലം നിരവധി പട്ടണങ്ങൾ, വിശിഷ്യാ, രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്ന കഷ്ടതകൾക്ക് നേർസാക്ഷ്യമാണ് അവിടത്തെ ദൈവാലയങ്ങളുടെ സ്ഥിതി. അദമാവ സംസ്ഥാനത്തെ യോല രൂപതയിലും ബൊർനോ സംസ്ഥാനത്തെ മെദുഗുരി രൂപതയിലും തീവ്രവാദി ആക്രമണങ്ങളാൽ രൂക്ഷമായ പ്രത്യാഘാതങ്ങളാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് പലായനം ചെയ്തവരെ സഹായിക്കാൻ പ്രാദേശികവും അന്തർദേശീയവുമായ സന്നദ്ധസംഘടനകളുമായി ചേർന്ന് കാരിത്താസ് നൈജീരിയ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?