Follow Us On

29

March

2024

Friday

ക്രിസ്തീയ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക പകർന്ന് പൊലീസുകാരന്റെ ജീവത്യാഗം; വീരോചിത യാത്രയയപ്പ് നൽകി ജനം

ക്രിസ്തീയ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക പകർന്ന് പൊലീസുകാരന്റെ ജീവത്യാഗം; വീരോചിത യാത്രയയപ്പ് നൽകി ജനം

കൊളറാഡോ: ജീവിതത്തിൽ മാത്രമല്ല, മരണത്തിലും ക്രിസ്തീയ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക പകർന്ന പൊലീസ് ഉദ്യോഗസ്ഥന് വീരോചിത യാത്രയയപ്പ് നൽകി അമേരിക്കയിലെ കത്തോലിക്കാ സമൂഹം. കഴിഞ്ഞയാഴ്ച കൊളറാഡോയിലെ ഗ്രോസറി സ്റ്റോറിൽ 10 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് അക്രമണത്തിൽ കൊല്ലപ്പെട്ട എറിക് ടാലെ (51) എന്ന പൊലീസുകാരന്റെ മൃതസംസ്‌ക്കാര കർമങ്ങൾക്ക് ഡെൻവറിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ബസിലിക്കയായിരുന്നു വേദി.

സ്വജീവൻ മറന്നും മറ്റുള്ളവരെ രക്ഷിക്കാൻ പരിശ്രമിച്ച എറിക്കിന്റെ വീരചരമത്തെ, ‘സ്‌നേഹിതനു വേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ല,’ എന്ന ക്രിസ്തുവചനം ഉദ്ധരിച്ചാണ് ആർച്ച്ബിഷപ്പ് സാമുവൽ അക്വില പുകഴ്ത്തിയത്. തന്റെ ജീവിതത്തിൽ ക്രിസ്തുവിന് പ്രഥമ സ്ഥാനം നൽകിയ വ്യക്തിയായിരുന്നു എറിക്കെന്നും രാജ്യത്തിനും നഗരങ്ങൾക്കും സമൂഹത്തിനും നൽകാൻ കഴിയുന്ന ഏറ്റവും നല്ല സേവനമെന്തെന്ന് അദ്ദേഹം കാണിച്ചു തന്നുവെന്നും അനുശോചനസന്ദേശത്തിൽ ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാൽ ദൈവാലയം നിറഞ്ഞു കവിഞ്ഞു. 1400ൽപ്പരം പേർ തത്‌സമയ സംപ്രേഷണത്തിലൂടെ ദിവ്യബലി അർപ്പണത്തിന്റെ പങ്കുചേർന്നു. മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെയുള്ള പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പോലീസ് സംഘം എറിക്കിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. എറിക്ക് അടിയുറച്ച ക്രിസ്തുവിശ്വാസിയും ധീരനായ നിയമപാലകനുമായിരുന്നെന്ന് ചരമപ്രസംഗത്തിൽ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക വികാരി ഫാ. ജെയിംസ് ജാക്‌സൺ അനുസ്മരിച്ചു. ഏഴു മുതൽ 20 വയസുവരെയുള്ള ഏഴു മക്കളുടെ പിതാവുമായിരുന്നു എറിക്ക്.

2010ൽ തന്റെ 40-ാം വയസിലാണ് ഇദ്ദേഹം പൊലീസ് സേനയിൽ ചേർന്നത്. മാർച്ച് 22ന് ഗ്രോസറി സ്റ്റോറിൽ അക്രമി വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ സംഭവസ്ഥലത്ത് ആദ്യമെത്തി പ്രതിരോധം ഒരുക്കിയത് എറിക്കായിരുന്നു. അവിടെയുള്ളവരെ രക്ഷിക്കുന്നതിനിടയിൽ അക്രമിയുടെ വെടിയേറ്റ് എറിക് തൽക്ഷണം മരണപ്പെടുകയായിരുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് അഹമദ് അൽ അലിവി അലിസാ എന്ന 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?