Follow Us On

19

April

2024

Friday

ഉത്ഥിതന്റെ തിരുമുറിവിൽ അഭയം തേടണം; ‘ഉർബി എത്ത് ഒർബി’യിൽ പാപ്പയുടെ ആഹ്വാനം

ഉത്ഥിതന്റെ തിരുമുറിവിൽ അഭയം തേടണം; ‘ഉർബി എത്ത് ഒർബി’യിൽ പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: മരണത്തെ അതിജീവിച്ച ക്രിസ്തുനാഥൻ മാനവകുലത്തിനുള്ള പ്രതീക്ഷയാണെന്നും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശരീരത്തിൽ വഹിക്കുന്ന തിരുമുറിവുകൾ മനുഷ്യരോടുള്ള ശാശ്വത സ്‌നേഹത്തിന്റെ അടയാളമാണെന്നും ഫ്രാൻസിസ് പാപ്പ. ഈസ്റ്റർ തിരുക്കർമങ്ങളുടെ അവിഭാജ്യഭാഗമായ ‘ഉർബി എത്ത് ഒർബി’ (നഗരത്തിനും ലോകത്തിനുമുള്ള) ആശീർവാദത്തിനുമുമ്പ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സർവവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന സകലർക്കും ഉത്ഥിതന്റെ തിരുമുറിവുകളിൽ അഭയം തേടണമെന്നും അതിലൂടെ പ്രത്യാശയുടെ അനുഗ്രഹം സ്വീകരിക്കാനാകുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

മഹാമാരിയിൽ അകപ്പെട്ട ലോകമെമ്പാടുമുള്ള ജനങ്ങൾക്കുവേണ്ടിയും യുദ്ധക്കെടുതികളിലൂടെയും ആഭ്യന്ത പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്ന രാജങ്ങൾക്കുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. ഉറച്ച പ്രതീക്ഷയാണ് ഈസ്റ്റർ നൽകുന്നത്. എന്നാൽ, മഹാമാരിയും സാമൂഹിക, സാമ്പത്തിക അസമത്വങ്ങളും ഉൾപ്പെടെ ലോകം നേരിടുന്ന പ്രശ്‌നങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മാജിക് ഫോർമുലയല്ല ഈസ്റ്റർ സന്ദേശത്തിലുള്ളത്. മറിച്ച്, യേശു മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റു എന്ന പ്രത്യാശാനിർഭരമായ സന്ദേശമാണ് ഈസ്റ്റർ സമ്മാനിക്കുന്നത്.

കോവിഡ് മൂലം കഷ്ടപ്പെടുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ഉത്ഥാനം ചെയ്തവൻ പ്രത്യാശ പകരുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകർക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. ജോലി നഷ്ടപ്പെട്ടവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കും ഉയിർത്തെഴുന്നേറ്റവൻ പ്രതീക്ഷ പകരുന്നു. മഹാമാരിമൂലം സ്‌കൂളുകളിൽ പോകാതെയും സുഹൃത്തുക്കളെ കാണാതെയും ഏകാന്തത അനുഭവിക്കുന്ന യുവാക്കളെയും കുട്ടികളെയും പാപ്പ അനുസ്മരിച്ചു.

എല്ലാവർക്കും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിലുള്ളവർക്കു വാക്‌സിൻ വിതരണം ചെയ്യുന്നതിലുള്ള തടസങ്ങൾ അന്താരാഷ്ട്ര സമൂഹം വേഗം പരിഹരിക്കണം. ഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരാണ് എവിടെയും ക്ലേശിക്കുന്നത്. ഇതൊക്കെയാണെങ്കിലും ലോകത്തുള്ള സായുധ സംഘർഷങ്ങൾ അവസാനമില്ലാതെ തുടരുന്നു. രാജ്യങ്ങൾ ആയുധക്കോപ്പുകൾ സംഭരിച്ചുകൊണ്ടിരിക്കുന്നതിനെയും പാപ്പ അപലപിച്ചു. കുരിശിനെ ആശ്ലേഷിച്ച ക്രിസ്തുവിന്റെ ആത്മീയശക്തിയാൽ മാനുഷിക യാതനകൾക്ക് അർത്ഥം കണ്ടെത്തുന്ന സൗഖ്യദാനയ ചൈതന്യം ലോകത്ത് എവിടെയും പ്രബലപ്പെടട്ടെയെന്ന ആശംസയോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

തുടർന്ന്, സകല ജനത്തിനുമായി ഫ്രാൻസിസ് പാപ്പ ദണ്ഡവിമോചന ഫലപ്രാപ്തിയുള്ള ‘ഉർബി എത്ത് ഒർബി’ ആശീർവാദം നൽകി. സെന്റ് പീറ്റേഴ്‌സ് ചത്വരമാണ് ‘ഉർബി എത്ത് ഒർബി’ ആശീർവാദത്തിന് വേദിയാകാറുള്ളതെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തേതുപോലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽനിന്നാണ് ഇത്തവണയും സന്ദേശം നൽകിയത്. ഈസ്റ്റർ ദിവ്യബലി അർപ്പിച്ച ഉടൻതന്നെയായിരുന്നു ‘ഉർബി എത്ത് ഒർബി’ സന്ദേശം നൽകിയത്. ശാലോം വേൾഡ് ഉൾപ്പെടെയുള്ള നിരവധി മാധ്യമങ്ങൾ പാപ്പയുടെ ഈസ്റ്റർ തിരുക്കർമങ്ങളും ‘ഉർബി എത്ത് ഒർബി’ ആശീർവാദവും തത്‌സമയം ലഭ്യമാക്കി.

ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ലഭ്യമാക്കുന്ന
സൺഡേ ശാലോമിന്റെ വാട്‌സ്അപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?