Follow Us On

19

April

2024

Friday

കഷ്ടതകളിലും ക്രിസ്തു ഞങ്ങൾക്കൊപ്പമുണ്ട്; സിറിയയുടെ പ്രത്യാശ പങ്കുവെച്ച് ബിഷപ്പിന്റെ ഈസ്റ്റർ സന്ദേശം

കഷ്ടതകളിലും ക്രിസ്തു ഞങ്ങൾക്കൊപ്പമുണ്ട്; സിറിയയുടെ പ്രത്യാശ പങ്കുവെച്ച് ബിഷപ്പിന്റെ ഈസ്റ്റർ സന്ദേശം

അലപ്പോ: ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോകുമ്പോഴും സിറിയൻ ക്രൈസ്തവരുടെ ക്രിസ്തുവിശ്വാസവും ഉത്ഥാനപ്രതീക്ഷകളും ഉയർത്തിക്കാട്ടി അലപ്പോയിലെ മെൽക്കൈറ്റ് ആർച്ച്ബിഷപ്പ് ജീൻ ക്ലമന്റ് ജീൻബർട് പങ്കുവെച്ച ഈസ്റ്റർ സന്ദേശം ശ്രദ്ധേയമാകുന്നു. സമാനതകളില്ലാത്ത കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും ക്രിസ്തു തങ്ങൾക്കൊപ്പമുണ്ടെന്ന അദ്ദേഹത്തിന്റെ സാക്ഷ്യം, ലോകജനതയുടെ ഹൃദയത്തെ തൊടും. സിറിയൻ ജനത നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈസ്റ്റർ സന്ദേശം.

ആഭ്യന്തര യുദ്ധം ഒരു ദശാബ്ദാം പിന്നിടുമ്പോഴത്തെ ഈസ്റ്ററുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ‘നാഷണൽ കാത്തലിക് രജിസ്റ്റർ’ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ യേശുക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക എന്നതിന്റെ പൊരുളെന്ത്, കഴിഞ്ഞ ദശകത്തിൽ ദൈവസാന്നിധ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന ചോദ്യങ്ങളാണ് മാധ്യമം ഉന്നയിച്ചത്. സാമ്പത്തിക ഉപരോധം ഉൾപ്പെടെ സിറിയൻ ജനത നേരിടുന്ന പ്രതിസന്ധികളെ അക്കമിട്ട് നിരത്തുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ പ്രത്യാശാ നിർഭരമായിരുന്നു.

‘സമാധാനം തിരിച്ചെത്തുമെന്നും, എല്ലാ ഉപരോധങ്ങളും ബഹിഷ്‌ക്കരണങ്ങളും ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്ന സർവവിധ വെല്ലുവിളികളും അപ്രത്യക്ഷമാകുമെന്നും ഈ ഉത്ഥാന തിരുനാൾ പ്രത്യാശ നൽകുന്നു. കാരണം ആളുകൾക്ക് സ്വയം പിന്തുണയ്ക്കാനും ജീവിക്കാനുമുള്ള സാധാരണ സാധ്യതയില്ല. ഞങ്ങളുടെ ആളുകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എന്നിരുന്നാലും, തന്റെ ജനത്തിന്റെ കഷ്ടപ്പാടുകൾക്ക് ഇടയിൽ യേശു സന്നിഹിതനാണെന്നത് എനിക്ക് അനുഭവവേദ്യമാണ്.’ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.

സാമ്പത്തിക ഞെരുക്കങ്ങൾ വളരെ രൂക്ഷമാണ്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാധ്യതകൾ പോലും ഇല്ലാതായി. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നില്ല. ജീവിക്കാനാവശ്യമായ വസ്തുവകകളാണ് ഇപ്പോൾ ആവശ്യം. ജനങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ‘എയ്ഡ് ടു ചർച്ച് ഇൻ നീഡ്’ ഇക്കാര്യത്തിൽ നൽകുന്ന പിന്തുണയെയും ശ്ലാഘിച്ചു. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാൻ അമേരിക്കൻ ക്രൈസ്തവരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു അദ്ദേഹം.

അറബ് വസന്തത്തിന്റെ ഭാഗമായി സിറിയൻ ജനത 2011ൽ ബഷാർ അൽ അസാദ് ഭരണകൂടത്തിനെതിരെ ആരംഭിച്ച പ്രതിഷേധം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. യുദ്ധം 10 വർഷം പിന്നിടുമ്പോൾ 387,000 പേർ കൊല്ലപ്പെട്ടെന്നും 205,000 പേരെ കാണാതായെന്നുമാണ് റിപ്പോർട്ടുകൾ. അഞ്ച് ദശലക്ഷത്തിൽപ്പരം പേർ രാജ്യത്തുനിന്ന് പലായനം ചെയ്‌തെന്നും ആറ് ദശലക്ഷം പേർ ആന്തരികമായി പലായനം ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകൾ. നിലവിൽ, 13 ദശലക്ഷത്തിൽപ്പരം പേർ അടിയന്തിര സഹായം ലഭ്യമാക്കേണ്ട സാഹചര്യത്തിലാണ് ജീവിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?