സാത്താൻ ആരാധനാകേന്ദ്രങ്ങളും സെക്ടുകളും ലോകമെങ്ങും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാവിശ്വാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകുന്നു, പ്രമുഖ വചനപ്രഘോഷകൻ ഫാ. ജെയിംസ് മഞ്ഞാക്കൽ MSFS
വർഷങ്ങൾക്കുമുമ്പ് മെഡ്ജുഗോറിയിൽ ഒരു ധ്യാനത്തിന് നേതൃത്വംകൊടുക്കുകയായിരുന്നു. ശിരസിൽ കൈവെച്ചു പ്രാർത്ഥിക്കുന്നതിനായി നിരവധിപേർ ധ്യാനഹാളിനു വെളിയിൽ തടിച്ചുകൂടിയിരുന്നു. എല്ലാവരും ക്യൂ നിൽക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ 97 രാജ്യങ്ങളിൽ വചനപ്രഘോഷണം നടത്തിയിട്ടുണ്ടെങ്കിലും ക്രൊയേഷ്യക്കാരെപ്പോലെ വിശ്വാസമുള്ള ഒരു ജനതയെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ഒരു നോട്ടമോ ഒരു സ്പർശമോ തിരുവസ്ത്ര ത്തിന്റെ ഒരു ഉരസലോ മതി അവർക്കു രോഗശാന്തി കിട്ടാൻ.
ധ്യാനഹാളിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം പ്രാർത്ഥനയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരുടെയും തലയിൽ തൊട്ട് ദൈവം അനുഗ്രഹിക്കട്ടെ, സുഖപ്പെടുത്തട്ടെ എന്നൊക്കെ ധൃതിയിൽ പ്രാർത്ഥിച്ചു പോകാനേ തരമുള്ളൂ. അന്ന് അവിടെ ഡയറക്ടറായിരുന്ന ഫാ. സ്ലാവുകോ എല്ലാവരെയും വരിവരിയായി നിർത്തുകയാണ്.
ആ സമയത്ത് ഒരു സ്ത്രീ അച്ചന്റെ നേരെ പാഞ്ഞുചെന്നു പറഞ്ഞു: ‘എനിക്ക് ക്യൂ നിൽക്കാൻ പറ്റില്ല. വേഗം എനിക്ക് തിരിച്ച് പോകണം.’ ഒരു മന്ദസ്മിതത്തോടെ അച്ചൻ മറുപടി പറഞ്ഞു; ‘ആദ്യം വരുന്ന വർ ആദ്യം.’ അച്ചനെ ക്രുദ്ധമായി നോക്കി മുഖത്ത് ആഞ്ഞു തുപ്പിക്കൊണ്ട,് ‘എനിക്കറിയാം എന്തു ചെയ്യണമെന്ന്’ എന്ന് ആക്രോശിച്ചുകൊണ്ട്, ശകാരവാക്കുകളും അസഭ്യങ്ങളും പറഞ്ഞുകൊണ്ട് എന്റെ കഴുത്തിനു പിടിക്കാൻ അവർ ഓടിയെത്തി. ദൈവകൃപയാൽ നാലഞ്ചു ക്രൊയേഷ്യൻ ശുശ്രൂഷകർ അവളെ തടയുകയും പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെയുള്ള പിശാചുബാധിതർ, മദ്യപർ, മയക്കുമരുന്നിനടിമകൾ, മാനസികരോഗികൾ എന്നിവരുടെ അക്രമങ്ങൾ പതിവായതിനാൽ സംരക്ഷണത്തിനായി സുരക്ഷാ ഭടന്മാരെ നിയോഗിക്കാറുണ്ട്. എന്റെ മുഖത്തു കാർക്കിച്ചു തുപ്പിക്കൊണ്ട്, ധരിച്ചിരുന്ന ഉടുപ്പിന്റെ ബട്ടണുകൾ മാറ്റിക്കൊണ്ട്, ആ സ്ത്രീ ആക്രോശിക്കാൻ തുടങ്ങി: ‘എടാ പാവപ്പെട്ട ഇന്ത്യക്കാരാ, താനെന്തിന് ഞങ്ങളെ ഓടിക്കാൻ ഇവിടെ വന്നു. ഞങ്ങളും ഇന്ത്യയിൽനിന്നു വന്നവരാണ്. ഞങ്ങൾ ഇവളിൽനിന്നു വിട്ടുപോവില്ല.’
പിശാചിന്റെ ഉറച്ച ബന്ധനമാണ് ഇതിന് പിന്നിലെന്ന് എനിക്കു മനസ്സിലായി. ഇവൾക്കുവേണ്ടി പ്രാർത്ഥിക്കാൻ സ്ലാവുക്കോ അച്ചനും ഓടിയെത്തി. ഇവൾക്കുവേണ്ടി മാതാവിന്റെ സ്തുതിക്കായി ഒരു വെള്ളിയാഴ്ച ഉപവസിക്കുവാനും ഒൻപത് കുർബാനകൾ അർപ്പിക്കാനും ഞങ്ങൾ തീരുമാനിച്ചു. ദൈവത്തെ സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴും അവൾ ശാപവാക്കുകൾ തുടരുകയായിരുന്നു. ‘നിങ്ങളുടെ കള്ളക്കുർബാനയും പ്രായശ്ചിത്തവും ഒന്നും ഞങ്ങളെ ഓടിക്കില്ലെടാ… എടോ കള്ള ജയിംസച്ചാ, ഞങ്ങളും ഇന്ത്യക്കാരാണ്.’
ലൂസിഫർമുതൽ മിസ്റ്റർ യോഗവരെ
ഇത്തരം പിശാചുബാധിതരെ ആദ്യം കാണുകയാണെന്ന് ഫാ. സ്ലാവുക്കോ പറഞ്ഞു. അഞ്ചു തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ബനഡിക്‌ടൈൻ ക്രൂശിതരൂപത്തിന്റെയും ഹന്നാൻ വെള്ളത്തിന്റെയും സാന്നിധ്യത്തിൽ ആ വെള്ളക്കാരിയോടു പേരു ചോദിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ‘ലൂസിഫർ’ എന്നു പറഞ്ഞു. പിശാചുബാധിതരിൽ ബഹുഭൂരിപക്ഷവും പറയുന്ന പേരാണിത്. പിന്നീട് തുടർച്ചയായുള്ള ചോദ്യത്തിൽ, താൻ കാളിയാണെന്നും മിസ്റ്റർ യോഗയാണെന്നുമൊക്കെയായിരുന്നു മറുപടി. ഞാൻ അവളുടെ മറുപടിയിലെ പൊരുത്തക്കേടുകളാണ് ശ്രദ്ധിച്ചത്. ഏറെ നേരത്തെ വിടുതൽ പ്രാർത്ഥനയ്ക്കുശേഷം കുരിശുരൂപം ചുംബിപ്പിച്ചു ഹന്നാൻ വെള്ളം തളിച്ചപ്പോൾ അവൾ നിലംപതിച്ചു.
സുബോധം കിട്ടി എഴുന്നേറ്റപ്പോൾ ഞങ്ങളുടെ മുഖത്തു തുപ്പിയതിനും അസഭ്യം പറഞ്ഞതിനും ക്ഷമാപണംനടത്തി. അവൾ തന്റെ ജീവിതകഥ പറയാൻ തുടങ്ങി. എന്നും ദിവ്യബലിയിൽ പങ്കുകൊള്ളുകയും ജപമാല ചൊല്ലുകയും ചെയ്തിരുന്ന അവളുടെ പേര് അനിത എന്നാണ്. ലണ്ടനിലെ തന്റെ ക്ലിനിക് അവൾ പിശാചിനു സമർപ്പിച്ചിരുന്നു. പൈശാചികതയുടെ പ്രതീകമായ നിരവധി ചിത്രങ്ങളും പ്രതിമകളും അവിടെ സ്ഥാപിക്കുകയുംചെയ്തു. എല്ലാ വർഷവും ഇന്ത്യയിലെത്തി അനിത ഇവിടത്തെ ‘മനുഷ്യദൈവങ്ങളെ’ സന്ദർശിക്കുക പതിവായിരുന്നു. ‘യോഗ’യിലൂടെയാണ് അവൾ ദിവസം ആരംഭിക്കുന്നത്. ക്ലിനിക്കിൽ വരുന്ന രോഗികളോടും ഇവ നല്ലതാണെന്നും നിത്യേന ചെയ്യണമെന്നും ഉപദേശിച്ചിരുന്നു.
അവൾ കുമ്പസാരിച്ചിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞിരുന്നു. കുമ്പസാരിക്കാൻ പോകുമ്പോഴെല്ലാം അവളെ ഏതോ അജ്ഞാതശക്തി തടഞ്ഞുനിർത്തുമായിരുന്നുവത്രേ. ‘വൈദികർ പാപികളാണ.് അവരോടു കുമ്പസാരിക്കരുത്’ എന്ന് അവളുടെ ഉള്ളിൽ കുടികൊണ്ട പൈശാചികശക്തി അവളെ ഓർമിപ്പിക്കും. ഒടുവിൽ ബന്ധനത്തിൽനിന്നും പ്രാർത്ഥനയിലൂടെ വിമുക്തയായ അവൾ ഒരു നല്ല കുമ്പസാരം നടത്തി. ലണ്ടനിൽ തിരിച്ചെത്തിയ അവൾ തന്റെ ക്ലിനിക്ക് വിറ്റ് മറ്റൊരുസ്ഥലത്ത് ഒരു ഇംഗ്ലീഷ് ഫാർമസി നടത്തി, ഒരു ഉത്തമ കത്തോലിക്കാജീവിതം നയിക്കുകയാണിപ്പോൾ.
ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ
പിശാചിനെ ആരാധിച്ചിരുന്നവരും സാത്താന്റെ ആലയങ്ങളിലെ അംഗങ്ങളായിരുന്നവരുമായ നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ യൂറോപ്പിൽ കഴിഞ്ഞ കുറേയേറെ വർഷങ്ങൾക്കിടയിൽ സംഘടിപ്പിച്ച ധ്യാനങ്ങളിലൂടെ എനിക്കറിയാനായിട്ടുണ്ട്. അവരിൽനിന്നാണ് അവരുടെയിടയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനിടയായത്. ദൈവത്തെയും ക്രിസ്തുവിനെയും തള്ളിപ്പറഞ്ഞ്, ക്രൂശിതരൂപവും മാതാവിന്റെ രൂപവും തകർത്തുകൊണ്ടും അവർ പിശാചിനെ ‘നാഥ’നായി സ്വീകരിച്ചു. അവന്റെ ശക്തിയിൽ ജീവിതം നയിച്ചു.
ദൈവാലയങ്ങളിൽനിന്നും തിരുവോസ്തി കരസ്ഥമാക്കി ക്രിസ്തുവിനെ അവഹേളിക്കാൻ ആ ഗ്രൂപ്പുകളിലെ നേതാക്കന്മാർ ഏതു മാർഗവും സ്വീകരിക്കുന്നതിനും എത്ര പണവും മുടക്കുന്നതിനും തയാറാണ്. ഇവരുടെ ഗ്രൂപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ അറപ്പും വെറുപ്പും ഉണ്ടാക്കുന്നവയാണ്. മദ്യമയക്കുമരുന്നു സേവയും ലൈംഗിക അരാജകത്വവും അരങ്ങേറുന്നതാണ് ഇത്തരം കൂട്ടായ്മകൾ. ചിലർ ക്രൂശിതരൂപം തല കീഴായാണ് ധരിക്കുന്നത്. അപ്രകാരം പച്ചകുത്തും. ക്രൂശിതരൂപമോ മാതാവിന്റെ തിരുരൂപമോ കണ്ടാൽ കാർക്കിച്ചു തുപ്പും!
പിശാചിലും അവന്റെ കുതന്ത്രങ്ങളിലുമുള്ള വിശ്വാസമാണ് യൂറോപ്പിലെ വിശ്വാസജീവിതത്തെ തകർത്തതിൽ പ്രധാനഘടകം. യൂറോപ്പിൽ 45% പേരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരാണെന്നും 26%പേർ പിശാചിനെ ആരാധിച്ച് പിശാചിന്റെ ബന്ധനത്തിലകപ്പെട്ടവരുമാണെന്ന് ജർമനിയിലെ ഒരു പ്രമുഖ ദിനപത്രം കുറച്ചുനാൾമുമ്പ്
റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. ഇന്ത്യയിൽനിന്നോ ടിബറ്റിൽനിന്നോ അഭ്യസിച്ച യോഗ മാസ്റ്റർമാർ, റെയ്കി മാസ്റ്റർമാർ, മന്ത്ര-തന്ത്രകൂടോത്രവാദികൾ എല്ലാം യൂറോപ്പിൽ ധാരാളമുണ്ട്.
ജാഗരൂകരായില്ലെങ്കിൽ…
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? മേൽപറഞ്ഞവയൊക്കെ തെറ്റാണെന്നും അവയെ നിരാകരിച്ച് യേശുവിൽമാത്രം വിശ്വസിച്ചും സഭാനിയമങ്ങൾ അനുസരിച്ചും ജീവിക്കണമെന്ന് വിശ്വാസികളോട് ഉപദേശിക്കുന്ന വൈദികരുടെ എണ്ണം കുറയുന്നുവെന്നതുതന്നെ ഒന്നാമത്തെ കാരണം. ദൈവാലയപ്രസംഗങ്ങൾ വിരസമാകുന്നു. ഇടവകകളിലൊന്നുംതന്നെ വേദപാഠക്ലാസുകൾ ഇല്ല. കേരളത്തിൽ 12 ക്ലാസുവരെ മതപഠന ക്ലാസുകളുണ്ട് എന്നു ഞാൻ ഇവരോട് പറയുമ്പോൾ അവരുടെ മറുപടി പുച്ഛം കലർന്നതാണ്. ‘ജോലിയില്ലാത്ത ഇന്ത്യക്കാർക്ക് അവ പറ്റും, ഞങ്ങൾക്കിതിനൊന്നും നേരമില്ല.’
‘അജ്ഞത നിമിത്തം എന്റെ ജനം നശിച്ചു’ എന്ന് ഹോസിയാ പ്രവാചകൻ പറഞ്ഞത് ഇവിടെ അന്വർത്ഥമാണ്. ക്രിസ്തു ആര്, കൂദാശകൾ എന്ത്, പ്രാർത്ഥനയുടെ ആവശ്യം എന്ത് എന്നൊന്നും ആരും ഇവരോട് ഉപദേശിച്ചു കൊടുത്തിട്ടില്ല. എന്തുകൊണ്ടിവർ പിശാചിന്റെ ശക്തികളിലേക്ക് പോകുന്നുവെന്നു ചോദിച്ചാൽ, എവിടെയെങ്കിലും ഒരു ശക്തി കണ്ടുപിടിക്കണമല്ലോ? അതുകൊണ്ടവർ പോകുന്നു.
എല്ലാ മനുഷ്യരിലും ഉള്ളിന്റെയുള്ളിൽ ദൈവത്തെ കണ്ടെത്താനുള്ള ആശ കുടികൊള്ളുന്നുണ്ടല്ലോ. മനുഷ്യൻ ദൈവത്തെ, അവന്റെ ഹൃദയാഭിലാഷത്തിന്റെ വിഷയത്തെ കണ്ടെത്താനാകാതെ വരുമ്പോൾ, മറ്റേതെങ്കിലും വിഷയത്തെ തേടിപ്പോവുക സ്വാഭാവികമാണ്. സജീവമായ പ്രാർത്ഥനാനുഭവങ്ങളും കൂദാശാനുഭവങ്ങളും ഇവർക്ക് കൊടുത്തിരുന്നെങ്കിൽ അവർ ഇപ്രകാരം പിശാചിന്റെ പിന്നാലെ പോവില്ലായിരുന്നു.
മനുഷ്യൻ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നതിന് ഒരു കാരണം അവരുടെ ജീവിതപ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം കണ്ടെത്താനാണ്. ധ്യാനങ്ങളിലും പ്രാർത്ഥനകളിലും പങ്കുകൊണ്ടിട്ടുള്ള പലരും പറയുന്ന സാക്ഷ്യമിതാണ്: ‘ഇപ്രകാരം ശക്തിയനുഭവങ്ങളും സന്തോഷവും സംതൃപ്തിയും നൽകുന്നതാണ് കത്തോലിക്കാസഭയെന്നറിഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ ഒരിക്കലും അതുവിട്ടു മറ്റു മാർഗങ്ങളിലേക്ക് പോവില്ലായിരുന്നു.’
കേരളസഭയിലുണ്ടായ കരിസ്മാറ്റിക് പ്രാർത്ഥനകളും അനുഭവം നൽകുന്ന ദിവ്യബലികളുമാണ് ഇന്ന് മലയാളികളെ ക്രിസ്തുവിലുള്ള വിശ്വാസത്തിലും സഭയിലും പിടിച്ചു നിർത്തുന്നത്. പാശ്ചാത്യസംസ്‌ക്കാരവുമായി ഇടപഴകുന്ന ജീവിതസാഹചര്യങ്ങളിൽ മേൽപ്പറഞ്ഞ അപകടസാധ്യത തിരിച്ചറിഞ്ഞ് നാം കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ നാമും അതിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ട്. അജ്ഞത നിമിത്തം ജനം നശിച്ചുപോവാതിരിക്കാൻ കൂടുതൽ ജാഗരൂകരാകേണ്ട കാലമാണിതെന്നത് വിസ്മരിക്കരുത്.
Leave a Comment
Your email address will not be published. Required fields are marked with *