Follow Us On

19

April

2024

Friday

ഇറാഖിലെ പേപ്പൽ പര്യടനം: പ്രത്യാശയ്‌ക്കൊപ്പം ഇറാഖിന് പാപ്പ നൽകി 3.5 ലക്ഷം ഡോളർ!

ഇറാഖിലെ പേപ്പൽ പര്യടനം: പ്രത്യാശയ്‌ക്കൊപ്പം ഇറാഖിന് പാപ്പ നൽകി 3.5 ലക്ഷം ഡോളർ!

ഇർബിൽ: ചരിത്രപരമായ അജപാലന സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് പാപ്പ ഇറാഖി ജനതയ്ക്ക് നൽകിയത് പ്രത്യാശ മാത്രമല്ല, മൂന്നര ലക്ഷം ഡോളറിന്റെ സഹായവും. മഹാമാരിയും മറ്റു സംഘർഷങ്ങളും മൂലം ദുരിതത്തിലായ ഇറാഖീ ജനതയ്ക്ക് ലഭ്യമാക്കാൻവേണ്ടി പാപ്പ ഇത്രയും തുക കൈമാറിയ വിവരം കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോയാണ് വെളിപ്പെടുത്തിയത്. ഇറാഖി ജനതയോടുള്ള പാപ്പയുടെ അഗാധമായ സ്‌നേഹത്തിന്റെ അടയാളമാണ് ഈ സമ്മാനമെന്നും വാർത്താ ഏജൻസിയായ ‘ഫീദെസി’നോട് അദ്ദേഹം പറഞ്ഞു.

‘തുകയിൽ രണ്ടര ലക്ഷം ഡോളർ ബാഗ്ദാദ് അതിരൂപതയിലേക്കും അര ലക്ഷം ഡോളർ മൊസൂളിലെ കൽദായ അതിരൂപതയിലേക്കും അര ലക്ഷം ഡോളർ ക്വാരഘോഷ് ഉൾപ്പെടുന്ന സീറോ കാത്തലിക് അതിരൂപതയിലേക്കും അയച്ചിട്ടുണ്ട്,’ കർദിനാൾ പറഞ്ഞു. ഈ തുക വിനിയോഗിച്ച് 12,000ൽപ്പരം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജാതി മത പരിഗണനകൾക്കപ്പുറം നജഫ്, ബസ്ര, കിർകുക്, സഖോ എന്നിവിടങ്ങളിൽ ഏറ്റവും ആവശ്യത്തിലായിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്.

സന്ദർശനത്തിനും സംഭവനയ്ക്കും നന്ദി അറിയിച്ചുകൊണ്ട് കർദിനാൾ ലൂയിസ് സാക്കോ പാപ്പയ്ക്ക് കത്തെഴുതിയിരുന്നു. ചരിത്രപരമായ സന്ദർശനത്തിന് പാപ്പയെ നേരിൽ കണ്ട് നന്ദി അർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച കർദിനാൾ സാകോ, മഹാമാരി അതിന് തടസമായി നിൽക്കുന്ന കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി. ‘ഇറാഖ് എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും,’ എന്ന പാപ്പയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട് പാപ്പയുടെ പ്രാർത്ഥന എപ്പോഴും തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി.

‘പാപ്പയുടെ സന്ദർശനത്തിലൂടെ ക്രൈസ്തവരായ ഞങ്ങളുടെ ഒരു വലിയ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. നിലനിൽക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും പ്രത്യാശയും വിശ്വാസവും വളർത്താനും ഞങ്ങൾക്ക് ശക്തമായ പിന്തുണയുമാണ് ആ പേപ്പൽ സന്ദർശനം.’ ഇറാഖിലേത് ജീവസുറ്റതും ശക്തവുമായ സഭയാണെന്ന പാപ്പയുടെ വാക്കുകൾ, കാത്തിരിക്കാനും ഉത്സാഹത്തോടെ മുന്നോട്ടുപോകാനും തങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ഇറാഖ് സന്ദർശിച്ച ആദ്യത്തെ കത്തോലിക്കാ സഭാ തലവനാണ് ഫ്രാൻസിസ് പാപ്പ. മാർച്ച് ആഞ്ചു മുതൽ എട്ടുവരെ നടത്തിയ പര്യടനത്തിൽ ബാഗ്ദാദ്, എർബിൽ, മൊസൂൾ, ക്വാരഘോഷ്, ഊൗർ എന്നിവിടങ്ങളിലാണ് പാപ്പ എത്തിയത്. ക്രൈസ്തവരെ സന്ദർശിച്ചതിനൊപ്പം ഭരണാധികാരികളുമായും ഉന്നത ഷിയാ നേതാവുമായും നടത്തിയ കൂടിക്കാഴ്ചകൾ ക്രിയാത്മകമായ ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാഖിലെ ക്രൈസ്തവ ജനത.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?