Follow Us On

14

April

2021

Wednesday

ഉത്ഥിതനാം ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുത്: ‘ഈസ്റ്റർ മൺഡേ’യിൽ പാപ്പയുടെ ആഹ്വാനം

ഉത്ഥിതനാം ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുത്: ‘ഈസ്റ്റർ മൺഡേ’യിൽ പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ജീവൻ സമൃദ്ധമായി നൽകുന്ന ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ‘ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനുമേൽ മരണത്തിന് അധികാരമില്ല,’ എന്ന സന്തോഷകരമായ പെസഹാ വിളംബരം ഹൃദയങ്ങളിലും കുടുംബങ്ങളിലും സ്വീകരിച്ച് ആത്മീയാനുഭവത്തിലേക്ക് വളരാനും പാപ്പ ആഹ്വാനം ചെയ്തു. യേശുവിന്റെ കല്ലറയിലെത്തിയ സ്ത്രീകളുമായുള്ള ദൈവദൂതന്റെ കൂടിക്കാഴ്ച അനുസ്മരിക്കുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യിൽ (മൺഡേ ഓഫ്എയ്ഞ്ചൽ) പ്രാർത്ഥന നയിക്കുകയായിരുന്നു പാപ്പ. ഈസ്റ്ററിന്റെ പിറ്റേന്നുള്ള ഈ ആഘോഷദിനത്തെ ‘ഈസ്റ്റർ മൺഡേ’ എന്നും വിശേഷിപ്പിക്കാറുണ്ട്.

‘അവൻ ഉയിർത്തെഴുന്നേറ്റു’ എന്ന പ്രയോഗം മാനുഷികമായ ശക്തിക്ക് അതീതമാണ്. ശവകുടീരത്തിൽ എത്തിയപ്പോൾ, തുറന്നതും ശൂന്യവുമായ കല്ലറ കണ്ടെത്തിയ സ്ത്രീകൾക്കു പോലും ‘അവൻ ഉയിർത്തെഴുന്നേറ്റു’ എന്ന് പറയാൻ കഴിഞ്ഞില്ല, കല്ലറ ശൂന്യമായിരുന്നുവെന്ന് മാത്രം അവർ പറയുന്നു. യേശു ഉയിർത്തെഴുന്നേറ്റെങ്കിൽ അത് പറയാൻ കഴിയുന്നത് സ്വർഗീയ ദൂതന്റെ ശക്തിയാൽ, ദൈവദത്തമായ അധികാരത്തോടെ, ഒരു മാലാഖയ്ക്ക് മാത്രമായിരുന്നു. ‘നീ ഒരു പുത്രനെ ഗർഭം ധരിക്കും… അവൻ അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും,’ (ലൂക്കാ 1:31) എന്ന മാലാഖയുടെ ദൂതിന് സമാനമാണത്.

ശവകുടീരത്തിന്റെ കല്ലിൽ ഇരിക്കുന്ന മാലാഖയുടെ രൂപം തിന്മയ്‌ക്കെതിരായ ദൈവീക വിജയത്തിന്റെ, ഈ ലോക പ്രഭുത്വത്തിനെതിരെ ക്രിസ്തു നേടിയ വിജയത്തിന്റെ, ഇരുളിന്റെ മേൽ വെളിച്ചം നേടിയ വിജയത്തിന്റെ സമൂർത്തവും ദൃശ്യവുമായ ആവിഷ്‌ക്കാരമാണ്. യേശുവിന്റെ കല്ലറ തുറക്കപ്പെട്ടത് ഒരു ഭൗതിക പ്രതിഭാസമല്ല, മറിച്ച് കർത്താവിന്റെ ഇടപെടലാണ്. ദൈവത്തിന്റെ ഈ ഇടപെടലിനു മുന്നിൽ ഒരു ഇരട്ട പ്രതികരണം ഉണ്ടാകുന്നു. ദൈവത്തിന്റെ അത്യധികമായ ആ ശക്തിയെ നേരിടാൻ കഴിയാത്ത കാവൽക്കാരുടേതാണ് അതിലാദ്യത്തേത്.

ആ പാവങ്ങൾ, സത്യത്തെ വിൽക്കുന്നു. കാശു വാങ്ങിയ അവർ ‘ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിച്ചുകൊണ്ടു പോയി,’ എന്ന് പ്രചരിപ്പിക്കുന്നു. ഇവിടെപോലും, ക്രിസ്തുവിന്റെ ഉത്ഥാനസംഭവത്തിൽ, പണമെന്ന ‘യജമാനൻ’ ഉത്ഥാനത്തെ നിരാകരിക്കാൻ അധികാരം കാട്ടുന്നു. എന്നാൽ, സ്ത്രീകളുടെ പ്രതികരണം വളരെ വ്യത്യസ്തമായിരുന്നു. കാരണം, ഭയപ്പെടരുതെന്ന ആഹ്വാനവുമായി കർത്താവിന്റെ ദൂതൻ അയച്ചവരാണ് അവർ.

മാലാഖയുടെ വാക്കുകളിൽനിന്ന് നമുക്ക് വിലയേറിയ ഒരു പാഠം പഠിക്കാനാകും. താനുമായി കണ്ടുമുട്ടുന്നവർക്ക് ജീവൻ സമൃദ്ധമായി നൽകുന്ന ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുത് എന്നതാണത്. ക്രിസ്തുവിനെ കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുക എന്നാണ് അർത്ഥം. സുവിശേഷത്തിലെ അതേ സ്ത്രീകൾ പ്രാരംഭ അസ്വസ്ഥതയ്ക്കുശേഷം, ഗുരുവിനെ ജീവനോടെ വീണ്ടും കണ്ടെത്തിയതിൽ വലിയ സന്തോഷം അനുഭവിച്ചുവെന്ന് നാം മനസിലാക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?