Follow Us On

25

June

2021

Friday

മൊസാംബിക്കിലെ ഭീകരാക്രമണം: ഇടവകജനത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല, ആശങ്കയോടെ വൈദികൻ

മൊസാംബിക്കിലെ ഭീകരാക്രമണം: ഇടവകജനത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല, ആശങ്കയോടെ വൈദികൻ

മ്യാപുട്ടോ: ഐസിസുമായി ബന്ധമുള്ള തീവ്രവാദികൾ കൂട്ടക്കൊല നടത്തുകയും നിയന്ത്രണത്തിലാക്കുകയും ചെയ്ത മൊസംബിക്കിലെ പൽമ നഗരം സുരക്ഷാസൈന്യം തിരിച്ചുപിടിച്ചെങ്കിലും പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെളിപ്പെടുത്തി വൈദികൻ. പീഡിത ക്രൈസ്തവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് (എ.സി.എൻ) നൽകിയ അഭിമുഖത്തിലാണ് പ്രദേശത്തെ വിശ്വാസീസമൂഹത്തെ നയിക്കുന്ന ഫാ. അന്റോണിയോ ചാംബോകോ നടുക്കമുളവാക്കുന്ന ഇക്കാര്യം വെളിപ്പെടുത്തിയത്.

മാർച്ച് 24 നാണ്, രാജ്യത്തെ സുപ്രധാനമായ പ്രകൃതി വാതക ഖനനമേഖലയ്ക്ക് സമീപമുള്ള പാൽമ നഗരത്തിനുനേരെ ഭീകരാക്രമണം ഉണ്ടായത്. നിരവധി വാഹനങ്ങളിലെത്തിയ ഭീകരരുടെ അക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് അര ലക്ഷം ജനസംഖ്യയുടെ നഗരം അവർ നിയന്ത്രണത്തിലാക്കുകയും ചെയ്തു. മാർച്ച് 29നാണ് ഐസിസുമായി ബന്ധപ്പെട്ട തീവ്രവാദസംഘമാണെന്ന് അവർ പ്രഖ്യാപിച്ചത്. എ.കെ 47 റൈഫിളുകളും അത്യാധുനിക മെഷീൻ ഗണ്ണുകളും മോർട്ടാറുകളുമായിട്ടായിരുന്നു ആക്രമണം. ശിരസ് അറുത്തും നിരവധിപേരെ കൊലപ്പെടുത്തിയിട്ടുണ്ട്.

11 ദിവസത്തെ ആക്രമണത്തിനുശേഷം, ഏപ്രിൽ നാലിന് രാജ്യത്തിന്റെ സായുധ സൈന്യം ഭീകരരിൽനിന്ന് നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. എന്നാൽ ആക്രമണത്തെ തുടർന്ന് പല സ്ഥലങ്ങളിലേക്ക് ചിതറിക്കപ്പെട്ട വിശ്വാസീസമൂഹത്തെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമാകാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിരവധി പേർ പ്രാണരക്ഷാർത്ഥം പലായനം ചെയ്തിട്ടുണ്ടെങ്കിലും അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല.

‘പ്രദേശത്ത് അക്രമം നടക്കുന്ന വിവരം അറിഞ്ഞ്, ദൈവാലയ കാര്യങ്ങളിൽ സഹായിക്കുന്ന രണ്ടു പേരെ ഞാൻ ഫോണിൽ വിളിക്കുകയായിരുന്നു. അക്രമികൾ അവിടെ വെടിയുതിർക്കുകയാണെന്ന് അവർ അറിയിച്ചെങ്കിലും തൊട്ടടുത്ത നിമിഷംമുതൽ ഫോൺ നെറ്റ്‌വർക്കുകൾ നഷ്ടമാവുകയായിരുന്നു,’ ഫാ. ചാംബോക്കോ എ.സി.എന്നിനോട് പറഞ്ഞു. തങ്ങളുടെ പ്രവിശ്യയിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ ദൈവത്തിൽ ആശ്രയം അർപ്പിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തങ്ങൾക്ക് ലഭിച്ച ഫോട്ടോയിൽനിന്ന് ആക്രമണത്തിന്റെ ഭീകരമുഖം വ്യക്തമാണെന്ന് എ.സി.എൻ നേതൃത്വം അറിയിച്ചു. ശിരച്ഛേദം ചെയ്യപ്പെട്ടതും വിരൂപമാക്കപ്പെട്ടതുമായ നിരവധി മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എ.സി.എൻ വെളിപ്പെടുത്തി. പാൽമയും ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള മൊബൈൽ ബന്ധം പുർണമായും വിച്ഛേദിച്ചായിരുന്നു ആക്രമണം. ഖനിമേഖലയിലെ സാറ്റലൈറ്റ് ഫോൺ ലഭ്യമായതിനാലാണ് ഇത്രയും വിവരങ്ങളെങ്കിലും പുറംലോകം അറിഞ്ഞത്.

ഇറാഖ് ഉൾപ്പെടെയുള്ള മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്ന് പിൻവാങ്ങേണ്ടിവന്ന ഐസിസ് ഭീകരർ ആഫ്രിക്കൻ മണ്ണിൽ ശക്തിയാർജിക്കുന്നതിന്റെ സൂചനയായാണ് പ്രസ്തുത അക്രമത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. മൂന്ന് വർഷത്തിനിടയിൽ മൊസാംബിക്കിൽ ഭീകരാക്രമണം മൂലം 2600 പേർ കൊല്ലപ്പെടുകയും 6.7 ലക്ഷം പേർ പലായനം ചെയ്‌തെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണ്ടെത്തൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?