Follow Us On

14

April

2021

Wednesday

വിശ്വാസസാക്ഷ്യം ഇറാഖിലെ ക്രൈസ്തവരിൽനിന്ന് നാം പഠിക്കണം: കർദിനാൾ പരോളിൻ

വിശ്വാസസാക്ഷ്യം ഇറാഖിലെ ക്രൈസ്തവരിൽനിന്ന് നാം പഠിക്കണം: കർദിനാൾ പരോളിൻ

റോം: ഇറാഖി ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യം രക്തസാക്ഷിത്വത്തോളം അടുത്തതാണെന്നും ആഴമായ വിശ്വാസജീവിതം നാം അവരിൽനിന്ന് പഠിക്കണമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ. അടുത്തിടെ ഇറാഖിലേക്ക് നടത്തിയ യാത്ര തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരിക അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സ്പാനിഷ് റേഡിയോ ശൃംഖലയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, സമാനതകളില്ലാത്ത പീഡനത്തിലും വിശ്വാസത്തിൽ ഉറച്ചുനിന്ന ഇറാഖീ ക്രൈസ്തവരെ കർദിനാൾ പരോളിൻ പ്രശംസിച്ചത്.

‘നിരവധിയായ സംഘർഷങ്ങളും ആ രാജ്യത്തുനിന്ന് ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇറാഖി ക്രൈസ്തവരെ ഉപദ്രവിച്ചിട്ടുണ്ട്. ‘ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കാലാവസ്ഥ’ പലരെയും പലായനത്തിന് പ്രേരിപ്പിക്കുന്നു. എന്നാൽ, അവരുടെ അഗാധമായ ക്രിസ്തുവിശ്വാസം രക്തസാക്ഷിത്വംപോലും സധൈര്യം സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കി. ഇറാഖി ക്രൈസ്തവരിൽനിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന മികച്ച പാഠമാണിത്,’ കർദിനാൾ വ്യക്തമാക്കി.

യൂറോപ്പിലെ വിശ്വാസ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച അദ്ദേഹം, യൂറോപ്പിലെ ക്രൈസ്തവരുമായി ഇറാഖി ക്രൈസ്തവരെ താരതമ്യം ചെയ്തതും ശ്രദ്ധേയമായി. ‘യൂറോപ്പിലെ ക്രൈസ്തവർ മുന്നേറണമെങ്കിൽ അവർക്കിടയിൽ കൂടുതൽ ഐക്യവും കൂട്ടായ്മയും അനിവാര്യമാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വിശ്വാസ വളർച്ച സാധ്യമാകാൻ ആദ്യ നൂറ്റാണ്ടിലെ സുവിശേഷചൈതന്യം വീണ്ടും ഉണ്ടാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

യൂറോപ്പിലെ ദയാവധ- ഗർഭച്ഛിദ്ര നിയമങ്ങൾ അവിടെ സംഭവിച്ച വിശ്വാസ നഷ്ടത്തോടൊപ്പം യുക്തിസഹമായ ധാർമിക നഷ്ടത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടു വർഷമായി ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം പാപ്പയ്ക്ക് നൽകിയ വിശേഷണവും ശ്രദ്ധേയമാണ്: ‘പ്രോട്ടോക്കോൾ ഇല്ലാത്ത ലാളിത്യമുള്ള മനുഷ്യൻ.’

1955ൽ ഇറ്റലിയിലെ ഷിയാവോണിൽ ജനിച്ച കർദിനാൾ പരോളിൻ 1980 ഏപ്രിൽ 27നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2009 ഓഗസ്റ്റ് 17ന് വെനിസ്വേലയിലെ അപ്പോസ്‌തോലിക് ന്യൂൺഷ്യോയായി നിയമിക്കപ്പെട്ടു. 2013 ഓഗസ്റ്റ് 31ന് ഇദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച ഫ്രാൻസിസ് പാപ്പതന്നെയാണ് 2014ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?