Follow Us On

14

April

2021

Wednesday

മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് അവരെ സ്‌നേഹിക്കാനുള്ള പ്രഥമ മാർഗം: പാപ്പ

മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് അവരെ സ്‌നേഹിക്കാനുള്ള പ്രഥമ മാർഗം: പാപ്പ

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള പ്രഥമ മാർഗം അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണെന്നും മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ നമ്മുടെ ഹൃദയത്തെ തുറവിയുള്ളതാക്കുമെന്നും ഫ്രാൻസിസ് പാപ്പ. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ നമ്മെ അവരുമായി അടുപ്പമുള്ളവരാക്കി മാറ്റുമെന്നും പാപ്പ പറഞ്ഞു. വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ക്രമീകരിച്ച പൊതുസന്ദർശന സന്ദേശത്തിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ആദ്യ വഴി അവരെ കുറിച്ച് ദൈവത്തോട് സംസാരിക്കുക എന്നതാണ്. നാം ഇത് അനുദിനം, പതിവായി ചെയ്യുകയാണെങ്കിൽ നമ്മുടെ ഹൃദയം അടഞ്ഞുകിടക്കില്ല. അത് സഹോദരങ്ങൾക്കായി തുറന്നിരിക്കും. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ, അത് ഇല്ലാതാക്കാനും ലഘൂകരിക്കാനുള്ള മാർഗം ആരുമായിട്ടാണോ കലഹമുള്ളത് ആ വ്യക്തിക്കായി പ്രാർത്ഥിക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു.

പ്രാർത്ഥനയും വിശുദ്ധരുടെ കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. ഓരോ തവണ നാം കരം കൂപ്പുമ്പോഴും ദൈവത്തിനു ഹൃദയം തുറന്നുകൊടുക്കുമ്പോഴും നമ്മോടൊപ്പം പ്രാർത്ഥിക്കുന്ന അജ്ഞാതരും നാം അറിയുന്നവരുമായ വിശുദ്ധരുടെ കൂട്ടായ്മയിലാണ് നാം. അവർ നമുക്കായി മധ്യസ്ഥ്യം വഹിക്കുന്നു. നമ്മുടെ ജേഷ്ഠസഹോദരങ്ങളെന്നപോലെ നമ്മുടെ അതേ മാനുഷികാനുഭവങ്ങളിലൂടെ കടന്നുപോയവരാണവർ.

വിശുദ്ധർ നമ്മിൽനിന്ന് അകലെയല്ല. ദൈവാലയങ്ങളിലെ അവരുടെ രൂപങ്ങൾ എല്ലായ്‌പ്പോഴും നമുക്കു ചുറ്റുമുള്ള സാക്ഷികളുടെ സമൂഹത്തെ ഓർമിപ്പിക്കുന്നു. നാം ആരാധിക്കാത്ത സാക്ഷികളാണ് അവർ. എന്നാൽ നാം അവരെ വണങ്ങുന്നു. അവർ നമ്മെ യേശുക്രിസ്തുവിലേക്ക് നയിക്കുന്നു. കാരണം അവൻ ക്രൈസ്തവനെന്ന നിലയിൽ ജീവിതപാതയിലൂടെ നീങ്ങിയവനാണ്. നമ്മുടെ ജീവിതത്തിൽപ്പോലും, അത് എത്ര ദുർബലവും പാപത്താൽ മുദ്രിതവുമാണെങ്കിലും, വിശുദ്ധി പൂത്തുലയുമെന്ന് നമ്മെ നിരന്തരം ഓർമിപ്പിക്കുന്നവരാണ് വിശുദ്ധർ. വിശുദ്ധി എന്നത് ഒരു ജീവിതയാത്രയും യേശുവുമായുള്ള കൂടിക്കാഴ്ചയുമാണ്.

ദുരിതകാലത്തെ അഭിമുഖീകരിക്കാനുള്ള ആദ്യ വഴി, നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ സഹോദരങ്ങളോട്, വിശിഷ്യാ, വിശുദ്ധരോട് ആവശ്യപ്പെടുക എന്നതാണ്. മാമ്മോദീസയിൽ നമുക്കു നൽകിയിരിക്കുന്ന പേര് ഒരു നാമപത്രമോ അലങ്കാരമോ അല്ല. സാധാരണയായി അത്, പരിശുദ്ധ കന്യകയുടെയോ ഒരു വിശുദ്ധന്റെയോ ഒരു വിശുദ്ധയുടെയോ പേരായിരിക്കും. നമുക്ക് ആവശ്യമുള്ള കൃപകൾ ദൈവത്തിൽനിന്ന് നേടിത്തരാൻ നമ്മെ സഹായിക്കുക എന്നതിലുപരി മറ്റൊന്നുമല്ല അവരുടെ ലക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?