Follow Us On

14

April

2021

Wednesday

പ്രളയബാധിതർക്കായി പ്രാർത്ഥിച്ച് പാപ്പ; സഹായഹസ്തമേകാൻ മുന്നിട്ടിറങ്ങി സഭ

പ്രളയബാധിതർക്കായി പ്രാർത്ഥിച്ച് പാപ്പ; സഹായഹസ്തമേകാൻ മുന്നിട്ടിറങ്ങി സഭ

വത്തിക്കാൻ സിറ്റി: കിഴക്കൻ തിമോറിലും ഇന്തോനേഷ്യൻ പ്രവിശ്യയായ ഈസ്റ്റ് നുസ തെൻഗാരയിലും ഉണ്ടായ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെയും മരണപ്പെട്ടവരെയും പ്രാർത്ഥനയിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റ സമാപനത്തിലാണ് പാപ്പ ആ രാജ്യങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിച്ചത്.

‘കഴിഞ്ഞ ദിവസങ്ങളിൽ ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരെ ഞാൻ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരണമടഞ്ഞ സഹോദരങ്ങൾക്ക് ദൈവം നിത്യശാന്തി നൽകാനും അവരുടെ കുടുംബങ്ങൾ ആശ്വസിപ്പിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കുന്നു,’ പാപ്പ പ്രാർത്ഥനാ നിരതനായി.

ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ‘സെറോജാ’ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലും 120ൽപ്പരം പേരാണ് മരണപ്പെട്ടത്. നൂറിലധികം പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. പേമാരിയിലും മണ്ണിടിച്ചിലുംമൂലം ഗ്രാമങ്ങളെല്ലാം വെള്ളത്തിലും ചെളിയിലും മുങ്ങിയതിനാൽ ഏതാണ്ട് 10,000ൽപ്പരം പേർക്ക് അഭയത്തിനായി മറ്റു പ്രദേശങ്ങളിലേക്ക് പോകേണ്ടി വന്നു. കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാലങ്ങളും റോഡുകളും തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

ദുരിതബാധിതർക്ക് അവശ്യസഹായങ്ങൾ ലഭ്യമാക്കാൻ വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ള സഭയുടെ സന്നദ്ധ പ്രവർത്തകർ മേഖലയിൽ എത്തിയിട്ടുണ്ട്. തിമോറിലെ ഡിലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗം താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഏതാണ്ട് 2000 പേർക്ക് കൊമോറയിലെ സലേഷ്യൻ സഭാ ഭവനത്തിലും ഏതാണ്ട് 7000 പേർക്ക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവകയിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, 12 കേന്ദ്രങ്ങളും താൽക്കാലിക താമസത്തിനായി ക്രമീകരിച്ചിട്ടുണ്ട്.

തിമോറിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പിന്തുണയോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഡിലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗം ഡയറക്ടർ ഫാ. ആഞ്ചലോ സൽഷിന അറിയിച്ചു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള ഭക്ഷണവും വസ്ത്രങ്ങളുമാണ് ഇപ്പോൾ ഏറ്റവും ആവശ്യം. കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും വീടുകൾ തകർന്നതിനാലും വാസയോഗ്യമല്ലാത്തതിനാലും ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.

ഇന്തോനേഷ്യൻ പ്രവിശ്യയായ ഈസ്റ്റ് നുസ തെൻഗാര ഉൾപ്പെടുന്ന ലാരന്റുക രൂപതയുടെ നേതൃത്വത്തിൽ ‘കാരിത്താസ്’ വിഭാഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ടെന്ന് ഫാ. ഗാബി ഡസിൽവ അറിയിച്ചു. ഭക്ഷണം, മരുന്ന്, പുതപ്പുകൾ, മാസ്‌കുകൾ എന്നിവ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് ‘കാരിത്താസ് ഇന്തോനേഷ്യ’. കത്തോലിക്കാ സഭയുടെ ഔദ്യോഗിത ജീവകാരുണ്യ പ്രസ്ഥാനമാണ് ‘കാരിത്താസ്’.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?