Follow Us On

31

January

2023

Tuesday

ചുവടുതെറ്റുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

ചുവടുതെറ്റുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

കൗമാരക്കാരുടെ അക്രമങ്ങളും നശീകരണ പ്രവൃത്തികളും സാധാരണമാകുമ്പോൾ ഏവരും ജാഗരൂകരാകണം, കുടുംബസദസിലൂടെ ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിനുളള വഴികളെക്കുറിച്ച് പങ്കുവെക്കുന്നു, റവ. ഡോ. ടി. ജെ ജോഷ്വ

‘കുടുംബത്തിൽ പിറന്നവൻ’ എന്നൊരു നാട്ടുചൊല്ലിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഉത്തമ മാതാപിതാക്കൾക്ക് ജനിച്ചവനെന്നും ഉത്തമമായ കുടുംബാന്തരീക്ഷത്തിൽ വളർന്നവനെന്നുമൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്. നിശ്ചയമായും അഭിമാനാർഹമായ കാര്യമാണത്. ഒരു വ്യക്തിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ അയാൾ ജനിച്ചു വളർന്ന കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് ഭാവിതലമുറയെപ്പറ്റി പ്രതീക്ഷ അർപ്പിക്കുന്നവർ കുടുംബഭദ്രതയും ആത്മീയ നിലവാരവും ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിക്കാതിരിക്കില്ല.

ശിഥിലമായ കുടുംബത്തിൽ വളരുന്ന കുട്ടികളാണ് സമൂഹത്തിൽ പ്രശ്‌നക്കാരാകുന്നത്. അമേരിക്കൻ സമൂഹത്തിൽ കൗമാരക്കാരുടെ അക്രമങ്ങളും നശീകരണ പ്രവൃത്തികളും വളരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അത്തരം കൗമാരങ്ങളിലേറെയും ശിഥിലമായ കുടുംബങ്ങളിൽനിന്നുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്. പാശ്ചാത്യ സമൂഹത്തിന്റെ പിന്തുടർച്ചയാണ് വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും കുടുംബത്തകർച്ചയും. അമ്പത് ശതമാനത്തിൽപ്പരം കുട്ടികളും അച്ഛനും അമ്മയ്ക്കുമൊപ്പം വളരുന്നവരല്ല. അച്ഛന്റേയോ അമ്മയുടേയോ സംരക്ഷണം മാത്രമേ അവർക്ക് ലഭിക്കുന്നുള്ളൂ. ഭാവിയെ കുറിച്ച് ആശങ്കജനിപ്പിക്കുന്ന സാഹചര്യമാണതെന്ന് പറയാം.

നമ്മുടെ കുടുംബങ്ങളുടെ അവസ്ഥയും ഇതിനോട് ചേർത്ത് വായിക്കാം. ഭൗതികതയുടെ അതിപ്രസരവും ആഡംബരങ്ങളിലുള്ള അതിഭ്രമവും ഇന്ന് കുടുംബാന്തരീക്ഷത്തെയും ഗ്രസിച്ചിരിക്കുന്നു. ക്ലബ്ബുകളിലും മുന്തിയ ഹോട്ടലുകളിലും മദ്യഷാപ്പുകളിലും മറ്റുമായിരുന്ന മദ്യപാനം ഭവനങ്ങളിലേക്കും ഇന്ന് വ്യാപിച്ചിട്ടുണ്ട്. അതിന്റെ ഫലമായുണ്ടാകുന്ന കുടുംബകലഹം ഇന്ന് അസാധാരണമല്ല. പ്രാർത്ഥനയും ആരാധനയും കുടുംബങ്ങളിൽ നിന്ന് അപ്രത്യക്ഷമായതാണ് അതിന് പിന്നിലെ കാരണമെന്ന് കാണാം. പാശ്ചാത്യസമൂഹത്തിന്റെ അവസ്ഥ വിലയിരുത്തിയാൽ വളരെയൊന്നും ഭിന്നമല്ല നമ്മുടെ അവസ്ഥയെന്നും ബോധ്യമാകും.

സഭയും ഇടവകകളും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ് കുടുംബങ്ങളുടെ പുനർജീവനം. ആത്മീയതയെക്കുറിച്ചുള്ള അവബോധവും അതു നിലനിർത്താനുള്ള ഉത്സാഹവും വളർത്തിയെടുക്കണം. എങ്കിൽ മാത്രമേ വളരുന്ന തലമുറയെ കുറിച്ച് പ്രതീക്ഷപുലർത്താനാവൂ. കുഞ്ഞുങ്ങൾ ജനിക്കുംമുമ്പേ പ്രാർത്ഥനാപൂർവമായ ഒരുക്കം ആവശ്യമാണ്. ഗർഭധാരണം എന്നത് സൃഷ്ടികർമത്തിൽ സർവശക്തനോടുകൂടി പങ്കാളികളാകുന്ന അവസ്ഥയാണ്. തുടർന്ന് ദീർഘമായ ഒരുക്കകാലം തുടങ്ങുന്നു. ശാരീരികമായും മാനസികമായും ആത്മീയമായും നിഷ്‌കർഷ പുലർത്തേണ്ട സന്ദർഭം.

ജനിക്കാനിരിക്കുന്ന ശിശുവിനെ കുറിച്ച് മാതാപിതാക്കൾ ചിന്തിക്കുകയും, പ്രാർത്ഥിക്കുകയും വേണം. അവനെ (അവളെ) കുറിച്ചുള്ള ദൈവഹിതം വെളിപ്പെടാൻ ആഗ്രഹിച്ച് പ്രാർത്ഥിക്കണം. സ്‌നേഹത്തിന്റെ അന്തരീക്ഷത്തിലാണ് ശിശു വളരേണ്ടത്. കുഞ്ഞിന്റെ വ്യക്തിത്വം പുഷ്ടിപ്പെടുന്നതും വളരുന്നതും സ്‌നേഹത്തിന്റെ അന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ തമ്മിലും കുടുംബത്തിലെ മറ്റ് അംഗങ്ങൾ തമ്മിലും പുലരുന്ന സ്‌നേഹം ശിശുവിൽ സുരക്ഷിതത്വം വളർത്തുകയും ആത്മവിശ്വാസം ഉണർത്തുകയും ചെയ്യും. കലഹത്തിന്റെയും ശണ്ഠയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിൽ വൈകല്യങ്ങൾ സംഭവിക്കും.

അവർ നിത്യേന കാണുകയും കേൾക്കുകയും ചെയ്യുന്നത് അവരുടെ ഉപബോധമനസിൽ ഉറഞ്ഞുകിടക്കും. അത് അരക്ഷിതത്വവും അക്രമവാസനയുമായിരിക്കും അവരിൽ വളർത്തുന്നത്. കുടുംബ പ്രാർത്ഥനയുളള കുടുംബത്തിലെ കുഞ്ഞുങ്ങൾ ദൈവത്തിനും മനുഷ്യർക്കും പ്രീതിയുള്ളവരായി വളർന്നുവരും. അവർ സമൂഹത്തിൽ വിശുദ്ധരും നിർമലരുമായി മാറും. അതിനാൽ കടുംബപ്രാർത്ഥന ഹൃദ്യവും അനുഗ്രഹപ്രദവുമാകണം. ചില കാര്യങ്ങൾ പ്രത്യേകംശ്രദ്ധിക്കണം. ഒരു നിശ്ചിത സമയം പ്രാർത്ഥിക്കാൻ വേർതിരിക്കുന്നത് ഉചിതമാണ്. നിർദ്ദിഷ്ട സമയത്ത് നിർബന്ധമായും അതു നടത്തണം.

കുടുംബാംഗങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണം. മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും പങ്കാളിത്തം ഉണ്ടാകണം. വായിക്കുന്ന വേദഭാഗങ്ങളെ കുറിച്ച് ചുരുക്കത്തിൽ വ്യക്തികൾ വിശദീകരിക്കുന്നത് നല്ലതാണ്. കാനോനിക പ്രാർത്ഥനകൾക്കു പുറമെ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് അവസരമുണ്ടാകണം. കുട്ടികളുടെ വിദ്യാഭ്യാസം, ദൂരെ പാർക്കുന്ന അംഗങ്ങളുടെ സംരക്ഷണം, രോഗത്തിൽ കഴിയുന്നവരുടെ സൗഖ്യം, സമൂഹത്തിന്റെ ആവശ്യങ്ങൾ എന്നിവയെല്ലാം പ്രാർത്ഥനാ വിഷയങ്ങളാകണം. കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരെ മടിയിൽ ഇരുത്തിവേണം അമ്മമാർ പ്രാർത്ഥനയിൽ സംബന്ധിക്കേണ്ടത്.

മക്കളോടുള്ള സമീപനത്തിലും സൂക്ഷ്മത പാലിക്കണം. മക്കളെ താരതമ്യപ്പെടുത്തിയുള്ള സംസാരവും സമീപനവും അരുത്. ഓരോ കുട്ടിയും വ്യത്യസ്തനാണ്. ഒരാൾ മറ്റൊരാളെപ്പോലെ ആകണമെന്നില്ല. അതുപോലെ പക്ഷഭേദം കാണിക്കുന്നതും ദോഷകരമാണ്. ഗോത്രപിതാവായ ഇസഹാക്കും ഭാര്യ റബേക്കായും ഓരോ മകന്റെയും പക്ഷം പിടിച്ചതും അതുമുഖാന്തരം മക്കൾ തമ്മിൽ വൈരവും വിദ്വേഷവും വളർന്നതും വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നുണ്ടല്ലോ. സത്യസന്ധത, വിനയാദരവുകൾ, പരസ്പര സഹായം, കൃതജ്ഞതാ പ്രകടനം, തെറ്റു പിണഞ്ഞാൽ ക്ഷമ ചോദിക്കൽ, തിരുത്താനുള്ള ഒരുക്കം ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഭവനത്തിൽനിന്നാണ് കുഞ്ഞ് പഠിക്കുന്നത്.

ഭവനത്തിൽ അവ ലഭിക്കാതെ വളരുന്നവരാണ് സമൂഹത്തിൽ പ്രശ്‌നം സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളിൽ മൂല്യബോധവും ആത്മീയ ദർശനവും വളർത്തുന്നതിൽ ഏറെ ശ്രദ്ധിച്ച ജനതയാണ് ഇസ്രായേൽ. മോശയുടെ ന്യായപ്രമാണത്തിൽ അതിനാവശ്യമായ അനുശാസനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത്രയേറെ പീഡനങ്ങളും യാതനകളും അക്രമങ്ങളും അനുഭവിച്ച മറ്റൊരു ജനതയും ലോകത്തില്ല. പക്ഷേ, അവർ ഇന്നും ശക്തമായി നിലനിൽക്കുന്നത് വളരുന്ന തലമുറയോട് ഈ കർത്തവ്യം ശരിയായി നിർവഹിക്കുന്നതിലാണ്.

ഭവനത്തിൽ കുഞ്ഞുങ്ങൾക്കാവശ്യം നല്ല ഭക്ഷണവും കളിപ്പാട്ടങ്ങളും മാത്രമല്ല, അവർ ഏറ്റവും ആവശ്യപ്പെടുന്നത് സ്‌നേഹവും കരുതലുമാണ്. സ്‌നേഹത്തിന്റെ അന്തരീക്ഷത്തിൽ മാത്രമേ വ്യക്തിത്വം പുഷ്ടിപ്പെടൂ. സ്‌നേഹം ധാരാളമായി നൽകണമെന്ന് പറയുമ്പോൾ ശിക്ഷണത്തിന്റെ കാര്യം വിസ്മരിക്കണമെന്നല്ല. സ്‌നേഹത്തിൽ നിന്നുയരുന്ന ശിക്ഷണം മാധുര്യമായിത്തന്നെ കുഞ്ഞുങ്ങൾക്ക് അനുഭവപ്പെടും.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?