Follow Us On

07

May

2021

Friday

വെറും സഹോദരിമാരല്ല, ജീവന്റെ സംരക്ഷകർ! പരിചയപ്പെടണം, അടുത്തറിയണം ‘സിസ്റ്റേഴ്‌സ് ഓഫ് ലൈഫി’നെ

ജോർജ് ജോസഫ്

വെറും സഹോദരിമാരല്ല, ജീവന്റെ സംരക്ഷകർ! പരിചയപ്പെടണം, അടുത്തറിയണം ‘സിസ്റ്റേഴ്‌സ് ഓഫ് ലൈഫി’നെ

ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതം സ്വീകരിച്ച കന്യാസ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

വിദ്യാഭ്യാസശുശ്രൂഷ കാരിസമായി സ്വീകരിച്ച സന്യസ്ത സഭകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും, രോഗീപരിചരണവും അനാഥരുടെ സംരക്ഷണവും കാരിസമാക്കിയവരെക്കുറിച്ചും അറിവുണ്ടാകും. എന്നാൽ, ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതമെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ്, ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫ്’- ജീവന്റെ സഹോദരിമാർ!

അമേരിക്കയുടെ തലസ്ഥാനനഗരിയെ വിശ്വാസീസാഗരമാക്കി മാറ്റുന്ന ‘മാർച്ച് ഫോർ ലൈഫ്’ റാലിയിലെ ശ്രദ്ധേയവും മനോഹരമായ കാഴ്ചയാണ്, നീലവസ്ത്രത്തിനുമുകളിൽ വെളുത്ത ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രിസംഘം. അവർതന്നെ ‘സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫ്’. പ്രോ ലൈഫ് മുന്നേറ്റങ്ങളുടെയും അതിൽ ഭാഗഭാക്കുകളുകുന്നവരുടെയും ശക്തിശ്രോതസാണ് ഈ സന്യാസിനീസഭ. മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഇക്കഴിഞ്ഞ മാർച്ച് ഫോർ ലൈഫിൽ ഇവർക്ക് പങ്കെടുക്കാനായില്ല.

ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമായി വ്യാഖ്യാനിക്കുകയും ജീവിക്കാനുള്ള അവകാശം ഗർഭസ്ഥശിശുക്കൾക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് പ്രോ ലൈഫ് പ്രസ്ഥാനത്തിന് ആത്മീയമായ ശക്തി പകരുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് പറയുന്നു സന്യാസിനീ സമൂഹത്തിന്റെ വികാരി ജനറൽ സിസ്റ്റർ മേരി എലിസബത്ത്. ‘അമേരിക്കയിലെ പ്രോ ലൈഫ് പ്രസ്ഥാനത്തിനും അതിലെ ഓരോ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി അനുദിനം പ്രാർത്ഥിക്കുന്നവരാണ് ഞങ്ങൾ,’ സിസ്റ്റർ കൂട്ടിച്ചേർത്തു.

പത്രക്കുറിപ്പിലൂടെ പിറന്ന സമൂഹം

‘സിസ്റ്റേഴ്‌സ് ഓഫ് ലൈഫി’ന്റെ പ്രാർത്ഥനയും സഹകരണവും പ്രോ ലൈഫ് പ്രസ്ഥാനത്തിന്റെ ചാലകശക്തിയായി മാറിക്കഴിഞ്ഞു. ഗർഭച്ഛിദ്രത്തോടുള്ള ജനങ്ങളുടെ ചിന്താഗതിയെ കാര്യമായി സ്വാധീനിക്കാൻ രണ്ടര പതിറ്റാണ്ട് പിന്നിടുന്ന പ്രവർത്തനത്തിലൂടെ ഇവർക്ക് സാധിച്ചിട്ടുണ്ട്. 1990ലായിരുന്നു സിസ്റ്റേഴ്‌സ് ഓഫ് ലൈഫിന്റെ പിറവി. അതിന് കാരണമായതാകട്ടെ, ന്യൂയോർക്ക് ആർച്ച്ബിഷപ്പും തീക്ഷ്ണമതിയായ പ്രോ ലൈഫ് വക്താവെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത കർദിനാൾ ജോൺ ഓക്കോണർ എഴുതിയ ഒരു പത്രക്കുറിപ്പും.

ഇന്നത്തെപ്പോലെ അന്നും സഭയുടെ ഏറ്റവും വലിയ വെല്ലുവിളിയയിരുന്നു ഗർഭച്ഛിദ്രവും മരണസംസ്‌ക്കാരവും. നിർണായക നിമിഷങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിലൂടെ സന്യസ്തസഭകൾ രൂപംകൊണ്ടിട്ടുണ്ടെന്ന ചരിത്രം പരാമർശിച്ചുകൊണ്ടായിരുന്നു ‘ഹെൽപ് വാണ്ടഡ്: സിസ്റ്റേഴ്‌സ് ഓഫ് ലൈഫ്’ എന്ന തലക്കെട്ടിൽ എഴുതിയ പത്രക്കുറിപ്പ്.

ഗർഭച്ഛിദ്രമെന്ന ഭീകരമായ വെല്ലുവിളി നേരിടാൻ നമുക്ക് ഒരു സന്യാസസമൂഹം വേണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അതു വായിച്ച എട്ട് സഹോദരിമാർ സന്നദ്ധരായി. പ്രാർത്ഥനയിലും ഉപവാസത്തിലും ആരാധനയിലും കുറെനാൾ ചെലവഴിച്ച് അവരുടെ ദൈവവിളി ഉറപ്പാക്കിയശേഷം 1991 ജൂൺ ഒന്നിനാണ് സഭയ്ക്ക് രൂപംകൊടുത്തത്. സമൂഹത്തിലെ ഏറ്റവും ബലഹീനരായ ഗർഭസ്ഥശിശുക്കളുടെ ജനിക്കാനുള്ള അവകാശത്തിനായി പ്രാർത്ഥനയിലൂടെ പോരാടുക എന്നതായിരുന്നു കാരിസം.

ആശ്വസിപ്പിച്ചും പിന്തിരിപ്പിച്ചും

ഇന്ന് ഈ സന്യാസിനി സമൂഹത്തിൽ 100ൽപ്പരം സന്യാസിനിമാരുണ്ട്. ഭൂരിപക്ഷവും 30 വയസിൽ താഴെയുളളവർ. മരിയൻ ഭക്തിയും ദിവ്യകാരുണ്യാരാധനയുമാണ് സിസ്റ്റേഴസ് ഓഫ് ലൈഫിന്റെ ചാലകശക്തി. ലോകത്തുള്ള എല്ലാ പ്രോ ലൈഫ് പ്രസ്ഥാനങ്ങൾക്കുവേണ്ടിയും അനുദിനം ദൈവതിരുമുമ്പിൽ പ്രാർത്ഥനകൾ സമർപ്പിക്കുകയാണ് പ്രധാന ദൗത്യം.

ദൈവത്തോടും ദൈവികജീവനോടും ‘യെസ്’ പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ ആത്മീയ മാതൃത്വമാണ് തങ്ങളുടെ ജീവിതശൈലിയെന്ന് സമൂഹാംഗങ്ങളിൽ ഒരാളായ സിസ്റ്റർ മേരി എലിസബത്ത് പറയുന്നു: ‘സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫ് എന്ന സന്യാസിനി സമൂഹം നിരന്തരമായ ഓട്ടത്തിലല്ല. സാവധാനം പുഞ്ചിരിയോടെ ഓരോ വ്യക്തിയെയും സമീപിച്ച് അവരുടെ അനന്യത മനസിലാക്കി ഇടപെടുന്നു.’

പ്രോ ലൈഫുമായി ബന്ധപ്പെട്ട സകല പ്രവൃത്തികളിലും സെമിനാറുകളിലും സജീവസാന്നിധ്യമാണ് ഈ കന്യാസ്ത്രീകൾ. ഗർഭച്ഛിദ്രം നടത്താൻ ഒരുങ്ങുന്നവരെ മാത്രമല്ല, ഗർഭച്ഛിദ്രം നടത്തിയതിന്റെ കുറ്റബോധത്തിൽ കഴിയുന്നവർക്ക് സമാശ്വാസമേകാനും അവർ ശ്രദ്ധാലുക്കളാണ്. മാത്രമല്ല, പ്രശ്‌നസങ്കീർണായ ഗർഭാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് അവരുടെ കോൺവെന്റിൽ അഭയവും നൽകുന്നുണ്ട്.

എല്ലാവരാലും ഉപേക്ഷിക്കപ്പെടുമ്പോഴാണ് പല സ്ത്രീകളും ഗർഭച്ഛിദ്രത്തിന് സന്നദ്ധരാകുന്നത്. അത്തരം സാമൂഹ്യാവസ്ഥയിലുള്ളവരെ കണ്ടെത്തി ആവശ്യസഹായം ലഭ്യമാക്കുന്ന ശുശ്രൂഷയും അവർക്കുണ്ട്. ഓരോ വർഷവും ആയിരത്തിൽപ്പരം സ്ത്രീകൾക്കാണ് ഇപ്രകാരം സഹായം ലഭ്യമാക്കുന്നത്. മാത്രമല്ല, അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ളതെല്ലാം ലഭ്യമാക്കുന്നതിലൂടെ പ്രസവാനന്തര ശുശ്രൂഷകളുമായി ബന്ധപ്പെട്ട ബാധ്യതകളിലും സഹായഹസ്തമേകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?