Follow Us On

07

May

2021

Friday

കരുണയുടെ തിരുനാൾ: അർത്ഥപൂർണമാക്കണം ഈ വിശേഷാൽ ദിനം

ജോയി സക്കറിയ

കരുണയുടെ തിരുനാൾ: അർത്ഥപൂർണമാക്കണം ഈ വിശേഷാൽ ദിനം

ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച തിരുസഭ കരുണയുടെ തിരുനാളായി ആചരിക്കുമ്പോൾ, അതിന്റെ ഉത്ഭവത്തെക്കുറിച്ചും കരുണയുടെ ഞായർ അർത്ഥപൂർണമാക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ.

വിശുദ്ധ ഫൗസ്തീനയോട് ഈശോ വെളിപ്പെടുത്തി: ‘കാരുണ്യത്തിന്റെ ഒരു തിരുനാൾ ഉണ്ടാവണമെന്ന് ഞാനതിയായി ആഗ്രഹിക്കുന്നു. നീ ബ്രഷുകൊണ്ടു വരയ്ക്കുന്ന എന്റെ ചിത്രം പുതുഞായറാഴ്ച (ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച) ആഘോഷമായി വെഞ്ചരിക്കപ്പെടണം. അന്നാണ് കരുണയുടെ തിരുനാൾ’ (ഡയറി 49). കരുണയുടെ തിരുനാൾ സഭയിൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെടണമെന്ന ഈശോയുടെ ആഗ്രഹം ഡയറിയിലെ 14 സ്ഥലങ്ങളിൽ വിശുദ്ധ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈശോ പറഞ്ഞു ‘ഇത് സകല മനുഷ്യർക്കുംവേണ്ടിയുള്ള കരുണയുടെ ദിവസമാണ് വിശിഷ്യ, ദയനീയ പാപികൾക്ക്. എന്റെ കാരുണ്യത്തിന്റെ അത്യഗാധങ്ങളിൽനിന്നാണ് ഈ തിരുനാൾ എഴുന്നുവന്നിട്ടുള്ളത്, എന്റെ വത്സലകാരുണ്യത്തിന്റെ അഗാധങ്ങളിൽ അത് ഉറപ്പാക്കപ്പെടുകയും ചെയ്തിരിക്കുന്നു’ (ഡയറി 420).

ഈശോയുടെ ഈ ആഗ്രഹം സഫലീകരിച്ചുകൊണ്ട് 2000 ഏപ്രിൽ 30ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ദൈവകാരുണ്യത്തിന്റെ ഞായർ സഭയിൽ സ്ഥാപിച്ചത്. ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച ലോകമാസകലം ദൈവകാരുണ്യത്തിന്റെ ഞായറായി ആഘോഷിക്കപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അന്നുതന്നെയായിരുന്നു, ഫൗസ്തീനയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയതും.

ഈശോയുടെ വാഗ്ദാനങ്ങൾ

ഈ തിരുനാളുമായി ബന്ധപ്പെട്ട് നിരവധി വാഗ്ദാനങ്ങളാണ് ഈശോ നൽകിയിട്ടുള്ളത്. അന്നേദിനത്തെ ദിവ്യകാരുണ്യസ്വീകരണവുമായി ബന്ധപ്പെട്ടതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. അന്നേദിവസം ശരണത്തോടെ ദിവ്യകാരുണ്യത്തെ സമീപിക്കുന്ന ആത്മാവിന് സകല പാപങ്ങളിൽനിന്നും അതോടൊപ്പം സർവശിക്ഷയിൽനിന്നുമുള്ള മോചനം ലഭിക്കും. അതായത് മാമ്മോദീസയുടേതിനോട് തുല്യമായ വിശുദ്ധി (പ്രസാദവരം) നൽകപ്പെടുന്നു.

സഭ തരുന്ന ഒരു പൂർണ ദണ്ഡവിമോചനമാണിതെന്നു പറഞ്ഞുകൂടാ. എന്നാൽ അതിനേക്കാൾ ഉപരിയായ ഒരവസ്ഥയാണിത്. ആത്മാക്കൾ പൂർണമായും കഴുകപ്പെട്ട് മഞ്ഞിനേക്കാൾ വെൺമയുള്ളതായിത്തീരുന്നു എന്നതിനാൽ അന്നു ലഭിക്കുന്ന പ്രസാദവരം ഒരു രണ്ടാം മാമ്മോദീസയുടേതിനോട് തുല്യമാണ്.

അതേക്കുറിച്ചുള്ള ഈശോയുടെ വെളിപ്പെടുത്തൽ ഒന്നിലധികംതവണ വിശുദ്ധ രേഖപ്പെടുത്തിയിട്ടുണ്ട്: ‘കാരുണ്യത്തിന്റെ തിരുനാൾ ദിവസം കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാവിന് പൂർണക്ഷമ നൽകാൻ ഞാനാഗ്രഹിക്കുന്നു’ (ഡയറി 1109). ‘അന്നേദിവസം ജീവന്റെ ഉറവയെ (ദിവ്യകാരുണ്യത്തെ) സമീപിക്കുന്നവരാരായാലും അവർക്ക് പൂർണമായ പാപക്ഷമയും സകലശിക്ഷയിൽനിന്നുള്ള പരിപൂർണമായ മോചനവും നൽകപ്പെടുന്നു.’ (ഡയറി 300).

അന്നേദിവസം ആദ്യമായി മാനസാന്തരത്തിലേക്കു കടന്നുവരുന്ന വ്യക്തിക്കുപോലും ഈ കൃപ ലഭ്യമാണെന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ മഹത്വം. വിശുദ്ധ ഫൗസ്തീനയ്ക്കു വെളിപ്പെടുത്തപ്പെട്ടു കിട്ടിയ കരുണയുടെ ചിത്രം അന്നേദിവസം വണങ്ങപ്പെടണമെന്നും ഈശോ ആവശ്യപ്പെട്ടു.

‘കാരുണ്യത്തിന്റെ തിരുനാൾ ആത്മാക്കൾക്ക് അഭയവും സങ്കേതവുമായിരിക്കണമെന്ന് ഞാനഭിവാഞ്ഛിക്കുന്നു; വിശേഷിച്ചും ദയനീയ പാപികൾക്ക്. അന്നേദിവസം എന്റെ വത്സലകാരുണ്യത്തിന്റെ ആഴങ്ങൾ തുറക്കപ്പെടുന്നു. എന്റെ കാരുണ്യത്തിന്റെ ഉറവയെ (ദിവ്യകാരുണ്യത്തെ) സമീപിക്കുന്ന ആത്മാക്കളുടെമേൽ അനുഗ്രഹങ്ങളുടെ ഒരാഴിതന്നെ ഞാൻ കോരിച്ചൊരിയും.

‘കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാവിന് പൂർണമായ പാപക്ഷമയും സകലശിക്ഷയിൽനിന്നുള്ള മോചനവും ലഭ്യമാകും. അന്നേദിവസം ദൈവിക ജലസംഭരണിയുടെ വർഷകാലകവാടങ്ങൾ മുഴുവനായും തുറക്കപ്പെടുന്നു. കൃപാവരങ്ങൾ കുത്തിയൊഴുകുന്നു; ഒരു പാപിയും എന്നെ സമീപിക്കാൻ ഭയപ്പെടാതിരിക്കട്ടെ; അതിന്റെ പാപങ്ങൾ കടുംചുമപ്പാണെങ്കിൽപ്പോലും’ (ഡയറി 699).

(കരുണയുടെ തിരുനാളിനോടനുബന്ധിച്ച കുമ്പസാരം അന്നേദിവസം തന്നെ നടത്തണമെന്നില്ല. ഒന്നോ രണ്ടോ ആഴ്ചക്കകം നടത്തിയാൽ മതി. ഈസ്റ്ററിനൊരുക്കമായി നടത്തുന്ന കുമ്പസാരം ഈ ആവശ്യത്തിനു മതിയാകുന്നതാണ്).

വൈദികരുടെ ശ്രദ്ധയ്ക്ക്

തന്റെ കാരുണ്യത്തെ വൈദികർ പ്രഘോഷിക്കണമെന്നും വിശുദ്ധ ഫൗസ്തീനവഴി ഈശോ ആവശ്യപ്പെടുന്നു: ‘പാപികളുടെ ആത്മാക്കളോടുള്ള എന്റെ വലിയ കാരുണ്യം വൈദികർ പ്രഘോഷിക്കണമെന്ന് ഞാനതിയായി ആഗ്രഹിക്കുന്നു’ (ഡയറി 50).

‘എന്റെ വൈദികരോടു പറയൂ, ആഴമളക്കാനാവാത്ത എന്റെ കരുണയെക്കുറിച്ച്, പാപികളോടുള്ള എന്റെ ഹൃദയാനുകമ്പയെക്കുറിച്ച്, അവർ പറയുമ്പോൾ അവരുടെ വാക്കുകൾ കേട്ട് കഠിന പാപികൾ മാനസാന്തരപ്പെടുമെന്ന്. എന്റെ കരുണയെ വാഴ്ത്തുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വൈദികർക്ക് അത്ഭുതാവഹമായ ശക്തി ഞാൻ നൽകും, അവരുടെ വാക്കുകളെ ഞാനഭിഷേകം ചെയ്യും, അവരുടെ ശ്രോതാക്കളുടെ ഹൃദയങ്ങളെ ഞാൻ സ്പർശിക്കും.’ (ഡയറി 1521).

മറ്റൊരവസരത്തിൽ ഈശോ വിശുദ്ധ ഫൗസ്തീനയോടു പറഞ്ഞു: ‘എന്റെ മകളേ, എന്റെ കരുണയുടെ അഗാധ ഗർത്തത്തിലേക്കു നോക്കൂ; എന്റെ കരുണയെ വാഴ്ത്തി മഹത്വപ്പെടുത്തൂ; അതിപ്രകാരം ചെയ്യൂ: ലോകമാകമാനമുള്ള സകല പാപികളെയും ശേഖരിച്ച് എന്റെ കാരുണ്യത്തിന്റെ ആഴങ്ങളിൽ അവരെ മുക്കിയെടുക്കൂ; ആത്മാക്കൾക്ക് എന്നെത്തന്നെ നൽകാൻ ഞാനാഗ്രഹിക്കുന്നു. ഞാനാത്മാക്കൾക്കായി ദാഹിക്കുന്നു. എന്റെ മകളേ, എന്റെ തിരുനാൾ ദിനം; കരുണയുടെ തിരുനാളിൽ, നീ ലോകം മുഴുവൻ പോകണം, പ്രജ്ഞയറ്റുകിടക്കുന്ന സകല ആത്മാക്കളെയും എന്റെ കാരുണ്യത്തിന്റെ ഉറവയിലേക്ക് കൂട്ടിക്കൊണ്ടുവരണം. ഞാനവരെ സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും’ (ഡയറി 206).

‘മനുഷ്യന്റേതോ മാലാഖയുടെതോ ആയിക്കൊള്ളട്ടെ ഒരു സൃഷ്ടമനസ്സിനും അനന്തകാലം പരിശ്രമിച്ചാലും ആഴമളക്കാനാവാത്തവിധം എന്റെ കാരുണ്യം അത്ര വലുതാണ്. സർവസൃഷ്ടികളും അസ്തിത്വം എടുത്തിട്ടുള്ളത് എന്റെ കാരുണ്യത്തിന്റെ അഗാധങ്ങളിൽനിന്നുമാണ്. ഓരോ സൃഷ്ടിയും ഞാനുമായുള്ള അതിന്റെ ബന്ധത്തിൽ എന്റെ സ്‌നേഹകാരുണ്യങ്ങളെക്കുറിച്ച് അനന്തകാലത്തോളം പ്രതിനിധാനം ചെയ്യും. കരുണയുടെ തിരുനാൾ എഴുന്നള്ളിവന്നിട്ടുള്ളത് എന്റെ വത്സലകാരുണ്യത്തിന്റെ അഗാധത്തിൽ നിന്നുമാണ്. പുതുഞായറാഴ്ച ദിവസം അത് ആഘോഷപൂർവം കൊണ്ടാടപ്പെടണമെന്നുള്ളത് എന്റെ അഭിവാഞ്ഛയാണ്. എന്റെ കാരുണ്യത്തിന്റെ ഉറവയിലേക്ക് തിരിയുന്നതുവരെ മനുഷ്യകുലം സമാധാനം കണ്ടെത്തുകയില്ല’ (ഡയറി 699).

കാരുണ്യ ഞായറിന്റെ ഫലസിദ്ധി

അന്നേദിവസം ആദ്യമായി മാനസാന്തരത്തിലേക്കുവരുന്ന വ്യക്തിക്കുപോലും ഈശോ പുതിയ മാമ്മോദീസയുടെ അനുഭവം നൽകുന്നു എന്ന് നാം കണ്ടുകഴിഞ്ഞതാണല്ലോ. മാമ്മോദീസയുടെ വിശുദ്ധിയുള്ള മനുഷ്യനെയാണ് സജീവനായ മനുഷ്യവ്യക്തി എന്ന് വിളിക്കുന്നത്. സജീവനായ മനുഷ്യവ്യക്തിയാവട്ടെ നിത്യപിതാവിന്റെ മഹത്വവും. അതായത് ഓരോ ആത്മാവും അന്ന് ദൈവത്തിന്റെ അനന്ത കാരുണ്യത്താൽ പിതാവിന്റെ മഹത്വമായി മാറ്റപ്പെടുന്നു. ശരണത്തോടെ ഈശോയെ സമീപിക്കുന്ന ആർക്കും ഈ അനുഗ്രഹം സംലഭ്യമാണ്.

കരുണയുടെ ഞായർ ആഘോഷിക്കേണ്ട വിധം:

1. നോമ്പുകാലത്ത് നന്നായി ഒരുങ്ങി നല്ല കുമ്പസാരം നടത്തുക.

2. ദുഃഖവെള്ളിയാഴ്ചമുതൽ കരുണയുടെ നൊവേന നടത്തുക. നൊവേനയോടൊപ്പം ‘ഈശോയുടെ തിരുഹൃദയത്തിൽനിന്നും ഞങ്ങൾക്കു കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരു ജലമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു’എന്ന ശരണത്തിന്റെ പ്രകരണവും (മൂന്നുമണി പ്രാർത്ഥന) 33 പ്രാവശ്യം ചൊല്ലണം. കരുണക്കൊന്തയും ചൊല്ലണം.

3. പുതുഞായറാഴ്ച വിശുദ്ധ കുർബാന സ്വീകരിക്കണം.

4. ദിവ്യബലിയോടനുബന്ധിച്ച വചനപ്രഘോഷണം അന്നത്തെ വായനകൾക്കനുയോജ്യമായി ദൈവകരുണയെക്കുറിച്ചായിരിക്കണം.

5. കരുണയുടെ ചിത്രം ആഘോഷമായി വെഞ്ചരിച്ച് പരസ്യവണക്കത്തിനു വെക്കണം. കഠിനപാപികളോടുള്ള ഈശോയുടെ കാരുണ്യം പ്രഖ്യാപിക്കപ്പെടുന്നതിനും അവർ തിരുനാളിന്റെ ഫലമെടുക്കുന്നതി നും വേണ്ടിയാണിത്.

6. ഉപവിയുടെ ഒരു പ്രവൃത്തിയെങ്കിലും ചെയ്തിരിക്കണം. അത് പ്രാർത്ഥന വഴിയോ, വാക്കുമൂലമോ പ്രവൃത്തി വഴിയോ ചെയ്യാവുന്നതാണ്. പ്രവൃത്തി കൂടാതെ വിശ്വാസം എത്ര ശക്തമാണെങ്കിലും നിഷ്പ്രയോജനമാണ്. (ഡയറി 742).

കരുണയുടെ തിരുനാളിനുവേണ്ടി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം. പാപികളെ നേടിക്കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താം. കരുണയുടെ തിരുനാളിൽ ദൈവമഹത്വമായി മാറിക്കൊണ്ട് ഈശോയെ ആനന്ദിപ്പിക്കാം. വിശുദ്ധ ഫൗസ്തീനയെ പിൻപറ്റി നമുക്കും ദൈവകാരുണ്യത്തിന്റെ പ്രേഷിതരാകാം. ‘എനിക്കു ദാഹിക്കുന്നു; നീ എന്നെ സഹായിക്കുമോ?’എന്ന ഈശോയുടെ യാചനയ്ക്ക് പ്രത്യുത്തരമേകാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?