Follow Us On

20

May

2022

Friday

ദൈവകരുണ തേടേണ്ട കാലം

ബാബു പോൾ

ദൈവകരുണ തേടേണ്ട കാലം

ദൈവത്തിന്റെ അനന്തകരുണയുടെ പുകഴ്ച്ചയായി നൽകപ്പെട്ടിരിക്കുന്ന ദൈവകരുണയുടെ തിരുനാളിനെക്കുറിച്ചും അതിലൂടെ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന അസാധാരണമായ കൃപകളെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ.

കർത്താവിന്റെ കരുണ നിറഞ്ഞ സ്‌നേഹത്തെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കാൻ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത എളിയ ദാസിയായിരുന്നു വിശുദ്ധ ഫൗസ്റ്റീന. പോളണ്ടിലെ കരുണയുടെ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ മിണ്ടാമഠത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച സന്യാസിനി. കർത്താവിനെപ്പോലെ 33 വർഷമായിരുന്നു അവളുടെയും ജീവിതം. നിരക്ഷരയും ധൈര്യശാലിയുമായിരുന്ന ഈ യുവസന്യാസിനി തന്റെ ജീവിതം മുഴുവനും പാപികൾക്കു വേണ്ടിയുള്ള ദഹനബലിയായി കർത്താവിനു സമർപ്പിച്ചു.

ഈശോയുടെ കരുണാർദ്ര സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കാനും അതുവഴി ദൈവകാരുണ്യ രഹസ്യത്തിലേക്ക് കടന്നുചെല്ലാനുമുള്ള കൃപ കർത്താവ് അവൾക്ക് നൽകി. ഈശോയുടെ ആഗ്രഹപ്രകാരവും ആത്മീയപിതാവായ വാഴ്ത്തപ്പെട്ട മൈക്കിൾ സൊപ്പോച്‌കോ അച്ചന്റെ നിർദേശമനുസരിച്ചും അവൾ എഴുതി സൂക്ഷിച്ച, അവൾക്കുണ്ടായ ദൈവാനുഭവങ്ങളും വെളിപാടുകളും അടങ്ങുന്ന ഡയറി ദൈവകരുണയെന്ന ദൈവികരഹസ്യക്കെുറിച്ചുള്ള അമൂല്യഗ്രന്ഥമാണ്.

ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു: ‘എന്റെ മകളേ, സർവലോകത്തോടും എന്റെ കരുണയെ കുറിച്ച് പറയുക. മാനവകുലം മുഴുവനും എന്റെ അളവറ്റ കരുണയെ അറിയാൻ ഇടയാകട്ടെ. ഇത് യുഗാന്ത്യത്തിന്റെ അടയാളമായിരിക്കും. അതിനുശേഷം നീതിയുടെ സമയം ആഗതമാകും. കരുണയുടെ ഈ സമയത്ത് എല്ലാവരും എന്റെ കരുണയിൽ അഭയം തേടട്ടെ. അവിടെനിന്ന് ഒഴുകിയെത്തുന്ന തിരുരക്തത്തിൽനിന്നും തിരുജലത്തിൽനിന്നും അവർ ഫലമെടുക്കട്ടെ.’

തുടർന്ന് അവൾ എഴുതി: ‘ഓ മനുഷ്യാത്മാവേ, ആ ദിവസം ദൈവകോപത്തിൽനിന്ന് രക്ഷപ്പെടാൻ നീ എവിടെ മറഞ്ഞിരിക്കും. ദൈവകരുണയുടെ സ്രോതസിൽ ഇപ്പോൾതന്നെ അഭയം തേടുക. ദൈവകരുണയുടെ സ്തുതി ഗീതങ്ങൾ ആലപിച്ച് ദൈവകരുണയെ ആരാധിക്കുന്ന വളരെ വലിയ ഒരു ഗണം ആത്മാക്കളെ ഞാൻ ദർശിക്കുന്നു,’ (9ഡയറി 848).

ആഘോഷിക്കണം നിർദേശപ്രകാരം

വീണ്ടും ഈശോ അവളോട് പറഞ്ഞു: ‘പഴയ നിയമകാലത്ത് ഇടിമുഴക്കത്തിന്റെ ശക്തിയോടെ ഞാൻ പ്രവാചകന്മാരെ എന്റെ ജനത്തിന്റെ അടുക്കലേക്ക് അയച്ചു. ഇന്ന് എന്റെ കരുണയുമായി ലോകത്തിലെ എല്ലാ ജനതകളിലേക്കും ഞാൻ നിന്നെ അയക്കുന്നു. വേദനിക്കുന്ന മനുഷ്യകുലത്തെ ശിക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് എന്റെ കരുണാർദ്രഹൃദയത്തോട് ചേർത്തണച്ച് അതിനെ സുഖപ്പടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.’

കരുണയുടെ തിരുനാൾ ആഘോഷിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെയ്തുപോയ മുഴുവൻ പാപങ്ങളും ഇളച്ചുകിട്ടുകയാണ്. മാമ്മോദീസയിലൂടെ ഒരു ആത്മാവിലേക്ക് പകരപ്പെടുന്ന വരപ്രസാദവും വിശുദ്ധിയും ഈ തിരുനാൾ ആഘോഷത്തിലൂടെ സമ്പൂർണമായി തിരികെ ലഭിക്കുന്നു. മാത്രമല്ല, മുഴുശരണത്തോടെ അന്നേ ദിവസം കർത്താവിനോട് ചോദിക്കുന്ന ഭൗതികവും ആത്മീയവുമായ സകല അനുഗ്രഹങ്ങളും കൃപകളും നൽകപ്പെടുമെന്നും ഈശോ വാഗ്ദാനം ചെയ്യുന്നു.

കരുണയുടെ തിരുനാൾ മാമ്മോദീസയ്ക്ക് തുല്യമായ വരപ്രസാദം ഒരു വ്യക്തിയുടെ ആത്മാവിൽ പകരുമെന്നിരിക്കെ സാർവത്രികസഭയിലെ ഓരോ ഇടവകയിലും ഈ തിരുനാൾ യഥാവിധി ആഘോഷിക്കപ്പെടുമ്പോൾ, സകല വിശ്വാസികളും ഒരേ ദിവസംതന്നെ മാമ്മോദീസ സ്വീകരിച്ചുകൊണ്ട് ജന്മപാപവും കർമപാപവും അതിന്റെ നിത്യശിക്ഷയും കാലിക ശിക്ഷകളും മോചിപ്പിക്കപ്പെട്ട വിശുദ്ധമായ ഒരവസ്ഥയിലേക്ക് പ്രവേശിക്കുന്നു. തിരുസഭയിലെ മുഴുവൻ അംഗങ്ങളും ഒരേ സമയം കർത്താവിന്റെ കരുണയാൽ നിമജ്ജനം ചെയ്യപ്പെടുന്നു.

യോനാപ്രവാചകൻ നിനവെ നിവാസികളോട് പ്രസംഗിച്ചപ്പോൾ, രാജാവും ജനങ്ങളും മൃഗങ്ങൾപോലും ചാക്കുടുത്ത് ചാരംപൂശി വലിയ ശരണത്തോടെ കർത്താവിന്റെ കരുണയ്ക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു. തത്ഫലമായി ദൈവകോപം നീങ്ങുകയും കർത്താവിന്റെ അതിരറ്റ കരുണ നിനവെ നിവാസികളെ ചൂഴ്ന്നുനിൽക്കുകയും ചെയ്തു. കരുണയുടെ തിരുനാൾ ആഘോഷിക്കപ്പെടുന്നതിലൂടെ, ദൈവകരുണയാൽ ലോകം മുഴുവനും നിമജ്ജനം ചെയ്യപ്പെടുകയും വലിയ വിപത്തുകൾ നീങ്ങിപ്പോവുകയും ചെയ്യും.

ഇത് ഒരിക്കലും പിശാചിന് അംഗീകരിക്കാനാവില്ല. അതുകൊണ്ട് ഈ തിരുനാളിന്റെ മഹത്വം മനുഷ്യൻ അറിയരുതെന്ന് പിശാച് ആഗ്രഹിക്കുന്നു. തിരുസഭയുടെ ഔദ്യോഗിക കൽപ്പന ആയിരുന്നിട്ടും മാനുഷികവും ബൗദ്ധികവുമായ പലകാരണങ്ങളാൽ ഈ തിരുനാൾ അവഗണിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഈ തിരുനാൾ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കർത്താവ് ആവശ്യപ്പെട്ട രീതിയിലല്ല ആഘോഷിക്കപ്പെടുന്നത്.

കരുണയുടെ തിരുനാൾ ആഘോഷിക്കുന്നവർക്ക് കർത്താവ് നൽകിയ വാഗ്ദാനങ്ങളെ ഉറപ്പിച്ചുകൊണ്ട് തിരുസഭ പൂർണദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. കരുണയുടെ കൂദാശകളായ കുമ്പസാരത്തെയും വിശുദ്ധ കുർബാനയെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന തിരുനാളാണിത്. കരുണയുടെ തിരുനാൾ ആഘോഷം ഫലദായകമാകാൻ അനുതപിച്ച് കുമ്പസാരിക്കുകയും തിരുനാൾ ദിവസം ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ദൈവകരുണയുടെ ഛായാചിത്രം വെഞ്ചരിക്കുകയും പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുകയും വേണമെന്ന് ഈശോ അനുശാസിക്കുന്നു.

പോളണ്ടിന്റെ തീപ്പൊരി

ചിത്രത്തിലെ ഈശോയുടെ തിരുവിലാവിൽനിന്ന് ബഹിർഗമിക്കുന്ന ചുവപ്പും വെള്ളയും പ്രകാശകിരണങ്ങൾ അവിടുത്തെ വിലാവ് കുന്തത്താൽ പിളർക്കപ്പെട്ടപ്പോൾ പുറത്തേക്കൊഴുകിയ രക്തത്തെയും വെള്ളത്തെയും സൂചിപ്പിക്കുന്നു. (ഡയറി 300) കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കരുണയുടെ കൂദാശകളായ വിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും ഈ രശ്മികൾ പ്രതിധാനം ചെയ്യുന്നുവെന്നത് തിരുനാൾ ദിനം ചിത്രം ആഘോഷമായി വെഞ്ചരിക്കുന്നതിന് ഉന്നതമാനങ്ങൾ നൽകുന്നു. കരുണയുടെ കൂദാശകളിലേക്ക് കൂടെകൂടെ അണയാൻ ചിത്രത്തിലൂടെ ഈശോ നമ്മെ ക്ഷണിക്കുന്നു.

കരുണയുടെ തിരുനാൾ സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2000ൽ ആണെങ്കിലും സഭയുടെ ആരാധനക്രമം പരിശോധിച്ചാൽ, പ്രാരംഭകാലം മുതലേ, കർത്താവിന്റെ കരുണയെക്കുറിച്ചുള്ള വായനകൾ കാണാം. ഈസ്റ്ററിന്റെ അഷ്ടദിനങ്ങളിലും വിശിഷ്യാ, ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ ഉണ്ടായിരുന്നതെന്ന് മനസിലാക്കാം.

1732ൽ ഈശോ സിസ്റ്റർ ഫൗസ്റ്റീനയോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ പോളണ്ടിനെ സവിശേഷമായി സ്‌നേഹിക്കുന്നു. അവൾ എന്നെ അനുസരിക്കുമെങ്കിൽ ഞാൻ അവളെ ശക്തിയിലും വിശുദ്ധിയിലും ഉയർത്തും. എന്റെ രണ്ടാമത്തെ വരവിനായി ലോകത്തെ ഒരുക്കാനുള്ള തീപ്പൊരി അവളിൽനിന്നും പുറപ്പെടും.’

വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു ഈ തീപ്പൊരി എന്നു കരുതപ്പെടുന്നു. വിശുദ്ധ ഫൗസ്റ്റീനയും വിശുദ്ധ ജോൺ പോൾ രണ്ടാമനും പരസ്പരം കണ്ടിട്ടില്ലെങ്കിലും വിശുദ്ധ ഫൗസ്റ്റീന ക്രാക്കോവിലെ കോൺവെന്റിൽ താമസിച്ചുകൊണ്ട് കരുണയുടെ സന്ദേശം കർത്താവിൽനിന്ന് സ്വീകരിക്കുമ്പോൾ, അവളുടെ കോൺവെന്റിൽനിന്ന് ഏതാനും മീറ്റർ മാത്രം ദൂരത്തുള്ള പാറമടയിൽ കരോൾ വോയ്റ്റിവ ജോലി ചെയ്തുകൊണ്ട് രഹസ്യമായി വൈദികപ~നം നടത്തുകയായിരുന്നു.

ദൗത്യം പൂർത്തിയാക്കി പോളണ്ടിന്റെ പുത്രൻ

വിശുദ്ധ ഫൗസ്റ്റീന മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ, ദൈവകരുണയുടെ ഭക്തിക്ക് വിലക്ക് സഭയിലേർപ്പെടുത്തപ്പെട്ട കാലത്ത് ക്രാക്കോ അതിരൂപതയുടെ ബിഷപ്പായി എത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു ദൈവകരുണയുടെ ഭക്തിയെ തിരുസഭയിലേക്ക് മടക്കിക്കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത്. 1978ൽ ഈ വിലക്ക് പിൻവലിക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം പാപ്പയായി. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ‘കരുണയുടെ സന്ദേശം എന്നും എനിക്ക് സമീപസ്ഥവും പ്രിയപ്പെട്ടതുമായിരുന്നു. അത് ഞാൻ പത്രോസിന്റെ സിംഹാസനത്തിലേക്ക് കൊണ്ടുവന്നു. എന്റെ പാപ്പ പദവിയുടെ പ്രതിഛായയെ രൂപപ്പെടുത്തിയത് ഒരർത്ഥത്തിൽ ദൈവകരുണ തന്നെ.’

1993 ഏപ്രിൽ 18ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശുദ്ധ ഫൗസ്റ്റീനയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുകയും 1995 ഏപ്രിൽ 23ന് റോമിലെ സാസിയായിലെ ദൈവാലയത്തിൽ ദൈവകരുണയുടെ ചിത്രം പ്രതിഷ്ഠിക്കുകയും കരുണയുടെ തിരുനാൾ ആഘോഷിക്കുകയും ചെയ്തു. 1999ൽ കരുണയുടെ തിരുനാൾ റോമിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആദ്യമായി ആഘോഷിച്ചതും അദ്ദേഹമാണ്. 2000 ഏപ്രിൽ 30ന് മഹാജൂബിലി വർഷത്തിലെ ഈസ്റ്റർ കഴിഞ്ഞു വന്ന ആദ്യ ഞായറാഴ്ച്ച ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ട് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരുമിച്ചു കൂടിയ ജനലക്ഷങ്ങളോട് അദ്ദേഹം പറഞ്ഞു: ‘ഇന്നു മുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച്ച ദൈവകരുണയുടെ തിരുനാളായി സാർവത്രിക സഭയിൽ അറിയപ്പെടും.’

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന ദിവസവും അന്നാണെന്നും ഈ ദൗത്യത്തിനുവേണ്ടിയാണ് ദൈവം തന്നെ പാപ്പയാകാൻ അനുവദിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. 2002 ഓഗസ്റ്റ് 17ന്, ക്രാക്കോവിലെ ലാജീവ്‌നിക്കിയിലെ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽവെച്ച് ലോകം മുഴുവനെയും അതിലെ ഓരോ മനുഷ്യന്റെ ഭാഗധേയവും അദ്ദേഹം ദൈവകരുണയ്ക്ക് പ്രതിഷ്ഠിച്ചു. 2005ലെ കരുണയുടെ തിരുനാളിന്റെ ഒരുക്ക രാത്രിയിലാണ് കരുണയുടെ പാപ്പ എന്നറിയപ്പെടുന്ന മഹാനായ ജോൺ പോൾ രണ്ടാമൻ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതെന്നതും വാഴ്ത്തപ്പെട്ട, വിശുദ്ധ പദവികളിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടതും കരുണയുടെ തിരുനാളിൽ തന്നെയായിരുന്നുവെന്നതും മറ്റൊരു അത്ഭുതം!

കരുണ നേടാൻ ഏഴ് ഏഴ് പതിനാല് നിർദേശങ്ങൾ!

വൈദികൻ ചെയ്യേണ്ടത്

1, തിരുനാൾ ദിവസം മുൻകൂട്ടി ഇടവക ജനത്തെ അറിയിക്കുകയും അതിന്റെ പ്രാധാന്യം വിശദീകരിച്ച് കൊടുക്കുകയും വേണം.

2, കുമ്പസാരത്തിന് സൗകര്യം ഒരുക്കണം.

3, തിരുനാൾ ദിവസം യേശുവിന് പാപികളോടുള്ള കരുണയെ കുറിച്ച് പ്രഘോഷിക്കണം.

4, പ്രാർത്ഥനകൾക്ക് നേതൃത്വം നൽകണം.

5, ദുഃഖവെള്ളിയാഴ്ച്ച മുതൽ (ദൈവാലയത്തിലെ തിരുകർമങ്ങൾക്കുശേഷം) കരുണയുടെ നൊവേനയ്ക്ക് നേതൃത്വം നൽകണം.

6, തിരുനാൾ ദിവസം കരുണയുടെ ഛായാചിത്രം ആഘോഷമായി വെഞ്ചരിക്കുകയും പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുകയും ചെയ്യണം.

7, കാരുണ്യപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കണം.

ഇടവകജനം ചെയ്യേണ്ടത്

1, ദുഃഖവെള്ളിയാഴ്ച്ച മുതൽ കരുണയുടെ നൊവേന ചൊല്ലണം.

2, പാപങ്ങളെല്ലാം ഓർത്ത് ഹൃദയപൂർവം അനുതപിക്കണം.

3, കർത്താവിന്റെ കരുണയിൽ പൂർണമായി ശരണപ്പെടണം.

4, കുമ്പസാരിക്കണം (തിരുനാളിനുമുമ്പുള്ള ഏഴു ദിവസങ്ങളിൽ എന്നെങ്കിലും, അതിനു കഴിയുന്നില്ലെങ്കിൽ, തിരുനാൾ കഴിഞ്ഞു വരുന്ന ഏഴു ദിവസങ്ങൾക്കുള്ളിലോ കുമ്പസാരിക്കണം.)

5, തിരുനാൾ ദിനം ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിക്കണം.

6, കരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് കർത്താവിന്റെ കരുണയെ ആരാധിക്കണം.

7, കരുണയുടെ പ്രവൃത്തികൾ ചെയ്യണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?