Follow Us On

14

April

2021

Wednesday

ദൈവകരുണയുടെ തിരുനാൾ: പേപ്പൽ ദിവ്യബലി രണ്ട് വിശുദ്ധരുടെ സാന്നിധ്യത്തിൽ!

ദൈവകരുണയുടെ തിരുനാൾ: പേപ്പൽ ദിവ്യബലി രണ്ട് വിശുദ്ധരുടെ സാന്നിധ്യത്തിൽ!

വത്തിക്കാൻ സിറ്റി: ദൈവ കരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 11ന് ഫ്രാൻസിസ് പാപ്പയുടെ ദിവ്യബലി അർപ്പണം രണ്ട് വിശുദ്ധരുടെ സാന്നിധ്യത്തിൽ! ദൈവ കരുണയുടെ ചിത്രം വെളിപ്പെടുത്തപ്പെട്ട വിശുദ്ധ ഫൗസ്റ്റീനയുടെയും ദൈവകരുണയുടെ തിരുനാളിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിട്ടുള്ള റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദൈവാലയത്തിലാണ് ദൈവ കരുണയുടെ തിരുനാളിൽ ഇത്തവണയും പാപ്പ ദിവ്യബലി അർപ്പിക്കുന്നത്.

മഹാമാരിയെ തുടർന്ന്, ദൈവ കരുണയുടെ തിരുനാൾ ദിനത്തിൽ കഴിഞ്ഞ വർഷവും ഈ ദൈവാലയത്തിൽതന്നെയായിരുന്നു പേപ്പൽ ദിവ്യബലി. വത്തിക്കാൻ സമയം രാവിലെ 10.30 അർപ്പിക്കുന്ന ദിവ്യബലിയിൽ പൊതുജന പങ്കാളിത്തം ഉണ്ടായിരിക്കില്ല. തിരുക്കർമങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം ലഭ്യമാക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഈസ്റ്ററിനുശേഷം വരുന്ന ഞായർ ദൈവകരുണയുടെ തിരുനാളായി 2000ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചശേഷം തിരുനാൾ തിരുക്കർമങ്ങൾ വത്തിക്കാന് പുറത്ത് അർപ്പിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

ദൈവകരുണയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമാണ്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ. പ്രസ്തുത ദൈവാലയത്തെ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രമായി മാറ്റിയതും വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. വിശുദ്ധ ഫൗസ്റ്റീന അംഗമായിരുന്ന ‘ദ സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി’ സന്യാസിനി സഭയാണ് അനുദിന പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ക്രമീകരണം നടത്തുന്നത്. ദൈവാലയത്തോട് ചേർന്ന് ഒരു ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?