Follow Us On

07

May

2021

Friday

പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റം വീണ്ടും; ഇത്തവണ ഇരകളായത് രണ്ട് ക്രിസ്ത്യൻ നഴ്‌സുമാർ

പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റം വീണ്ടും; ഇത്തവണ ഇരകളായത് രണ്ട് ക്രിസ്ത്യൻ നഴ്‌സുമാർ

ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റത്തിന് രണ്ട് പുതിയ ഇരകൾകൂടി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്‌സ് (ഡി.എച്ച്.ക്യു) ആശുപത്രിയിലെ നഴ്‌സുമാരായ മറിയം ലാൽ, നെവിഷ് അരൂജ് എന്നിവർക്കെതിരെയാണ് മതനിന്ദാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. മാനസിക രോഗികളെ ചികിത്സിക്കുന്ന വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഇസ്‌ലാമിക വചനങ്ങൾ എഴുതിയ സ്റ്റിക്കർ പൊളിച്ചുനീക്കിയെന്നാണ് ആരോപണം.

എന്നാൽ, നഴ്‌സുമാർക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ഐ.സി.സി) വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാൻ മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജുനൈദ് പെർവായിസ് ഘോറി ചൂണ്ടിക്കാട്ടി. ‘ഇസ്ലാമിക കലണ്ടറിലെ പേജോ ഏതെങ്കിലും വാക്യമോ ഏതെങ്കിലും ഭാഗമോപോലും നീക്കം ചെയ്യാൻ ക്രൈസ്തവർ ശ്രമിക്കരുത്. അതുപോലും മതനിന്ദാ കുറ്റം ചുമത്തപ്പെടാൻ ഇടയാക്കും,’ അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏപ്രിൽ ഒമ്പതിനായിരുന്നു പ്രശ്‌നങ്ങൾക്ക് ആസ്പദമായ സംഭവം. ഹെഡ് നഴ്‌സ് റുക്‌സാനയുടെ നിർദേശപ്രകാരം വാർഡിലെ അലമാരകൾ മറിയം വൃത്തിയാക്കിയ ശേഷമാണ് ആരോപണം ഉന്നയിക്കപ്പെട്ടത്. സ്റ്റിക്കർ പറിച്ചുമാറ്റിയെന്ന് ഹെഡ് നഴ്‌സ് ആരോപണം ഉന്നയിച്ചതോടെ ആശുപത്രിയിലെ മറ്റു മുസ്‌ലിം ജീവനക്കാർ അക്രമാസക്തരായി. ആശുപത്രി ജീവനക്കാരനായ വഖാസ് എന്നയാൾ കത്തിയുമായി ഇവരെ ആക്രമിച്ചു. ആക്രമണത്തിൽ മറിയത്തിന് കൈയിൽ പരിക്കേൽക്കുകയും ചെയ്തു.

ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മറിയത്തിനൊപ്പം നെവിഷ് അരൂജിന്റെമേലും മെഡിക്കൽ സൂപ്രണ്ട് കുറ്റാരോപണം നടത്തുകയായിരുന്നു. നഴ്‌സുമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർക്കൊപ്പം പ്രാദേശിക മുസ്‌ലിം പുരോഹിതരും രംഗത്തെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കലാപവിരുദ്ധ സേനയെയും എലൈറ്റ് ഫോഴ്‌സിനെയും വിളിക്കേണ്ടിവന്നു. പ്രതിഷേധക്കാരെ നീക്കിയശേഷമാണു നഴ്‌സിനെ ആശുപത്രി വളപ്പിൽനിന്ന് പുറത്തെത്തിക്കാനായത്.

പാക്കിസ്ഥാനിലെ മതനിന്ദാക്കുറ്റവും ഇതിനുള്ള ശിക്ഷയും അന്താരാഷ്ട്ത തലത്തിൽതന്നെ കുപ്രസിദ്ധമാണ്. വ്യക്തിവൈരാഗ്യങ്ങളെ തുടർന്നുള്ള പരാതികളുടെ പേരിലും പൊലീസ് മതനിന്ദാക്കുറ്റം ചുമത്താറുണ്ട്. ഇത്തരത്തിൽ ആരോപണവിധേയരാകുന്നവർക്ക് മിക്കപ്പോഴും അഭിഭാഷക സഹായം ലഭിക്കാറില്ല. പ്രതിഷേധം ഭയന്ന് അഭിഭാഷകർ പിൻമാറുന്നതും ആരോപണവിധേയരെ ജനക്കൂട്ടം ആക്രമിക്കുന്നതും പതിവാണ്. മതനിന്ദക്കുറ്റം ചുമത്തപ്പെട്ട 80 പേരെങ്കിലും പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

ഇതിൽ പകുതിക്കും ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം. മതനിന്ദക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസീയ ബീബി എന്ന ക്രിസ്ത്യൻ വീട്ടമ്മ കഴിഞ്ഞവർഷം പാക്കിസ്ഥാനിൽനിന്ന് രക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ദുരുപയോഗ സാധ്യതകൾ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തിൽതന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?