Follow Us On

28

March

2024

Thursday

അടിച്ചുവാരാം, നമ്മുടെ മനസ്സും പരിസരവും!

ഫാ. ജെ. ആക്കാനത്ത്

അടിച്ചുവാരാം, നമ്മുടെ മനസ്സും പരിസരവും!

കളഞ്ഞുപോയ നാണയം അന്വേഷിക്കുന്ന ബൈബിളിലെ സ്ത്രീ വിളക്കു തെളിച്ചശേഷം ചെയ്യുന്നത് വീട് അടിച്ചുവാരലാണ്. കളഞ്ഞുപോയ നമ്മുടെ കൃപകൾ വീണ്ടെടുക്കാൻ, ഒരു അടിച്ചുവാരൽ ശുദ്ധീകരണ പ്രക്രിയ ആത്മീയതലത്തിലും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു ലേഖകൻ.

വലിയ സാധനങ്ങളാണെങ്കില്‍ വിളക്കു തെളിക്കുമ്പോള്‍ത്തന്നെ കണ്ടെത്താം. എന്നാല്‍ നാണയംപോലുള്ള ചെറിയ സാധനങ്ങള്‍ വിളക്കു തെളിച്ചാലും കാണണമെന്നില്ല. എന്തിന്റെയെങ്കിലും അടിയിലോ മറയിലോ മൂലയിലോ ആണെങ്കില്‍ അവ ദൃശ്യമാകില്ല. ഒരു ക്ലീനിങ്ങുകൂടി ആവശ്യമാണ്. ആ ക്ലീനിങ്ങാണ് അടിച്ചുവാരല്‍. മുറി മുഴുവന്‍ അടിച്ചു വാരുമ്പോള്‍ കളഞ്ഞുപോയ നാണയം കിട്ടാതിരിക്കില്ല. ആത്മീയതലത്തിലെ അടിച്ചുവാരി ശുദ്ധീകരിക്കല്‍പ്രക്രിയയാണ് ആത്മപരിശോധനയും പാപസങ്കീര്‍ത്തനവും.

മാലിന്യങ്ങളെല്ലാം അടിച്ചുകൂട്ടി പരിശോധിക്കുന്നു. ആ മാലിന്യക്കൂമ്പാരത്തില്‍ എന്റെ വിലപ്പെട്ട നാണയം പെട്ടുപോയിട്ടുണ്ടോ; എന്റെ കൃപ കളഞ്ഞുപോയിട്ടുണ്ടോ? മാലിന്യം വിലയില്ലാത്തതാണെങ്കിലും വിലപ്പെട്ട നാണയത്തെ മറച്ചുവെക്കാനും ഉപയോഗമില്ലാത്തവിധം നിഷ്‌ക്രിയമാക്കാനും അതുമതി.

മറ്റൊരു കാര്യംകൂടി ഇതു സൂചിപ്പിക്കുന്നുണ്ട്. വചനത്തിന്റെ വെളിച്ചം കിട്ടിയതുകൊണ്ടുമാത്രം വീണ്ടെടുപ്പ് സംഭവിക്കണമെന്നില്ല. ആ വെളിച്ചത്തില്‍ മാലിന്യങ്ങള്‍ കണ്ടെത്താനും അവയെ വെടിപ്പാക്കാനും തുടങ്ങുമ്പോഴേ കൃപ കണ്ടെത്താനും വീണ്ടെടുക്കാനും പ്രയോജനപ്പെടുത്താനും സാധിക്കൂ. കണ്ണടയില്‍ പൊടിയും അഴുക്കും പിടിച്ചാല്‍ ആവശ്യത്തിനു വെളിച്ചമുണ്ടെങ്കില്‍പ്പോലും കാണാനോ വായിക്കാനോ പറ്റാത്ത അവസ്ഥ വരും. ഇവിടെ വെളിച്ചക്കുറവല്ല, വെളിച്ചത്തെ കടത്തിവിടാത്ത മാലിന്യമാണ് കാഴ്ചയെ മറക്കുന്നത്.

ഓരോ വസ്തുവിനും അതതിന്റെ ഇടങ്ങളും സ്ഥാനങ്ങളുമുണ്ട്. അവിടെ ആയിരിക്കുമ്പോഴേ അതിനു വിലയും പ്രയോജനവുമുള്ളൂ. കപ്പല്‍ കടലില്‍കിടക്കേണ്ടതാണ്. കരയിലിരിക്കുമ്പോള്‍ കപ്പലിന് പ്രവര്‍ത്തനക്ഷമതയില്ല. അതുപോലെ നാണയം ചപ്പുചവറുകളുടെ ഇടയിലല്ല, ഉമടസ്ഥന്റെ കൈയിലിരിക്കണം. എങ്കിലേ അതിനു വിലയുള്ളൂ; പ്രയോജനവും. മനുഷ്യന്റെ ഉള്ളമാണ് കൃപയുടെ സ്ഥാനം. കൃപപോലെ മനുഷ്യന്റെ ആന്തരികതയെ സുന്ദരമാക്കുന്ന മറ്റൊന്നില്ല. എന്നാല്‍ അവിടെനിന്ന് സ്ഥാനചലനം സംഭവിച്ചാല്‍ അത് പ്രയോജനരഹിതമാകും. അത് കയ്യാളേണ്ടിയിരുന്ന വ്യക്തി ഉറയില്ലാത്ത ഉപ്പുപോലെ ഉപയോഗശൂന്യമായിത്തീരും.

ഉറകെട്ടാല്‍ പിന്നെ വീണ്ടെടുക്കാനാവില്ലെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. എന്നാല്‍. കൃപ കെട്ടാല്‍ വീണ്ടെടുക്കാനാവുമെന്നത് അത്യന്തം പ്രത്യാശാനിര്‍ഭരമാണ്. അതിന് വചനത്തിന്റെ വിളക്കു തെളിക്കണം; മനസ്സും അതിന്റെ പരിസരങ്ങളും അടിച്ചുവാരണം. പിന്നെ അന്വേഷണം ആരംഭിക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?