Follow Us On

29

March

2024

Friday

ദൈവസ്‌നേഹം തൊട്ടറിയാൻ ദൈവം തുറന്ന വാതിലാണ് തിരുമുറിവുകൾ: പാപ്പ

ദൈവസ്‌നേഹം തൊട്ടറിയാൻ ദൈവം തുറന്ന വാതിലാണ് തിരുമുറിവുകൾ: പാപ്പ

വത്തിക്കാൻ സിറ്റി: തിരുമുറിവുകൾ ക്രിസ്തുവിനും നമുക്കും ഇടയിലുള്ള തുറന്ന ചാലുകളാണെന്നും അത് നമ്മുടെ ദുരിതങ്ങളിൽ കരുണ ചൊരിയുന്നുവെന്നും ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ ആർദ്രതയിലേക്ക് നമുക്ക് പ്രവേശിക്കാനും അവിടുന്ന് ആരാണെന്ന് കൈകൊണ്ട് തൊട്ടറിയാനുമായി ദൈവം നമുക്കായി തുറന്നിട്ടിരിക്കുന്ന വാതിലാണ് ക്രിസ്തുവിന്റെ തിരുമുറിവുകളെന്നും പാപ്പ പറഞ്ഞു. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ റോമിലെ ‘സാന്തോ സ്പിരിത്തോ ഇൻ സാസിയ’ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

ഉത്ഥിതനായ ക്രിസ്തു സമ്മാനിച്ച സമാധാനം, പരിശുദ്ധാത്മാവ്, തിരുമുറിവുകൾ എന്നീ മൂന്ന് ദാനങ്ങളിലൂടെ ദൈവകരുണ ലഭിച്ച നാം ഓരോരുത്തരും കരുണയുള്ളവരായി മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാരെ ക്ഷമയോടെ ആശ്വസിപ്പിക്കുന്നു. തന്റെ പുനരുത്ഥാനത്തിനുശേഷം, അവിടുന്ന് ഇപ്രകാരം ശിഷ്യന്മാരുടെ പുനരുത്ഥാനം സാധ്യമാക്കുന്നു. യേശുവിനാൽ പുനരുത്തേജിതരായ അവരുടെ ജീവിതം പരിവർത്തനം ചെയ്യപ്പെട്ടു. കാരുണ്യത്തിന്റെ അടയാളത്തിലാണ് അത് നടക്കുന്നത്.

മൂന്ന് ദാനങ്ങളിലൂടെയാണ് അവർക്ക് കരുണ ലഭിക്കുന്നത്. ആദ്യം യേശു അവർക്ക് സമാധാനം നൽകുന്നു, പിന്നെ പരിശുദ്ധാത്മാവിനെയും ഒടുവിൽ തന്റെ തിരുമുറിവുകളും. ക്രിസ്തു നൽകിയ സമാധാനം ബാഹ്യപ്രശ്‌നങ്ങളെ അകറ്റുന്ന ഒരു സമാധാനമല്ല, മറിച്ച് ഉള്ളിലേക്ക് ആത്മവിശ്വാസം നിവേശിപ്പിക്കുന്ന ഹൃദയശാന്തിയാണ്. നിരാശരായിരുന്ന ആ ശിഷ്യന്മാർ ആന്തരിക സമാധാനമുള്ളവരായി. യേശുവിന്റെ സമാധാനം ദൗത്യത്തിന് കാരണമാകുന്നു. അത് നിഷ്‌ക്രിയരാക്കുന്ന ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ഹൃദയത്തെ തടവിലാക്കുന്ന ചങ്ങലകളെ തകർക്കുകയും ചെയ്യുന്നു.

പാപമോചനമേകാൻ ശിഷ്യർക്ക് കഴിയുന്നതിനാണ് അവിടുന്ന് അവർക്ക് പരിശുദ്ധാരൂപിയെ നൽകിയത്. നമ്മുടെ പാപം എപ്പോഴും നമ്മുടെ മുമ്പിലുണ്ട്. നമുക്കു തനിച്ച് അതിനെ ഇല്ലാതാക്കാനാകില്ല. ദൈവം മാത്രമാണ് അതിനെ ഇല്ലായ്മ ചെയ്യുന്നത്. പരിശുദ്ധാത്മാവിൽ പാപം മോചിക്കപ്പെടുന്നത് ആന്തരിക ഉയിർത്തെഴുന്നേൽപ്പിനുള്ള പെസഹാ ദാനമാണ്. അത് സ്വീകരിക്കാനും പാപ സങ്കീർത്തന കൂദാശ ആശ്ലേഷിക്കാനുമുള്ള കൃപയ്ക്കായി യാചിക്കാം. നമ്മെ വീണ്ടും എഴുന്നേൽപ്പിക്കുന്ന പുനരുത്ഥാനത്തിന്റെ കൂദാശയാണത്.

അവർക്ക് തന്റെ തിരുമുറിവുകൾ കാണിച്ചുകൊടുക്കുന്നതാണ് മൂന്നാമത്തെ ദാനം. ആ മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചു. എന്നാൽ ഒരു മുറിവ് നമ്മെ എങ്ങനെ സുഖപ്പെടുത്തും? കാരുണ്യത്താലാണത് സംഭവിക്കുന്നത്. ദൈവം നമ്മെ ആഴത്തിൽ സ്‌നേഹിക്കുന്നുവെന്നും അവിടന്നു നമ്മുടെ മുറിവുകളെ സ്വന്തമാക്കിയിട്ടുണ്ടെന്നും നമ്മുടെ ബലഹീനതകളെ അവിടുന്ന് ശരീരത്തിൽ സംവഹിച്ചുവെന്നും തോമാശ്ലീഹായെപ്പോലെ, കൈകൊണ്ട് തൊട്ടറിയാനുള്ള അവസരമാണത്.ഈ മുറിവുകളെ ആരാധിക്കുകയും ചുംബിക്കുകയും ചെയ്യുകവഴി നാം, നമ്മുടെ ബലഹീനതകളെല്ലാം അവിടുത്തെ ആർദ്രതയിൽ സ്വാഗതം ചെയ്യപ്പെടും.

ഇപ്രകാരം കരുണയുടെ സാക്ഷികളായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കരുണയുടെ സാക്ഷികളായിത്തീർന്നെങ്കിൽ മാത്രമേ കരുണാർദ്രമായ ദൈവത്തിന്റെ സുവിശേഷം പ്രഘോഷിക്കാനാകൂ. ദൈവത്തിന്റെ സ്‌നേഹം നാം സ്വീകരിച്ചെങ്കിൽ മാത്രമേ ലോകത്തിന് പുതിയതെന്തെങ്കിലും നൽകാനാകൂ. അതിനാൽ നാം നിസംഗത പാലിക്കരുത്. കാരണം, സ്‌നേഹം നമ്മിൽത്തന്നെ അസ്തമിക്കുന്നെങ്കിൽ വിശ്വാസം വരണ്ടുണങ്ങിയതും ഫലരഹിതവുമാകും. കാരുണ്യപ്രവർത്തികളില്ലെങ്കിൽ വിശ്വാസം മൃതമായിത്തീരുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?