Follow Us On

29

March

2024

Friday

ദൈവാലയ തിരുക്കർമങ്ങൾ തടഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് പൊലീസ്; ഖേദം അറിയിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ ദൈവാലയത്തിലെത്തി

ദൈവാലയ തിരുക്കർമങ്ങൾ തടഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് പൊലീസ്; ഖേദം അറിയിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ ദൈവാലയത്തിലെത്തി

ലണ്ടൻ: സൗത്ത് ലണ്ടൻ ബൽഹാം ‘ക്രൈസ്റ്റ് ദ കിംഗ്’ പോളിഷ് കാത്തലിക് ദൈവാലയത്തിലെ ദുഃഖവെള്ളി തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിൽ ഖേദം അറിയിച്ച് മെട്രോപ്പൊളിറ്റൻ പൊലീസ്. ‘സൗത്ത് വെസ്റ്റ് ബേസിക് യൂണിറ്റ്’ സേനയെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ ദൈവാലയത്തിൽ നേരിട്ടെത്തിയാണ് വിവാദ നടപടിമൂലം ഇടവകാംഗങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയിലെ തിരുക്കർമങ്ങൾക്കുശേഷം അൾത്താരയ്ക്ക് സമീപമുള്ള പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഡിറ്റെക്റ്റീവ് ഡപ്യൂട്ടി സൂപ്രണ്ട് ആൻഡി വാഡി വിശ്വാസികളോട് ഖേദപ്രകടനം നടത്തുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണവുമായി ദുഃഖവെള്ളിയാഴ്ച തിരുക്കർമങ്ങൾ നടക്കവേ ക്രൈസ്റ്റ് ദ കിംഗ് ദൈവാലയത്തിൽ പൊലീസ് അതിക്രമിച്ച് കയറിയതും ആരാധന നിർത്തി വിശ്വാസികളോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടതും വലിയ വിവാദമായിരുന്നു. തിരികെ മടങ്ങിയില്ലെങ്കിൽ പിഴ ശിക്ഷയോ അറസ്റ്റോ നേരിടേണ്ടി വരുമെന്നും കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് ഭീഷണി മുഴക്കി. എന്നാൽ, തങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിച്ചിരുന്നെന്ന് വ്യക്തമാക്കിയ സഭാ നേതൃത്വം പൊലീസിന്റെ അധികാര ദുർവിനിയോഗം ചോദ്യം ചെയ്തതോടെ പ്രതിഷേധം ശക്തമായി.

ഇതിന്റെ പ്രതിഫലനമായാണ് പൊലീസിന്റെ ഖേദപ്രകടനം വിലയിരുത്തപ്പെടുന്നത്. സംഭവത്തിനുശേഷം മെട്രോപ്പൊളിറ്റൻ പൊലീസ്, ന്യൂ സ്‌കോട്ട്‌ലൻഡ് യാർഡ് എന്നിവിടങ്ങളിലെ സഹപ്രവർത്തകരുമായി ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയും മനസിലാക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് ഖേദപ്രകടനം നടത്തിയത്. ‘ദുഃഖവെള്ളിയാഴ്ച ഉണ്ടായ സംഭവങ്ങൾ അനേകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിൽ അഗാധമായ ഖേദം രേഖപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു. മഹാമാരിയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻവേണ്ടിയുള്ള മെേ്രടാപൊളിറ്റൻ പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പൊലീസിന് ദൈവാലയത്തിൽ കയറേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്റ്റ് ദ കിംഗ് ഇടവകയും പൊലീസും തമ്മിൽ അഗാധവും നീണ്ടുനിൽക്കുന്നതുമായ ഒരു പുതിയ ബന്ധത്തിന് ഇന്ന് തുടക്കം കുറിക്കുകയാണെന്ന വാക്കുകളോടെയാണ് ആൻഡി വാഡി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ദുഃഖവെള്ളിയാഴ്ച ഉണ്ടായ സംഭവങ്ങൾ ഇടവകയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെങ്കിലും ഉദ്യോഗസ്ഥർ ഖേദപ്രകടനം നടത്തിയതിൽ സൗത്ത് വാർക്ക് ആർച്ച്ബിഷപ്പ് ജോൺ വിൽസൺ സംതൃപ്തി രേഖപ്പെടുത്തി. പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു ആർച്ച്ബിഷപ്പ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?