Follow Us On

31

July

2021

Saturday

നൈജീരിയ: ജുഡീഷ്യൽ നിയമനങ്ങളിൽ മറനീക്കുന്നത്‌ ഇസ്ലാമികവത്ക്കരണ ശ്രമം; അതൃപ്തി അറിയിച്ച് സഭ

നൈജീരിയ: ജുഡീഷ്യൽ നിയമനങ്ങളിൽ മറനീക്കുന്നത്‌ ഇസ്ലാമികവത്ക്കരണ ശ്രമം; അതൃപ്തി അറിയിച്ച് സഭ

അബൂജ: നൈജീരിയൻ അപ്പീൽ കോടതികളിലേക്ക് ഈയിടെ നടന്ന ജഡ്ജുമാരുടെ നിയമനം രാജ്യം ഇസ്ലാമിക വത്ക്കരിക്കാനുള്ള മുഹമ്മദ് ബുഹാരി ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാക്കുന്നു എന്ന ഗുരുതര ആരോപണവുമായി ക്രൈസ്തവ സഭാ നേതൃത്വം. നാഷണൽ ജുഡീഷ്യൽ കൗൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ 13 പേരും മുസ്ലീം സമുദായത്തിൽനിന്നുള്ളവരാണ് എന്നതിനൊപ്പം, ഈയിടെ നടന്ന മറ്റ് ചില സുപ്രധാന കാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജിരിയ’ (സി.എ.എൻ) ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്.

‘ബുഹാരിയുടെ ആദ്യത്തെ ഭരണകാലഘട്ടത്തിൽ തന്നെ ജുഡീഷ്യൽ സംവിധാനങ്ങളെ അക്ഷരാർത്ഥത്തിൽ ‘ഇസ്ലാമിക കാര്യങ്ങൾക്കായുള്ള നൈജീരിയയിലെ സുപ്പീരിയർ കൗൺസിലി’ന്റെ (എൻ.എസ്.സി.ഐ.എ) അനുബന്ധംപോലെയാക്കി മാറ്റിയിരുന്നു,’ സി.എ.എൻ നേതൃത്വം വ്യക്തമാക്കി. ബോർഡുകളുടെയും കമ്മിറ്റികളുടെയും സുപ്രധാന പദവികളിൽ മുസ്ലീം വിശ്വാസികളെ നിയമിക്കുകയും ക്രൈസ്തവരെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്വാധീനമില്ലാത്തവരായി നിർത്തുകയും ചെയ്യുന്ന പ്രവണതയിൽ ഇസ്ലാമികവൽക്കരണ പദ്ധതി വ്യക്തമാണെന്നും സഭാ നേതൃത്വം ചൂണ്ടിക്കാട്ടി.

നൈജീരിയൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വാൾട്ടർ സാമുവൽ ഒന്നോഘനെ 10 വർഷത്തേക്ക് സസ്‌പെന്റ് ചെയ്തതും ‘സി.എ.എൻ’ പരാമർശിച്ചു. ‘അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.’ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ 2019ൽ അദ്ദേഹത്തെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. അതിനുശേഷമാണ് പ്രധാന കമ്മിറ്റികളുടെയും അധ്യക്ഷപദവിയിൽ ഇസ്ലാമിക വിശ്വാസികളെ നിയമിക്കുന്ന പ്രവണത വർദ്ധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

‘നാഷണൽ ജുഡിഷ്യൽ കൗൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ നോർത്തേൺ റീജ്യണിൽനിന്നുള്ള 13 പേരും മുസ്ലീം വിശ്വാസികളാണ്. നോർത്ത് റീജ്യണിൽ ഇതിന് യോഗ്യരായ ക്രൈസ്തവരാരും ഇല്ലെന്നാണോ ഇതിൽനിന്ന് മനസിലാക്കേണ്ടത്, ഒരു ക്രൈസ്തവൻ പോലും ഇതിനുള്ള വിദ്യാഭ്യാസം നേടിയിട്ടില്ലെന്നാണോ ഇതിൽനിന്ന് മനസിലാക്കേണ്ടത്?,’ വ്യക്തമായ മത രാഷ്ട്രീയ കാരണങ്ങൾ ഈ നിയമനത്തിന് പിന്നിലുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് നൈജീരിയയിലെ കത്തോലിക്കാ സെക്രട്ടറിയേറ്റിന്റെ പ്രതിനിധികൾ ഉൾപ്പെടുന്ന എക്യുമെനിക്കൽ സമിതി വ്യക്തമാക്കി.

സർക്കാർ പദവികളിൽ ഇതിനകം നടത്തിയ നിയമനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് നൈജീരിയയിലെ ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടു. ‘നൈജീരിയ മുസ്ലീം ഉടമസ്ഥയിലുള്ള ഒരു രാജ്യമല്ല. ഒരു ബഹുവംശീയ, ബഹുമത രാജ്യമാണെന്ന് മനസിലാക്കി അത് പ്രതിഫലിപ്പിക്കുംവിധം നിയമനങ്ങൾ നടത്തണം,’ സഭാ നേതൃത്വം വ്യക്തമാക്കി. ജനസംഖ്യയിൽ 53% മുസ്ലീംങ്ങളും 46% ക്രൈസ്തവരുമുള്ള രാജ്യമായ നൈജീരിയയിൽ മുഹമ്മദ് ബുഹാരി പ്രസിഡന്റായശേഷമാണ് ക്രൈസ്തവർക്ക് നേരായ അക്രമങ്ങൾ വ്യാപകമായതെന്നും റിപ്പോർട്ടുകളുണ്ട്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവഹത്യ നടക്കുന്ന രാജ്യമായി നൈജീരിയ മാറുമ്പോഴും ഭരണകൂടം തുടരുന്ന നിസംഗത ഭീതിതമാണ്. പ്രമുഖ നൈജീരിയൻ മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ കണക്കുകൾ പ്രകാരം 2015 ജൂൺ മുതൽ ഇതുവരെ 12,000ൽപ്പരം ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദികരെയും സെമിനാരിക്കാരെയും തട്ടിക്കൊണ്ടുപോകുന്നതും ക്രൈസ്തവ ഗ്രാമങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുന്നതും ഇപ്പോഴും വ്യാപകമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?