Follow Us On

07

May

2021

Friday

സത്യത്തിൽ എന്താവും ഈശോ ആഗ്രഹിച്ച ഉത്തരം?

ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് ബിഷപ്പ്)

സത്യത്തിൽ എന്താവും ഈശോ ആഗ്രഹിച്ച ഉത്തരം?

ഞാനൊരു ഡോക്ടറാണ്, വക്കീലാണ്, എഞ്ചിനീയറാണ്, അധ്യാപകനാണ്, കർഷകനാണ്, പുരോഹിതനാണ്, സുവിശേഷപ്രവർത്തകനാണ്, സാധാരണ തൊഴിലാളിയാണ് എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ ദൈവത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

‘ആത്മാവിനുള്ള ഹാന്‍ഡ്ബുക്ക്’ എന്ന സുന്ദരമായ പുസ്തകം പ്രചോദനാത്മക ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. മന:ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് കള്‍സണും ബഞ്ചമിന്‍ ഷീല്‍ഡും ചേര്‍ന്നാണ് അത് തയാറാക്കിയിരിക്കുന്നത്. പ്രശസ്തരായ 30ല്‍പ്പരം  വ്യക്തികളുടെ ലേഖനങ്ങളടങ്ങുന്ന ഈ ഗ്രന്ഥം ആത്മാവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. തോമസ് മൂര്‍, ബേണി സീഗല്‍ എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ബേണി സീഗല്‍ എഴുതിയ ലേഖനത്തില്‍ വളരെ പ്രസക്തവും അര്‍ത്ഥവത്തുമായ ഒരു ചോദ്യം കാണാം: “നാം ദൈവത്തിനുമുമ്പില്‍ ഹാജരാക്കപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. നീ സ്വയം എനിക്കു പരിചയപ്പെടുത്തിതരിക എന്ന് ദൈവം നമ്മോട് ആവശ്യപ്പെട്ടാല്‍ എന്ത് ഉത്തരം നാം കൊടുക്കും; എങ്ങനെയായിരിക്കും നാം നമ്മെത്തന്നെ ദൈവത്തിന് പരിചയപ്പെടുത്തുക?

“ഒരുപക്ഷേ ഇപ്രകാരമായിരിക്കും നാം പരിചയപ്പെടുത്തുക: ഞാനൊരു ഡോക്ടറാണ്, വക്കീലാണ്, എഞ്ചിനീയറാണ്, അധ്യാപകനാണ്, കര്‍ഷകനാണ്, പുരോഹിതനാണ്, സുവിശേഷപ്രവര്‍ത്തകനാണ്, ഒരു സാധാരണ തൊഴിലാളിയാണ്… അപ്പോള്‍ ദൈവത്തിന്റെ പ്രതികരണമെന്തായിരിക്കും?”

ബേണി സീഗലിന്റെ അഭിപ്രായത്തില്‍ ദൈവം അപ്പോള്‍ പറയും: “നീ ആരാണെന്ന് ശരിക്കു മനസ്സിലാക്കുമ്പോള്‍ വീണ്ടും വന്ന് എന്നെ കാണുക.”

നമ്മുടെ പരിചയപ്പെടുത്തല്‍ ശരിയായില്ല എന്നാണ് ദൈവത്തിന്റെ പ്രതികരണം വെളിപ്പെടുത്തുന്നത്. അപ്പോള്‍ ദൈവത്തോട് നാം എന്താണ് പറയേണ്ടിയിരുന്നത്; ദൈവം നമ്മില്‍നിന്നും പ്രതീക്ഷിക്കുന്നതെന്താണ്? ബേണി സീഗല്‍ ഇതിന് ഉത്തരം പറയുന്നില്ലെങ്കിലും ഉത്തരം കണ്ടെത്താനുള്ള ഒരു സൂചന തരുന്നുണ്ട്. ഈ ചോദ്യം രോഗിയായ, മരണാസന്നനായ ഒരു വ്യക്തിയോടാണ് ദൈവം ചോദിക്കുന്നതെങ്കില്‍ എന്തായിരിക്കും അയാളുടെ ഉത്തരം.

സീഗലിന്റെ അഭിപ്രായത്തില്‍ അത് ഇപ്രകാരമായിരിക്കും: “അവിടുത്തേക്ക് എന്നെ അറിയാമല്ലോ. ഞാന്‍ അങ്ങയുടെ പുത്രനാണ്.”

ചുരുക്കത്തില്‍ ദൈവം നമ്മില്‍നിന്നും അറിയാന്‍  ആഗ്രഹിക്കുന്നത് നാം എത്രമാത്രം വിദ്യാസമ്പന്നരാണെന്നോ, എന്ത് തൊഴില്‍ ചെയ്യുന്നുവെന്നോ അല്ല. മറിച്ച് നാം ആരാണെന്ന് അറിയാനാണ്. ഈ അറിവു നേടുകയെന്നതാണ് ആത്മാവിന്റെ ജോലി. ഇതായിരിക്കണം നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ ജോലി. ഈയൊരു ജോലിയില്‍ നാം പരാജയപ്പെട്ടാല്‍ മറ്റു രംഗങ്ങളിലെ വിജയങ്ങള്‍പോലും പരാജയമായി മാറും. അതാണല്ലോ ക്രിസ്തു പറഞ്ഞത്: “ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്തു പ്രയോജനം.”

നാം ആരാണെന്ന ചോദ്യത്തിന് ബൈബിളിന്റെ വീക്ഷണത്തില്‍ നാല് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയും: ഒന്ന്, നാം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. രണ്ട്, നാം പാപികളാണ്. മൂന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉയിര്‍പ്പുംവഴി വീണ്ടെടുക്കപ്പെട്ടവരാണ്. നാല്, രൂപരഹിതമായ ഈ ഭൂമിയെ രൂപപ്പെടുത്തുന്നതിന്, രൂപാന്തരപ്പെടുത്തുന്നതിന് ഏല്‍പ്പിക്കപ്പെട്ടവരാണ്. ചുരുക്കത്തില്‍ ഞാന്‍ ദൈവത്തിന്റെ മകനാണ്/മകളാണ് എന്ന തിരിച്ചറിവാണ് ജീവിതത്തിലുണ്ടാകാവുന്ന ഏറ്റവും വലിയ സമ്പത്ത്. ജീവിതം ഈ തിരിച്ചറിവിലേക്കുള്ള കടന്നുവരവാണ്.

“ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകരണത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം ആബാ പിതാവേ എന്നു വിളിക്കുന്നത്” (റോമാ.8:14,15).

ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതുപോലെതന്നെ ആത്മാവിനെയും പുഷ്ടിപ്പെടുത്താന്‍ കഴിയണം. ആത്മാവിനെ പുഷ്ടിപ്പെടുത്തുന്നതുവഴി ദൈവമക്കളാണെന്ന ആത്മാവബോധത്തിലെത്താന്‍ നമുക്ക് സാധിക്കും. ആത്മാവിന്റെ ജോലി നിര്‍വഹിച്ച് നമ്മെത്തന്നെ മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അതാണ് യഥാര്‍ത്ഥ ജ്ഞാനം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?