Follow Us On

07

May

2021

Friday

സഭയ്ക്ക് ഫിലിപ്പൈൻസ് ഭരണകൂടത്തിന്റെ വിശേഷാൽ ആദരം; ബസിലിക്കയും തിരുരൂപവും ഇനി രാജ്യത്തിന്റെ ദേശീയ നിധികൾ!

സഭയ്ക്ക് ഫിലിപ്പൈൻസ് ഭരണകൂടത്തിന്റെ വിശേഷാൽ ആദരം; ബസിലിക്കയും തിരുരൂപവും ഇനി  രാജ്യത്തിന്റെ ദേശീയ നിധികൾ!

മനില: ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ ഭരണകൂടത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും ‘സാന്റോ നിനോ ഡെ സെബു’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുരൂപവും ദേശീയ സാംസ്‌കാരിക നിധികളായി പ്രഖ്യാപിച്ച് ഫിലിപ്പൈൻസിലെ നാഷണൽ ഹിസ്റ്റോറിക്കൽ കമ്മീഷൻ. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ദിനത്തിൽ (ഏപ്രിൽ 14) തന്നെയായിരുന്നു പ്രഖ്യാപനം. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള പൈതൃകങ്ങൾക്ക് രാഷ്ട്രം നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.

ഫിലിപ്പീൻസിലെ നാഷണൽ ഹിസ്റ്റോറിക് കമ്മീഷൻ (എൻ.എച്ച്.സി.പി) ചെയർപേഴ്‌സൺ ഡോ. റെനെ എസ്‌കാലന്റ്, ഫിലിപ്പൈൻസിലെ അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബ്രൗൺ, സെബു അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോസ് പാൽമ, പ്രസിഡന്റിന്റെ പ്രതിനിധി മെക്കൽ ലോയ്ഡ് ഡിനോ, ബസിലിക്കയുടെ ചുമതലക്കാരായ അഗസ്റ്റീനിയൻ സന്യാസികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ‘സുപ്രധാനമായ ഈ ആഘോഷത്തിന്റെ സ്മരണയ്ക്കായി രാജ്യത്തെ സാംസ്‌ക്കാരിക വകുപ്പ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊള്ളുകയായിരുന്നു. നിർമിതിക്കൾക്കും സ്മാരകങ്ങൾക്കും രാജ്യത്തിന് നൽകാവുന്ന ഏറ്റവും ഉയർന്ന അംഗീകാരങ്ങളിൽ ഒന്നാണിത്,’ എസ്‌കലാന്റ് വ്യക്തമാക്കി.

1521ൽ ഫിലിപ്പെൻസിൽ എത്തിച്ചേർന്ന പോർച്ചുഗീസ് പരിവേഷകൻ ഫെർഡിനാന്റ് മഗല്ലനിലൂടെയാണ് രാജ്യത്ത് ക്രിസ്തുവിശ്വാസം വന്നണഞ്ഞത്. 1521 ഏപ്രിൽ 14ന് സെബുവിലെ രാജാവും രാജ്ഞിയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന്ഫെർഡിനാൻഡ് മഗല്ലൻ സമ്മാനിച്ചതാണ് തടിയിൽ നിർമിച്ച സാന്റോ നിനോ എന്ന ഉണ്ണീശോ രൂപം. പിന്നീട് കാണാതായ രൂപം ദശാബ്ദങ്ങൾക്കുശേഷം കണ്ടെത്തിയ സ്ഥലത്താണ് സാന്റോ നിനോ ബസിലിക്ക നിർമിച്ചത്. ഫിലിപ്പീൻസിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭത്തിന്റേയും വളർച്ചയുടേയും പ്രതീകങ്ങളായാണ് ഈ ദൈവാലയവും തിരുരൂപവും പരിഗണിക്കപ്പെടുന്നത്.

ക്രൈസ്തവ ജനസംഖ്യയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ്, കത്തോലിക്കാ ജനസംഖ്യയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യവുമാണ്. ജനസംഖ്യയുടെ 90%ൽപ്പരം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിലെ കത്തോലിക്കാ ജനസംഖ്യ 80%ൽപ്പരം വരും. 16 അതിരൂപതകളും 62 രൂപതകളും ഒരു മിലിറ്ററി ഓർഡിനറിയേറ്റും ഏഴ് വികാരിയത്തുകളും ഫിലിപ്പൈൻസിലുണ്ട്. മൂന്ന് പാപ്പമാരുടെ പാദസ്പർശമേറ്റ രാജ്യംകൂടിയാണ് ഫിലിപ്പൈൻസ്. വിശുദ്ധ പോൾ ആറാമൻ (1970), വിശുദ്ധ ജോൺ പോൾ രണ്ടാമൻ (1981ലും 1995ലും), ഫ്രാൻസിസ് (2015) എന്നിവരാണ് ഫിലിപ്പൈൻസിൽ പര്യടനം നടത്തിയ പാപ്പമാർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?