Follow Us On

19

April

2024

Friday

വിശുദ്ധ ജോൺ പോളിന്റെ ദിവ്യബലിയർപ്പണം സ്പർശിച്ചു, യഹോവാ സാക്ഷി കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്

വിശുദ്ധ ജോൺ പോളിന്റെ ദിവ്യബലിയർപ്പണം സ്പർശിച്ചു, യഹോവാ സാക്ഷി കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്

കൊളറാഡോ: കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനും കത്തോലിക്കാ സഭയിൽ പൗരോഹിത്യ പരിശീലനം നടത്താനും തനിക്ക് പ്രചോദനമായത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണെന്ന മുൻ യഹോവാ സാക്ഷിയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ആ യുവാവിന്റെ പേര് മിഗുവേൽ മെൻഡോസ. ഫെബ്രുവരി 13ന് ഡെൻവർ അതിരൂപതയ്ക്കുവേണ്ടി ഡീക്കൻ പട്ടം സ്വീകരിച്ച അദ്ദേഹം പൗരോഹിത്യ സ്വീകരണത്തിന്റെ അവസാനഘട്ട ഒരുത്തിലാണിപ്പോൾ. വിശുദ്ധ ജോൺ പോളിന്റെ സ്പർശനത്താൽ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു എന്നുകൂടി അറിയണം.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോഗ്രാഫാണ് സത്യസഭയെ കുറിച്ചും കത്തോലിക്കാ പൗരോഹിത്യത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്ക് മിഗുവേലിന്റെ മനസിൽ വിത്തുപാകിയത്. ഗഹനമായ ആ അന്വേഷണങ്ങൾ ഇപ്പോഴിതാ പൗരോഹിത്യ ജീവിതത്തിന്റെ തൊട്ടടുത്ത് എത്തിച്ചിരിക്കുന്നു മിഗുവേലിനെ. കത്തോലിക്കാ വിശ്വാസത്തിൽനിന്ന് യഹോവ സാക്ഷികളായി മാറിയ ഒരു കുടുംബത്തിലായിരുന്നു മിഗുവേലിന്റെ ജനനം.

“കത്തോലിക്കാരിൽനിന്ന് വളരെ വ്യത്യസ്തമായ ആശയങ്ങളാണ് യഹോവ സാക്ഷികൾക്കുള്ളത്. കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകളും യഹോവ സാക്ഷികൾക്കുണ്ട്. കത്തോലിക്കാ സഭയോട് കടുത്ത വിദ്വേഷവുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചു വളർന്നത്,” തന്റെ കുട്ടിക്കാലത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി.

കത്തോലിക്കാ വിശ്വാസത്തെകുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം 16-ാം
വയസിലാണ് മിഗുവേലിൽ ശക്തമായത്. തങ്ങൾ കത്തോലിക്കാ സഭയ്ക്ക് എതിരാകാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്. “കത്തോലിക്കാ സഭയുടെ പഠനങ്ങൾ എന്തുകൊണ്ട് തെറ്റാകുന്നു? എന്തുകൊണ്ടാണ് കത്തോലിക്കർ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥം തേടുന്നു? പാപ്പയോടുള്ള വിധേയത്വത്തിന്റെ കാരണം എന്ത്?.”

യഹോവാസാക്ഷികൾ തെറ്റായി വ്യാഖ്യാനിച്ച കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനുള്ള ആ ശ്രമത്തിലാണ് ഒരു ചിത്രം അദ്ദേഹത്തിന്റെ കണ്ണിലും പിന്നീട് മനസിലും ഉടക്കിയത്- ജോൺ പോൾ രണ്ടാമൻ പാപ്പ ദിവ്യബലി അർപ്പിക്കുന്ന ചിത്രം! ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം വിശുദ്ധാരാമത്തിൽ എത്തും മുമ്പാണ് ആ ചിത്രം മിഗുവേൽ കണ്ടത്. ആ ചിത്രം കുറേ ചോദ്യങ്ങൾ അദ്ദേഹത്തിൽ സൃഷ്ടിച്ചു.

“ഇദ്ദേഹം എന്താണ് ചെയ്യുന്നത്? ഇത്രയും ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളപ്പോഴും ഇദ്ദേഹം എന്തുകൊണ്ട് ഇപ്രകാരം ചെയ്യുന്നു. ഈ അപ്പവുമായി അദ്ദേഹം ബലിപീഠത്തിലും ജനങ്ങൾ മുട്ടിന്മേലും നിൽക്കുന്നത് എന്തിനാണ്?” ഈ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കിയ നിമിഷത്തിലാണ് സത്യവിശ്വാസത്തിന്റെ വിത്തുകൾ കർത്താവ് തന്റെ മനസിൽ പാകിയതെന്ന് സാക്ഷ്യപ്പെടുത്തുന്നു മിഗുവേൽ.

വിശുദ്ധ കുർബാനയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും കൂടുതൽ വായിക്കാനും പഠിക്കാനും ആരംഭിച്ച ആ നാളുകളിൽതന്നെ പൗരോഹിത്യ ദൈവവിളി അദ്ദേഹത്തിൽ ശക്തമാകുകയായിരുന്നു. “തനിക്കുവേണ്ടി ബലിയർപ്പിക്കാൻ ക്രിസ്തു എന്നെ ക്ഷണിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു, ഞാൻ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസിയായി.” രണ്ട് വർഷത്തിനുശേഷമായിരുന്നു സെമിനാരി പ്രവേശനം. സത്യവിശ്വാസം തിരിച്ചറിഞ്ഞ് തന്റെ കുടുംബം ഒന്നടങ്കം കത്തോലിക്കാ സഭയിൽ മടങ്ങിയെത്തിയതിനും ദൈവത്തിന് നന്ദി അർപ്പിക്കുകയാണ് ഡീക്കൻ മിഗുവേൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?