Follow Us On

07

May

2021

Friday

സഖറിയയെ നോക്കിയാൽ കാരണം കണ്ടെത്താം, പരിഹാരവും കാണാം!

ഫാ. ജോസഫ് വയലിൽ CMI

സഖറിയയെ നോക്കിയാൽ കാരണം കണ്ടെത്താം, പരിഹാരവും കാണാം!

പ്രശ്‌നങ്ങളാകുന്ന കെട്ടുകൾ നിറഞ്ഞതാണോ ജീവിതം? അതെ എങ്കിൽ, പ്രശ്‌നം പരിഹരിക്കാൻ അടിയന്തിരമായി ചെയ്യേണ്ട കാര്യം പങ്കുവെക്കുന്നു ലേഖകൻ.

സ്‌നാപകയോഹന്നാന്റെ പിതാവായ സക്കറിയായ്ക്ക് സംസാരശക്തി നഷ്ടപ്പെടാൻ കാരണമായ സംഭവം തിരുവചനത്തിൽ വായിക്കാം. സംസാരശക്തി തിരിച്ചുകിട്ടുന്ന സംഭവവും തുടർന്ന് പ്രതിപാദിക്കുന്നു. ഈ രണ്ടു സംഭവങ്ങൾക്കിടയിൽ കുറേക്കാലം അദ്ദേഹം ഊമനായി ജീവിക്കുകയും ചെയ്തു.

സക്കറിയായുടെ നാവ് കെട്ടപ്പെടാനുണ്ടായ കാരണം ആദ്യം പരിശോധിക്കാം. സക്കറിയാ പ്രായം ചെന്ന യഹൂദപുരോഹിതനായിരുന്നു. ഭാര്യയും പ്രായം ചെന്നവൾ. അവർ കർത്താവിന്റെ കൽപ്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്ന അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. ഇരുവരും പ്രായം കവിഞ്ഞവർ ആയതിനാൽ ഇനി മക്കൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാത്തവരുമായിരുന്നു.

പുരോഹിതശുശ്രൂഷകൾ നിറവേറ്റിക്കൊണ്ടിരുന്ന സക്കറിയാ മുറപ്രകാരം ദൈവാലയത്തിൽ ധൂപം അർപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗബ്രിയേൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്, ഒരു കുഞ്ഞ് ജനിക്കുമെന്നും കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നും അറിയിച്ചത്. മാനുഷികമായി ചിന്തിച്ചാൽ അസാധ്യമായ കാര്യമായിരുന്നു അത്. അതിനാൽ ആ ദൈവിക സന്ദേശം അതേപടി വിശ്വസിക്കാനും സ്വീകരിക്കാനും സക്കറിയാക്കായില്ല.

അവിശ്വാസത്തിന് ദൈവം ശിക്ഷ നൽകി: സംസാരശക്തിയെ മരവിപ്പിച്ചു. അതായത്, അദ്ദേഹത്തിന്റെ നാവിന് കെട്ടുവീണു. അപ്പോൾ സക്കറിയായുടെ സംസാരശക്തി നശിക്കാൻ ഉണ്ടായ കാരണം ഇതാണ്: ദൈവം നൽകിയ വാഗ്ദാനം വിശ്വസിച്ച്, അതനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. സക്കറിയായ്ക്ക് സംസാരശക്തി നഷ്ടപ്പെട്ടപ്പോൾ, ദൈവത്തിന്റെ സന്ദേശം സത്യമാണെന്ന് ബോധ്യമായിട്ടുണ്ടാകും. അദ്ദേഹം വിശ്വസിക്കുകയും ചെയ്തിരിക്കണം. എന്തായാലും, ദൈവം വാക്ക് പാലിച്ചു. സക്കറിയായിലൂടെ എലിസബത്ത് ഗർഭം ധരിച്ചു. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നിയമപ്രകാരം എട്ടാം ദിവസം കുഞ്ഞിന് പേരിടണം. പേരിടുന്നതിന് ചില നാട്ടുനടപ്പുകളുണ്ട്. അതനുസരിച്ചുള്ള പേര് നൽകാൻ കുടുംബാംഗങ്ങൾ നിശ്ചയിച്ചു.

അപ്പോൾ, മുൻപ് നടന്ന കാര്യങ്ങളും ദൂതന്റെ സന്ദേശവും അറിയാമായിരുന്ന എലിസബത്ത് ഇടപെട്ട് യോഹന്നാൻ എന്ന് പേര് നൽകണമെന്ന് നിർദേശിച്ചു. അവർക്കത് സ്വീകാര്യമായില്ല. അവർ സക്കറിയായുടെ അഭിപ്രായം ചോദിച്ചു. സംസാരശക്തി ഇല്ലാതിരുന്ന സക്കറിയാ, കുഞ്ഞിന് യോഹന്നാൻ എന്ന പേര് നൽകണമെന്ന് എഴുതിക്കാണിച്ചു. ആ നിമിഷം സക്കറിയാക്ക് സംസാരശക്തി ദൈവം തിരികെ നൽകി, സക്കറിയായുടെ നാവിന്റെ കെട്ട് അഴിഞ്ഞു.

ശ്രദ്ധിക്കുക, എപ്പോഴാണ് നാവിന്റെ കെട്ടഴിഞ്ഞത്? ഗബ്രിയേൽ മാലാഖവഴി ദൈവം പറഞ്ഞ കാര്യം അനുസരിച്ചപ്പോൾ. ഒന്നുകൂടി ശ്രദ്ധിക്കുക, എത്രകാലം അദ്ദേഹം നാവ് കെട്ടപ്പെട്ടവനായി ജീവിച്ചു? ദൈവം പറഞ്ഞത് അവിശ്വസിച്ച നിമിഷംമുതൽ ദൈവം പറഞ്ഞത് വിശ്വസിച്ച് നടപ്പാക്കുംവരെ.

മൂന്നു കാര്യങ്ങൾ ഇതിൽനിന്ന് വായിച്ചെടുക്കാം: ഒന്ന്, ദൈവം പറഞ്ഞത് വിശ്വസിക്കാതിരുന്നപ്പോളാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. രണ്ട്, ദൈവം പറഞ്ഞത് വിശ്വസിച്ച് നടപ്പാക്കിയപ്പോഴാണ് പ്രശ്‌നം തീർന്നത്. മൂന്ന്, ദൈവം പറഞ്ഞത് അവിശ്വസിച്ച സമയംമുതൽ ദൈവം പറഞ്ഞത് അനുസരിക്കുന്നതുവരെ പ്രശ്‌നം തുടർന്നു.

ഇത് സക്കറിയായുടെയും എലിസബത്തിന്റെയുംമാത്രം അനുഭവമല്ല. സർവ മനുഷ്യരുടെയും അനുഭവമാണ്. അതിനാൽത്തന്നെ നാം ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നതും ഇതുപോലെതന്നെയാണ്. ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യമുണ്ട്. എപ്പോഴെല്ലാം രാജാക്കന്മാരും പുരോഹിതന്മാരും ജനങ്ങളും ദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദൈവകൽപ്പനകൾ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്‌തോ, ആ കാലഘട്ടങ്ങളിലെല്ലാം അവർക്ക് നല്ല കാലമായിരുന്നു.

യുദ്ധം ചെയ്യേണ്ടി വന്നില്ല. അഥവാ യുദ്ധമുണ്ടായാലും വിജയിച്ചിരുന്നു. നല്ല കാലാവസ്ഥ ഉണ്ടായിരുന്നു. സമൃദ്ധമായ വിളവുകൾ ലഭിക്കുകയും ജീവിതം ഐശ്വര്യമുള്ളതാകുകയും ചെയ്തിരുന്നു. എന്നാൽ, എപ്പോഴൊക്കെ വിശ്വാസം ക്ഷയിക്കുകയും കൽപ്പനകൾ ലംഘിക്കുകയും ചെയ്‌തോ, അപ്പോഴൊക്കെ അവർക്ക് പ്രശ്‌നങ്ങളായിരുന്നു. യുദ്ധങ്ങൾ, തോൽവി, അടിമത്തം, ദാരിദ്ര്യം…

പലവിധ കെട്ടുകൾ (പ്രശ്‌നങ്ങൾ) ഉള്ളവരാണ് നാം. വ്യക്തിക്കും കുടുംബത്തിനും സ്ഥാപനത്തിനുമെല്ലാം കെട്ടുകൾ. അഴിക്കാൻ പറ്റുന്നുമില്ല. നമുക്ക് മനസിലാക്കാം: നമ്മുടെ പല കെട്ടുകളും ദൈവം കെട്ടിയതാണ്. നാം ദൈവവിശ്വാസത്തിൽ പുറകോട്ട് പോയതിനാൽ, ദൈവകൽപ്പനകൾ പാലിക്കുന്നതിൽ പിന്നാക്കം പോയതിനാൽ സംഭവിച്ചതാണ്. മനുഷ്യർ വീണ്ടും ആഴമായ ദൈവവിശ്വാസത്തിലേക്കും കൽപ്പനകൾ അനുസരിച്ചുള്ള ജീവിതത്തിലേക്കും തിരിച്ചുവരുമ്പോൾ കെട്ടുകൾ അഴിയപ്പെടുന്നത് നാം കണ്ടിട്ടുണ്ട്.

ധ്യാനങ്ങളിലും മറ്റും പങ്കെടുത്ത് അനുതപിച്ച് കുമ്പസാരിച്ച് വിശുദ്ധ ജീവിതം നയിക്കാൻ തുടങ്ങിയപ്പോൾ പ്രശ്‌നങ്ങൾ തീർന്ന- കെട്ടുകൾ അഴിഞ്ഞ എത്രയോ വ്യക്തികൾ നമ്മുടെ ഇടയിലുണ്ട്! രക്ഷപെട്ട എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ട്! രക്ഷപെട്ട എത്രയോ സ്ഥാപനങ്ങൾ നമ്മുടെ ഇടയിലുണ്ട്! കെട്ട് ഉണ്ടാകാൻ നാം കാരണം ഉണ്ടാക്കിയാൽ, ആ കാരണം നാം മാറ്റുന്നതുവരെ ആ കെട്ട് നമുക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.

അതിനാൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാം: ഒന്ന്, ദൈവം കെട്ടാൻ നാം കാരണം ഉണ്ടാക്കാതിരിക്കുക. രണ്ട്, കെട്ട് ഉണ്ടാക്കിയെങ്കിൽ, ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള ജീവിതമാരംഭിച്ച് ആ കെട്ടുകൾ അഴിക്കാൻ ദൈവത്തിനവസരം കൊടുക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?