Follow Us On

07

May

2021

Friday

പ്രലോഭനങ്ങൾ അലട്ടുമ്പോൾ

ഫാ. ജെൻസൺ ലാസലെറ്റ്

പ്രലോഭനങ്ങൾ അലട്ടുമ്പോൾ

പ്രലോഭനങ്ങളും പ്രതികൂല സാഹചര്യങ്ങളും ഒരിക്കലും നമ്മുടെ തകർച്ചയ്ക്കും തളർച്ചയ്ക്കും വേണ്ടിയല്ല. മറിച്ച്, വളർച്ചയ്ക്കും മേന്മയ്ക്കും വേണ്ടിയാണെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

ഓരോ തവണ കുമ്പസാരിച്ചു കഴിയുമ്പോഴും എത്രയെത്ര നല്ല തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എന്നിട്ടും അറിഞ്ഞും അറിയാതെയും പാപത്തിലേക്ക് കാൽവഴുതിയതിന്റെ മുറിവുകളായി നാം വീണ്ടും കുമ്പസാരക്കൂടുകളണയുന്നു. ഒരേ പാപങ്ങൾ ഏറ്റുപറഞ്ഞ് എത്ര വർഷമായി നാം കുമ്പസാരിക്കുന്നു? എന്തുകൊണ്ടാണ് നാം വീണ്ടും വീണ്ടും പാപം ചെയ്യുന്നത്? ദൈവത്തെ ഇഷ്ടമില്ലാഞ്ഞിട്ടാണോ; അതോ, നന്മ ചെയ്യാൻ താൽപ്പര്യമില്ലാഞ്ഞിട്ടോ?

പാപം ചെയ്യാനുള്ള ഒരു കാരണം, പാപത്തിന്റെ മാധുര്യം പുണ്യത്തിന്റെ നൊമ്പരത്തെക്കാൾ നാം ഇഷ്ടപ്പെടുന്നു എന്നതാണ്. പാപത്തിന്റെ രുചി അത് ചെയ്യാതിരിക്കുമ്പോഴുള്ള വൈഷമ്യത്തെക്കാൾ ആസ്വാദ്യകരമാണുതാനും. അതിനാൽതന്നെ കുമ്പസാരത്തിനുശേഷവും പാപത്തിൽനിന്ന് ദൂരെയാകണമെന്ന തീവ്രമായ ആഗ്രഹമോ പരിശ്രമമോ പലരിലുമില്ല.

പാപങ്ങളെയെല്ലാം ചെറുതായികാണുന്ന നിസാരവത്ക്കരണവും പ്രശ്‌നമാണ്. ഇനി എല്ലാത്തിനെയുംകാൾ ഉപരിയായി ഒന്ന് കുമ്പസാരിച്ചാൽ മതിയല്ലോ എന്ന ചിന്ത ആവർത്തിച്ചു പാപം ചെയ്യാൻ ചിലർക്കെങ്കിലും പ്രേരകമാകുന്നുമുണ്ട്. ഒന്ന് മറക്കരുത്- കുമ്പസാരത്തിലൂടെ ലഭിക്കുന്ന പ്രസാദവരം നിലനിൽക്കണമെങ്കിൽ വീണ്ടും പാപത്തിൽ വീഴാതെ പുണ്യത്തിൽ ചരിക്കുകതന്നെവേണം.

പ്രലോഭനങ്ങളാണ് പാപത്തിന് കാരണമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. എന്നാൽ, ഇതേക്കുറിച്ച് അമേരിക്കൻ എഴുത്തുകാരനായ റിക്ക് വാരൻ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്: ‘പ്രലോഭനങ്ങൾ ഒരിക്കലും പാപകാരണങ്ങളല്ല. മറിച്ച്, നന്മയിലേക്കുള്ള വഴിത്താരകളാണ്. പ്രലോഭനങ്ങളെ അതിജീവിക്കുന്നതിലൂടെ നാം ക്രിസ്തുവിന്റെ സ്വഭാവം സ്വായത്തമാക്കുന്നു. ക്രിസ്തുവും പ്രലോഭിതനായിട്ടുണ്ട്. പക്ഷേ, പാപം ചെയ്തിട്ടില്ല. അതിനാൽ പ്രലോഭനങ്ങൾ ഒരിക്കലും പാപകാരണങ്ങളല്ല.’

മറ്റൊരു രീതിയിൽ പറഞ്ഞാൽ, കാറ്റത്ത് മരങ്ങൾ കടപുഴകുന്നതിന് കാരണം കാറ്റാണോ? ആണെങ്കിൽ, എല്ലാ മരങ്ങളും കടപുഴകണമല്ലോ? മരങ്ങൾ കടപുഴകി വീഴാനുള്ള കാരണം ഒരിക്കലും കാറ്റല്ല, മറിച്ച് കാറ്റിനെ പ്രതികൂലിക്കാൻ തക്ക ആഴങ്ങളിലേക്കുള്ള വേരോട്ടം അവയ്ക്കില്ല എന്നതാണ്. പ്രലോഭനങ്ങളാണ് പാപകാരണമെങ്കിൽ എല്ലാവരും എല്ലാ പാപങ്ങളും ചെയ്യണമല്ലോ? ലോകത്ത് എല്ലാവരും മോഷ്ടിക്കുന്നില്ല, കൊലപാതകമോ വ്യഭിചാരമോ ചെയ്യുന്നില്ല, കള്ളസാക്ഷ്യം പറയുന്നില്ല. ഇവർക്കൊന്നും പ്രലോഭനങ്ങൾ ഇല്ലാഞ്ഞിട്ടാണോ അവർ ആ പാപങ്ങൾ ചെയ്യാത്തത്? അല്ല. മറിച്ച് അവയെ അതിജീവിക്കാനുള്ള ആഴമേറിയ ആത്മീയവേരോട്ടം ഉള്ളതിനാൽ തന്നെ.

ഈശോ പഠിപ്പിച്ച പ്രാർത്ഥനയിൽ പ്രലോഭനങ്ങൾ വരരുത് എന്നല്ല പറഞ്ഞിരിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴാതെ കാത്തുകൊള്ളണം എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വീഴാതെ നിൽക്കുന്ന മരത്തിനേ കാറ്റു പിടിക്കൂ. വീണ മരത്തിന് ഒരിക്കലും കാറ്റുപിടിക്കില്ല. അതുപോലെ ദൈവവുമായി അടുത്തുനിൽക്കുന്ന വ്യക്തികൾക്കേ പ്രലോഭനങ്ങളുണ്ടാവൂ. പ്രലോഭനങ്ങൾ ഇല്ലാത്തവർ വീണുകിടക്കുന്ന വൃക്ഷംപോലെയാണ്. അവർ പാപത്തിന് വശംവദരായിക്കഴിഞ്ഞു. അതുകൊണ്ടാണ് ഫുൾട്ടൻ ജെ. ഷീൻ പറയുന്നത്: ‘മാലിന്യത്തിൽ ജീവിക്കുന്ന പന്നികൾ മാലിന്യം എത്ര മലിനമാണെന്നറിയുന്നില്ല. അതുപോലെതന്നെയാണ് പാപത്തിൽ ജീവിക്കുന്ന വ്യക്തികളും. പാപം എത്ര പാപകരമാണെന്ന് അവർ അറിയുന്നില്ല.’

പുണ്യത്തിന്റെ വെള്ളവസ്ത്രം അണിയുമ്പോൾ മാത്രമേ ഒരുവന് പാപത്തിന്റെ ദുർഗന്ധം എത്ര കഠിനമാണെന്ന് തിരിച്ചറിയാനാകൂ. അതിനാൽ പ്രലോഭനങ്ങൾ വരുമ്പോൾ ഓർക്കുക, ഞാൻ ദൈവവുമായി അടുപ്പത്തിലാണെന്ന്. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം (ഗലാ. 5:22) എന്നിവയിൽ നാം വളരണമെങ്കിൽ അവയ്ക്ക് പ്രതികൂലമായ പ്രലോഭനങ്ങൾ അനിവാര്യമാണെന്ന് റിക്ക് വാരൻ പറയുന്നു. നമുക്ക് ഇഷ്ടമില്ലാത്ത വ്യക്തികളുടെകൂടെ ജീവിക്കുന്നതിലൂടെ സ്‌നേഹം എന്ന പുണ്യത്തിന്റെ മാഹാത്മ്യത്തിലേക്ക് ദൈവം നമ്മെ നയിക്കുകയാണ്.

സഹനങ്ങളും ദു$ഖങ്ങളും വരുന്നതിലൂടെ വേദനയിലും ആനന്ദിക്കാൻ ദൈവം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ ദൈവത്തിൽ പരിപൂർണ അഭയംതേടി സമാധാനം കണ്ടെത്താൻ അവിടുന്ന് ആനയിക്കുന്നു. തിരക്കിട്ട വഴികളിലൂടെ വാഹനം ഓടിക്കുമ്പോൾ ഒരു ഡ്രൈവർ മികവുറ്റ ഡ്രൈവർ ആകുന്നതുപോലെ, കലുഷിതമായ കടലിലും കപ്പൽ തീരത്തെത്തിക്കാൻ കഴിയുന്ന കപ്പിത്താൻ മിടുക്കനായ കപ്പിത്താനാകുന്നതുപോലെ പ്രലോഭനങ്ങളും പ്രതികൂല സാഹചര്യങ്ങളും ഒരിക്കലും നമ്മുടെ തകർച്ചയ്ക്കും തളർച്ചയ്ക്കും വേണ്ടിയല്ല. മറിച്ച്, വളർച്ചയ്ക്കും മേന്മയ്ക്കും വേണ്ടിയാണെന്ന് മനസ്സിലാക്കണം.

പ്രലോഭനങ്ങളിൽ ഒരുവൻ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം അവയെ അതിജീവിക്കാനുള്ള ശക്തി ദൈവം നൽകും എന്നതാണ്. മനുഷ്യസാധാരണമല്ലാത്തതോ മനുഷ്യശക്തിക്കതീതമായതോ ആയ പ്രലോഭനങ്ങൾ ഉണ്ടാകാൻ ദൈവം അനുവദിക്കുന്നില്ല (1 കോറി. 10:13). പ്രലോഭനങ്ങളിൽ വീഴാതിരിക്കാനുള്ള താൽപ്പര്യവും പ്രയത്‌നവും പ്രാർത്ഥനയുമാണ് ഏറ്റവും അനിവാര്യം. അതേക്കുറിച്ചാണ് ക്രിസ്തു പ്രതിപാദിക്കുന്നത്: ‘നിന്റെ കൈ ദുഷ്‌പ്രേരണയ്ക്ക് കാരണമാകുന്നെങ്കിൽ അത് വെട്ടിക്കളയുക, പാദം ദുഷ്‌പ്രേരണയ്ക്ക് കാരണമാകുന്നെങ്കിൽ അത് മുറിച്ചു കളയുക, കണ്ണാണ് ദുഷ്‌പ്രേരണയ്ക്ക് കാരണമെങ്കിൽ അത് ചൂഴ്‌ന്നെടുത്ത് കളയുക,’ (മർക്കോ. 9:42-48).

ചെളി പറ്റാതിരിക്കാൻ ചെളിയിലൂടെ നടക്കാതിരിക്കുക എന്നതുമാത്രമല്ല, നല്ല നിലത്തുകൂടെ നടക്കുക എന്നതുകൂടി ഉള്ളതുപോലെ പാപകാരണങ്ങളായ സാഹചര്യങ്ങളിൽനിന്ന് മാറി പുണ്യത്തിലേക്ക് പാലായനം ചെയ്യുക എന്നുകൂടെ ക്രിസ്തു അർത്ഥമാക്കുന്നുണ്ട്. തിന്മ ചെയ്യാതിരിക്കുക എന്നതു മാത്രമല്ല, ആ സാഹചര്യത്തെ നന്മകൊണ്ട് നിറയ്ക്കുകയും വേണം എന്നർത്ഥം.

പാപത്തിൽനിന്ന് വഴിമാറണമെങ്കിൽ, എപ്പോഴെല്ലാമാണ് ഒരാൾ കൂടുതൽ പ്രലോഭിതനോ പ്രലോഭിതയോ ആകുന്നതെന്ന തിരിച്ചറിവും അനിവാര്യമാണ്. ഓരോ വ്യക്തിയും താൻ വീണുപോയേക്കാവുന്ന പ്രലോഭിത സാഹചര്യങ്ങൾ കണ്ടെത്താൻ പരിശ്രമിക്കണം. അങ്ങനെയുള്ള സാഹചര്യങ്ങളെ പരമാവധി ഒഴിവാക്കുക എന്നതാണ് അടുത്ത നടപടി. ഇവയിലേക്കെല്ലാം എത്തിച്ചേരണമെങ്കിൽ പാപസാഹചര്യങ്ങളോടും വ്യക്തികളോടും പ്രേരകങ്ങളോടും ‘അരുത്’ എന്ന് പറയാനുള്ള മനോധൈര്യവും ചങ്കൂറ്റവുമാണ് ആർജിക്കേണ്ടത്.

പാപം ചെയ്യാതെ പുണ്യത്തിൽ ചരിക്കാനുള്ള ഏറ്റവും വലിയ കരുത്ത് ദൈവകൃപയാണ്. ‘നിനക്ക് എന്റെ കൃപ മതി’ എന്നാണല്ലോ ക്രിസ്തു വിശുദ്ധ പൗലോസിനോട് പറഞ്ഞത്. കൃപയിൽ വളരാൻ ഒരാൾക്ക് പ്രാർത്ഥനയോടൊപ്പം നല്ല ആധ്യാത്മിക സുഹൃത്തുക്കളും വേണം. നാം വീഴുമ്പോൾ കൈ തന്ന് ഉയർത്തുന്ന സുഹൃത്തുക്കൾ; വീഴാതിരിക്കാൻ താക്കീതുകളാൽ വഴിനടത്തുന്ന സുഹൃത്തുക്കൾ; ഒരുമിച്ച് പ്രാർത്ഥിക്കുന്ന, പ്രശ്‌നങ്ങൾ പങ്കുവെക്കുന്ന സുഹൃത്തുക്കൾ.

ആധ്യാത്മിക ജീവിതത്തിൽ ഏറ്റവും അപകടകരമായ അവയവം മനസ്സാണെന്നത് നാം മറക്കരുത്. അതിനാൽ തന്നെ മനസ്സിനെ നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്ന നല്ല സുഹൃത്തുക്കൾ കുടുംബജീവിതത്തിലും സന്യാസത്തിലും പൗരോഹിത്യത്തിലും ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. അവർ ശക്തിസ്രോതസാണ്. കണ്ണു പോകുന്നിടത്തേക്ക് പാദങ്ങളും കാത് കേൾക്കുന്നിടത്തേക്ക് ശരീരവും നീങ്ങിത്തുടങ്ങുമ്പോൾ പാപത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു.

കണ്ണുകളെ നല്ലതു കാണാനും കാതുകളെ നല്ലത് കേൾക്കാനും പ്രേരിപ്പിക്കുക. അപ്പോൾ പ്രലോഭനങ്ങൾക്ക് നടുവിലും വീഴാതെ ചരിക്കാം. പ്രകാശത്തിനുനേരെ നിൽക്കുമ്പോൾ പിന്നിലേക്ക് വഴിമാറുന്ന നിഴൽപോലെ, പ്രലോഭനങ്ങളിൽ ദൈവപ്രഭയിൽ ആയിരിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ. അവർ ആഴത്തിൽ വേരൂന്നിയ വൃക്ഷംപോലെയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?