Follow Us On

19

April

2024

Friday

രാഷ്ട്രീയനേതൃത്വം ജനങ്ങളുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കണം: ഫ്രാൻസിസ് പാപ്പ

രാഷ്ട്രീയനേതൃത്വം ജനങ്ങളുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: രാഷ്ട്രീയനേതൃത്വം രാജ്യത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന മധ്യപൂർവേഷ്യൻ രാജ്യമായ ലബനനിലെ നിയുക്ത പ്രധാനമന്ത്രി സായിദ് ഹരീരിയെ വത്തിക്കാനിൽ സ്വീകരിക്കുകയായിരുന്നു പാപ്പ. പ്രത്യക്ഷത്തിൽ ലബനനിലെ രാഷ്ട്രീയ നേതൃത്വത്തിനോടാണ് പാപ്പ ഇക്കാര്യം പറഞ്ഞതെങ്കിലും ഇത് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് നൽകുന്ന പേപ്പൽ ഓർമപ്പെടുത്തലാണെന്നും നിരീക്ഷണങ്ങളുണ്ട്.

കഴിഞ്ഞ ദിവസം സായിദ് ഹരീരിയും ഫ്രാൻസിസ് പാപ്പയും സ്വകാര്യകൂടിക്കാഴ്ച നടത്തിയ വിവരം വത്തിക്കാൻ പ്രസ് ഓഫീസാണ് അറിയിച്ചത്. ഏതാണ്ട് അര മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ലബനീസ് ജനത നേരിടുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തു. അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലബനീസ് ജനതയ്ക്ക് തന്റെ സാന്ത്വനവും ആത്മീയസാമീപ്യവും പാപ്പ വാഗ്ദാനം ചെയ്തു.

ഈ സന്ദർഭത്തിലാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വം ഓർമിപ്പിച്ചുകൊണ്ട്, കഷ്ടതയിലായ ജനതയ്ക്കായി പൂർണമായും അടിയന്തിരമായും സ്വയം സമർപ്പിക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചത്. ഭിന്നിപ്പുകളാൽ ഇപ്പോൾ ദുർബലമായ രാജ്യത്തെ അനുരഞ്ജനത്തിലൂടെ ശക്തിപ്പെടുത്തി, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും ദേശമാക്കി വളർത്താൻ പരിശ്രമിക്കണമെന്ന നിർദേശവും പാപ്പ പങ്കുവച്ചെന്ന് പ്രസ് ഓഫിസ് മേധാവി മത്തയോ ബ്രൂണി അറിയിച്ചു.

സാഹചര്യങ്ങൾ അനുകൂലമായാൽ ലബനൻ സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ അറിയിച്ചു. ഇറാഖ് പര്യടനത്തിനുശേഷം വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽവെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും ലബനൻ സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ നിയുക്ത പ്രധാനമന്ത്രി നടത്തിയ വത്തിക്കാൻ സന്ദർശനം, ലബനനിലെ പേപ്പൽ പര്യടനം അധികം വൈകാതെ ഉണ്ടാകും എന്ന സൂചനയാണ് നൽകുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?