Follow Us On

19

April

2024

Friday

നിയുക്ത ബിഷപ്പിനുനേരെ വധശ്രമം, ദൈവാലയം ആക്രമിക്കപ്പെട്ടു; പീഡനങ്ങളുടെ നടുവിൽ ആഫ്രിക്കൻ ക്രൈസ്തവർ

നിയുക്ത ബിഷപ്പിനുനേരെ വധശ്രമം, ദൈവാലയം ആക്രമിക്കപ്പെട്ടു;  പീഡനങ്ങളുടെ നടുവിൽ ആഫ്രിക്കൻ ക്രൈസ്തവർ

കടുണ, റുംബെക്: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇസ്ലാമിക തീവ്രവാദികൾ പിടിമുറുക്കുന്നു എന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ, രണ്ട് ആക്രമണ വിവരങ്ങൾ പുറത്തുവരുന്നു. തെക്കൻ സുഡാനിൽ നിയുക്ത ബിഷപ്പിനുനേരെ ആയുധധാരികളുടെ വധശ്രമം; നൈജീരിയൻ ദൈവാലയത്തിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നാലുപേരെ ബന്ധികളാക്കി കൊണ്ടുപോയെന്നും സ്ഥീരീകരിച്ച റിപ്പോർട്ട്.

തെക്കൻ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത ബിഷപ്പും കോംബോനി സഭാംഗവുമായ ഫാ. ക്രിസ്ത്യൻ കാർലാസെറെയ്ക്കാണ് അക്രമികളുടെ വെടിയേറ്റത്. രണ്ടു കാലുകളിലായി മൂന്ന് വെടിയുണ്ടകൾ പതിച്ച അദ്ദേഹം റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയിൽ ചികിത്‌സയിലാണിപ്പോൾ. ഏപ്രിൽ 25 രാത്രി 12.45നാണ് സംഭവം.

നിയുക്ത മെത്രാനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും വാതിൽക്കൽ മുട്ടിയ അക്രമികൾ വാതിൽ തകരുന്നത് വരെ വെടിയുതിർത്തെന്നും നിയുക്ത ബിഷപ്പ് താമസിച്ചിരുന്ന ഭവനത്തിലെ ഫാ. ആൻഡ്രി ഒസ്മാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആയുധധാരികളായ രണ്ടുപേരാണ് ആക്രമത്തിന്റെ പിന്നിലെന്നും അതിലൊരാൾ തനിക്കു നേരെ രണ്ടു പ്രാവശ്യം വെടിവെച്ചെങ്കിലും തനിക്ക് പിന്നിലുള്ള കസേരയിലാണ് അത് തറച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത ബിഷപ്പിനെ വെടിവെച്ചശേഷം അവർ ഓടിയൊളിക്കുകയായിരുന്നു.

2005ൽ തെക്കൻ സുഡാനിൽ എത്തിയ ശേഷം മാലാകൽ രൂപതയിൽ സേവനം ചെയ്തുവരികയായിരുന്ന ഇറ്റാലിയൻ മിഷണറി ഫാ. ക്രിസ്ത്യനെ കഴിഞ്ഞ മാർച്ച് എട്ടിനാണ് റുംബെക് രൂപതയുടെ ഇടയനായി തിരഞ്ഞെടുത്തത്. 2011 ജൂലൈയിൽ ബിഷപ്പ് സെസരെ മാസൊളാരി കാലം ചെയ്തശേഷം റുംബെക്ക് രൂപതയിൽ ബിഷപ്പില്ലായിരുന്നു. മേയ് 23നാണ് നിയുക്ത ബിഷപ്പിന്റെ മെത്രാഭിഷേക കർമം നിശ്ചയിച്ചിരുന്നത്.

ഏപ്രിൽ 25നുതന്നെയാണ് നൈജീരിയയിലെ കടുണ സംസ്ഥാനത്തെ മാനിനിയിലുള്ള ബാപ്റ്റിസ് ദൈവാലയത്തിനുനേരെ ആക്രമണം ഉണ്ടായത്. രാവിലെ 9.00ന് ദൈവാലയ പരിസരത്തേക്ക് അതിക്രമിച്ചെത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ഒരാൾ കൊല്ലപ്പെട്ടു, കടത്തിക്കൊണ്ടുപോയ നാല് പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ദൈവാലയത്തിൽ പ്രാർത്ഥിക്കാനെത്തിയവർക്കു നേരെയുണ്ടായ അക്രമത്തെ വിവിധ ക്രൈസ്തവ സഭാ നേതാക്കൾ അപലപിച്ചു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യമാണെങ്കിലും അത് ഉറപ്പാക്കാൻ സാധിക്കാത്ത ഭരണകൂടത്തിനെതിരെയും അവർ തുറന്നടിച്ചു. പൗരന്മാരെക്കാൾ കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷയും തീവ്രവാദികൾക്ക് എങ്ങനെ ലഭിക്കുന്നുവെന്നും അവർ ഭരണകൂടത്തോട് ചോദിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?