Follow Us On

07

May

2021

Friday

ഉത്തര കൊറിയ സന്ദർശിക്കാൻ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

ഉത്തര കൊറിയ സന്ദർശിക്കാൻ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

സിയോൾ: ഉത്തര കൊറിയ സന്ദർശിക്കാനുള്ള ആഗ്രഹം വീണ്ടും പരസ്യമാക്കി ഫ്രാൻസിസ് പാപ്പ. ഏപ്രിൽ 17ന് വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചപ്പോൾ പ്രസ്തുത ആഗ്രഹം പാപ്പ ആവർത്തിച്ച വിവരം ദക്ഷിണ കൊറിയൻ ബിഷപ്പ് ലാസാറോ യു ഹ്യൂങ് ആണ് സൗത്ത് കൊറിയയിലെ പ്രമുഖ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. ‘കൊറിയൻ യുദ്ധത്തിനുശേഷം (1950- 1953) ഭിന്നിച്ച എല്ലാ കൊറിയൻ ജനതയോടും തന്റെ അടുപ്പം പ്രകടിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ ഉത്തര കൊറിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ദക്ഷിണ കൊറിയയിലെ ഡയജിയോൺ രൂപതാ ബിഷപ്പായ ലാസറോ, പാപ്പയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ്. 2014ൽ ദക്ഷിണ കൊറിയയിലെ പേപ്പൽ പര്യടനത്തിൽ പാപ്പയെ അനുഗമിച്ചതും ഇദ്ദേഹമായിരുന്നു. പാപ്പയുടെ വെളിപ്പെടുത്തലോടെ, ഉത്തര കൊറിയയിലെ പേപ്പൽ പര്യടനം മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചയാകുന്നതിന്റെ സന്തോഷത്തിലാണ് കൊറിയൻ ജനത.

ഉത്തര കൊറിയയിലേക്ക് പാപ്പയെ ക്ഷണിക്കാൻ പ്രസിഡന്റ് കിം ജോങ് ആഗ്രഹിക്കുന്ന വിവരം 2018ൽ വത്തിക്കാൻ സന്ദർശിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പാപ്പയെ അറിയച്ചത് വലിയ വാർത്തയായിരുന്നു. കിം ജോങിന്റെ വാക്കാലുള്ള ക്ഷണമാണ് അന്ന് അറിയിച്ചത്. ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ഉത്തര കൊറിയയിലേക്ക് പോകാൻ തയാറാണെന്ന് വത്തിക്കാൻ അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ, പേപ്പൽ പര്യടനത്തെ കുറിച്ചുള്ള ചർച്ചകൾ പിന്നീട് മുന്നോട്ടുപോയില്ല. അതിനാൽ, വീണ്ടും ഫ്രാൻസിസ് പാപ്പ നടത്തിയ ആഗ്രഹപ്രകടനത്തോട് ഉത്തര കൊറിയ എപ്രകാരം പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

കൊറിയൻ വിഭജനത്തിനുമുമ്പ് ക്രൈസ്തവസഭകളുടെ പ്രധാന കേന്ദ്രമായിരുന്നു ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്. നിരവധി ദൈവാലയങ്ങളുണ്ടായിരുന്ന ‘കിഴക്കിന്റെ ജറുസലം’ എന്നാണ് അവിടം അറിയപ്പെട്ടിരുന്നതും. എന്നാൽ, കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെ കാലത്ത് സഭയുമായി അകലുകയായിരുന്നു. അതേത്തുടർന്ന് മിഷണറിമാർ ഉൾപ്പെടെയുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നതും വിലക്കി.

വത്തിക്കാനുമായി ഉത്തര കൊറിയയ്ക്കു നയതന്ത്രബന്ധമില്ല. ചൈനയിലെ പാട്രിയോട്ടിക്ക് കാത്തലിക് അസോസിയേഷൻ മാതൃകയിൽ ഭരണകൂടത്തിന്റെ കീഴിലുള്ള ‘കൊറിയൻ കാത്തലിക് അസോസിയേഷ’നാണ് (കെ.സി.എ) സഭയുടെ നിയന്ത്രണം നിർവഹിക്കുന്നത്. സർക്കാർ നിയന്ത്രിതമായ ഏതാനും ആരാധനാലയങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുമാണ് ഉത്തര കൊറിയ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?