Follow Us On

31

July

2021

Saturday

അസ്വസ്ഥരായവർ ഭാഗ്യവാന്മാർ!

ജോനാഥ് കപ്പൂച്ചിൻ

അസ്വസ്ഥരായവർ ഭാഗ്യവാന്മാർ!

ആരെങ്കിലുമൊക്കെ വിശുദ്ധിയുടെ ത്യാഗവഴിയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അസ്വസ്ഥതയുടെ രാവുകൾ ക്രിസ്തു അവർക്ക് സമ്മാനിച്ചിട്ടുമുണ്ട്. നിങ്ങൾക്ക് അപ്രകാരമൊരു അനുഭവം ഉണ്ടായിട്ടുണ്ടോ- അനിവാര്യമായ ആത്മപരിശോധനയ്ക്ക് ക്ഷണിക്കുന്നു ലേഖകൻ.

ക്രിസ്തുവിനെ യഥാർത്ഥത്തിൽ സ്‌നേഹിച്ചു തുടങ്ങിയാൽ അറിയുക, നിങ്ങൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെടാനും അവഗണിക്കപ്പെടാനും ഒറ്റപ്പെടാനും നിന്ദിക്കപ്പെടാനും പോകുകയാണ്. ജീവിതം യേശുമാർഗത്തിലേക്ക് തിരിച്ചുവിടാൻ നിശ്ചയിക്കുകയാണെങ്കിൽ നമുക്ക് പലതും ഉപേക്ഷിക്കേണ്ടി വരും: സ്വാർത്ഥതാൽപ്പര്യങ്ങൾ, സുഖലോലുപത, തെറ്റായ ബന്ധങ്ങൾ, ഭാവിയെക്കുറിച്ചുള്ള സ്വന്തം പദ്ധതികൾ അങ്ങനെ പലതും. അതെ, ക്രിസ്തു അസ്വസ്ഥപ്പെടുത്തുന്ന ദൈവമാണ്. പീലാത്തോസിന്റെ ഭാര്യയ്ക്ക് അനുഭവപ്പെട്ടതും അങ്ങനെയായിരുന്നു- അവൻ മൂലം സ്വപ്‌നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ലേശിച്ചു എന്നാണല്ലോ അവൾ പറയുന്നത്.

ക്രിസ്തുവിനെ അന്വേഷിക്കുന്നവരിൽ ഏറെപ്പേരും തിരയുന്നത് ആശ്വാസവും സ്വസ്ഥതയുമാണ്. സകലവിധ വ്യാധികളിൽനിന്നുമുള്ള മോചനവും ശാന്തതയുമാണ് ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായി അണയുന്നവരൊക്കെ മോഹിക്കുന്നതും. സത്യത്തിൽ അവൻ വന്നിരിക്കുന്നത് നമ്മുടെ സമാധാനത്തെ കെടുത്താൻ കൂടിയാണ്. ഭൂമിയിൽ തീയിടാൻ വന്നവൻ (ലൂക്കാ 12:49) എന്നാണവന്റെ സ്വയം പ്രഖ്യാപനം.

അതിന് കാരണമുണ്ട്, അവൻ നമ്മുടെ അടുത്തേക്ക് വന്നാലോ, നാം അവന്റെ അടുത്തേക്ക് പോയാലോ വെളിപ്പെട്ടുകിട്ടുന്നത് നമ്മുടെ കുറവുകളാണ്. ഞാൻപോലും മറന്നുപോയ, ആരുമറിയാത്ത എന്റെ കുറവുകൾ തുറന്നു കാണിക്കുന്നവൻ തീർച്ചയായും അസ്വസ്ഥപ്പെടുത്തും. സ്വർഗരാജ്യം മോഹിച്ച ഒരു ധനികയുവാവ് ഒരിക്കൽ അവിടുത്തെ അടുക്കലെത്തി. എന്നാൽ, നിരാശപ്പെട്ടും വിഷമിച്ചുമാണ് അവൻ മടങ്ങിപ്പോയത്. എല്ലാം തികഞ്ഞവനെന്ന് അഹങ്കരിച്ചവനോട് ക്രിസ്തു പറഞ്ഞു: ‘എങ്കിലും നിനക്ക് ഒരു കുറവുണ്ട്.’

അതുകൊണ്ടുതന്നെ പലരും ക്രിസ്തുവിനെ സമീപിക്കുന്നത് സക്കേവൂസിനെപ്പോലെയാണ്. ആ ചുങ്കക്കാരൻ ശാരീരികമായി മാത്രമല്ല, ആത്മീയമായും പൊക്കക്കുറവുള്ളവനായിരുന്നു. ക്രിസ്തുവിന്റെ അടുത്തുവന്നാൽ പലതും ഉപേക്ഷിക്കേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. പത്രോസിന് വഞ്ചിയും വലയും ഉപേക്ഷിക്കേണ്ടിവന്നു. പാപിനിയായ സ്ത്രീക്ക് സുഗന്ധതൈലം ഒഴുക്കിക്കളയേണ്ടിവന്നു. തനിക്കുമതുതന്നെ സംഭവിക്കുമെന്ന് ഭയന്ന സക്കേവൂസ് സ്വാർത്ഥതയുടെ സിക്കമൂർ മരത്തിൽ ഒളിച്ചിരുന്ന് ക്രിസ്തുവിനെ കണ്ട് സ്വഭവനത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിച്ചത്.

എന്നാൽ, അവിടുന്ന് ആ വൃക്ഷച്ചുവട്ടിലേക്ക് വന്നു, അവനോടൊപ്പം ഭവനത്തിലേക്കും. അതോടെ സക്കേവൂസ് ഭയപ്പെട്ടതുതന്നെ സംഭവിച്ചു. സമ്പത്തിൽ പകുതി ദരിദ്രർക്ക് കൊടുക്കേണ്ടിവന്നു. വഞ്ചിച്ചതിന് നാലുമടങ്ങ് തിരികെ നൽകേണ്ടിവന്നു. അവനെപ്പോലെ ഒന്നും നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതിനാൽ ക്രിസ്തുവിന്റെ കൺവെട്ടത്തുപോലും വരാൻ ആഗ്രഹിക്കാതെ സ്വാർത്ഥതയുടെ മറയിൽ ഒളിച്ചിരുന്ന് ആരാധിച്ച് മടങ്ങിപ്പോകുന്നവരല്ലേ നാമും.

അസ്വസ്ഥപ്പെടുത്തുന്നവരെ ഒഴിവാക്കാൻ എല്ലാവർക്കും എപ്പോഴും തിടുക്കമാണ്. വികാരിയച്ചന്റെ ഞായറാഴ്ച പ്രസംഗംകേട്ട് ദീർഘമായുറങ്ങുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അയാളുടെ ചെറുമകനെ കണ്ടപ്പോൾ വികാരിയച്ചൻ പറഞ്ഞു: ‘നീ നിന്റെ മുത്തച്ഛനെ ദൈവാലയത്തിൽ ഉണർത്തിയിരുത്തിയാൽ പ്രതിഫലമായി 10 രൂപ തരാം.’ അതു ഫലിച്ചു. രണ്ടാഴ്ചയായി വൃദ്ധൻ ശ്രദ്ധയോടെ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ ആഴ്ച കാര്യങ്ങളെല്ലാം പഴയതുപോലെയായി. അയാൾ ഉറക്കം തുടങ്ങി.

കുർബാന കഴിഞ്ഞ് പേരക്കുട്ടിയെ കണ്ടപ്പോൾ അച്ചൻ ചോദിച്ചു: ‘മുത്തച്ഛനെ ഉണർത്തിയിരുത്തിയാൽ 10 രൂപ തരാമെന്ന് വാഗ്ദാനം ചെയ്തതല്ലേ; നീ എന്നെ തികച്ചും നിരാശപ്പെടുത്തി.’ അൽപ്പം ചിരിയോടെയായിരുന്നു അവന്റെ മറുപടി: ‘തീർച്ചയായും. എന്നാൽ, ശല്യപ്പെടുത്താതിരിക്കാൻ മുത്തച്ഛൻ എനിക്ക് 25 രൂപ തരുന്നുണ്ട്.’ ചിലരെങ്കിലും ഈ വൃദ്ധനെപ്പോലെയാണ്. സ്വസ്ഥതയിൽ സ്വയം മയങ്ങി ജീവിക്കാൻ വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാൻ സന്നദ്ധതയുള്ളവർ.

പത്രപാരായണത്തോടെയാണ് ബഹുഭൂരി പക്ഷവും ദിനം ആരംഭിക്കുന്നത്. നിരവധിയായ സംഭവങ്ങൾ ആ വായനയിലുണ്ട്. കൊലപാതകം, അക്രമം, അഴിമതി, ആത്മഹത്യ, ബലാൽസംഗം, അപകടമരണങ്ങൾ… അങ്ങനെ നീണ്ടുപോകുന്ന വാർത്തകൾ. എല്ലാം വായിച്ചു കഴിയുമ്പോൾ മറ്റുള്ളവരെക്കാൾ നാം ഭേദപ്പെട്ടവരാണെന്ന ആ ശ്വാസമുണ്ടാകുന്നു. എന്നാൽ അതിരാവിലെ എഴുന്നേറ്റ് വേദഗ്രന്ഥം വായിക്കുന്ന എത്ര പേരുണ്ടാകും?

മറ്റുള്ളവരേക്കാൾ ഭേദപ്പെട്ടവരാണെന്ന് ചിന്തിക്കുന്ന നാം ബൈബിൾ വായനയോടെ ദിനം ആരംഭിച്ചിരുന്നെങ്കിൽ, ഈ ലോകത്തിലെ ഏറ്റവും മോശം നാം തന്നെയാണെന്ന് വചനം ബോധ്യപ്പെടുത്തും. അസാധ്യമെന്ന് കരുതുന്ന ത്യാഗങ്ങൾ ചെയ്യാൻ അതു വെല്ലുവിളിക്കും. ഒന്നും നമ്മെ അസ്വസ്ഥപ്പെടുത്തിക്കൂടാ, ബൈബിൾപോലും. അതുകൊണ്ട് ഒരിക്കലും തുറക്കപ്പെടാത്ത പുസ്തകമായി അത് പ്രാർത്ഥനാമുറിയിൽ സൂക്ഷിക്കപ്പെടുന്നു!

ആരെങ്കിലുമൊക്കെ വിശുദ്ധിയുടെ ത്യാഗവഴിയിലേക്ക് വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അസ്വസ്ഥതയുടെ രാവുകൾ ക്രിസ്തു സമ്മാനിച്ചിട്ടുമുണ്ട്. മദർ തെരേസ ലോറേറ്റൊ മഠത്തിൽനിന്ന് കൊൽക്കൊത്തയുടെ തെരുവിലേക്ക് കടന്നുവന്നതിന് പിന്നിലതുണ്ട്. ഫ്രാൻസിസ് ഉന്മാദിയെപ്പോലെ അസീസിയുടെ നഗരവീഥിയിലൂടെ അലയാൻ കാരണവുമതുതന്നെ. അന്തോണീസിന് ലിസ്ബണിലെ അസീസി ആശ്രമത്തിലേക്ക് പ്രവേശിക്കാൻ കരുത്തു നൽകിയതും അതാണ്. റാംപൂരിലെ സമ്പന്ന കുടുംബത്തിൽനിന്നും സാധുസുന്ദർസിംഗിന് എല്ലാം ഉപേക്ഷിച്ചിറങ്ങാൻ പ്രചോദനമായതുമതുതന്നെ. അങ്ങനെ എത്രയോപേർ.

‘ദി ഇയർ ഓഫ് ദ ഹാർട്ട്’ എന്ന പുസ്തകത്തിലെ മദർ ഡോളറസിനെ ഓർക്കുന്നു. ഒരുകാലത്ത് ലോകമെമ്പാടും ആരാധകരുണ്ടായിരുന്ന ഹോളിവുഡ് നടി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ 1963ൽ എല്ലാം ഉപേക്ഷിച്ച് ആത്മീയത പുൽകിയവൾ. ബനഡിക്‌ടെൻ സന്യാസിനിമാർ നടത്തുന്ന മിണ്ടാമഠത്തിലെ ഒരാഴ്ചത്തെ ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് അതു സംഭവിച്ചത്. ആത്മീയതയിൽ അസ്വസ്ഥരാവുകൾ സമ്മാനിച്ച അനുഭവമായിരുന്നു ആ ധ്യാനം. എല്ലാവരെയും വിസ്മയിപ്പിച്ച് സൗഭാഗ്യങ്ങളെ അവഗണിച്ച് മിണ്ടാമഠത്തിൽ പ്രവേശിച്ച് അവൾ സന്യാസിനിയായി. ഡോളറസിന്റെ ജീവിതം വായിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാകുമെന്ന് ഉറപ്പ്.

എലിസബത്തീൻ കാലഘട്ടത്തിലെ രാഷ്ട്രീയക്കാരനും ഇംഗ്ലീഷ് നാവികനുമാ യിരുന്ന സാർ ഫ്രാൻസിസ് ഡ്രാക്കിന്റെ കവിതകൂടി- ‘ഡിസ്റ്റേർബ് അസ്, ലോർഡ്’ എന്നാണതിന്റെ ശീർഷകം. ആശയമിങ്ങനെ:

‘കർത്താവേ, കൊച്ചുകൊച്ചു സ്വപ്‌നങ്ങൾ കണ്ട്, അതൊക്കെ സാക്ഷാത്ക്കരിച്ച് സംതൃപ്തരാകുമ്പോൾ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക; കുറെക്കൂടി ഉദാത്തമായ സ്വപ്‌നങ്ങൾ കാണാൻ.

ലഘുയാത്രകൾ ചെയ്ത് സുരക്ഷിതരായി തീരത്തെത്തുമ്പോൾ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക; സാഹസികമായ ദീർഘയാത്രയ്ക്ക് പുറപ്പെടാൻ.

നശ്വരമായ സമ്പത്തിനുവേണ്ടി അധ്വാനിക്കുമ്പോൾ അസ്വസ്ഥപ്പെടുത്തുക; നിത്യജീവന്റെ ജലത്തിനായി ദാഹിക്കാൻ.

ഭൂമിയിൽ നശ്വരമായ ഭവനത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോൾ അസ്വസ്ഥപ്പെടുത്തുക; സ്വർഗത്തിൽ നിത്യമായൊരു ഭവനത്തിനായി യത്‌നിക്കാൻ…

അതെ, കർത്താവേ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക…’

അതെ, അതുതന്നെയാവണം ക്രിസ്തു വിനെ യഥാർത്ഥമായി സ്‌നേഹിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെയും പ്രാർത്ഥന.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?