Follow Us On

07

May

2021

Friday

കോവിഡ് ആശുപത്രിയിലെ തീപിടിത്തം: മരിച്ചവർക്കായി പ്രാർത്ഥിച്ച്, കുടുംബങ്ങൾക്ക് സഹായമേകി കർദിനാൾ സാകോ

കോവിഡ് ആശുപത്രിയിലെ തീപിടിത്തം: മരിച്ചവർക്കായി പ്രാർത്ഥിച്ച്, കുടുംബങ്ങൾക്ക് സഹായമേകി കർദിനാൾ സാകോ

ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്കായി പ്രത്യേകം പ്രാർത്ഥിച്ചും അവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കിയും കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാകോ. 10,000 യു.എസ് ഡോളറാണ് (ഏകദേശം ഒന്നരക്കോടി ഇറാഖി ദിനാർ) അടിയന്തിര സഹായമായി കർദിനാൾ ലഭ്യമാക്കിയത്. അപകടം നടന്ന ആശുപത്രിക്കു മുന്നിലെത്തി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം.

ഇബിൻ ഖത്തീബ് ആശുപത്രിയിൽ എപ്രിൽ 24ന് ഉണ്ടായ തീപിടിത്തത്തിൽ 90 പേരാണ് കൊല്ലപ്പെട്ടത്, 100ൽപ്പരം പേർക്ക് പരിക്കേറ്റു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന 28 പേരും മരിച്ചവരിൽ ഉൾപ്പെടും. ജനങ്ങളോടുള്ള സഭയുടെ കരുതലിന്റെയും ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യത്തിന്റെയും അടയാളമായാണ് ഈ തുക കുടുംബങ്ങൾക്കെല്ലാമായി കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്രമാത്രം മരണത്തിന് കാരണമായ ഈ ദുരന്തം അത്യന്തം നടുക്കമുണ്ടാക്കുന്നതാണ്. ആളുകൾ ചികിത്‌സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഈ ദുരന്തമെന്നതും അതിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥയെപ്രതി അത്യന്തം വേദനയിലും ഭീതിയിലും നിരാശയിലുമാണ് ജനം,’ കർദിനാൾ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മധ്യാഹ്‌ന പ്രാർത്ഥനയിൽ, ഇറാഖിലെ ദുരന്തത്തിനിരയായവർക്കായി ഫ്രാൻസിസ് പാപ്പ പ്രത്യേകം പ്രാർത്ഥിച്ചതും കർദിനാൾ അനുസ്മരിച്ചു.

അപകടകാരണം ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻപ്രധാനമന്ത്രി മുസ്തഫ അൽ ഖദീമി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണവും ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?