Follow Us On

29

March

2024

Friday

ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ?

പോൾ മാത്യു

ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ?

ക്രിസ്തുവിനെയും ഇന്നത്തെ ക്രിസ്ത്യാനിയെയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാം. ക്രിസ്തുവിന്റെ വചനം സ്‌നേഹമാണ്. പ്രവൃത്തി കരുണയും. കുരിശാണ് സിംഹാസനം. കിരീടം മുളളുകളും. എന്നാൽ, ഇന്നത്തെ ക്രിസ്ത്യാനിയുടെ ജീവിതം ഇതിൽനിന്ന് എത്രയോ അകലെയാണ്? ക്രിസ്തുവിന്റെ അനുയായിയായ ക്രിസ്ത്യാനിയുടെ ജീവിതം ക്രിസ്തുവിന് സമമാകണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

വിക്ടർ ഹ്യൂഗോയുടെ വിഖ്യാത നോവൽ ‘ലെസ് മിസറബിൾസ്’ (പാവങ്ങൾ). അതിലെ പ്രധാന കഥാപാത്രം ജീൻവാൽ ജീൻ. ജീവിതയാത്രയിലെ വിഷമസന്ധികളിലൊന്നിൽ മോഷ്ടാവായിത്തീരേണ്ടിവന്ന ആ മനുഷ്യൻ, നീണ്ട ജയിൽ വാസത്തിനുശേഷം പട്ടിണിയകറ്റാൻ ഭിക്ഷ യാചിച്ച് രൂപതാ മെത്രാന്റെ അടുത്തെത്തിയ കഥ പ്രസിദ്ധമാണ്. കള്ളന് അഭയവും ആശ്രയവും അന്തിയുറങ്ങാൻ തന്റെ അതിഥിമുറിയും നൽകിയ തിരുമേനിയും തിളങ്ങിനിൽക്കുന്ന കഥാപാത്രം തന്നെ.

ഒടുവിൽ, ആ മെത്രാന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച് കടന്നുകളയുന്ന ജീൻവാൽ ജീൻ. അയാളെ പൊലീസുകാർ പിടിച്ച് മെത്രാന്റെ മുമ്പിൽ കൊണ്ടുവരുന്ന രംഗം വളരെ തീവ്രമായ ഒരനുഭവമാണ്. മോഷ്ടിക്കപ്പെട്ട തൊണ്ടിമുതലുകൾ പൊലീസ് നിരത്തുമ്പോൾ, അത് താൻ ജീനിന് സമ്മാനിച്ചതാണെന്ന് ബിഷപ്പ്! അത്ര രസത്തിലല്ലാതെ മടങ്ങിപ്പോകുന്നു പൊലീസ്. തുടർന്ന്, ജീൻവാൽ ജീനെ കെട്ടിപ്പിടിച്ച് സ്വന്തം സഹോദരനായി പരിഗണിച്ച് ജീവിതത്തിലേക്ക്, ക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരുന്ന ബിഷപ്പിന്റെ അവതരണം, മനുഷ്യസ്‌നേഹികളുടെ കണ്ണുകളെ ഈറനണിയിക്കും.

‘വികാരി’ എന്ന വാക്കിന് പകരക്കാരൻ എന്നാണ് അർത്ഥം. ക്രിസ്തുവിന്റെ പകരക്കാരൻ എന്നാണ് ക്രിസ്തീയ അർത്ഥം. അപ്പോൾ ബിഷപ്പ് ക്രിസ്തു തന്നെയാണ്. താൻ അളവില്ലാതെ സ്‌നേഹിച്ചിട്ടും തന്റെ വസ്തുവകകൾ മോഷ്ടിച്ച കള്ളനോട് സ്വന്തം സഹോദരനോട് എന്നപോലെ പെരുമാറിയ മെത്രാൻ ക്രിസ്തുതന്നെയാണ്. യേശുക്രിസ്തുവിന്റെ സ്‌നേഹം അനുഭവിക്കാനും പകർന്നു നൽകാനുമുള്ള വിളിയാണ് പ്രാഥമികമായി ഒരു ക്രിസ്ത്യാനിക്കുള്ളത്. ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചിട്ടുള്ളവർക്കേ അതു പകരാൻ സാധിക്കൂ എന്നത് തീർച്ചയാണ്. നാം സ്‌നേഹിക്കുന്നില്ലെങ്കിൽ, ശത്രുവിനെയും സ്‌നേഹിക്കുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ലളിതമാണ്- ക്രിസ്തുവിന്റെ സ്‌നേഹം നാം ഇനിയും നുകർന്നിട്ടില്ല.

പകർന്നു നൽകുന്ന സ്‌നേഹമാണ് ക്രിസ്തുവിന്റേത്. എന്നാൽ കവർന്നു തിന്നുന്ന ‘സ്‌നേഹ’മാണ് ഇന്നത്തെ പരശതം ‘ക്രിസ്ത്യാനി’ക്കും! കിട്ടിയതൊന്നും പോരാ കിട്ടാനുളളതും പോരാ എന്ന ചിന്താഗതി ഇന്ന് ക്രൈസ്തവ സമൂഹത്തിൽ അടിമുതൽ മുടിവരെ നിറഞ്ഞുനിൽക്കുന്നില്ലേ? ‘ശത്രുവിനെ സ്‌നേഹിക്കുക’ എന്ന കൽപ്പന നാം എവിടെങ്കിലും കേട്ടിട്ടുണ്ടോ? ‘ദ്രോഹം ക്ഷമിക്കുക, നിന്റെ പുതപ്പ് എടുക്കുന്നവന് വസ്ത്രവും കൊടുക്കുക’ എന്ന് എവിടെങ്കിലും വായിച്ചിട്ടുണ്ടോ? ‘നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക’ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇതൊക്കെ നടപ്പാക്കാനാവാത്ത കാര്യങ്ങളായി ക്രിസ്തുവിന്റെ അനുയായികളായ നാം തന്നെ പ്രചരിപ്പിക്കുന്നു. ഒരു ചെകിട്ടത്ത് അടിക്കുന്നവന്റെ രണ്ട് ചെകിടും അടിച്ചുപൊളിച്ച് അവനെതിരെ കേസും കൊടുത്ത് വിജയശ്രീലാളിതനായി തല ഉയർത്തിപ്പിടിച്ച് നാം പറയുന്നു: ‘തോറ്റചരിത്രം കേട്ടിട്ടില്ല.’ ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ അവിടുന്ന് പരാജയപ്പെട്ടെന്നാണ് എല്ലാവരും കരുതിയത്. സഹനവും കൊടിയ പീഡനവും ഒടുവിൽ മരണവും യേശു ഏറ്റുവാങ്ങിയപ്പോൾ ശിഷ്യന്മാർപോലും സ്തംഭിച്ചുനിന്നുപോയി.

എല്ലാം തീർന്നെന്ന് അവർ കരുതി. യേശുവിനെ ക്രൂശിച്ചവരും അങ്ങനെതന്നെ കരുതി. എന്നാൽ, മൂന്നാം ദിവസം കല്ലറയിൽനിന്ന് ഉയിർത്തെഴുന്നേറ്റുകൊണ്ട് യേശു തെളിയിച്ചു, തന്റെ ജീവൻ വിട്ടുകൊടുക്കാനും തിരികെ എടുക്കാനും തനിക്ക് ശക്തിയുണ്ടെന്ന്, അധികാരമുണ്ടെന്ന്. ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്ന മഹത്വം അവിടുന്ന് അരിമിത്തിയാക്കാരൻ യൗസേഫിന്റെ കല്ലറയ്ക്ക് വെളിയിൽനിന്നുകൊണ്ട് നമുക്ക് കാണിച്ചുതരുന്നു.

ഇന്നത്തെ ക്രിസ്ത്യാനിയെയും ക്രിസ്തുവിനെയും തമ്മിൽ ഒന്നു താരതമ്യം ചെയ്യുക. ക്രിസ്തുവിന്റെ വചനം സ്‌നേഹമായിരുന്നു. പ്രവൃത്തി കരുണയായിരുന്നു. യാത്ര കഴുതപ്പുറത്തും നടന്നും. (അന്നു രഥങ്ങളും കുതിരകളും പല്ലക്കുകളും ഇല്ലാഞ്ഞിട്ടല്ല). സിംഹാസനം കുരിശായിരുന്നു. കിരീടം മുളളുകളായിരുന്നു. എന്നാൽ, ഇന്നത്തെ ക്രിസ്ത്യാനിയുടെ യാത്രകളും വചനങ്ങളും പ്രവൃത്തിയും സിംഹാസനവും കിരീടവും എല്ലാം ഓർമിപ്പിക്കുന്നത് അന്നത്തെ പീലാത്തോസിനെയോ കയ്യാഫാസിനെയോ ഹെറോദേസിനെയോ അല്ലേ?

ദർശനത്തിൽ വന്ന പാകപ്പിഴയാണ് ഈ അപജയത്തിന് കാരണം. അന്ന് ശിഷ്യർ ലൗകികമായ കാര്യങ്ങൾ സ്വപ്‌നം കണ്ട് അക്രമത്തിലേക്ക് തിരിയാൻ ശ്രമിച്ചപ്പോൾ ക്രിസ്തു പറഞ്ഞു: ‘എന്റെ രാജ്യം ഐഹികമല്ല.’ വർഷങ്ങളായി റോമാസാമ്രാജ്യത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേലിന്റെ താൽക്കാലിക രാഷ്ട്രീയ മോചനമാണ് ശിഷ്യർ മുന്നിൽ കണ്ടതെങ്കിൽ, സാത്താന്റെ അടിമത്തത്തിൽ കഴിയുന്ന ആദാമ്യകുലത്തിന്റെ മുഴുവൻ സമ്പൂർണമോചനമാണ് യേശു അവർക്കു മുന്നിൽവച്ച ദർശനം. അതിന്റെ സാക്ഷാത്കാരമാണ് കുരിശിൽ മൂന്നാണികളിൽ പിടയുമ്പോൾ നടത്തിയ പ്രാർത്ഥന.

ക്രിസ്തുവിന്റെ ദർശനമാണ് ക്രിസ്ത്യാനി കാണുന്നതെങ്കിൽ, വിക്ടർ ഹ്യൂഗോ വരച്ച യഥാർത്ഥ പകരക്കാരനിലേക്ക് നാം തിരികെപോകണം. ഉടുവസ്ത്രം ഉരിഞ്ഞെടുക്കുന്നവന് അലമാരിയിൽ അടുക്കിവെച്ചിരിക്കുന്നതുകൂടി നൽകണം; വസ്തുവകകൾ കൈയേറുന്നവന് മതിലുകെട്ടാനുള്ള പണംകൂടി നൽകണം. മറിച്ച്, വസ്ത്രവും വസ്തുവും കെട്ടിപ്പിടിച്ചിരിക്കുന്നവർ അവസാനം ലാസറിന്റെയും ധനവാന്റെയും ഉപമയിലെ ധനവാനെപ്പോലെ നാവിൽ വെള്ളം തൊടുവിക്കാൻ ആളെ വിടണമേ എന്ന് കേഴുന്ന അവസ്ഥയിൽ എത്തും.

ക്രിസ്തുവിന്റെ ദർശനമുള്ളവൻ തനിക്കുള്ളതും തന്നെത്തന്നെയും ക്രിസ്തുവിനുവേണ്ടി, സഹോദരനുവേണ്ടി ബലിയർപ്പിക്കാൻ താൽപ്പര്യം കാണിക്കും, അതിന് തയാറാകും. അവന് ലഭിക്കുക ഈ ലോകത്തിലെ സ്ഥാവരജംഗമസ്വത്തുക്കളല്ല. നിത്യജീവിതത്തിൽ നാഥനോടൊപ്പമുള്ള വാസമാണ്, അബ്രഹാമിന്റെ മടിയിൽ വിശുദ്ധ പത്രോസിനൊപ്പം. എന്നാൽ, കാലത്തിന്റെ ചുവരെഴുത്തിൽ, ക്രിസ്ത്യാനികൾ  പീലാത്തോസായി, ഹെറോദോസായി, വാഴുന്നുണ്ടോ? ഉണ്ടെങ്കിൽ, ക്രിസ്തുവിനെ പിൻചെല്ലാത്ത ഓരോ ക്രൈസ്തവനും ചരിത്രത്തിന്റെ ഏടുകളിൽ എഴുന്നുനിൽക്കുന്ന വിരോധാഭാസമാണെന്ന് തിരിച്ചറിയാം, ജാഗരൂകരാകാം.

നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളെ ക്രിസ്തു പറഞ്ഞിട്ടുള്ളൂ. പറഞ്ഞതെല്ലാം അവിടുന്ന് സ്വയം പ്രവൃത്തിയിൽ കൊണ്ടുവന്നു, കാണിച്ചുതന്നു. വാക്കും പ്രവൃത്തിയും തമ്മിൽ വിടവില്ലാത്തവിധം ഒന്നായിരുന്ന വ്യക്തിത്വമായിരുന്നു ക്രിസ്തുവിന്റേത്. അവിടുന്ന് ചെയ്തതിലും കൂടുതൽ ത്യാഗം ചെയ്യാൻ അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തി നമുക്ക് യേശു പ്രദാനം ചെയ്തിട്ടുണ്ട്. അതിനാൽ നമുക്ക് ഒഴികഴിവില്ല. നാം ക്രിസ്ത്യാനികളാണെങ്കിൽ ക്രിസ്തുവിന്റെ വഴി, അതുമാത്രം മതി.

വാൽക്കഷണം:

നീ ക്രിസ്ത്യാനിയാണോ, ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടോ? ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ ശ്രദ്ധിക്കുക:

നീ ദൈവമകനാണ് (1യോഹ.3:1, 1യോഹ.5:1);

നീ നിത്യജീവന് യോഗ്യത ലഭിച്ചവനാണ് (1യോഹ. 5:13);

നിനക്ക് ദൈവപുത്രന്റെ സംരക്ഷണമുള്ളതിനാൽ നീ പാപം ചെയ്യില്ല (1യോഹ.5:18);

നീ ലോകത്തെ (ശരീരത്തിന്റെ മോഹങ്ങളെ, പ്രലോഭനങ്ങളെ) ജയിച്ചവനാണ് (1യോഹ.5:5);

നിനക്ക് നിന്നിൽതന്നെ സാക്ഷ്യമുണ്ട് (1യോഹ.5;10);

യേശുക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ നീയും വിശുദ്ധനാകും (1പത്രോ.1:15).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?