Follow Us On

07

May

2021

Friday

ദൈവമാതാവിന്റെ കരം പിടിച്ച് ആൺമക്കൾ; പോളിഷ് നിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം

ദൈവമാതാവിന്റെ കരം പിടിച്ച് ആൺമക്കൾ; പോളിഷ് നിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം

വാർസോ: മഹാമാരിയുടെ ഭീഷണികളുണ്ടെങ്കിലും പതിവുതെറ്റിക്കാതെ പോളിഷ് നിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം! മാസാദ്യ ശനിയാഴ്ചകളിൽ പോളണ്ടിലെ നഗരനിരത്തുകൾ സാക്ഷ്യം വഹിക്കുന്ന സവിശേഷതയാണ് പുരുഷന്മാർമാത്രം അണിനിരക്കുന്ന ജപമാല പ്രദക്ഷിണം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംതേടി നാളുകളായി നടത്തുന്ന ഈ മരിയൻ പ്രദക്ഷിണം മഹാമാരിയുടെ നാളുകളിലും മുടങ്ങിയില്ല എന്നതാണ് ശ്രദ്ധേയം.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾദിനം കൂടിയായിരുന്ന ഈ മാസാദ്യ ശനിയാഴ്ചയിൽ (മേയ് ഒന്ന്) ഏതാണ്ട് 25 നഗരങ്ങളിലാണ് ഇപ്രകാരം ജപമാല പ്രദക്ഷിണം നടന്നത്. ചിലസ്ഥലങ്ങളിൽ കാലാവസ്ഥ മോശമായിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ ദൈവമാതാവിന്റെ ആൺമക്കൾ ദൈവമാതാവിന് സ്തുതിഗീതങ്ങൾ അർപ്പിച്ചും ജപമാല രഹസ്യങ്ങൾ ചൊല്ലിയും നഗരനിരത്തിൽ വന്നണയുകയായിരുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ഫാത്തിമാദർശനത്തിൽ ദൈവമാതാവ് നൽകിയ നിർദേശമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണം സംഘടിപ്പിക്കാൻ പുരുഷന്മാരെ പ്രചോദിപ്പിച്ചത്.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അർപ്പിക്കുന്ന മാസാദ്യ ശനിയാഴ്ച വണക്കത്തിന് 1905ൽ പയസ് 10-ാമൻ പാപ്പയാണ് അംഗീകാരം നൽകിയത്. അമലോത്ഭവത്തോടുള്ള ആദരസൂചനകമായി 12 മാസങ്ങളിൽ പ്രസ്തുത ഭക്ത്യാനുഷ്ഠാനം നിറവേറ്റുന്നവർക്ക് ദണ്ഡവിമോചനവും സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തുടർച്ചയായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ പ്രാർത്ഥിക്കുകയും ജപമാലയുടെ 15 രഹസ്യളെ ധ്യാനിക്കാൻ 15 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് പ്രത്യേക അനുഗ്രഹവും ഫാത്തിമാ മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?