Follow Us On

20

April

2024

Saturday

യേശുക്രിസ്തുവിൽ നാം വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രൈസ്തവരാകാൻ സാധിക്കില്ല: പാപ്പ

യേശുക്രിസ്തുവിൽ നാം വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രൈസ്തവരാകാൻ സാധിക്കില്ല: പാപ്പ

വത്തിക്കാൻ സിറ്റി: നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രൈസ്തവരാകാൻ സാധിക്കില്ലെന്ന് ഫ്രാൻസിസ് പാപ്പ. ക്രിസ്തുവും ക്രിസ്ത്യാനിയും എന്നത് മുന്തിരിച്ചെടിക്കും ശാഖകൾക്കും സമാനമാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ, ‘മുന്തിരിച്ചെടിയുടെയും ശാഖകളുടെയും’ ഉപമ വിശദീകരിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ക്രൈസ്തവ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നതാകണമെന്നും പാപ്പ ഓർമിപ്പിച്ചു.

ശാഖകളില്ലാത്ത മുന്തിരിച്ചെടിയില്ല, മറിച്ചും. എന്നാൽ ശാഖകൾ സ്വയംപര്യാപ്തങ്ങളല്ല, പ്രത്യുത, അവ അവയുടെ നിലനിൽപ്പിന്റെ ഉറവിടമായ മുന്തിരിച്ചെടിയെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. തന്നോടുള്ള ഐക്യം തുടരാനാകുമെന്ന്, ഈ ലോകത്തുനിന്ന് പിതാവിന്റെ പക്കലേക്ക് പോകുംമുമ്പ് തന്റെ ശിഷ്യർക്ക് ക്രിസ്തു ഉറപ്പുനൽകുന്നുണ്ട്. ‘നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും,’ (യോഹന്നാൻ 15:4). ക്രിസ്തുവിൽ നിലനിൽക്കുന്നതിൽ അവിടുന്ന് നൽകുന്ന ഈ ഉറപ്പ് ക്രിയാത്മകവും പാരസ്പര്യമുള്ളതുമാണ്.

എന്തുകൊണ്ടെന്നാൽ, മുന്തിരിച്ചെടിയോടു ചേർന്നുനിൽക്കാത്ത ശാഖകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. വളരാനും ഫലം പുറപ്പെടുവിക്കാനും അവയ്ക്ക് ജീവരസം ആവശ്യമാണ്; അതുപോലെ തന്നെ മുന്തിരിച്ചെടിക്ക് ശാഖകളും ആവശ്യമാണ്, കാരണം മരത്തിന്റെ തായ്ത്തണ്ടിലല്ല ഫലങ്ങൾ ഉണ്ടാകുന്നത്. അതിനാൽ ഈ പാരസ്പര്യത്തിന് സമാനമെന്നോണം നാം യേശുവിൽ വസിക്കുന്നു, യേശു നമ്മിലും വസിക്കുന്നു.

മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അർത്ഥത്തിലാണെന്ന് നമുക്ക് സ്വയം ചോദിക്കാം. ശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. സദ്വാർത്ത പ്രഘോഷിക്കുന്നത് തുടരുക എന്നത്, യേശുവിന്റെ സ്വർഗാരോഹണാനന്തരം ശിഷ്യന്മാരുടെ കടമയാണ്, അതായത് നമ്മുടെ കടമ. ക്രിസ്തുശിഷ്യരായ നാം അവിടുത്തെ സ്‌നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അത് ചെയ്യേണ്ടത്. സ്‌നേഹമാണ് പുറപ്പെടുവിക്കേണ്ട ഫലം.

ക്രിസ്തുവിനോട് ചേർന്നുനിന്ന് നാം പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വീകരിക്കുന്നു. അങ്ങനെ സഭയ്ക്കും സഭയ്ക്കും നന്മ ചെയ്യാനും നമുക്ക് സാധിക്കുന്നു. അത് ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും എന്ന ചോദ്യവും പ്രസക്തമാണ്. നമ്മുടെ ജീവിതത്തിന്റെ ഫലപ്രാപ്തി പ്രാർത്ഥനയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, അവിടത്തെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ലോകത്തെ യേശുവിന്റെ കണ്ണുകളാൽ കാണാനും കഴിയുന്നതിനായി നാം പ്രാർത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?