Follow Us On

07

May

2021

Friday

12 കുടുംബങ്ങള്‍ക്ക് വീട്ടിലേക്കുള്ള വഴിതുറന്ന് സണ്‍ഡേ ശാലോം ക്രിസ്മസ് സപ്ലിമെന്റ്

12 കുടുംബങ്ങള്‍ക്ക് വീട്ടിലേക്കുള്ള വഴിതുറന്ന് സണ്‍ഡേ ശാലോം ക്രിസ്മസ് സപ്ലിമെന്റ്

എറണാകുളം: എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂരില്‍ 12 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനുള്ള വഴിതുറന്നു. അതിന് കാരണമായത് സണ്‍ഡേ ശാലോമിന്റെ കഴിഞ്ഞ ക്രിസ്മസ് സപ്ലിമെന്റും. ഹൗസ് ചലഞ്ച് പ്രൊജക്ട് എന്ന പേരില്‍ 10 വര്‍ഷങ്ങള്‍കൊണ്ട് കൊച്ചിയില്‍ 142 വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ തോപ്പുംപടി ഔവര്‍ ലേഡിസ് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ പ്രവര്‍ത്തനവഴികളായിരുന്നു ‘ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍’ എന്ന ആ സപ്ലിമെന്റില്‍ പരിചയപ്പെടുത്തിയത്. അതുവായിച്ച കോട്ടയം, ദേവലോകത്തുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കൊട്ടാരത്തറ ജോസ് തോമസും ഭാര്യ ഡോ. എല്‍സി ജോസും എറണാകുളം ജില്ലയിലെ കൈപ്പട്ടൂരിലുള്ള 20 സെന്റ് സ്ഥലം ഹൗസ് ചലഞ്ച് പ്രൊജക്ടിന് സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ വിലകൊടുത്തു വാങ്ങിയതാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ ഭൂമി. അമേരിക്കയില്‍ ഡോക്ടര്‍മാരായ മൂന്ന് ആണ്‍മക്കളും മാതാപിതാക്കളുടെ തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി കൂടെനിന്നു.
വീടില്ലാത്തവരുടെ നൊമ്പരങ്ങളാണ് ആ ഫീച്ചര്‍ വായിച്ചപ്പോള്‍ മനസിലേക്ക് വന്നതെന്ന് ഡോ. എല്‍സി തോമസ് സണ്‍ഡേ ശാലോമിനോട് പറഞ്ഞു. 12 കുടുംബങ്ങള്‍ക്കായി രണ്ട് നിലകള്‍ വീതമുള്ള ആറ് വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കാന്‍സര്‍ രോഗികള്‍, നിരാലംബര്‍ തുടങ്ങിയവര്‍ക്കായിരിക്കും വീട് നല്‍കുന്നതിന് മുന്‍ഗണനയെന്ന് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു. അടുത്ത ക്രിസ്മസിനുമുമ്പ് 12 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാത്ഥ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.
‘ഭൂദാനം മഹാദാനം ‘ പരിപാടിയിലൂടെയാണ് കൈമാറ്റ ചടങ്ങ് നടന്നത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മോളി അലക്‌സ്, സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, ജോസ് തോമസ്, ഡോ. എല്‍സി ജോസ്, അധ്യാപികയും ഹൗസ് ചലഞ്ച് ട്രസ്റ്റ് അംഗവുമായ ലില്ലി പോള്‍, ഫാ. ആന്റണി നരികുളം, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?