Follow Us On

29

March

2024

Friday

സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍

സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍

‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്തവരും വിരളം. ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിക്ക് ഇത് എഴുത്തിന്റെ രജത ജൂബിലി വര്‍ഷം. 5,000-ലധികം ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയ ഈ അനുഗ്രഹീത ഗാനരചയിതാവ് ഭക്തിഗാന രംഗത്ത് എത്തിയതോ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലും.

ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ബേബി ജോണ്‍ കലയന്താനിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങി. എല്ലാവര്‍ക്കും പറയാന്‍ ഉണ്ടായിരുന്നതോ സമാനമായ കാര്യവും. അന്ന് 27 പേര്‍ വിളിച്ചെന്നാണ് ഓര്‍മ. എല്ലാവരും പറഞ്ഞത്, മാര്‍പാപ്പയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ ആദ്യം ബേബിച്ചനെയാണ് ഓര്‍മവന്നതെന്നായിരുന്നു. ധ്യാന പ്രസംഗങ്ങളിലൂടെയും ഗാനങ്ങളിലൂടെയും യൗസേപ്പിതാവിന്റെ ഭക്തി പ്രചരിപ്പിക്കാന്‍ ദൈവം ഉപകരണമാക്കിയ ഒരു വ്യക്തികൂടിയാണ് ബേബി ജോണ്‍. യൗസേപ്പിതാവിനെക്കുറിച്ച് 50-ലധികം ഗാനങ്ങള്‍ ഇതിനകം രചിച്ചുകഴിഞ്ഞു.

സിനിമ വിളിക്കുന്നു

നവോദയ അപ്പച്ചന്‍ എന്ന മലയാള സിനിമാ ലോകത്തെ കുലപതിയുടെ ക്ഷണം ലഭിച്ചിട്ടാണ് ബേബി ജോണ്‍ ചെന്നൈയിലേക്ക് പോകാന്‍ തയാറെടുപ്പുകള്‍ നടത്തിയത്. തിരക്കഥ, ആര്‍ട്ട് തുടങ്ങിയ ഒന്നു രണ്ടു മേഖലകളായിരുന്നു മനസില്‍. ചെറുപ്പം മുതല്‍ എഴുത്തിലും ചിത്രരചനയിലും കഴിവുതെളിയിച്ച ബേബി ജോണിന് തന്റെ സൃഷ്ടികളും രണ്ട് തിരക്കഥകളും നവോദയ അപ്പച്ചനെ കാണിക്കാന്‍ അവസരം ലഭിച്ചു. അവനിലെ പ്രതിഭ തിരിച്ചറിഞ്ഞാണ് അദ്ദേഹം അവനെ സിനിമയിലേക്ക് ക്ഷണിച്ചതും. അങ്ങനെ ആരും കൊതിക്കുന്ന അവസരം അപ്രതീക്ഷിതമായി 1996-ല്‍ ബേബി ജോണിനെ തേടിയെത്തി. ചെന്നൈയിലേക്ക് വണ്ടികയറുംമുമ്പ് ധ്യാനത്തില്‍ പങ്കെടുക്കമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. വിശുദ്ധിയോടെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കാം എന്നായിരുന്നു മനസില്‍. എന്നാല്‍, സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ആ ചെറുപ്പക്കാരന്റെ ജീവിതം അവിടെവച്ച് കീഴ്‌മേല്‍ മറിഞ്ഞു. ഒരുപാടു പേരുടെ ജീവിതങ്ങളെ മാറ്റിമറിയ്ക്കാന്‍ ആ ചെറുപ്പക്കാരനെ ദൈവം അവിടെവച്ച് പിടികൂടുകയായിരുന്നു.

വീണുടഞ്ഞ സ്വപ്‌നങ്ങള്‍

ധ്യാനത്തിനിടയില്‍ കൗണ്‍സിലര്‍ പറഞ്ഞു, ”സിനിമ നല്ലതുതന്നെ. എന്നാല്‍, ഈശോ പറയുന്നു നിന്റെ കഴിവുകള്‍ ദൈവരാജ്യത്തിന് സമ്പൂര്‍ണമായി സമര്‍പ്പിച്ചാല്‍ അവിടുന്ന് നിന്നെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിക്കുമെന്ന്.” അതൊട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കാലങ്ങളായി നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ അവസരം ലഭിച്ചപ്പോഴാണ് ഇങ്ങനെയൊരു പരീക്ഷണം. മനഃസമാധാനം നഷ്ടപ്പെട്ടാണ് ധ്യാനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. ആകെ ആശയക്കുഴപ്പമായി. ഒരു ധ്യാനത്തില്‍ക്കൂടി പങ്കെടുത്തിട്ട് അവസാന തീരുമാനമെടുക്കാമെന്ന് ഉറപ്പിച്ചു. മൂവാറ്റുപുഴ ജീവജ്യോതിയിലായിരുന്നു അടുത്ത ധ്യാനം.
മനസ് സംഘര്‍ഷഭരിതമായിരുന്നു. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം ദിവസം വൈകുന്നേരം നടന്ന ആരാധനയുടെ ഇടയില്‍ ധ്യാനം നയിച്ചിരുന്ന ഫാ. ജെയിംസ് കക്കുഴി ഇങ്ങനെ വിളിച്ചുപറഞ്ഞു, ”നിങ്ങളുടെ ജീവിതത്തിന്റെ ഏത് അവസ്ഥയുടെയും ഉത്തരമാണ് പരിശുദ്ധ പരമദിവ്യകാരുണ്യം. ആ ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ ജീവിതം ചേര്‍ത്തുവച്ചുകൊള്ളുക.” അതുവരെ നിര്‍വികാരതയോടെ ഇരുന്ന ആ ചെറുപ്പക്കാരന്റെ ഹൃദയത്തില്‍ ഒരു ജ്വലനം അനുഭവപ്പെട്ടു. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ മുട്ടുകുത്തി, നിലവിളിയോടെ അവന്‍ പറഞ്ഞു, ”കര്‍ത്താവേ, എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നറിയില്ല.” ആ സമയംതന്നെ കക്കുഴി അച്ചനിലൂടെ ദൈവം സംസാരിച്ചു. അച്ചന്റെ ശബ്ദം ഉടനെ ഇങ്ങനെ മുഴങ്ങി. തന്റെ ഹൃദയഭാരങ്ങള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ ചൊരിയുന്ന ഒരു മകനോട് കര്‍ത്താവ് പറയുന്നു, ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്. ആ വചനം ഹൃദയത്തില്‍ ആഴ്ന്നിറങ്ങി.

ഒരു ഗാനരചയിതാവിന്റെ ജനനം

അന്നുരാത്രി കിടക്കുന്നതിന് മുമ്പ് ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചു. ”എന്റെ ദൈവം എന്നോടു പറഞ്ഞു, ഭയപ്പെടേണ്ട ഞാന്‍ നിന്റെ ദൈവമല്ലേ.” എഴുതിക്കഴിഞ്ഞപ്പോള്‍ അതൊരു ഈരടിപോലെ തോന്നി. പിന്നെ ഇങ്ങനെ എഴുതി. കരയരുതേ കണ്‍മണിയേ ഞാന്‍ നിന്റെ കൂടെയില്ലേ. ‘ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം, ഞാന്‍ നിന്നെ രക്ഷിച്ച ദൈവം, ഞാന്‍ നിന്റെ പാതയില്‍ വെളിച്ചമായി എന്നും നിന്നെ നയിക്കുന്ന ദൈവം.’ ലക്ഷങ്ങള്‍ ഏറ്റുപാടിക്കഴിഞ്ഞ, ആലപിക്കുന്നവരുടെ മനസുകളില്‍ ആശ്വാസത്തിന്റെ തേന്‍തുള്ളികള്‍ വിതറുന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. ഒപ്പം ബേബി ജോണ്‍ കലയന്താനി എന്ന ഗാനരചയിതാവിന്റെ ജനനവും.
ധ്യാനം കഴിഞ്ഞപ്പോള്‍ പലരും സാക്ഷ്യം പറഞ്ഞു. കക്കുഴി അച്ചനുമായി പരിചയം ഉണ്ടായിരുന്നതിനാല്‍ അച്ചന്‍ ചോദിച്ചു, ബേബിച്ചന് എന്ത് അനുഭവമാണ് ലഭിച്ചത്. എനിക്ക് മൂന്ന് നാല് ലൈന്‍ പാട്ടുകിട്ടി എന്നായിരുന്നു മറുപടി. എന്നിട്ട് ആ വരികള്‍ ആദ്യമായി സ്റ്റേജില്‍നിന്നു പാടി. പാട്ടുകഴിഞ്ഞപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന എല്ലാവരും ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി. ദൈവികമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ബേബി ജോണ്‍ തിരിച്ചറിയുകയായിരുന്നു. വിശ്വാസവും അടിയുറച്ച ദൈവാശ്രയബോധവും ഉണ്ടെങ്കില്‍ മറ്റൊന്നിനും പോകേണ്ട. ഞങ്ങളുടെ കൂടെ പോരാനായിരുന്നു കക്കുഴി അച്ചന്‍ പറഞ്ഞത്. അതൊരു ദൈവവിളിയായി ബേബി ജോണ്‍ തിരിച്ചറിഞ്ഞു.

‘ചെങ്കടലില്‍ നീ അന്നു പാത തെളിച്ചു’ എന്നെഴുതുമ്പോള്‍ അതില്‍ തന്റെ ആത്മാംശവും ഉണ്ടായിരുന്നെന്ന് ഈ അനുഗ്രഹീത എഴുത്തുകാരന്‍ പറയുന്നു. മുമ്പില്‍ തുറന്ന സിനിമയുടെ ഗ്ലാമര്‍ലോകം വേണ്ടെന്നുവച്ച പഴയകാലവും ചെങ്കടലുകള്‍ക്ക് സമാനമായ സാഹചര്യങ്ങളില്‍ അദ്ഭുതരമായി വഴിനടത്തിയ ദൈവത്തോടുള്ള കടപ്പാടും ആ വരികളില്‍ ഉണ്ടെന്നാണ് ബേബി ജോണ്‍ കലയന്താനി പറയുന്നത്.

ഒരു ‘മണ്ടന്‍’ തീരുമാനം

സിനിമ ഉപേക്ഷിച്ച് ധ്യാനടീമിനൊപ്പം പോകാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഇവന്റെ ബുദ്ധിക്കു വല്ല കുഴപ്പവും തട്ടിയോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. സാമ്പത്തികമായി പിന്നിലായിരുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം വരുമാനമുള്ള ജോലി വളരെ അത്യാവശ്യമായിരുന്നു. പണവും പ്രശസ്തിയും ഉന്നത ബന്ധങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിക്കളഞ്ഞ മണ്ടനായി പലരും മുദ്രകുത്തി.
എന്നാല്‍, അവനെ ദൈവം ഉപയോഗിക്കാന്‍ ആരംഭിക്കുകയായിരുന്നു. നിരവധി ഗാനങ്ങള്‍ എഴുതാനുള്ള കൃപ നല്‍കി. ദൈവത്തെ മറന്നോ കുഞ്ഞേ നീ ജീവിക്കരുതേ, ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം, അബാ പിതാവേ ദൈവമേ, ആ സ്‌നേഹം ദിവ്യസ്‌നേഹമാണ് ദൈവം…. എന്നു തുടങ്ങി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞ 5,000-ത്തോളം ഗാനങ്ങള്‍ ഈ തൂലികയില്‍നിന്നും പിറവിയെടുത്തു. പ്രത്യാശ നഷ്ടപ്പെട്ട അനേകര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പിടിവള്ളിയായി മാറിയ നിരവധി ഗാനങ്ങള്‍.
ധ്യാനങ്ങള്‍ സജീവമായി മുമ്പോട്ടുപോകുന്നതിനിടയിലാണ് ധ്യാനടീമിന്റെ പുതിയ ഡയറക്ടറായി ഫാ. ജോസ് നരിതൂക്കില്‍ എത്തുന്നത്. ഭരണങ്ങാനത്ത് സിസ്റ്റേഴ്‌സിനുള്ള ധ്യാനം നടത്താമെന്ന് അച്ചന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റൊരു ധ്യാനംകൂടി ചെയ്യേണ്ടതായി വന്നു. അന്ന് ടീമില്‍ ഉണ്ടായിരുന്നത് നാലു പേരായിരുന്നു. ഒരാള്‍ കീബോര്‍ഡ് വായിക്കും. മറ്റൊരാള്‍ ഗായകന്‍. അടുത്തയാളിന്റെ ഉത്തരവാദിത്വം മധ്യസ്ഥ പ്രാര്‍ത്ഥനയാണ്. ബേബി ജോണ്‍ സ്റ്റേജില്‍ അച്ചനെ സഹായിക്കും. സിസ്റ്റേഴ്‌സിന് ധ്യാനം തുടങ്ങുന്ന ദിവസം രാവിലെ അച്ചന്‍ പറഞ്ഞു, എനിക്ക് മറ്റൊരു പ്രോഗ്രാം ഉള്ളതുകൊണ്ട് നിങ്ങള്‍ ധ്യാനം തുടങ്ങിവയ്ക്കണം. പിറ്റേദിവസംകൂടി നടത്തണം. അടുത്ത ദിവസം ഞാനെത്താം. അതു കേട്ടപ്പോള്‍ ബേബി ജോണിന്റെ സപ്തനാഡികള്‍ തളര്‍ന്നു. കാരണം ഏതാണ്ട് ഒന്നര ദിവസത്തോളം ധ്യാനം നയിക്കേണ്ടത് താനാണ്.

യൗസേപ്പിതാവിന്റെ കരംപിടിച്ച്

ആശങ്കയോടെയാണ് അവിടെ എത്തിയത്. മുന്നൂറോളം സിസ്റ്റേഴ്‌സ് പങ്കെടുക്കുന്ന ധ്യാനമായിരുന്നു. ധ്യാനം ആരംഭിക്കുന്നതിന് മുമ്പ് ടീമംഗങ്ങള്‍ ചാപ്പലില്‍ ഒരുമിച്ചുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അവരിലൊരാള്‍ക്ക് ഇങ്ങനെയൊരു ബോധ്യം ലഭിച്ചു. ”മാതാവു പറയുന്നു, ധ്യാനം യൗസേപ്പിതാവിന്റെ കരങ്ങളില്‍ ഭരമേല്പിക്കുക.” ധ്യാനത്തിന് മുമ്പ് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം സ്റ്റേജില്‍ പ്രതിഷ്ഠിക്കുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു. ധ്യാനഹാളിന്റെ പിന്നില്‍ ഉണ്ടായിരുന്ന യൗസേപ്പിതാവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങള്‍ അന്ന് ആഘോഷപൂര്‍വം സ്റ്റേജിലേക്ക് പ്രദക്ഷിണമായി കൊണ്ടുവന്നു രണ്ട് വശങ്ങളില്‍ പ്രതിഷ്ഠിച്ചു. യൗസേപ്പിതാവ് ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിച്ചുകൊണ്ട് ധ്യാനഹാളിന് ചുറ്റും നടക്കുന്ന ദര്‍ശനം പല സിസ്റ്റേഴ്‌സിനും ഉണ്ടായി. കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ യൗസേപ്പിതാവിനെയാണ് എല്ലാം ഭരമേല്പിക്കേണ്ടതെന്ന ബോധ്യം ലഭിച്ചത് അവിടെവച്ചായിരുന്നു. യൗസേപ്പിതാവിന്റെ കരങ്ങളില്‍ എന്തു നല്‍കിയാലും അത്ഭുതകരമായി വളരുമെന്ന ബോധ്യത്തിലേക്ക് ബേബി ജോണിനെ നയിച്ചു.
എല്ലാ വേദികളിലും യൗസേപ്പിതാവിനെക്കുറിച്ച് പങ്കുവയ്ക്കുന്ന ശീലം അന്നു തുടങ്ങിയതാണെന്ന് മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ ബേബി ജോണ്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്‍ പറയുന്നു. ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ കയ്യില്‍ ഒന്നുമില്ലാതിരുന്ന കാലത്ത് 20 മഠങ്ങള്‍ പണിതത് യൗസേപ്പിതാവിലുള്ള വിശ്വാസം മാത്രം കൈമുതലാക്കിയിരുന്നു. സമാനമായ ഒരു അനുഭവം ബേബി ജോണിനും പറയാനുണ്ട്. നാല് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം വീട് പണി ആരംഭിച്ചപ്പോള്‍ സാമ്പത്തികം തുടങ്ങിയ പലകാരണങ്ങളും തടസങ്ങളായി ഉയര്‍ന്നു. ബേബി ജോണും ഭാര്യ ബിന്ദുവും ചേര്‍ന്ന് വീടുപണി യൗസേപ്പിതാവിന് സമര്‍പ്പിച്ചതിനുശേഷം ആ തറയ്ക്കുചുറ്റും നടന്ന് യൗസേപ്പിതാവിന്റെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ, വിചാരിച്ചതിലും ഭംഗിയായി വീടു പണി പൂര്‍ത്തിയായി. തൊടുപുഴയ്ക്കടുത്ത് വാഴക്കുളത്താണ് ബേബി ജോണ്‍ താമസിക്കുന്നത്. ബിടെക് വിദ്യാര്‍ത്ഥിയായ വിജിന്‍ ബെഞ്ചമിന്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സിജിന വേറോനിക്ക എന്നിവരാണ് മക്കള്‍.

ഇസ്രായേലിന്‍ നായകനില്‍ സ്വന്തം ജീവിതവും

എഴുത്തിന്റെ പിന്നില്‍ നിശബ്ദ സാന്നിധ്യമായി എന്നും യൗസേപ്പിതാവ് ഉണ്ടെന്നാണ് ബേബി ജോണ്‍ പറയുന്നത്. തന്റെ ഗാനങ്ങളില്‍ ഏറ്റവും പ്രശസ്തമായ ‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനത്തിലെ പല വരികളും എഴുതുമ്പോള്‍ മനസില്‍ യൗസേപ്പിതാവും ഉണ്ടായിരുന്നു. ‘ചെങ്കടലില്‍ നീ അന്നു പാത തെളിച്ചു’ എന്നെഴുതുമ്പോള്‍ മനസില്‍ ഈപ്തില്‍നിന്നും ഇസ്രായേല്‍ ജനത്തെ വാഗ്ദാന ദേശത്തേക്ക് നയിക്കുന്നതിനായി മോശയുടെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ഒരു ഭാഗത്തും, ഉണ്ണിയേശുവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മാതാവിനെയും കൂട്ടി ഈജിപ്തിലേക്ക് പ്രയാണം ചെയ്യുന്ന യൗസേപ്പിതാവ് മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നു. അവിടെ യൗസേപ്പിതാവിന് കൂട്ടായി ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ വരിയില്‍ തന്റെ ആത്മാംശവും ഉണ്ടായിരുന്നെന്ന് ഈ അനുഗ്രഹീത എഴുത്തുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. മുമ്പില്‍ തുറന്ന സിനിമയുടെ ഗ്ലാമര്‍ലോകം വേണ്ടെന്നുവച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒറ്റപ്പെടലിന്റെ നാളുകള്‍ മനോമുകുരത്തില്‍ തെളിഞ്ഞുവന്നിരുന്നു. ചെങ്കടലുകള്‍ക്ക് സമാനമായ സാഹചര്യങ്ങളില്‍ അത്ഭുതരമായവിധത്തില്‍ വഴിനടത്തിയ ദൈവത്തോടുള്ള കടപ്പാടും ആ വരികളില്‍ ഉണ്ടെന്നാണ് ബേബി ജോണ്‍ കലയന്താനി പറയുന്നത്.
തനിക്കുവേണ്ടി വലിയ സൗഭാഗ്യങ്ങള്‍ വേണ്ടെന്നുവച്ച ചെറുപ്പക്കാരന്റെ കരങ്ങളില്‍ ആ വരികളെഴുതുമ്പോള്‍ ഒരുനിമിഷം ദൈവം അദൃശ്യനായി തന്റെ കരങ്ങള്‍ ചേര്‍ത്തുവച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷവും ആ ഗാനം ഇന്നും അനേക ഹൃദയങ്ങള്‍ക്ക് സാന്ത്വനമായി മാറിക്കൊണ്ടിരിക്കുന്നത്.


ജോസഫ് മൈക്കിള്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?