Follow Us On

25

June

2021

Friday

അനുദിന ജപമാലയിലെ ഒരു രഹസ്യം മ്യാൻമറിനായി  സമർപ്പിക്കണമെന്ന് പാപ്പ; പേപ്പൽ ദിവ്യബലി മേയ് 16ന്

അനുദിന ജപമാലയിലെ ഒരു രഹസ്യം മ്യാൻമറിനായി  സമർപ്പിക്കണമെന്ന് പാപ്പ; പേപ്പൽ ദിവ്യബലി മേയ് 16ന്

വത്തിക്കാൻ സിറ്റി: പട്ടാള അട്ടിമറിയെ തുടർന്ന് സംഘർഷം രൂക്ഷമായ മ്യാൻമറിനുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകിയതിന് പിന്നാലെ, മ്യാൻമർ സമൂഹത്തിനുവേണ്ടി വിശേഷാൽ ദിവ്യബലി അർപ്പിക്കാൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ. ഈശോയുടെ സ്വർഗാരോപണ തിരുനാളായ മേയ് 16 വത്തിക്കാൻ സമയം രാവിലെ 10.00ന്, റോമിൽ താമസിക്കുന്ന മ്യാൻമർ കത്തോലിക്കർക്കൊപ്പമായിരിക്കും പാപ്പയുടെ ദിവ്യബലി അർപ്പണം.

കഴിഞ്ഞ ഞായറാഴ്ചത്തെ മധ്യാഹ്‌ന പ്രാർത്ഥനാമധ്യേയാണ്, അനുദിന ജപമാല അർപ്പണത്തിലെ ഒരു രഹസ്യം മ്യാൻമറിൽ സമാധാനം പുലരാനുള്ള നിയോഗത്തിനായി സമർപ്പിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തത്. മ്യാൻമറിലെ സഭ നടത്തുന്ന ജപമാല അർപ്പണത്തെ കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോടുള്ള പേപ്പൽ ആഹ്വാനം.

ആവശ്യത്തിലിരിക്കുമ്പോഴോ ക്ലേശമനുഭവിക്കുമ്പോഴോ പരിശുദ്ധ അമ്മയിലേക്ക് തിരിയുന്നതിനെക്കുറിച്ച് പങ്കുവെച്ച പാപ്പ, മ്യാൻമറിലെ ഓരോ നേതാവും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂട്ടായ്മയുടെയും പാതയിലൂടെ മുന്നേറാൻ സ്വർഗീയ അമ്മയോട് അപേക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. ഇതുസംബന്ധിച്ച് പാപ്പ പങ്കുവെച്ച ട്വീറ്റും ശ്രദ്ധേയമായിരുന്നു. ഇതിനുമുമ്പും നിരവധി തവണ മ്യാൻമറിലെ സഭയോടും ജനതയോടുമുള്ള ഐക്യദാർഢ്യം പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മുക്തിതേടി ആഹ്വാനം ചെയ്ത ‘റോസറി മാരത്തോണി’ന് തുടക്കം കുറിച്ച് മേയ് ഒന്നിന് അർപ്പിച്ച തിരുക്കർമമധ്യേയും മ്യാൻമറിനെ പ്രത്യേകം സ്മരിക്കണമെന്ന് പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു. അതേസമയം, രാജ്യത്ത് സമാധാനവും നീതിയും പുലരാൻ മേയ് മാസത്തിൽ വിശേഷാൽ ജപമാല അർപ്പണവും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കാൻ മ്യാൻമർ കർദിനാൾ ചാൾസ് ബോ വിശ്വാസീസമൂഹത്തിന് നിർദേശം നൽകിയിട്ടുണ്ട്.

മിലിട്ടറി ജനറൽ മിൻ ഔങ് ഹ്ലിയാങ്ങിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫെബ്രുവരി ഒന്നിന് നടത്തിയ അട്ടിമറിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ സംഘർഷ ഭരിതമാകുകയാണ്. ജനാധിപത്യം പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന ജനകീയപ്രക്ഷോപങ്ങളെ അടിച്ചമർത്താൻ നടത്തിയ സൈനീക നടപടികളിൽ ഇതുവരെ 750ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?