Follow Us On

28

March

2024

Thursday

ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ഇറ്റാലിയൻ ജഡ്ജി ഇനി വാഴ്ത്തപ്പെട്ട നിരയിൽ; തിരുക്കർമങ്ങൾ മേയ് 9ന്

ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ഇറ്റാലിയൻ ജഡ്ജി ഇനി വാഴ്ത്തപ്പെട്ട നിരയിൽ; തിരുക്കർമങ്ങൾ മേയ് 9ന്

റോം: നിയമഗ്രന്ഥങ്ങൾക്കൊപ്പം തിരുവചനത്തെ മുറുകെപ്പിടിക്കുകയും ക്രൈസ്തവ ധാർമിക മൂല്യങ്ങൾക്ക് ജീവിതത്തിൽ സുപ്രധാന സ്ഥാനം നൽകുകയും ചെയ്തതിന്റെ പേരിൽ ഇറ്റാലിയൻ മാഫിയ കൊലപ്പെടുത്തിയ ജസ്റ്റിസ് റൊസാരിയോ ആഞ്ചലോ ലീവാടിനോ വാഴ്ത്തപ്പെട്ട നിരയിലേക്ക്. അൾത്താരവണക്കത്തിന് അർഹതനേടുന്ന പ്രഥമ ന്യായാധിപൻ എന്ന വിശേഷണവും ഇനി ഇദ്ദേഹത്തിന് സ്വന്തം! നാമകരണനടപടികളിൽ സുപ്രധാനഘട്ടമായ വാഴ്ത്തപ്പെട്ട പദവിയോടെയാണ് ഓരാൾ അൾത്താരവണക്കത്തിന് അർഹത നേടുന്നത്.

നാമകരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമറാറോ മേയ് ഒൻപത് രാവിലെ 10.00ന് ഇറ്റലിയിലെ അഗ്രിജന്റോ കത്തീഡ്രലിൽ അർപ്പിക്കുന്ന തിരുക്കർമമധ്യേയാകും പ്രഖ്യാപനം. ജസ്റ്റിസ് റൊസാരിയോയുടേത് വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വമാണെന്ന് കഴിഞ്ഞ ഡിസംബറിൽ പാപ്പ സ്ഥീരീകരിച്ചിരുന്നു. അതേത്തുടർന്നാണ്, ദൈവദാസപദവിയിൽനിന്ന് നേരിട്ട് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയർത്താൻ കാരണം.

വിശുദ്ധ ജോൺപോൾ രണ്ടാമൻ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ വിശേഷണങ്ങൾ ഏറ്റുവാങ്ങിയ രക്തസാക്ഷികൂടിയാണ് ജസ്റ്റിസ് റൊസാരിയോ. ‘നീതിക്കും ക്രിസ്തീയവിശ്വാസത്തിനും വേണ്ടിയുള്ള രക്തസാക്ഷി’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ചപ്പോൾ, ജഡ്ജിമാർക്ക് മാത്രമല്ല നിയമരംഗത്തെ സകലർക്കുമുള്ള മാതൃകയായാണ് ഫ്രാൻസിസ് പാപ്പ ജസ്റ്റിസ് റൊസാരിയോയെ ഉയർത്തിക്കാട്ടിയത്. അദ്ദേഹത്തിന്റെ അടിയുറച്ച ക്രിസ്തുവിശ്വാസവും ജോലിയോടുള്ള പ്രതിജ്ഞാബദ്ധതയും തമ്മിലുള്ള അഭേദ്യബന്ധം ഓരോ ക്രിസ്ത്യാനിയും വിചിന്തനവിഷയമാക്കണമെന്നും പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.

1953 ഒക്ടോബർ മൂന്നിന് സിസിലിയിൽ ജനിച്ച റൊസാരിയോ അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിലാണ് വളർന്നുവന്നത്. ക്രിസ്തീയതയെ തന്റെ ജീവിതത്തിലും പ്രവർത്തന മണ്ഡലങ്ങളിലും സജീവമാക്കി അദ്ദേഹം. അഭിഭാഷകനായി സേവനം ചെയ്ത 10 വർഷവും അഴിമതിക്കെതിരെ പോരാടിയ റോസാരിയോ മാഫിയാ സംഘങ്ങൾക്കെതിരെയും നിലയുറപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നടത്തിയ അന്വേഷണങ്ങൾ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽതന്നെ കുപ്രസിദ്ധമായ ഇറ്റാലിയിൻ മാഫിയയുടെ കണ്ണിലെ കരടായി അദ്ദേഹം മാറാനുള്ള കാരണവും അതുതന്നെ.

ജഡ്ജിയായതോടെ മാഫിയയുടെ വിദ്വേഷം വർദ്ധിച്ചു. 25ാംവയസിൽ ജഡ്ജിയായി നിയമിക്കപ്പെട്ട റൊസാരിയോ, നീതി എന്നത് കാരുണ്യത്തിൽ അധിഷ്ഠിതമാണെന്ന വിശ്വാസക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ, കാരുണ്യം എന്നത് ദൈവസ്‌നേഹത്തിൽനിന്നും അയൽക്കാരനോടുള്ള സ്‌നേഹത്തിൽ നിന്നുമാണ് പുറപ്പെടുന്നത്. അപരനിൽ ദൈവത്തെ ദർശിക്കാൻ സാധിക്കുമ്പോൾ മാത്രമേ ഒരാൾക്ക് കാരുണ്യപൂർവം വർത്തിക്കാനാവൂ എന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല, നിയമം മനുഷ്യർക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുക മാത്രമല്ല, അതിനായി വാദിക്കുകയും ചെയ്തു അദ്ദേഹം.

ക്രൂശിതരൂപവും വിശുദ്ധ ഗ്രന്ഥവും പ്രിയപ്പെട്ടതായിരുന്ന ജസ്റ്റിസ് റൊസാരിയോ അവ എപ്പോഴും തന്റെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. 1990 സെപ്റ്റംബർ 21ന് കോടതിയിലേക്കുള്ള യാത്രാമധ്യേ റൊസാരിയോ സഞ്ചരിച്ചിരുന്ന കാർ മാഫിയാസംഘം അപകടത്തിൽ പെടുത്തുകയായിരുന്നു. കാറിൽനിന്ന് സമീപത്തുള്ള വയലിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ ജസ്റ്റിസ് റൊസാരിയോയെ വെടിവെച്ച് കൊല്ലുകയായിരുന്നു. 37 വയസുമാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?